Wednesday, December 30, 2009

ഓര്‍മകളിരമ്പുന്ന കലാലയമുറ്റത്തേക്ക് ഒരു യാത്ര


mes college nedumkandam(vattappara)

പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ വേദിയായി ഓരോ ജനുവരി 26കളും കടന്നുവരുമ്പോള്‍ പിന്നിട്ട വഴിദൂരത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ കൂടുകൂട്ടുകയാണ്. ബിരുദപഠനത്തിനായി വട്ടപ്പാറയിലെ എം.ഇ.എസ് കോളജില്‍ ചെലവഴിച്ച മൂന്നുവര്‍ഷത്തിന്റെ അനുഭവങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ട സൗഹൃദത്തിന്റെ വേരുകളാണ് ഞാനവിടെ തിരയുന്നത്. ജീവിത യാത്രയുടെ തിരക്കുകളില്‍ ഒരു പിന്‍വിളിക്കു കാത്തുനില്‍ക്കാന്‍ പോലും മിനക്കെടാറില്ല നാമാരും. വട്ടപ്പാറയിലെ വിദ്യാദാതാവിന്റെ മടിത്തട്ടിലേക്ക് വര്‍ഷത്തിലൊരു മടക്കം ഏറെയൊന്നും പ്രതീക്ഷിച്ചല്ല. പക്ഷേ ബദാം മരത്തിന്റെയും പൂവാകകളുടെയും പഴുത്തിലകള്‍ വീണ മുറ്റത്തുകൂടി വെറുതെയൊരു നടത്തമാവുമ്പോള്‍ ഓര്‍മകള്‍ക്ക് കുതിരശക്തിയാണ്. മറവിയുടെ ആഴങ്ങളിലൊളിച്ചവ പലതും എന്നെ ഉണര്‍ത്താറുണ്ടപ്പോള്‍. ഓര്‍മയുടെ ചെറുസ്പന്ദനത്തിനും നമ്മെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാകും എന്ന സത്യത്തെയാണ് അവിടെ ഞാന്‍ തിരിച്ചറിയുന്നതും. കണ്ടുമറന്ന മുഖങ്ങളേക്കാള്‍ അവര്‍ എനിക്കു പകുത്തുനല്‍കിയ ചില നിമിഷങ്ങളാണ് അവിടെ ജീവന്‍വയ്ക്കുന്നത്.
നഷ്ടപ്രണയങ്ങളുടെ കൂടാരമാണ് ഓരോ കലാലയങ്ങളും. പറഞ്ഞിട്ടും നഷ്ടപ്പെട്ട പ്രണയവും പറയാനാവാതെ പോയ ഇഷ്ടങ്ങളും മറവിയുടെ കെട്ടുപൊട്ടിച്ച് അപ്രതീക്ഷിതമായ ഓടിയണയാറുണ്ട് എന്നിലേക്ക്. അനിവാര്യമായ വിടപറയലുകളിലും തള്ളിപ്പറയലുകളിലുമാണ് മിക്കപ്പോഴും പ്രണയസ്വപന്ങ്ങള്‍ അവസാനിക്കുക. എന്നാല്‍ നാളുകള്‍ക്കു ശേഷം ഒരു തിരിഞ്ഞുനോട്ടമാവുമ്പോള്‍ അവിടെ പകയുടെയോ നഷ്ടബോധത്തിന്റെയോ അതിപ്രസരമുണ്ടാവില്ല. അനുഭവങ്ങളുടെ കരുത്തില്‍ അവര്‍ പാകപ്പെട്ടിട്ടുണ്ടാവും.
പഴയ ക്ലാസ് റൂമിന്റെ ജനാലഴികളില്‍ തെരുപ്പിടിച്ച് അല്‍പ്പനേരം,


വരാന്തയുടെ മാറില്‍ മൃദുവായി ചവിട്ടി, നടന്നുനീങ്ങുന്നത് പഴയ കൗമാരക്കാരന്റെ മാനസികാവസ്ഥയിലേക്കാണ്. എതിരേ വരുന്ന സുന്ദരിയെ കമന്റടിച്ച് അയല്‍ക്ലാസിലെ സുഹൃത്തുക്കള്‍ക്ക് ഹായ് പറഞ്ഞ് പതിവ് റൗണ്ട് കഴിഞ്ഞ് സീറ്റിലേക്കു മടങ്ങിയിരുന്ന ആ മനോഹരമായ പഠനകാലം നിങ്ങളെ മാടിവിളിക്കാറുണ്ടോ എപ്പോഴെങ്കിലും. ഓര്‍മകള്‍ക്കു പോലും ജീവിതത്തില്‍ ഇടം കൊടുക്കാത്ത ഹതഭാഗ്യരാവാന്‍ ആരും കൊതിക്കാറില്ലെന്നാണ് എന്റെ തോന്നല്‍. ഈ വരുന്ന ജനുവരി 26 ഓര്‍മകളുടെ ഭാണ്ഡം അഴിച്ചുവയ്ക്കാനും മറന്നുപോയവ തിരികെ ലഭിക്കാനുമുള്ള ഒരവസരമാണ് എനിക്കു നല്‍കുന്നത്.


