Showing posts with label memory. Show all posts
Showing posts with label memory. Show all posts

Tuesday, September 18, 2012

ഒരു പേരിലെ ഇത്തിരിക്കാര്യം

ആശുപത്രി രജിസ്റ്ററില്‍ ചേര്‍ക്കാന്‍ നേരത്താണ് അമ്മച്ചിയുടെ നാവില്‍ നിന്ന് നിഷാദ് എന്ന പേരുയര്‍ന്നത്. അന്നുമുതല്‍ ഈയുള്ളവന്റെ പേര് അങ്ങനെയായി. മൂത്ത സഹോദരങ്ങളുടെ പേരിടലും അമ്മച്ചി സ്വയമങ്ങു നിര്‍വഹിച്ചതാണ്. സബീനയും സൈനുദ്ദീനും. അവ രണ്ടും 'സ'യില്‍ തുടങ്ങുമ്പോള്‍ ഒടുക്കത്തെ കണ്‍മണിയായ എന്റെ പേരു വേറിട്ടുനിന്നു. പേരിട്ടത് സ്വഭാവമറിയാതെയാണെങ്കിലും ഞാന്‍ പലപ്പോഴും നിഷാദനും നിഷേധിയുമായി മാറി. നിരവധി നിഷാദുമാരെ സ്‌കൂളിലും കോളജിലും നാട്ടിലുമൊക്കെ കാണാനും അവരുടെ കൂട്ടുകാരനായി മാറാനും കഴിഞ്ഞിരുന്നു.

ഇന്നിപ്പോള്‍ മക്കള്‍ക്കു പേരിടുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാണ്. മറ്റാര്‍ക്കും ഇടാനിടയില്ലാത്ത, നാട്ടില്‍ പ്രചാരം നേടിയിട്ടില്ലാത്ത പേരുകളാണ് പുതുതലമുറക്കാരുടേത്. പേരിടുമ്പോള്‍ ശ്രദ്ധിക്കാത്തതിന്റെ ദൂഷ്യം അടുത്തിടെ ചൈനയില്‍ നിന്നുയര്‍ന്ന കഥ വ്യക്തമാക്കുന്നു. യുവതിയുവാക്കള്‍ക്കെല്ലാം സമാനമായ പേരു വന്നതിനാല്‍ വലഞ്ഞത് നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും മാത്രമല്ല. രേഖകളില്‍ ഒരേപേരു കാരണം അധികൃതരും ബുദ്ധിമുട്ടിലായി. നമുക്കു പറയാന്‍ അത്തരം കഥകളൊന്നുമില്ലെങ്കിലും പുതുതലമുറയുടെ ജാഗ്രത നവനാമങ്ങള്‍ സമൂഹത്തില്‍ വ്യാപകമാവുന്നതിന് ഇടയാക്കിയിട്ടുണ്ട്.

