Showing posts with label ഗൃഹാതുരത്വം. Show all posts
Showing posts with label ഗൃഹാതുരത്വം. Show all posts

Wednesday, September 5, 2012

ഓര്‍മകളില്‍ ഉറങ്ങിയും ഓര്‍മിപ്പിച്ചും എന്റെയധ്യാപകര്‍


മണലില്‍ അക്ഷരമെഴുതിപ്പഠിക്കുമ്പോഴായിരിക്കും കളരിയുടെ മുറ്റത്ത് കശുമാമ്പഴം വീഴുന്നത്. പിന്നെ ഞങ്ങള്‍ കുട്ടികള്‍ ഒരോട്ടമാണ്. പഴം കുട്ടികള്‍ക്ക്, അണ്ടി ആശാനുള്ളതാണ്. അതായിരുന്നു നിയമം. ഒരു കൈയുടെ സ്വാധീനം നഷ്ടമായ ആ ആശാന്‍ എന്റെ അത്തച്ഛിയെ കളരിയില്‍ പഠിപ്പിച്ചിരുന്നു. മണലില്‍ അക്ഷരങ്ങള്‍ എഴുതിയ ശേഷം ആശാന്‍ ഉറക്കെ ചോദിക്കും. എഴുതിയോ? ഞങ്ങള്‍ മറുപടി പറയും- എഴുതി. വായിച്ചോ? വായിച്ചു.
എന്നാല്‍ മായീര് ആശാന്റെ മറുപടി. തെറ്റുകണ്ടാല്‍ ആശാന്‍ ഒറ്റക്കൈ കൊണ്ട് ഒരു പ്രയോഗമുണ്ട് തുടയില്‍. അധികകാലമുണ്ടായിരുന്നില്ല കളരിയിലെ പഠനം. അടുത്തുതന്നെയുള്ള അങ്കണവാടിയിലേക്ക് പഠനം പറിച്ചുനടപ്പെട്ടു.

അയല്‍വാസി തന്നെയായ പത്മജടീച്ചര്‍ ആയിരുന്നു അങ്കണവാടിയിടെ ഞങ്ങളുടെ കുസൃതികള്‍ക്ക് ഇരയായത്. പണ്ട് താമസിച്ചിരുന്ന പാറക്കടവിലെ ഒരു പാറപ്പുറത്തായിരുന്നു അങ്കണവാടി. കള്ളിമുള്‍ച്ചെടിക്കൂട്ടങ്ങള്‍ പാറയില്‍ സമൃദ്ധമായിരുന്നു. ഭംഗിയാര്‍ന്ന പൂക്കള്‍ പറിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും മുള്‍ച്ചെടിയുടെ കുറുമ്പിന് ഞങ്ങള്‍ ഇരയായി. ചുട്ടുപഴുത്ത പാറയില്‍ മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന ഗന്ധം ഇന്നും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാറക്കടവില്‍ നിന്ന് അത്തച്ചിയുടെ കൈപ്പിടിച്ച് സ്‌കൂളിലേക്ക് പോവുമ്പോള്‍ കൗതുകത്തോടെ നാലുപാടും നോക്കി. വീട്ടില്‍ നിന്നു മൂന്നുകിലോമീറ്റര്‍ ദൂരമുണ്ടാവും സ്‌കൂളിലേക്ക്. പിന്നീട് കൂട്ടുകാരോടൊപ്പമായിരുന്നു വരവ് പോക്ക്. പാടവരമ്പുകളിലൂടെ കുറുക്കുവഴികളുണ്ടാക്കി, തുമ്പിയോടും പറവകളോടും കിന്നാരം പറഞ്ഞു. മാവില്‍ കല്ലെറിഞ്ഞു. കൊക്കോപ്പഴം മോഷ്ടിച്ചു. പരീക്ഷയുടെ മാര്‍ക്ക് അധ്യാപകര്‍ സ്ലേറ്റില്‍ എഴുതിത്തരും. പോരുന്ന വഴിയിലുള്ള പാരലല്‍ കോളജിലെ ചേട്ടന്‍മാര്‍ ഒരുദിവസം കൂട്ടുകാരന്റെ സ്ലേറ്റിലെ മാര്‍ക്ക് തിരുത്തിയെഴുതി.