ഒരു പകല്‍ കൂടി ഓര്‍മകളുടെ ചെപ്പും പേറി പ്രിയ കലാലയത്തില്‍ ചെലവഴിക്കാന്‍ തുടിക്കുകയാണെന്റെ ഹൃദയം. വട്ടപ്പാറയില്‍ ബസ്സിറങ്ങി ഒരു അലസനടത്തത്തിനു കൂടി വഴിയൊരുക്കുകയാണ് ഇനി വേണ്ടത്. വര്‍ഷാരംഭത്തിലെ 26ാം തിയ്യതിക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയും മറ്റുള്ളവരെ ഓര്‍മപ്പെടുത്തുകയും ചെയ്യുകമാത്രമാണ് അതിനൊരു പോംവഴി.                                                                        

Friday, October 9, 2009

ലൗ ജിഹാദി!!!!!


പണ്ട് പ്രണയത്തിനു മതവും ജാതിയുമില്ലായിരുന്നു.
കണ്ണും കാതുമില്ലായിരുന്നു.
ആര്‍ക്കും ആരെയും പ്രണയിക്കാം.
വിശുദ്ധപ്രണയത്തിനൊടുവില്‍
ഒന്നിച്ചൊന്നായൊരു സ്വപ്‌നജീവിതവും.
എന്നാലിന്ന് എല്ലാം കീഴ്‌മേല്‍
മറിഞ്ഞിരിക്കുന്നു.
കണ്ണും കാതുമായി മാധ്യമസുഹൃത്തുക്കളുണ്ട്.
പ്രണയത്തിനു ദിവസവേതനം പറ്റുന്ന
റോമിയോമാരുണ്ടെന്ന സന്ദേഹവുമായി
നീതിപീഠങ്ങളുമുണ്ട്.
അതിനാല്‍ മതവും ജാതിയും നോക്കി
മാത്രമൊരു പ്രണയത്തെക്കുറിച്ച് ചിന്തിക്കാം.
വെറുതെയെന്തിന് ലൗ ജിഹാദിയാവണം???

Tuesday, October 6, 2009

വരില്ലേ നീയെന്‍ കൈപ്പിടിച്ചിടാന്‍..........


പ്രത്യാശയുടെ വെള്ളിവെളിച്ചത്തില്‍
കൈപ്പിടിച്ചു താണ്ടാം നമുക്കീ ദുരിതവഴികള്‍...
സങ്കടകടലുകലുകളൊക്കെയും താണ്ടി
അടുത്തിടാം നന്മതന്‍ ദ്വീപിലും.
വരില്ലേ നീയെന്‍ കൈപ്പിടിച്ചിടാന്‍..........

Saturday, August 29, 2009

ചിലന്തിവല


ഓര്‍മ ചിലന്തിവലപോലെയാണ്‌
അഴിക്കുംതോറും അതു
പിണഞ്ഞുകൊണ്ടേയിരിക്കും.
നിലനില്‍പ്പിന്റെ നൂല്‍പ്പാലമാണത്‌.
ആ വലയിലൂറുന്നതാവട്ടെ ഇന്നലെകളും.
കെട്ടുപിണഞ്ഞുകിടക്കുന്ന ഓര്‍മകളെ
ഉണര്‍ത്തുക പലപ്പോഴും അപ്രാപ്യമാണ്‌.
ചിലപ്പോള്‍ നാമറിയാതെ അവ ചാരത്തണയും
ചിലപ്പോള്‍ എത്രകൊതിച്ചാലും കിട്ടുകയുമില്ല.
ബോധമണ്ഡലങ്ങളിലൊക്കെ
തലങ്ങുംവിലങ്ങും വലക്കണ്ണികളാണ്‌.
അപായക്കെണിയൊരുക്കി
കാത്തിരിക്കുകയാണ്‌ ചിലന്തി,
ഇരകുടുങ്ങാതെ
അതിന്റെ വിശപ്പാറില്ലല്ലോ...
ഓര്‍മകളില്‍ ഇരകുടുക്കാന്‍
ജാഗരൂഗനായി കാത്തിരിക്കട്ടെ
ഞാനും, ഒരു ചിലന്തിയായി.