പറഞ്ഞുവരുന്നത് പേരുമാഹാത്മ്യത്തെക്കുറിച്ചല്ല. അച്ഛനും അമ്മയും ചേര്‍ന്ന് മക്കള്‍ക്കിടുന്ന പേര് ഒരു നിമിഷം കൊണ്ട് മാറ്റിനല്‍കുന്ന വിരുതന്‍മാരെക്കുറിച്ചാണ്. ഇതെഴുതാന്‍ പ്രേരകമായതാവട്ടെ അങ്ങനെയൊരു ഇരട്ടപ്പേരു വിളി കഴിഞ്ഞദിവസം ബസ്സിലിരിക്കുമ്പോള്‍ കേള്‍ക്കാനിടയായതും. കട്ടപ്പനയില്‍ നിന്നു കോട്ടയത്തേക്കു വരുമ്പോഴായിരുന്നു അത്. ആളെക്കയറ്റാനോ ഇറക്കാനോ ബസ് ഏതോ ഒരു സ്‌റ്റോപ്പില്‍ നിര്‍ത്തി. ബസ്സിലുണ്ടായിരുന്ന കുറച്ചുവിദ്യാര്‍ഥികള്‍ ആ ജങ്ഷനില്‍ നില്‍ക്കുന്ന തങ്ങളുടെ കൂട്ടുകാരനെ കാണുന്നത് അപ്പോഴാണ്. പാമ്പേ എന്ന് കോറസ്. വിളികേട്ട പയ്യന്‍ ബസ്സിനുള്ളിലേക്ക് നോക്കുന്നു. എന്താ ഇവിടെ? നാളെ വരില്ലേ? ചോദ്യങ്ങളുന്നയിച്ച് മറുപടിയും കിട്ടുമ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങിയിരുന്നു.
എന്തായിരുന്നിരിക്കാം ആ കൗമാരക്കാരന്റെ പേര്. നാലാളുകേള്‍ക്കെ പാമ്പേയെന്നു വിളിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എന്തായാലും സന്തോഷം ഉണ്ടാവാനിടയില്ല. കൂട്ടുകാരായതു കൊണ്ടു ഇരട്ടപ്പേരു വിളിക്കുമ്പോള്‍ അയാള്‍ വിളി കേട്ടെന്നു വരാം. ഒരു പക്ഷേ കൂട്ടുകാരെ അയാളും മറ്റെന്തെങ്കിലുമൊക്കെ ഇരട്ടപ്പേരു വിളിച്ചെന്നുമിരിക്കാം. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഇരട്ടപ്പേരിട്ട് അഭിമാനിക്കുന്ന ഈ പ്രവണത ആശാസ്യമാണോ?

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ വിളിപ്പേരിടല്‍ രീതി. നോട്ടത്തിലെ പ്രത്യേകത മൂലം കുറുക്കനെന്നും തൊലിയുടെ നിറം കറുത്തുപോയതിനാല്‍ അസ്ഥികറമ്പനെന്നും ഉയരം കൂടിയതിനാല്‍ കാലനെന്നും വിളിപ്പേരു കേള്‍ക്കേണ്ടി വരുന്നവരെത്രയോ പേര്‍. ഇരട്ടപ്പേരു പറഞ്ഞാലെ ആളെ തിരിച്ചറിയൂ എന്ന ഗതികേടാണ് പലനാട്ടിലും ചിലര്‍ക്കു വന്നുചേര്‍ന്നിരിക്കുന്നത്. വിളിക്കാന്‍ ഒരു രസമാണ്, അതുകേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും. പക്ഷേ ഉള്ളുനോവുന്നത് ആ പേരിന്റെ ഉടയോനായിരിക്കും. അച്ഛനും അമ്മയ്ക്കും മുമ്പാകെ നാട്ടുകാര്‍ മക്കളെ ഇരട്ടപ്പേരിട്ടു വിളിക്കുമ്പോള്‍ അവരുടെ മനസ്സും നോവുമെന്നുറപ്പ്. ഇതു തിരിച്ചുമാവാം.
മറ്റുള്ളവര്‍ പേരുവിളിച്ചു സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ക്കു സന്തോഷമുണ്ടാവുമെന്ന് എവിടെയൊക്കെയോ കേട്ടു, വായിച്ചു. അത് അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ആരെയും ഇരട്ടപ്പേരു വിളിക്കാനോ ആര്‍ക്കും ചാര്‍ത്തിക്കൊടുക്കാനോ ഞാന്‍ തുനിഞ്ഞിട്ടില്ല.