ലോവര്‍ പ്രൈമറി സ്‌കൂളിന്റെ മുറ്റത്ത് നിറയെ പൂച്ചെടികള്‍. ഓറഞ്ച് നിറമാര്‍ന്ന ഒരുതരം പൂവും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരം പൂവ് പറിച്ച് ക്രീം നിറമുള്ള യൂനിഫോം ഷര്‍ട്ടിന്റെ പോക്കറ്റിനു മേല്‍ ഒരു മുദ്രപതിപ്പിക്കും. വെയിലേറ്റു വിണ്ടുകീറിയ സ്‌കൂളിന്റെ മുറ്റത്ത് വാശിയേറിയ കബഡി മല്‍സരവും ഉണ്ടാവും. മഴയാണേല്‍ തിണ്ണയില്‍ നിന്നു ചളിവെള്ളത്തിലേക്ക് ഒരുന്തിയിടല്‍ ഏതുനിമിഷവും പ്രതീക്ഷിക്കാം. വരാന്തയിലൂടെ ഓട്ടപ്പിടിത്തം. സ്ലേറ്റിലെ എഴുത്ത് മായ്ക്കാനുള്ള പച്ചിലച്ചെടികളുടെ തുണ്ടുകള്‍ കൂട്ടുകാര്‍ തമ്മില്‍ കൈമാറും. ഉണ്ടക്കണ്ണനായ വര്‍ക്കിസാറായിരുന്നു അന്നു പ്രിന്‍സിപ്പല്‍.

എട്ടിലും ഒമ്പതിലും ക്ലാസ് ടീച്ചറായിരുന്ന ലിസന്‍ ടീച്ചര്‍, പത്തില്‍ ആ ചുമതല നിര്‍വഹിച്ച ബ്രിജിത് ടീച്ചര്‍, പിന്നെ ജോര്‍ജ് തോമസ് സര്‍, അഗസ്റ്റിന്‍ സര്‍, മണിടീച്ചര്‍... ഒമ്പതില്‍ കൂടെപ്പഠിച്ച പെണ്‍കുട്ടിക്കു നല്‍കിയ പ്രണയാഭ്യര്‍ഥന ലിസന്‍ ടീച്ചറിന്റെ കൈയില്‍ കിട്ടിയപ്പോഴുണ്ടായ ചമ്മല്‍, ടീച്ചറിന്റെ കണ്‍മുമ്പില്‍ ചെന്നുചാടാതിരിക്കാനെടുത്ത ജാഗ്രത, പത്തില്‍ സഹപാഠിയായിരുന്ന ദീപേഷിന് ലീവ് ലെറ്റര്‍ എഴുതിയതിന് ബ്രിജിത് ടീച്ചര്‍ നല്‍കിയ ചൂരല്‍ക്കഷായം, കത്തിന്റെ കള്ളത്തരം പൊളിയും വരെ ടീച്ചര്‍ വിശ്വസിച്ചിരുന്നതാവട്ടെ കോളജ് വിദ്യാര്‍ഥികളാരോ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നുവത്രേ.(പാവം ഞാന്‍) 