Monday, June 8, 2009

പിന്നെയെന്തു ഞാനാണു ഞാന്‍....?

കാലത്തിനപ്പുറം കേള്‍വിയെ പ്രതീക്ഷിച്ച്‌,
കാഴ്‌ചകള്‍ക്ക്‌ കണ്ണിമചിമ്മാതെ കാത്തിരിപ്പ്‌....
ഓര്‍മകള്‍ മടങ്ങിവരുന്നത്‌ കൊതിക്കുകയും
വെറുക്കുകയും ചെയ്യുന്ന പച്ചമനുഷ്യന്‍.
പ്രിയം തോന്നുന്നതെന്തും സ്വന്തമാക്കാന്‍
കൊതിച്ച്‌, ചിലപ്പോള്‍ നഷ്ടപ്പെട്ടതോര്‍ത്ത്‌
വേദനിക്കും. ചിലപ്പോള്‍ കിട്ടിയതോര്‍ത്തും.
വാക്കുകള്‍ക്ക്‌ മൂര്‍ച്ചയേറി ഹൃദയം മുറിഞ്ഞും
മുറിയിപ്പിച്ചും... മനസ്‌ സംസാരിക്കുക
കുറവാണ്‌....അടുക്കാന്‍ ഏറെപാട്‌, അകലാനും.
മറച്ചുവയ്‌ക്കാന്‍ രഹസ്യങ്ങള്‍ ഒരുപാടുണ്ട്‌,
തുറക്കപ്പെട്ടത്‌ പലയിടങ്ങളില്‍ പലരോട്‌...
അപരിചിതരോടു ചിരിക്കാന്‍ ഒടുങ്ങാത്ത
വിമുഖത. സംസാരിക്കാനും.
അടുത്താല്‍ നിങ്ങളെന്റെ ജീവനാണ്‌.
അകലുമ്പോള്‍ നെഞ്ച്‌ നീറും....
അനിവാര്യമായ വിടപറയലുകള്‍
തടഞ്ഞുനിര്‍ത്താനാവാത്തതിനാല്‍
ഒരിറ്റു കണ്ണീര്‍ പൊഴിക്കും ഞാന്‍.
അത്രയെങ്കിലും ചെയ്യാനായില്ലെങ്കില്‍
പിന്നെയെന്തു ഞാനാണു ഞാന്‍....?

Thursday, May 7, 2009

കാണാതിരിക്കരുത്‌ ഈ അമ്മയുടെ കരച്ചില്‍



ഒരുവന്റെ ജീവിതത്തില്‍ പണത്തിനുള്ള സ്ഥാനം എത്രമാത്രമാണ്‌?. സ്വന്തം ജീവനോളം എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ അവനവന്‍ മാത്രമുള്ള ഒരു ലോകം എത്ര ദുസ്സഹമായിരിക്കും. ആലോചിച്ചു നോക്കൂ. വീട്‌, വീട്ടുകാര്‍, അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്‌, സഹോദരന്‍, സഹോദരി, നാട്ടുകാര്‍.....ബന്ധങ്ങള്‍ പലവഴികളിലൂടെ നമ്മെ നാമാക്കി, ഒരു വ്യക്തിയായി മാറ്റുകയാണ്‌. ആ വഴികളിലൂടെ നമുക്ക്‌ ലഭിക്കുന്നത്‌ ഒരു വ്യക്തിത്വമാണ്‌. കേവലമൊരു പേരില്‍ ഒതുങ്ങിക്കൂടാതെ അത്‌ മറ്റുള്ളവരോടുള്ള സഹകരണത്തിലൂടെ വ്യാപിക്കുകയാണ്‌. പണത്തെ സ്വന്തം ജീവനോളം പ്രണയിക്കുമ്പോള്‍, ആഗ്രഹിക്കുമ്പോള്‍ ഇല്ലാതാവുന്നത്‌ ഈ ബന്ധങ്ങളാണ്‌. തുടര്‍ന്ന്‌ നാം നാം മാത്രമായി ചുരുങ്ങും.
മുകളില്‍ കാണുന്ന ചിത്രം ഇത്തരമൊരു പുനര്‍വിചിന്തനത്തിനു പാത്രമായി തീരേണ്ടതാണ്‌. എല്ലാറ്റിനുമൊടുവില്‍ പശ്ചാത്തപിച്ച്‌ മടങ്ങിവരാത്ത മകളുടെ കുഴിമാടത്തില്‍ അലമുറയിടുന്ന ഈ അമ്മ നമുക്കൊക്കെ ഒരു പാഠമാവണം. സമ്പത്തിന്‌ അമിത പ്രാധാന്യം നല്‍കുന്ന, ദരിദ്രരെ പുച്ഛിക്കുന്ന പുതുസമൂഹത്തിന്റെ പഠിപ്പിനെ സഹവര്‍ത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോവാന്‍ തക്ക ഒരു മാറ്റമാവണം അതിലൂടെ ഉണ്ടാവാണ്ടേത്‌.
കടം വാങ്ങിയ പണം പലിശ കയറി തിരിച്ചു കൊടുക്കാനാവാത്ത അവസ്ഥയിലാണ്‌ കൊല്ലം ജില്ലക്കാരിയായ ഈ അമ്മ, കടം നല്‍കിയ സ്‌ത്രീയെ വകവരുത്തിയതും പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വന്തം കുരുന്നിനെ കുളത്തിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ആത്മഹത്യക്കും ശ്രമിച്ചതും. പക്ഷേ അമ്മയുടെ ഹൃദയം ചെയ്‌തുപോയ തെറ്റിനെയോര്‍ത്ത്‌ എത്ര പരിതപിച്ചാലും മകളെ തിരികെ കിട്ടില്ല. നാട്ടാരുടെയും നിയമത്തിന്റെയും മുന്നില്‍ മകളെ കൊന്നവളെന്ന ദുഷ്‌പ്പേരും. പണം ദൈവം നല്‍കുന്നതാണ്‌. അതില്ലാത്തതില്‍ ദുഃഖിക്കേണ്ടതില്ല. ജീവിക്കുക, മാന്യമായി. ഏതു സാഹചര്യത്തിലും.