Wednesday, September 5, 2012

ഓര്‍മകളില്‍ ഉറങ്ങിയും ഓര്‍മിപ്പിച്ചും എന്റെയധ്യാപകര്‍


മണലില്‍ അക്ഷരമെഴുതിപ്പഠിക്കുമ്പോഴായിരിക്കും കളരിയുടെ മുറ്റത്ത് കശുമാമ്പഴം വീഴുന്നത്. പിന്നെ ഞങ്ങള്‍ കുട്ടികള്‍ ഒരോട്ടമാണ്. പഴം കുട്ടികള്‍ക്ക്, അണ്ടി ആശാനുള്ളതാണ്. അതായിരുന്നു നിയമം. ഒരു കൈയുടെ സ്വാധീനം നഷ്ടമായ ആ ആശാന്‍ എന്റെ അത്തച്ഛിയെ കളരിയില്‍ പഠിപ്പിച്ചിരുന്നു. മണലില്‍ അക്ഷരങ്ങള്‍ എഴുതിയ ശേഷം ആശാന്‍ ഉറക്കെ ചോദിക്കും. എഴുതിയോ? ഞങ്ങള്‍ മറുപടി പറയും- എഴുതി. വായിച്ചോ? വായിച്ചു.
എന്നാല്‍ മായീര് ആശാന്റെ മറുപടി. തെറ്റുകണ്ടാല്‍ ആശാന്‍ ഒറ്റക്കൈ കൊണ്ട് ഒരു പ്രയോഗമുണ്ട് തുടയില്‍. അധികകാലമുണ്ടായിരുന്നില്ല കളരിയിലെ പഠനം. അടുത്തുതന്നെയുള്ള അങ്കണവാടിയിലേക്ക് പഠനം പറിച്ചുനടപ്പെട്ടു.

അയല്‍വാസി തന്നെയായ പത്മജടീച്ചര്‍ ആയിരുന്നു അങ്കണവാടിയിടെ ഞങ്ങളുടെ കുസൃതികള്‍ക്ക് ഇരയായത്. പണ്ട് താമസിച്ചിരുന്ന പാറക്കടവിലെ ഒരു പാറപ്പുറത്തായിരുന്നു അങ്കണവാടി. കള്ളിമുള്‍ച്ചെടിക്കൂട്ടങ്ങള്‍ പാറയില്‍ സമൃദ്ധമായിരുന്നു. ഭംഗിയാര്‍ന്ന പൂക്കള്‍ പറിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും മുള്‍ച്ചെടിയുടെ കുറുമ്പിന് ഞങ്ങള്‍ ഇരയായി. ചുട്ടുപഴുത്ത പാറയില്‍ മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന ഗന്ധം ഇന്നും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാറക്കടവില്‍ നിന്ന് അത്തച്ചിയുടെ കൈപ്പിടിച്ച് സ്‌കൂളിലേക്ക് പോവുമ്പോള്‍ കൗതുകത്തോടെ നാലുപാടും നോക്കി. വീട്ടില്‍ നിന്നു മൂന്നുകിലോമീറ്റര്‍ ദൂരമുണ്ടാവും സ്‌കൂളിലേക്ക്. പിന്നീട് കൂട്ടുകാരോടൊപ്പമായിരുന്നു വരവ് പോക്ക്. പാടവരമ്പുകളിലൂടെ കുറുക്കുവഴികളുണ്ടാക്കി, തുമ്പിയോടും പറവകളോടും കിന്നാരം പറഞ്ഞു. മാവില്‍ കല്ലെറിഞ്ഞു. കൊക്കോപ്പഴം മോഷ്ടിച്ചു. പരീക്ഷയുടെ മാര്‍ക്ക് അധ്യാപകര്‍ സ്ലേറ്റില്‍ എഴുതിത്തരും. പോരുന്ന വഴിയിലുള്ള പാരലല്‍ കോളജിലെ ചേട്ടന്‍മാര്‍ ഒരുദിവസം കൂട്ടുകാരന്റെ സ്ലേറ്റിലെ മാര്‍ക്ക് തിരുത്തിയെഴുതി.

ലോവര്‍ പ്രൈമറി സ്‌കൂളിന്റെ മുറ്റത്ത് നിറയെ പൂച്ചെടികള്‍. ഓറഞ്ച് നിറമാര്‍ന്ന ഒരുതരം പൂവും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരം പൂവ് പറിച്ച് ക്രീം നിറമുള്ള യൂനിഫോം ഷര്‍ട്ടിന്റെ പോക്കറ്റിനു മേല്‍ ഒരു മുദ്രപതിപ്പിക്കും. വെയിലേറ്റു വിണ്ടുകീറിയ സ്‌കൂളിന്റെ മുറ്റത്ത് വാശിയേറിയ കബഡി മല്‍സരവും ഉണ്ടാവും. മഴയാണേല്‍ തിണ്ണയില്‍ നിന്നു ചളിവെള്ളത്തിലേക്ക് ഒരുന്തിയിടല്‍ ഏതുനിമിഷവും പ്രതീക്ഷിക്കാം. വരാന്തയിലൂടെ ഓട്ടപ്പിടിത്തം. സ്ലേറ്റിലെ എഴുത്ത് മായ്ക്കാനുള്ള പച്ചിലച്ചെടികളുടെ തുണ്ടുകള്‍ കൂട്ടുകാര്‍ തമ്മില്‍ കൈമാറും. ഉണ്ടക്കണ്ണനായ വര്‍ക്കിസാറായിരുന്നു അന്നു പ്രിന്‍സിപ്പല്‍.

