Tuesday, June 28, 2011

മരണത്തെയും തോല്‍പ്പിച്ച സൗഹൃദം


കുറേദിവസമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവനെക്കുറിച്ചുള്ള ചിന്തകളാണ് എനിക്ക്. അവന്‍ എന്റെ പഴയൊരു സ്‌നേഹിതനാണ്, പേരു രതീഷ്. ജന്മദേശമായ കട്ടപ്പനയിലെ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍(ഇന്ന് ഹയര്‍ സെക്കന്‍ഡറിയാണ്)എനിക്കൊപ്പം ഒരു വര്‍ഷമാണ് അവന്‍ പഠിച്ചത്. ഏതു ക്ലാസിലാണ് ഒപ്പം പഠിച്ചതെന്നോ എനിക്കൊപ്പമാണോ അവന്‍ ഇരുന്നതെന്നോ ഓര്‍മയില്ല. എന്നിട്ടും ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അവനെന്തിനാണ് എന്റെ ചിന്തകളില്‍ കൂടുകൂട്ടുന്നത്. ഇടംകൈയനായിരുന്നു അവന്‍, ബൗള്‍ ചെയ്യുന്നതും ബാറ്റു ചെയ്യുന്നതുമൊക്കെ ഇടംകൈ കൊണ്ടാണ്. ഇരുണ്ട നിറം. സ്‌കൂളിനടുത്തുള്ള കൃഷിയിറക്കാത്ത കണ്ടത്തില്‍(വയല്‍)ശനിയാഴ്ചകളിലും ചില പ്രവൃത്തിദിനങ്ങളിലും നടക്കുന്ന ക്രിക്കറ്റ് കളിയില്‍ അവന്‍ കാഴ്ചവച്ച പേസ് ബൗളിങ്ങിന്റെ ശൈലി ഹൃദയത്തില്‍ നിന്ന് എന്നോ മങ്ങിത്തുടങ്ങിയിരുന്നു. പാതിവഴിയില്‍ അവനെന്തിനാണ് പഠനം നിര്‍ത്തിയതെന്ന് പിന്നീട് പലതവണ കണ്ടിട്ടും ഞാന്‍ ചോദിച്ചിരുന്നില്ല. കാരണം തിരക്കാന്‍ മാത്രം ബുദ്ധിക്ക് വികാസം പ്രാപിച്ചിരുന്നില്ല എന്നതാണു സത്യം. കാണുമ്പോഴൊക്കെ അവന്‍ മനസ്സുതുറന്നു ചിരിച്ചു, വിശേഷങ്ങള്‍ തിരക്കി.
എന്റെയും അവന്റെയും വീടുകള്‍ രണ്ടിടങ്ങളിലായിട്ടും ഇടയ്ക്കിടെ കണ്ടുമുട്ടലുകള്‍ക്ക് വേദിയൊരുങ്ങി. അത്തച്ചി(ഞാനേറെ സ്‌നേഹിക്കുന്ന എന്റെ പിതാവ്)യുടെ പണിയിടമായിരുന്നു അതിനു സഹായമായത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ഞാന്‍ ക്ലാസ് സമയം കഴിയുമ്പോള്‍ പലപ്പോഴും അവിടെയെത്തിയിരുന്നു. ചിലപ്പോള്‍ അത്താഴത്തിനുള്ള അരി വാങ്ങിയാവും എന്റെ യാത്ര. ചിലപ്പോള്‍ ഇറച്ചി, മീന്‍ അടക്കമുള്ള മറ്റു സാധനങ്ങളും. അവിടെയുള്ള പബ്ലിക് ലൈബ്രറിയില്‍ ഇരുന്നു ടി.വി കാണും, അത്തച്ചി സര്‍വീസ് സ്‌റ്റേഷനിലെ പണിയൊതുക്കി പണം തരുന്നതു വരെ. രതീഷ് അവിടെയുണ്ടാവും, പത്രം വായിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം കഥകള്‍ പറഞ്ഞുമൊക്കെ. ഒരുനാള്‍ അവനെനിക്ക് സമീപത്തെ കടയില്‍ നിന്ന് പഴം വാങ്ങിത്തന്നു. നിരസിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു.
പിന്നീട്, ഞാന്‍ പഠനത്തിന്റെ മറ്റു മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രതിരിച്ചു. അവനെ പിന്നീട് കാണുകയേ ചെയ്തില്ല. ഇടയ്ക്ക് അവനെ കണ്ടുമുട്ടുന്ന ജ്യേഷ്ഠന്‍ പറയും, രതീഷ് തിരക്കിയിരുന്നു നിന്നെയെന്ന്. ഒരു നാള്‍ കേട്ടു, അവന് അപകടം പറ്റിയ ദുഃഖവാര്‍ത്ത. കല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയോ മറ്റോ രതീഷ് സഞ്ചരിച്ചിരുന്ന ജീപ്പില്‍ പോലിസ് ജീപ്പ് ഉരസിയാണ് അപകടം. ജീപ്പിന്റെ പിറകിലിരുന്ന് ഉറങ്ങുകയായിരുന്ന രതീഷിന്റെ തലയിലാണ് പോലിസ് ജീപ്പിന്റെ വശം ഇടിച്ചത്. ജീപ്പിന്റെ പടുതയ്ക്ക് പോലും പോറല്‍ ഏറ്റില്ല. പക്ഷേ എന്റെ സുഹൃത്ത് ഒരു മാസത്തിലേറെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. അന്നത്തെ ഉറക്കം അവന്‍ ഉണര്‍ന്നിരുന്നോ ആവോ. ആരെയും തിരിച്ചറിയാതെ, അതോ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാന്‍ കഴിയാതിരുന്നിട്ടോ എന്നറിയില്ല യാത്ര പോലും പറയാതെ അവനീ ലോകത്ത് നിന്ന് യാത്രയായി.
സൗഹൃദത്തിന്റെ ഇഴയടുപ്പം അതിലേറെയൊന്നും ഞങ്ങള്‍ തമ്മിലില്ലായിരുന്നു. പക്ഷേ, അവനിപ്പോളെന്നെ തേടിവരുന്നതെന്തിനാവാം. പാതിവഴിയില്‍ നിലച്ചുപോയ സൗഹൃദം വസന്തമായി മാറാന്‍ അവന്‍ കൊതിക്കുന്നുണ്ടായിരിക്കുമെന്നാണ് മനസ് പറയുന്നത്. മരണത്തെയും തോല്‍പ്പിച്ച് എന്നിലേക്ക് മടങ്ങിവന്നല്ലോ പ്രിയ സ്‌നേഹിതാ നീ. നിനക്ക് ഒരായിരം നന്ദി...