പ്ലസ് ടു പഠിച്ചത് പാരലല്‍കോളജിലായിരുന്നു. ജോയി വെട്ടിക്കുഴി സാറിന്റെ ഉടമസ്ഥതയിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് കോളജ്. മലയാളം അധ്യാപികയായിരുന്ന മഞ്ജു ടീച്ചര്‍, ഇംഗ്ലീഷ് പഠിപ്പിച്ച ബെന്നി മാത്യൂസ് സാര്‍, ജോയി മാത്യു സാര്‍. അക്കൗണ്ടന്‍സി മാഷായിരുന്ന ഷിബു സര്‍, സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകന്‍ രാജേഷ് സാര്‍, അശ്വതി ടീച്ചര്‍...
മഞ്ജു ടീച്ചറായിരുന്നു മലയാളവുമായി എന്നെയേറെ അടുപ്പിച്ചത്. ഏട്ടത്തിയമ്മയുടെ സ്‌നേഹവും കരുതലുമാണ് അവര്‍ പുലര്‍ത്തിയത്. ജോയി മാത്യു സാര്‍ കര്‍ക്കശക്കാരനായിരുന്നെങ്കിലും ബെന്നി മാത്യൂസ് സാര്‍ ആ വിടവ് കൂടി നികത്തി. മരംകൊത്തിയെന്ന ഇരട്ടപ്പേരു പോലും സ്വീകരിച്ച അദ്ദേഹത്തോടുള്ള ഇഷ്ടം മൂത്ത് ഞാന്‍ ഇംഗ്ലീഷ് ഭാഷയിലും അനുരക്തനായി. അന്നേവരെ ഇംഗ്ലീഷിനു പാസ് മാര്‍ക്ക് വാങ്ങാത്ത ഞാന്‍ ക്ലാസ് ടെസ്റ്റില്‍ 60ല്‍ 41 മാര്‍ക്ക് വാങ്ങി ചരിത്രമെഴുതി. അതിനിടെ ജോലിയുപേക്ഷിച്ച് ബെന്നി മാത്യൂസ് സാര്‍ കര്‍ണാടകയിലേക്കു പോയി. വൈകാതെ അദ്ദേഹത്തെ തേടി എന്റെ കത്തുപറന്നു. മറുപടിക്കത്തുകളെഴുതി അദ്ദേഹം എന്റെ സ്‌നേഹത്തിന്റെ മാറ്റുകൂട്ടി.

എം.ഇ.എസ് കോളജിലെത്തുമ്പോഴേക്കും അതുവരെയുള്ള സൗഹൃദക്കൂട്ടങ്ങളൊക്കെ ചിതറിമാറി. അബുബക്കര്‍ സാര്‍, ലീന ടീച്ചര്‍, ജോസ് കുട്ടി സാര്‍, അബ്ദുര്‍റസാഖ് സാര്‍, മേരിക്കുട്ടി ടീച്ചര്‍, ഉണ്ണികൃഷ്ണന്‍ സാര്‍, അലിയാര്‍ സാര്‍, എന്‍.എസ്.എസിന്റെ ചുമതലയുണ്ടായിരുന്ന എം ജെ മാത്യുസാര്‍, സ്‌നേഹത്താല്‍ ഉപദേശങ്ങള്‍ പൊതിഞ്ഞു നല്‍കിയ പ്രിന്‍സിപ്പല്‍ റഷീദ് സാര്‍...
ഓര്‍മകളില്‍ ഉറങ്ങുന്നവരാണ് കൂടുതലെന്നു തോന്നുന്നു. പലരുടെയും പേരും അവര്‍ നല്‍കിയ അടിയുടെ ചൂടും മറന്നു. അവര്‍ പകര്‍ന്നുതന്ന അറിവിന്റെ ഒരണുവെങ്കിലും എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്, തീര്‍ച്ച. ഈ അധ്യാപക ദിനത്തില്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ക്കു മുമ്പില്‍ നിറഞ്ഞ സ്‌നേഹത്തോടെ പലപ്പോഴും നിഷേധിയായിരുന്ന പ്രിയ ശിഷ്യന്‍.

