Saturday, October 22, 2011

മരണം ഇങ്ങിനെയുമാണ്


വാര്‍ത്തകള്‍ക്കു ക്ഷാമമുള്ളൊരു ദിവസമാണ്
ഘോഷയാത്രയിലേക്ക് ലോറിപാഞ്ഞുകയറിയത്.
അഞ്ചെട്ടെണ്ണം പോയെന്നു കേട്ടാദ്യം,
പിന്നീടെണ്ണം കുതിച്ചുകയറി.
ഫോണ്‍ കറക്കി ജില്ലാ ബ്യൂറോയില്‍ ഒരു കെട്ട്
നിര്‍ദേശം നല്‍കിയ ശേഷമാണ് ന്യൂസ് എഡിറ്ററൊന്നു
സമാധാനത്തോടെ സീറ്റിലേക്കു ചാഞ്ഞത്.
ഒന്നാംപേജ് ലീഡായി, അനുബന്ധവാര്‍ത്തകളേറെയായി.
അഞ്ചെട്ടു സഹതാപ ചിത്രങ്ങള്‍ ഇതിനു പുറമെ.
എല്ലാമായപ്പോള്‍ ലേഔട്ടിന്റെ തിരക്ക്് ഡെസ്‌കില്‍.
നാളെയിറങ്ങുന്ന പത്രങ്ങളോരോന്നിനെയും
കവച്ചുവയ്ക്കുന്ന പ്രകടനം സ്വപ്‌നം കണ്ട്
രാവേറെ വൈകി ന്യൂസ് എഡിറ്റര്‍ കിടപ്പറ പൂകി.

Wednesday, October 19, 2011

കണ്ണീര്‍ലാവഎനിക്കാദ്യം നഷ്ടമായത് വാല്‍സല്യം പകര്‍ന്നു തന്ന മുത്തശ്ശിയെ, പിന്നീട് താങ്ങും തണലും പകര്‍ന്ന പിതാവിനെ... രാജ്യത്തെ ഞെട്ടിച്ച രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്റെ ജീവിതത്തെ ബാധിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ ഭാവി പ്രധാനമന്ത്രിയുമായ രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണിവ. പത്രത്താളുകളില്‍ മഷിപുരണ്ട് കിടന്ന ഈ വാചകങ്ങള്‍ അന്നു കാണുമ്പോള്‍ അതുവരെ ശ്രദ്ധയില്‍പ്പെടാത്ത ചരിത്രത്തിന്റെ മറ്റൊരു മുഖമാണ് മനസ്സില്‍ തെളിഞ്ഞത്.
ഇന്നു ചെയ്യാത്ത തെറ്റിനു കൊലക്കയര്‍ വിധിക്കപ്പെട്ട മകനെ രക്ഷിക്കാനാവാതെ വിലപിക്കുന്ന വൃദ്ധമാതാവിന്റെ വേദനയെന്നെ തള്ളിയിട്ടത് നിസ്സഹായതയുടെ ആഴങ്ങളിലേക്കാണ്. 9 വാള്‍ട്ടിന്റെ രണ്ടു ബാറ്ററി വാങ്ങിയ കുറ്റത്തിനു വധശിക്ഷ കാത്തുകഴിയുന്ന പേരറിവാളനെന്ന നാല്‍പ്പതുകാരന്റെ മാതാവാണവര്‍, അര്‍പുതം അമ്മാള്‍. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)കോഴിക്കോട് സംഘടിപ്പിച്ച വധശിക്ഷാ വിരുദ്ധ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അര്‍പുതം അമ്മാള്‍ പങ്കുവച്ച അനുഭവങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ പൊള്ളത്തരങ്ങളാണ് ചൂണ്ടിക്കാട്ടിയത്. പേരറിവാളനെയന്വേഷിച്ച് വീട്ടിലെത്തിയ അന്വേഷണദ്യോഗസ്ഥര്‍ ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കാമെന്നായിരുന്നു അവന്റെ മാതാപിതാക്കളായ കുയില്‍ദാസനും അര്‍പുതം അമ്മാളിനും നല്‍കിയ ഉറപ്പ്. അതു ലംഘിക്കപ്പെട്ടുവെന്നു മാത്രമല്ല, തൂക്കുകയറിലേക്കവനെ യാത്രയാക്കാന്‍ തെളിവുകള്‍ കെട്ടിച്ചമക്കുകയും വ്യാജ കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. പേരളിവാളനു മേല്‍ ചുമത്തിയ കൊലക്കുറ്റം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പകര്‍ന്ന അവിശ്വസനീയതക്കു കാരണം പേരറിവാളനെന്ന ചെറുപ്പക്കാരന്റെ സത്യസന്ധതയുടെ പത്തരമാറ്റായിരുന്നു. അഞ്ചു മുതല്‍ പത്താംതരം വരെ എന്‍.സി.സി കേഡറ്റായിരുന്ന പേരറിവാളന്റെ മിടുക്കിനു തക്ക റാങ്കുകള്‍ നല്‍കാനാവാതെ അവന്റെ അധ്യാപകര്‍ പകച്ചുപോയതിനെക്കുറിച്ചു പറയുമ്പോള്‍ ആ മാതാവിനു കണ്ഠമിടറിയിരുന്നു. നീതിയെന്ന വാക്കിന് വിലകല്‍പ്പിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ ക്രൂരതയുടെ ഇരയായി 19ാമത്തെ വയസ്സിലാണ് പേരറിവാളന്‍ തടവറ ജീവിതം തുടങ്ങുന്നത്. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയ അറിവ് തന്റെ മാതാപിതാക്കളുടെ മൂന്നുമക്കളില്‍ ഇളയവനായിരുന്നു. ഹതഭാഗ്യവാനായ ആ ചെറുപ്പക്കാരന്റെ ജീവിതം 21 വര്‍ഷമായി തടവറയിലാണ്. അച്ഛനും അമ്മയും രാജ്യത്തിനു നല്‍കാന്‍ കൊതിച്ച ആ മകന്റെ സേവനം ഒരു തരത്തില്‍ ഇന്നു പുലരുന്നുണ്ട്. വിദ്യനേടാത്ത തടവുപുള്ളികളെ അക്ഷരാഭ്യാസം പഠിപ്പിക്കാനും കുറച്ചെങ്കിലും പഠിച്ചവരെ ഉയര്‍ത്തിക്കൊണ്ടുവരാനും പേരറിവാളനെന്ന 'കൊലയാളി' സജീവമായി പ്രവര്‍ത്തിക്കുന്നു. 