Sunday, June 26, 2011

പ്രിയ ശര്‍മിളയ്ക്ക്

ആഗ്രഹങ്ങളുടെ ശവപ്പറമ്പില്‍
ജ്വലിപ്പിക്കുന്ന സമരാഗ്നിയിലൂടെയും
ലക്ഷ്യത്തോടുള്ള
ആത്മാര്‍ഥതയിലൂടെയുമാണ്
നിന്നെ ഞങ്ങളറിയുന്നത്.
വര്‍ണാഭമായ ഭാവി ഇല്ലാഞ്ഞിട്ടല്ലല്ലോ
പുറംലോകത്തെ നീയതിന്റെ വഴിക്കുവിട്ടത്.
ഒന്നു ശ്രമിച്ച് നിരാശരാവുന്നവര്‍ക്ക്
നീ പകരുന്ന പാഠം ദശാബ്ദമെത്തുന്ന സഹനമാണ്.
ഞങ്ങള്‍ രുചിപോരെന്ന പരാതിയുടെ
കെട്ടഴിക്കുമ്പോള്‍ നിയമത്തിന്റെ അരുചിയെ
തോല്‍പ്പിക്കാനായി നീ ഭക്ഷണമേ
വേണ്ടെന്നുവയ്ക്കുന്നു.
അനീതികളെ എതിരിടാന്‍ മറന്ന
ജനതയെ നീയെപ്പോഴും പോരാട്ടത്തിന്റെ
കഥകളോര്‍മിപ്പിക്കുന്നു.
ഗാന്ധിയുടെ സഹനസമരം ചൊല്ലിത്തരുന്ന
പുസ്തകത്താളുകളിന്നും ബാക്കിയാവുന്നുണ്ട്.
ഇറോം ചാനു ശര്‍മിള*യുടെ ചരിത്രം
വരുംതലമുറയ്ക്കായി കുറിക്കപ്പെടുമോ ആവോ?*നിരപരാധികളെ കൊന്നൊടുക്കിയ, നിര്‍ബാധം നടന്നുകൊണ്ടുമിരിക്കുന്ന മണിപ്പൂരിലെ സായുധ സേന പ്രത്യേകാധികാര നിയമം(armed forces special powers act) എടുത്തുകളയണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ 2 മുതല്‍ നിരാഹാരസമരം അനുഷ്ഠിക്കുന്ന മണിപ്പൂരിന്റെ ഉരുക്കുവനിത.