Monday, June 4, 2012

ഓര്‍മയില്‍ ജീവിച്ചുമരിക്കുന്ന പോയകാലം


പുതിയ അധ്യയന വര്‍ഷം തുടങ്ങി. പുത്തന്‍ ബാഗും അടിപൊളി വസ്ത്രങ്ങളും ധരിച്ച് കുരുന്നുകള്‍. വിദ്യാലയങ്ങള്‍ പൂന്തോട്ടവും കുരുന്നുകള്‍ ചിത്രശലഭങ്ങളും ആയി മാറുന്ന കാഴ്ച. എല്ലാം കാണുമ്പോള്‍ എന്റെ ബാല്യം ഓര്‍മകള്‍ ഉണരുകയാണ്.
സ്‌കൂള്‍ മുറ്റത്തു കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ മഷി കുടഞ്ഞ് വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന ചേട്ടന്മാരെ കൗതുകത്തോടെ വീക്ഷിച്ചിരുന്ന ബാല്യം. നേരത്തേ എത്തിയില്ലെങ്കില്‍ നഷ്ടമാവുന്ന ക്ലാസിലെ പതിവ് ഇരിപ്പിടം. ക്ലാസ് മുറിയിലേക്ക് തണുപ്പിനൊപ്പം പാറിവരുന്ന മഴത്തുള്ളികള്‍. തണുത്തുറഞ്ഞ സിമന്റ് തറയിലും വരാന്തയിലും മുറ്റത്തെ ചളിവെള്ളത്തില്‍ നിന്നുള്ള അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ട് നടന്നകലുന്ന കുഞ്ഞുകാലടികള്‍.
വരാന്തയില്‍ നിന്ന് ഊഴമനുസരിച്ച് കൂട്ടുകാരെ മഴയിലേക്ക് തള്ളിവിട്ടിരുന്ന കുസൃതി, തണുത്ത് മരവിച്ച കൈവെള്ളയില്‍ ചൂരല്‍ പ്രഹരമേല്‍ക്കുമ്പോള്‍ കിട്ടിയ ചൂട്, ചോറ്റുപാത്രത്തിന്റെ വക്ക് ഡസ്‌കിലും ബെഞ്ചിലും ഇടിച്ചിടിച്ച് തുറന്ന ശേഷം ചമ്മന്തിയും മുട്ടപൊരിച്ചതും കൂട്ടിയുള്ള ഊണ്, പാത്രം കഴുകാനുള്ള പൈപ്പിന്‍ ചുവട്ടിലെ തിരക്ക്, മൂത്രപ്പുരയിലെ മടുപ്പിക്കുന്ന ഗന്ധം, സ്ലേറ്റിലെ എഴുത്തുകള്‍ മായിക്കാന്‍ കൊണ്ടുവരുന്ന ഉള്ളില്‍ നിറയെ വെള്ളമുള്ള പച്ചകളുടെ  ശേഖരം, കൂട്ടുകാരുടെ കെട്ടുകഥകള്‍, അലുമിനീയത്തില്‍ തീര്‍ത്ത പുസ്തക പെട്ടി, കൈപ്പിടിച്ചു സ്‌കൂളിലേക്കും വീട്ടിലേക്കും കൂട്ടിയിരുന്ന ജ്യേഷ്ഠന്‍, സൊറ പറഞ്ഞ് ഒപ്പം നടന്നിരുന്ന ചങ്ങാതിമാര്‍, വഴിവക്കിലെ കൊക്കോ മരങ്ങളും മാവുകളും, വയലും തുമ്പികളും കൊക്കുകളും, കുളവും ആമ്പലും താമരയും...
നഷ്ടമായത് വര്‍ണാഭമായ ബാല്യമാണ്. നമുക്കൊപ്പമോ അതിലും വേഗത്തിലോ മാറുന്ന പ്രകൃതി പോയകാലത്തിന്റെ മുദ്രകള്‍ പോലും അപഹരിച്ചുകളയുന്നു. ഓര്‍മയില്‍ ജീവിച്ചു മരിക്കട്ടെ പോയകാലം.