ഉദ്യോഗസ്ഥരുടെ ക്രൂരത മൂലം കൗമാരം പിന്നിട്ടിട്ടില്ലാത്ത പേരറിവാളനു നഷ്ടമായത് അവന്റെ സ്‌നേഹവീടാണ്, വാല്‍സല്യം ചൊരിയുന്ന മാതാപിതാക്കളുടെ സാന്നിധ്യമാണ്, കൂട്ടുകാരെയും ബന്ധുക്കളെയും നാട്ടുകാരെയുമാണ്. കണ്ണീര്‍തടാകമായി മാറിയ തടവറയ്ക്കുള്ളില്‍ അവന്റെ കൗമാരവും യൗവനവും പെയ്തിറങ്ങിയതിനു ന്യായീകരണമേതുമില്ല. നീതിയും നിയമവും നടപ്പാക്കാന്‍ അധികാരപ്പെട്ടവര്‍ പേരറിവാളനെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിനു മാത്രമല്ല സമാധാനം പറയേണ്ടി വരിക. ഇരുമ്പഴികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളായ ആയിരങ്ങളുടെ കണ്ണീരിനും ഉറ്റയവരുടെ ഹൃദയവൃഥകള്‍ക്കും മറുപടി നല്‍കിയേ മതിയാവൂ. പക്ഷേ, എങ്ങിനെയതു സാധ്യമാവും എന്നതിനു മാത്രം ഉത്തരമില്ല. അര്‍പുതം അമ്മാളെന്ന വന്ദ്യവയോധികയുടെ കണ്ണീരെന്റെ നെഞ്ചിലൂടെ ലാവയായി ഒഴുകുന്നു, കരച്ചില്‍ ചീളുകള്‍ കര്‍ണപുടങ്ങളെ തുളച്ചുകീറുന്നു. നളിനിയെന്ന പ്രധാനപ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കുകയും ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 18ാം പ്രതി മാത്രമായ പേരറിവാളനു തൂക്കുകയര്‍ ഉറപ്പാക്കുകയും ചെയ്തതിന്റെ നീതിയെന്തെന്ന് അര്‍പുതം അമ്മാളിനറിയില്ല.
അവര്‍ തൊടുത്തുവിട്ട ഒരു ചോദ്യം വേട്ടയാടുന്നത് നാമേവരെയുമാണ്. പട്ടിയെയും ആടിനെയും കൊന്നാല്‍ കേസെടുക്കുന്ന ഈ നാട്ടില്‍ നിരപരാധിയായ എന്റെ മകനു കൊല്ലക്കയര്‍ സമ്മാനിക്കുന്നതിനെ എതിര്‍ക്കാത്തതെന്തേ? പട്ടിയുടെ വില പോലും പേരറിവാളന്റെ ജീവനില്ലെന്നാണോ...  അര്‍പുതം അമ്മാളിന്റെ ചോദ്യശ്ശരമേറ്റു മനസ്സുമുറിയുന്നവര്‍ അറിയുക, ഈ അമ്മയുടെ കണ്ണീരിനു നിങ്ങളെ എരിച്ചുകളയാന്‍ തക്ക കരുത്തുണ്ട്. പേരറിവാളനെപ്പോലെ തടവറയില്‍കഴിയുന്നവര്‍ക്കു വേണ്ടി തന്നലാവതു ചെയ്യാന്‍ അവരെപ്പോഴും തയ്യാറാണ്. ആ സന്നദ്ധത ഇന്നത്തെ പരിപാടിയില്‍ അവരുറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 21 വര്‍ഷമായി അവര്‍ സ്വയമെരിഞ്ഞുതീരുന്ന അഗ്നിനാമ്പുകളില്‍ വീണ് (അ)നീതിപീഠങ്ങള്‍ വെണ്ണീറാവുന്ന കാഴ്ച ഒരുപക്ഷേ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ആ സുദിനം എന്നാവും? മറുപടിയില്ലാത്ത ചോദ്യം ബാക്കിയാവുന്നു.