Saturday, June 18, 2011

മമ്മിയും പപ്പയും ലൗ ആണോ?


ടെലിവിഷന്‍ തുറന്നാല്‍ പ്രണയരംഗങ്ങളുടെ അഴിഞ്ഞാട്ടമാണ്. കുടുംബാംഗങ്ങള്‍ ചേര്‍ന്നിരുന്ന കാണുന്ന സിനിമകളിലെ രംഗങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നതാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്യുന്ന തെറ്റ്. തുണിയഴിച്ചാടുന്ന നായികയുടെ സൗന്ദര്യം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഇരുന്നു കാണാന്‍ ലൈസന്‍സ് കിട്ടിക്കഴിഞ്ഞിരിക്കുന്നു ഇളംപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക്. ആര്‍ക്കും ഒന്നിനും ഒരു മറ ആവശ്യമില്ലാതെയായിരിക്കുന്നു. എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞുങ്ങള്‍ വരെ പീഡനത്തിനിരയാക്കപ്പെടുന്നു. ആഴ്ചകള്‍ക്കു മുമ്പ് കുമളിക്കു സമീപം നാലരവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചതിനു പിടിയിലായതു പതിമൂന്നുകാരനാണ്! അതിനവനു പ്രചോദനമേകിയത് അശ്ലീലസിനിമകളും.
പെണ്‍മക്കള്‍ വളരുന്നതു കാണുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. സ്‌കൂളിലേക്കുള്ള യാത്രയില്‍, ബസ്സില്‍, ട്രെയിനില്‍, ക്ലാസില്‍, ആരാധാനാലയങ്ങളില്‍, കളിയിടങ്ങളില്‍.... എല്ലായിടത്തും അവര്‍ക്കു നേരെ കാമഭ്രാന്തന്മാരുടെ കൈക്രിയകളും കൈയേറ്റങ്ങളും ഉണ്ടാവുന്നു. രാവിലെ വീട്ടില്‍ നിന്നയച്ചാല്‍ അവര്‍ മടങ്ങിയെത്തുന്നതുവരെ നീളും പാവം അമ്മമാരുടെയും അച്ഛന്‍മാരുടെ സമാധാനക്കേട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുരുന്നുകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നതാണ് സത്യം.
ആധുനികലോകത്തെ ഭക്ഷണക്രമങ്ങളും മറ്റും പെണ്‍കുട്ടികളുടെ ശരീര വളര്‍ച്ചയെ ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്. ചെറിയ പ്രായത്തിലേ തങ്ങള്‍ക്കു വന്നുചേരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാതെ പരിഭ്രാന്തരാവുന്ന ഇക്കൂട്ടര്‍ക്കു നേരെയാണ് ശരമ്പുരോഗത്തിന്റെ മൂര്‍ധന്യതയില്‍ നിന്ന് ആബാലവൃന്ദം ആണ്‍പ്രജകള്‍ മോക്ഷം പ്രാപിക്കാന്‍ ശ്രമിക്കുന്നത്.