Monday, January 31, 2011

യാത്ര



മുപ്പതും നാല്‍പ്പതും ദിനരാത്രങ്ങള്‍ ജോലിസ്ഥലത്ത്
ചെലവഴിക്കുമ്പോഴേക്കും വീടും വീട്ടുകാരും നാടും നാട്ടുകാരും
സ്പന്ദനങ്ങളില്‍ നിറഞ്ഞുതുളുമ്പിത്തുടങ്ങും.
പിന്നെ അവ പുല്‍കാനൊരു യാത്രയാണ്.
പകലേറെ നീളുന്ന അതിനു പുതുമ തീരെയുണ്ടാവാറില്ല,
പക്ഷേ യാത്രികരൊക്കെയും എന്നും അപരിചിതരാണ്.
അതില്‍ ചില കണ്ണുകളെന്നോട് കവിത മൊഴിയും.
പുഞ്ചിരിക്കുന്ന ചില മുഖങ്ങള്‍ പരിചിതരുടെ
സാദൃശ്യങ്ങള്‍ പറഞ്ഞുതരും.
ചിലപ്പോള്‍ മന്ദമൊഴുകിയും ചിലപ്പോള്‍
പാളങ്ങളില്‍ ചുംബനസീല്‍ക്കാരമുയര്‍ത്തിയും
ഉള്ളിലടക്കിപിടിച്ച യാത്രികരെയുമായി
കൂറ്റന്‍ പഴുതാരയുടെ ഇരുമ്പുചക്രങ്ങള്‍
ലക്ഷ്യസ്ഥാനം തേടി പായുമ്പോള്‍
ഞാനേറെ സമയം നിശ്ശബ്ദതയെ പ്രണയിക്കും.
ഉറക്കം വരാതെയും ഉറങ്ങി ഒന്നുമറിയാതെയും
ഇരുന്നും നിന്നും കിടന്നും നടന്നും
സ്‌റ്റേഷനുകളിലിറങ്ങിയും കയറിയുമൊക്കെ
ഈ ലോഹപഴുതാരയെ സജീവമാക്കുന്ന
ചിലരെ കൗതുകം പൂണ്ടു നോക്കും.
ഓഫിസില്‍ നിന്നു കൂടെക്കൂട്ടിയ
ലൈബ്രറി പുസ്തകത്തിന്റെ താളുകളില്‍
പടര്‍ന്നു കിടക്കുന്ന ലോകത്തിലൂടെ അതിവേഗം
സഞ്ചരിച്ചു ചിലപ്പോള്‍ പൊടുന്നനെ ക്ഷീണിതനാവും.
അരച്ചാണ്‍ വയറു നിറയ്ക്കാന്‍
ഹാര്‍മോണിയം പെട്ടിയും തൂക്കിവരുന്ന
അന്യദേശക്കാരുടെ ഈണത്തിനും
ചായയും കാപ്പിയും പലഹാരങ്ങളും
വില്‍ക്കുന്നവരുടെ താളമൊപ്പിച്ച
വിളികള്‍ക്കും കാതുകൊരുത്തും
അന്യന്റെ ചേഷ്ടകളില്‍ നോട്ടമുറപ്പിച്ചും
അലസയാത്ര തുടരുമ്പോള്‍
കടന്നുപോവുന്ന സമയത്തിന്റെ വേഗത
പോരാത്തതില്‍ വല്ലാതെ അസ്വസ്ഥനാവും.
നിലയുറക്കാത്ത ചിന്തകളും
അതിരുകളില്ലാത്ത സ്വപ്‌നങ്ങളും
ഈ സമയമൊക്കെയും മനതാരില്‍
തെളിഞ്ഞുകൊണ്ടേയിരിക്കും.
ഇതിനിടയിലും സ്ഥലനാമങ്ങള്‍ പേറുന്ന
ബോര്‍ഡുകളൊന്നു പോലും വിട്ടുകളയാതെ
ഇറങ്ങേണ്ട സ്‌റ്റേഷനും കാത്തു
പഴുതാരയുടെ അടിവയറ്റില്‍ ഞാന്‍
കൂടുതല്‍ സൂരക്ഷിതനായി ഇരിപ്പുതുടരും.