Friday, November 25, 2011

മേല്‍വിലാസം നഷ്ടമായ കത്തുകള്‍


ആകാശത്തിന്റെ നീലിമ വിതറുന്ന കവറില്‍ മനോഹരമായ കൂട്ടക്ഷരത്തിന്റെ അകമ്പടിയോടെ ആംഗലേയ ഭാഷയിലെഴുതിയതാണ് എന്നെ തേടിയെത്തിയ ആദ്യത്തെ കത്തെന്നാണ് ഓര്‍മ. കര്‍ണാടകയില്‍ നിന്നു കട്ടപ്പനയിലെ വിലാസത്തില്‍ വന്ന ആ കത്തെഴുതിയത് എന്നുമെനിക്ക് പ്രിയപ്പെട്ടവനായ ഇംഗ്ലീഷ് അധ്യാപകന്‍ ബെന്നി മാത്യൂസ് ആയിരുന്നു. വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പകര്‍ത്തിയ എന്റെ കത്തുകള്‍ അദ്ദേഹത്തെ തേടി മുറതെറ്റാതെ യാത്രയാവും. എന്നാല്‍ അവയ്ക്കു മറുപടിയെഴുതാന്‍ അദ്ദേഹം താമസം വരുത്തുകയും അതിനു ഖേദംപ്രകടിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിനു ശീലമായിരുന്നു. ഒടുവിലൊരു നാള്‍ അതു നിലച്ചു. ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്നു മാറ്റംവാങ്ങിയ അദ്ദേഹത്തിന്റെ പുതിയ വിലാസം നഷ്ടമായതായിരുന്നു കാരണം.
എനിക്കേറെ പ്രിയപ്പെട്ട കത്തുകളുടെ വരവും അതേ, കര്‍ണാടകയില്‍ നിന്നായത് മറ്റൊരദ്ഭൂതം. മഷാറ ഹുസയ്‌നെന്ന് ഫ്രം അഡ്രസ് എഴുതി ഒരുനാള്‍ ആ കത്ത് എന്നെ തേടിയെത്തി. ആദ്യമായി കേള്‍ക്കുന്ന ആ പേരിന്റെ ഉടമയാരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് കത്തുപൊട്ടിച്ചത്. പ്ലസ്ടുവിന് കൂടെ പഠിച്ച കൂട്ടുകാരി നാളുകള്‍ക്കു ശേഷം നഴ്‌സിങ് പഠനസ്ഥലത്തുനിന്ന് അയച്ച കത്ത് തിരിച്ചറിയുമ്പോള്‍ ആകാംക്ഷ സന്തോഷത്തിനു വഴിമാറി.
കറുപ്പും ചുവപ്പും മഷികള്‍ സമാസമം കൂട്ടിച്ചേര്‍ത്ത മുന്തിരി നിറത്തിലായിരുന്നു വര്‍ഷങ്ങളായി സൂക്ഷിച്ചുപോരുന്ന ഹീറോ പെന്‍ ഉപയോഗിച്ച് ഞാനവള്‍ക്ക് കത്തെഴുതിയിരുന്നത്. അറിവിനൊപ്പം അളവറ്റ സ്‌നേഹം പകര്‍ന്നു നല്‍കിയ അധ്യാപകരും സൗഹൃദലോകത്തിന്റെ വിശാലത പ്രകടമാക്കിയ സുഹൃത്തുക്കളും സംഗമിച്ച സെന്റ് സെബാസ്റ്റ്യന്‍സ് പാരലല്‍ കോളജിലെ പോയകാല ജീവിതത്തിന്റെ ഓര്‍മകള്‍ ഓരോ മാസങ്ങളിലും ഞാനവള്‍ക്കായി കത്തില്‍ വാരിവിതറി. അതിനായി അവളും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടെന്ന് മറുപടിക്കത്തുകളില്‍ അവരെഴുതിയറിയിച്ചുകൊണ്ടേയിരുന്നു. നൂറുകണക്കിന് മൈലുകള്‍ക്കപ്പുറം എന്റെ അക്ഷരങ്ങള്‍ക്കായി കാത്തിരിക്കുന്ന ആ സൗഹൃദപ്പറ്റത്തിനു വേണ്ടി എന്റെ മഷിക്കുപ്പിയിലെ അളവ് കുറയുകയും എഴുതിയെഴുതി നിബ്ബിന്റെ മൂര്‍ച്ച കൂടുകയും ചെയ്തു.
ഓരോ കത്തെഴുതുമ്പോഴും ഓര്‍മകള്‍ പീലിവിടര്‍ത്തിയാടിത്തുടങ്ങും. അവ പകര്‍ത്തിവയ്ക്കാന്‍ ഞാനേറെ വിഷമിച്ചു. സുഹൃത്തുക്കളുടെ കുറുമ്പും പഠന വൈഷമ്യവും കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും പഴയ സഹപാഠികളുടെ കല്യാണ വാര്‍ത്തകളും അന്തമില്ലാതെ കത്തുകളില്‍ പരന്നൊഴുകി. അവളയക്കുന്ന കത്തിന്റെ ചുവട്ടില്‍ തമ്മില്‍ കാണാതെ, വീട്ടുവിശേഷങ്ങള്‍ തിരക്കിയും സ്വയം പരിചയപ്പെടുത്തിയും അവളുടെ കൂട്ടുകാരി എനിക്കായി വാക്കുകള്‍ കോറിയിട്ടു...