വെള്ളിത്തിരയില്‍ അഴിഞ്ഞാടുന്ന നായികമാരുടെ വസ്ത്രമാതൃകകള്‍ റെഡിമെയ്ഡ് ഷോപ്പില്‍ നിന്നും സ്വന്തമാക്കി പെണ്‍കുട്ടികളെ അണിയിക്കുേേമ്പാള്‍ അമ്മമാര്‍ക്ക് സ്വര്‍ഗം കിട്ടിയ സന്തോഷമാണ്. മാന്യമായ വസ്ത്രധാരണത്തിന്റെ അംഗീകാരവും അന്തസ്സും അറിയാഞ്ഞിട്ടല്ല ഇത്. നാടോടുമ്പോള്‍ നടുവേ ഓടുക എന്ന ചൊല്ല് അന്വര്‍ഥമാക്കാനാണ് ഇത്തരം വസ്ത്രങ്ങള്‍ക്കായി ആയിരങ്ങളും പതിനായിരങ്ങളും വരെ ചെലവഴിക്കാന്‍ ഇവര്‍ക്കു മടിയില്ലാതെ പോവുന്നത്. വസ്ത്രധാരണമാണ് പീഡനത്തിന്റെ മാനദണ്ഡം എന്നല്ല പറഞ്ഞുവരുന്നത്. അല്ലാത്ത സംഭവങ്ങളാണ് ഏറെയും റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആഭാസകരമായ ദൃശ്യങ്ങള്‍ വിരല്‍ത്തുമ്പില്‍ മിന്നിമറയുന്ന ഇക്കാലത്ത് വികലമായ ചിന്തകള്‍ പിഞ്ചുമനസ്സുകളില്‍ കുത്തിവയ്ക്കാന്‍ ഇതും കാരണമാവുന്നു.
സമൂഹത്തിലെ അപകടച്ചുഴികളെക്കുറിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ ഏറെ നടക്കുന്നുമുണ്ട്. ഇത്തരം ആശങ്കകളും ദുരന്തങ്ങളും ധാരാളം വായിക്കുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അപൂര്‍വമായ അനുഭവം കഴിഞ്ഞദിവസം രണ്ടുപെണ്‍മക്കളുടെ പിതാവ് പങ്കുവയ്ക്കുന്നത്. 
ആറുവയസ്സുള്ള കുട്ടിക്ക് മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ ആകെ പൊരുത്തക്കേട് തോന്നുന്നു. സംശയം അധികരിച്ചപ്പോള്‍ അവള്‍ പപ്പയോട് ചോദിച്ചു. മമ്മിയും പപ്പയും തമ്മില്‍ ലൗ ആണോ എന്ന്.
അന്ധാളിച്ചുപോയ പപ്പ ആദ്യം നിഷേധിച്ചു. ഇരുവരെയും തുടര്‍ച്ചയായി നിരീക്ഷിച്ച മകള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ പപ്പ പറഞ്ഞു, അത്രയ്‌ക്കൊന്നുമില്ല ചെറിയ തോതില്‍ ഞങ്ങള്‍ തമ്മില്‍ ലൗ ആണ്. പോരേ പൂരം. മേലില്‍ ഇതാവര്‍ത്തിക്കരുത്, വിലക്ക് ലംഘിച്ചാല്‍ നല്ല തല്ലുകൊള്ളുമെന്ന മുന്നറിയിപ്പും ഗൗരവക്കാരിയായ മകള്‍ ഇരുവര്‍ക്കും നല്‍കി. മമ്മിയുടെ കൈയില്‍ ഒന്നു തൊടുന്നതിനു പോലും പപ്പയ്ക്ക് അനുമതി നിഷേധിച്ച മകളുടെ കണ്ണുവെട്ടിച്ചാണ് ഇപ്പോള്‍ ഇരുവരും  പ്രണയം തുടരുന്നതെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