എട്ടിലും ഒമ്പതിലും ക്ലാസ് ടീച്ചറായിരുന്ന ലിസന്‍ ടീച്ചര്‍, പത്തില്‍ ആ ചുമതല നിര്‍വഹിച്ച ബ്രിജിത് ടീച്ചര്‍, പിന്നെ ജോര്‍ജ് തോമസ് സര്‍, അഗസ്റ്റിന്‍ സര്‍, മണിടീച്ചര്‍... ഒമ്പതില്‍ കൂടെപ്പഠിച്ച പെണ്‍കുട്ടിക്കു നല്‍കിയ പ്രണയാഭ്യര്‍ഥന ലിസന്‍ ടീച്ചറിന്റെ കൈയില്‍ കിട്ടിയപ്പോഴുണ്ടായ ചമ്മല്‍, ടീച്ചറിന്റെ കണ്‍മുമ്പില്‍ ചെന്നുചാടാതിരിക്കാനെടുത്ത ജാഗ്രത, പത്തില്‍ സഹപാഠിയായിരുന്ന ദീപേഷിന് ലീവ് ലെറ്റര്‍ എഴുതിയതിന് ബ്രിജിത് ടീച്ചര്‍ നല്‍കിയ ചൂരല്‍ക്കഷായം, കത്തിന്റെ കള്ളത്തരം പൊളിയും വരെ ടീച്ചര്‍ വിശ്വസിച്ചിരുന്നതാവട്ടെ കോളജ് വിദ്യാര്‍ഥികളാരോ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നുവത്രേ.(പാവം ഞാന്‍) 

പ്ലസ് ടു പഠിച്ചത് പാരലല്‍കോളജിലായിരുന്നു. ജോയി വെട്ടിക്കുഴി സാറിന്റെ ഉടമസ്ഥതയിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് കോളജ്. മലയാളം അധ്യാപികയായിരുന്ന മഞ്ജു ടീച്ചര്‍, ഇംഗ്ലീഷ് പഠിപ്പിച്ച ബെന്നി മാത്യൂസ് സാര്‍, ജോയി മാത്യു സാര്‍. അക്കൗണ്ടന്‍സി മാഷായിരുന്ന ഷിബു സര്‍, സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകന്‍ രാജേഷ് സാര്‍, അശ്വതി ടീച്ചര്‍...
മഞ്ജു ടീച്ചറായിരുന്നു മലയാളവുമായി എന്നെയേറെ അടുപ്പിച്ചത്. ഏട്ടത്തിയമ്മയുടെ സ്‌നേഹവും കരുതലുമാണ് അവര്‍ പുലര്‍ത്തിയത്. ജോയി മാത്യു സാര്‍ കര്‍ക്കശക്കാരനായിരുന്നെങ്കിലും ബെന്നി മാത്യൂസ് സാര്‍ ആ വിടവ് കൂടി നികത്തി. മരംകൊത്തിയെന്ന ഇരട്ടപ്പേരു പോലും സ്വീകരിച്ച അദ്ദേഹത്തോടുള്ള ഇഷ്ടം മൂത്ത് ഞാന്‍ ഇംഗ്ലീഷ് ഭാഷയിലും അനുരക്തനായി. അന്നേവരെ ഇംഗ്ലീഷിനു പാസ് മാര്‍ക്ക് വാങ്ങാത്ത ഞാന്‍ ക്ലാസ് ടെസ്റ്റില്‍ 60ല്‍ 41 മാര്‍ക്ക് വാങ്ങി ചരിത്രമെഴുതി. അതിനിടെ ജോലിയുപേക്ഷിച്ച് ബെന്നി മാത്യൂസ് സാര്‍ കര്‍ണാടകയിലേക്കു പോയി. വൈകാതെ അദ്ദേഹത്തെ തേടി എന്റെ കത്തുപറന്നു. മറുപടിക്കത്തുകളെഴുതി അദ്ദേഹം എന്റെ സ്‌നേഹത്തിന്റെ മാറ്റുകൂട്ടി.