Friday, March 20, 2009

സെമിത്തേരിയുടെ കാവലാള്‍



ശവക്കൂമ്പാരങ്ങള്‍ക്ക്‌ നടുവില്‍
ഏകനായി നില്‍ക്കുവാന്‍
ഒട്ടേറെ ധൈര്യം അവലംബിച്ചാണ്‌
അയാള്‍ കടന്നുവന്നത്‌.
ആദ്യരാത്രി ശ്വാസം വിടാന്‍
പോലും ഭയപ്പെട്ട്‌.
പകലിരുണ്ട്‌ നിശബ്ദതയിലേക്ക്‌
വഴുതുമ്പോള്‍ കൂട്ടിയിട്ട
പുഷ്‌പച്ചക്രങ്ങള്‍ക്കു
നടുവില്‍ ദുസ്സഹമായ
ഏകാന്തതയായിരുന്നു കൂട്ട്‌.
എന്നും പുതുമയുമായാണ്‌
ഓരോരുത്തരും എത്തിയത്‌.
വണ്ടി കയറി, കുന്നിന്‍മുകളില്‍
നിന്ന്‌ താഴ്‌വരയിലേക്ക്‌ പറന്ന്‌,
ശിഖരങ്ങളില്‍ കയര്‍ത്താലി കൊണ്ട്‌
ബന്ധം കൂടി, ജലാശയങ്ങളുടെ
ആഴങ്ങളില്‍ ശ്വാസത്തെ ഉപേക്ഷിച്ച്‌,
മറ്റുചിലര്‍ 'കീടത്തെ നശിപ്പിക്കാ'ന്‍
മരുന്ന്‌ കഴിച്ച്‌, തൊലി ചുളിഞ്ഞാണ്‌
ചിലര്‍ വിടപറഞ്ഞത്‌.
ജീവിതയോട്ടത്തിനിടെ ഹൃദയം
പണിമുടക്കിയെത്തിവരുമുണ്ട്‌.
എന്നാല്‍ ഒക്കെക്കും ഒരേ രൂപം.
തണുത്തുമരവിച്ച്‌, വഴങ്ങാന്‍
കൂട്ടാക്കാതെ, ചിലപ്പോള്‍ കണ്ണുകള്‍ തുറിച്ച്‌
ചിലപ്പോള്‍ പാതിയടഞ്ഞ്‌...
പിന്നിട്ട നാളുകളേക്കുറിച്ചാണയാള്‍
ഓരോ രാത്രിയും ചിന്തിച്ചുനീക്കിയത്‌.
ഒടുവിലാ ശവപ്പറമ്പില്‍ അവസാന
ശ്വാസത്തെ ഉപേക്ഷിച്ച്‌...
പുതിയ കാവല്‍ക്കാരനെയും
കാത്ത്‌ മഞ്ഞുംതണുപ്പുമേറ്റ്‌
ശവങ്ങളെ ഭയന്ന കാവല്‍ക്കാരന്‍....