Monday, June 13, 2011

ഹൃദയത്തിലൂടെ നടന്ന മധ്യവയസ്‌കന്‍പുതിയ ഒരംഗം കൂടി വീട്ടില്‍ വന്നതായുള്ള സന്തോഷവാര്‍ത്തയറിഞ്ഞാണ് ജൂണ്‍ ഒന്നിന് രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വീട്ടിലേക്ക് വണ്ടി കയറിയത്. സ്‌റ്റേഷനിലെത്തുമ്പോള്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായി തിരക്ക് നന്നേ കുറവായിരുന്നു. 8.40നുള്ള പരശുവിനു കയറിപ്പറ്റാന്‍ ധാരാളമാളുകള്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് സീറ്റു തരപ്പെട്ടു. ജ്യേഷ്ഠന്റെ മകനെ കാണാനുള്ള ആഗ്രഹമാണ് യാത്രയിലുടനീളം നിറഞ്ഞു നിന്നത്.
മാര്‍ക്ക് ടൈ്വന്റെ ദ അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍ എന്ന നോവലിന്റെ മലയാള പരിഭാഷ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ വായിച്ചും കാഴ്ചകള്‍ കണ്ടും നേരം പോക്കി. അങ്കമാലിയില്‍ ഇറങ്ങി പുറത്തേക്കു നടക്കുമ്പോള്‍ അവിചാരിതമായി ഒരു കാഴ്ച ശ്രദ്ധയില്‍പ്പെട്ടു. തന്നോളം പോന്ന, കുന്നോളം കൗതുകമുള്ള മകനെ ചേര്‍ത്തുപിടിച്ചു നടക്കുന്ന സുമുഖനും സന്തോഷവാനുമായ ഒരു മധ്യവയ്‌സ്‌കന്‍. അവരെ മറികടന്നെങ്കിലും ഒരു തവണ കൂടി തിരിഞ്ഞുനോക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. ബുദ്ധിമാന്ദ്യമുള്ള മക്കളെ വളര്‍ത്തുകയും അവരോട് സ്‌നേഹപൂര്‍വം പെരുമാറുകയും ചെയ്യുന്ന മാതാപിതാക്കളെ കുറിച്ചും അവര്‍ നിറവേറ്റുന്ന മഹത്തരമായ കര്‍ത്തവ്യത്തെക്കുറിച്ചുമാണ് ബസ്സിലിരിക്കുമ്പോള്‍ ആലോചിച്ചത്. സന്ധ്യയോടെ കട്ടപ്പനയില്‍ ബസ്സിറങ്ങി നേരെ ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. ഇത്തിരിപ്പോന്ന ചെറുക്കനെ കൈയിലെടുക്കുമ്പോള്‍ വേര്‍തിരിച്ചറിയാനാവാത്ത അനുഭൂതി, ആഹ്ലാദം.
അവധിയുടെ ബാക്കി ദിനങ്ങള്‍ ചെലവഴിക്കുന്നതിനിടെ കേട്ട നാട്ടുവാര്‍ത്തകളില്‍ ചിലവ വേദനിപ്പിക്കുന്നതായിരുന്നു.
കേള്‍ക്കുന്നവര്‍ക്ക് അര്‍ഥമറിയില്ലെങ്കിലും വാക്കുകളുടെ കെട്ടഴിച്ചുതുടങ്ങുന്ന ശൈശവദശയിലുള്ള മകനെയും ഇരുപത്തഞ്ചു പിന്നിടാത്ത ഭാര്യയെയും ഒരു നാള്‍ കാരണം കൂടാതെ ഉപേക്ഷിച്ചു പോയ സമീപ ജില്ലക്കാരനെക്കുറിച്ചായിരുന്നു ഒരു വാര്‍ത്ത.
കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്ത പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ കൊണ്ടുപോയി വിടാന്‍ ആലോചിക്കുന്ന ചെറുക്കന്‍വീട്ടുകാരെക്കുറിച്ച് രണ്ടാമത്തേതും.
കുഞ്ഞുമകനെയും ഭാര്യയെയും ഉപേക്ഷിച്ചു പോയ ദയാശൂന്യനും ഗര്‍ഭം ധരിക്കാന്‍ വൈകുന്നതില്‍ പഴികേള്‍ക്കുന്ന ഹതഭാഗ്യയായ പെണ്‍കുട്ടിയും വല്ലാത്ത അസ്വസ്ഥതയും വേദനയും ഉളവാക്കി ഇടവേളകളില്ലാതെ എന്റെ ചിന്തകളില്‍ ഏറെസമയം മുന്നിട്ടുനിന്നു. ബുദ്ധിമാന്ദ്യമുള്ള യുവാവിനെ ചേര്‍ത്തുപിടിച്ചു നടക്കുന്ന സന്തോഷവാനായ പിതാവ് എന്റെ ഹൃദയത്തിനുള്ളിലൂടെയാണ് അപ്പോള്‍ അതിമൃദുവായി നടന്നുപോയത്.
പടച്ചവന്‍ നല്‍കുന്ന അവസരങ്ങള്‍ വിനിയോഗിക്കുന്ന രീതിയിലാണ് സന്തോഷവും സംതൃപ്തിയും നിലനില്‍ക്കുന്നത്. പങ്കാളികള്‍ക്കിടയിലെ ചെറിയ താളപ്പിഴകളെ പരിഹരിച്ചും ഇല്ലായ്മകളെ ആഘോഷമാക്കിയും ദൈവവിധിയില്‍ സമാധാനിച്ചും കുടുംബജീവിതം സന്തോഷപൂര്‍വം മുന്നോട്ടുകൊണ്ടുപോവാന്‍ ആദ്യത്തെ രണ്ടുകൂട്ടര്‍ക്കും അതുപോലെയുള്ള മറ്റുള്ളവര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍... പ്രതീക്ഷ അസ്തമിക്കാതിരിക്കട്ടെ...

ഓഫ്: കുഞ്ഞിനു പേരിട്ടു; ആദില്‍. ഇടുക്കിയുടെ കാലാവസ്ഥ, അതും ഈ കാലവര്‍ഷത്തിന്റെ തുടക്കവേളയില്‍ തന്നെ അവന്‍ അറിയുന്നുണ്ട്. അതിന്റെ ചിണുങ്ങലുകള്‍ ഞങ്ങളും.