എം.ഇ.എസ് കോളജിലെത്തുമ്പോഴേക്കും അതുവരെയുള്ള സൗഹൃദക്കൂട്ടങ്ങളൊക്കെ ചിതറിമാറി. അബുബക്കര്‍ സാര്‍, ലീന ടീച്ചര്‍, ജോസ് കുട്ടി സാര്‍, അബ്ദുര്‍റസാഖ് സാര്‍, മേരിക്കുട്ടി ടീച്ചര്‍, ഉണ്ണികൃഷ്ണന്‍ സാര്‍, അലിയാര്‍ സാര്‍, എന്‍.എസ്.എസിന്റെ ചുമതലയുണ്ടായിരുന്ന എം ജെ മാത്യുസാര്‍, സ്‌നേഹത്താല്‍ ഉപദേശങ്ങള്‍ പൊതിഞ്ഞു നല്‍കിയ പ്രിന്‍സിപ്പല്‍ റഷീദ് സാര്‍...
ഓര്‍മകളില്‍ ഉറങ്ങുന്നവരാണ് കൂടുതലെന്നു തോന്നുന്നു. പലരുടെയും പേരും അവര്‍ നല്‍കിയ അടിയുടെ ചൂടും മറന്നു. അവര്‍ പകര്‍ന്നുതന്ന അറിവിന്റെ ഒരണുവെങ്കിലും എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്, തീര്‍ച്ച. ഈ അധ്യാപക ദിനത്തില്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ക്കു മുമ്പില്‍ നിറഞ്ഞ സ്‌നേഹത്തോടെ പലപ്പോഴും നിഷേധിയായിരുന്ന പ്രിയ ശിഷ്യന്‍.

Wednesday, December 30, 2009

ഓര്‍മകളിരമ്പുന്ന കലാലയമുറ്റത്തേക്ക് ഒരു യാത്ര


mes college nedumkandam(vattappara)

പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ വേദിയായി ഓരോ ജനുവരി 26കളും കടന്നുവരുമ്പോള്‍ പിന്നിട്ട വഴിദൂരത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ കൂടുകൂട്ടുകയാണ്. ബിരുദപഠനത്തിനായി വട്ടപ്പാറയിലെ എം.ഇ.എസ് കോളജില്‍ ചെലവഴിച്ച മൂന്നുവര്‍ഷത്തിന്റെ അനുഭവങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ട സൗഹൃദത്തിന്റെ വേരുകളാണ് ഞാനവിടെ തിരയുന്നത്. ജീവിത യാത്രയുടെ തിരക്കുകളില്‍ ഒരു പിന്‍വിളിക്കു കാത്തുനില്‍ക്കാന്‍ പോലും മിനക്കെടാറില്ല നാമാരും. വട്ടപ്പാറയിലെ വിദ്യാദാതാവിന്റെ മടിത്തട്ടിലേക്ക് വര്‍ഷത്തിലൊരു മടക്കം ഏറെയൊന്നും പ്രതീക്ഷിച്ചല്ല. പക്ഷേ ബദാം മരത്തിന്റെയും പൂവാകകളുടെയും പഴുത്തിലകള്‍ വീണ മുറ്റത്തുകൂടി വെറുതെയൊരു നടത്തമാവുമ്പോള്‍ ഓര്‍മകള്‍ക്ക് കുതിരശക്തിയാണ്. മറവിയുടെ ആഴങ്ങളിലൊളിച്ചവ പലതും എന്നെ ഉണര്‍ത്താറുണ്ടപ്പോള്‍. ഓര്‍മയുടെ ചെറുസ്പന്ദനത്തിനും നമ്മെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാകും എന്ന സത്യത്തെയാണ് അവിടെ ഞാന്‍ തിരിച്ചറിയുന്നതും. കണ്ടുമറന്ന മുഖങ്ങളേക്കാള്‍ അവര്‍ എനിക്കു പകുത്തുനല്‍കിയ ചില നിമിഷങ്ങളാണ് അവിടെ ജീവന്‍വയ്ക്കുന്നത്.
നഷ്ടപ്രണയങ്ങളുടെ കൂടാരമാണ് ഓരോ കലാലയങ്ങളും. പറഞ്ഞിട്ടും നഷ്ടപ്പെട്ട പ്രണയവും പറയാനാവാതെ പോയ ഇഷ്ടങ്ങളും മറവിയുടെ കെട്ടുപൊട്ടിച്ച് അപ്രതീക്ഷിതമായ ഓടിയണയാറുണ്ട് എന്നിലേക്ക്. അനിവാര്യമായ വിടപറയലുകളിലും തള്ളിപ്പറയലുകളിലുമാണ് മിക്കപ്പോഴും പ്രണയസ്വപന്ങ്ങള്‍ അവസാനിക്കുക. എന്നാല്‍ നാളുകള്‍ക്കു ശേഷം ഒരു തിരിഞ്ഞുനോട്ടമാവുമ്പോള്‍ അവിടെ പകയുടെയോ നഷ്ടബോധത്തിന്റെയോ അതിപ്രസരമുണ്ടാവില്ല. അനുഭവങ്ങളുടെ കരുത്തില്‍ അവര്‍ പാകപ്പെട്ടിട്ടുണ്ടാവും.
പഴയ ക്ലാസ് റൂമിന്റെ ജനാലഴികളില്‍ തെരുപ്പിടിച്ച് അല്‍പ്പനേരം,


വരാന്തയുടെ മാറില്‍ മൃദുവായി ചവിട്ടി, നടന്നുനീങ്ങുന്നത് പഴയ കൗമാരക്കാരന്റെ മാനസികാവസ്ഥയിലേക്കാണ്. എതിരേ വരുന്ന സുന്ദരിയെ കമന്റടിച്ച് അയല്‍ക്ലാസിലെ സുഹൃത്തുക്കള്‍ക്ക് ഹായ് പറഞ്ഞ് പതിവ് റൗണ്ട് കഴിഞ്ഞ് സീറ്റിലേക്കു മടങ്ങിയിരുന്ന ആ മനോഹരമായ പഠനകാലം നിങ്ങളെ മാടിവിളിക്കാറുണ്ടോ എപ്പോഴെങ്കിലും. ഓര്‍മകള്‍ക്കു പോലും ജീവിതത്തില്‍ ഇടം കൊടുക്കാത്ത ഹതഭാഗ്യരാവാന്‍ ആരും കൊതിക്കാറില്ലെന്നാണ് എന്റെ തോന്നല്‍. ഈ വരുന്ന ജനുവരി 26 ഓര്‍മകളുടെ ഭാണ്ഡം അഴിച്ചുവയ്ക്കാനും മറന്നുപോയവ തിരികെ ലഭിക്കാനുമുള്ള ഒരവസരമാണ് എനിക്കു നല്‍കുന്നത്.


ഒരു പകല്‍ കൂടി ഓര്‍മകളുടെ ചെപ്പും പേറി പ്രിയ കലാലയത്തില്‍ ചെലവഴിക്കാന്‍ തുടിക്കുകയാണെന്റെ ഹൃദയം. വട്ടപ്പാറയില്‍ ബസ്സിറങ്ങി ഒരു അലസനടത്തത്തിനു കൂടി വഴിയൊരുക്കുകയാണ് ഇനി വേണ്ടത്. വര്‍ഷാരംഭത്തിലെ 26ാം തിയ്യതിക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയും മറ്റുള്ളവരെ ഓര്‍മപ്പെടുത്തുകയും ചെയ്യുകമാത്രമാണ് അതിനൊരു പോംവഴി.