ക്രിസ്മസ് ആശംസ നേര്‍ന്ന് ആറു കിലോമീറ്ററുകള്‍ക്കകലെ നിന്ന് മറ്റൊരു സുഹൃത്തിന്റെ കത്തൊരുനാള്‍ ചാരെയെത്തി. ഐശ്വര്യദായകമായ പുതുവര്‍ഷം നേര്‍ന്ന് എറണാകുളത്തുനിന്ന് ഇന്നുമെനിക്ക് നിര്‍വചിക്കാന്‍ കഴിയാതെ പോയ ബന്ധത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് 'അരയന്ന'മെഴുതിയ വര്‍ണാഭമായ ആശംസാ കാര്‍ഡായിരുന്നു മറ്റൊന്ന്്. ഫ്രം അഡ്രസ് വയ്ക്കാതെയയച്ച കാര്‍ഡിന്റെ പിറകിലെ പോസ്‌റ്റോഫിസ് മുദ്ര നോക്കി ഉടമയെ തിരിച്ചറിഞ്ഞ കുസൃതി പകര്‍ന്ന സന്തോഷം പറയാന്‍ വയ്യ.
വായനയില്‍ ലഹരി പകരുന്ന കത്തുകളെനിക്കാരും അയച്ചിട്ടില്ല. എന്നാല്‍ അവയെന്നെ എന്നും പ്രേരിപ്പിച്ചിരുന്നു. പ്രിയപ്പെട്ട സുഹൃത്തും മലയാളം അധ്യാപകനുമായ റോമി വെള്ളാമ്മേലിന് അദ്ദേഹത്തിന്റെ സുഹൃത്തയച്ച കത്തുകളായിരുന്നു അവ. അക്ഷരങ്ങളാവുന്ന അരുവികളാല്‍ അവ നിറഞ്ഞുതുളുമ്പി.  ആ കത്തുകളില്‍ ആര്‍ത്തിയോടെ പലവുരു കണ്ണോടിക്കുമ്പോള്‍ അത്തരമൊരാള്‍ എനിക്ക് കത്തയക്കാന്‍ ഇല്ലാതെ പോയതിന്റെ നോവിലലിഞ്ഞു ഞാന്‍ ഇല്ലാതായി.
പ്ലസ് ടൂ കഴിഞ്ഞ് വട്ടപ്പാറ എം.ഇ.എസ് കോളജില്‍ പഠനം തുടരുമ്പോള്‍ പ്ലസ്ടുവിലെ മലയാളം അധ്യാപിക, അയല്‍ക്കാരനും എന്റെ ജൂനിയറുമായ പയ്യന്‍ വശം എനിക്കായി കുറിമാനങ്ങള്‍ തന്നയച്ചു. ഹസ് ജോര്‍ജ് കുട്ടിച്ചായനെക്കുറിച്ച് വാതോരാതെ പറഞ്ഞ കത്തില്‍ ഭാവി വര്‍ണാഭമാക്കാന്‍ ഉഴപ്പരുതെന്ന് ഏട്ടത്തിയമ്മയായ ആ പ്രിയ അധ്യാപികയെന്നെ സ്‌നേഹപൂര്‍വം ഉപദേശിച്ചു.
എന്നെ തേടി പലദിക്കുകളില്‍ നിന്നും വന്ന കത്തുകളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇവിടെ വിരാമമാവുകയാണ്. അതിനുശേഷം എന്റെ വിലാസം ആരുടെയൊക്കെയോ ഡയറിത്താളുകളില്‍ ഇരുന്നു മരിച്ചുവീണിരിക്കാം. എന്നാല്‍ പിന്നീടും ഞാനൊരു കത്തെഴുതി. ഒന്നരവര്‍ഷം മുമ്പായിരുന്നു അത്. ഓര്‍ക്കുട്ടിലൂടെ ലഭിച്ച് സങ്കീര്‍ണമായി തീര്‍ന്ന ഒരു സൗഹൃദബന്ധത്തിനുടമയെ തേടിയായിരുന്നു ആ കത്ത് പറന്നത്.
എസ്.എം.എസ്സുകളിലൂടെയും മെയിലുകളിലൂടെയും ബന്ധം പുതുക്കിയും വിശേഷം തിരക്കിയും ചില പഴയ സുഹൃത്തുക്കളിന്നും സജീവമാണ്. ബ്ലോഗെഴുത്തിലൂടെയും ഫേസ്ബുക്കിലൂടെയും കുറേ പുതുസുഹൃത്തുക്കളും എന്റെ ലോകത്തേക്കു വിരുന്നുവന്നിട്ടുമുണ്ട്. എങ്കിലും പാതിവഴിയില്‍ നഷ്ടമായ കത്തെഴുത്തുകള്‍ ഹൃദയത്തില്‍ ശൂന്യത നിറച്ചുകൊണ്ടേയിരിക്കുന്നു. അലമാരയില്‍ ഭദ്രമായി സ്വരുക്കൂട്ടി വച്ച പഴയ കത്തുകളുടെ ശേഖരം കാണുമ്പോഴൊക്കെ നിലച്ചുപോയ കത്തെഴുത്തുകളുടെ വേദനയേറിവരും. മുന്തിരി നിറം ചാലിച്ച് സുഹൃത്തുക്കള്‍ക്ക് കത്തെഴുതാന്‍ ആശയിന്നും ശേഷിക്കുന്നുണ്ട്. പക്ഷേ നഷ്ടപ്പെട്ട മേല്‍വിലാസങ്ങളും തിരക്കിലലിഞ്ഞുചേര്‍ന്ന സുഹൃത്തുക്കളും അതിനുള്ള സാധ്യത അതിവിദൂരമാക്കുകയാണ്.