Showing posts with label കുരുന്നുകള്‍. Show all posts
Showing posts with label കുരുന്നുകള്‍. Show all posts

Monday, June 4, 2012

ഓര്‍മയില്‍ ജീവിച്ചുമരിക്കുന്ന പോയകാലം


പുതിയ അധ്യയന വര്‍ഷം തുടങ്ങി. പുത്തന്‍ ബാഗും അടിപൊളി വസ്ത്രങ്ങളും ധരിച്ച് കുരുന്നുകള്‍. വിദ്യാലയങ്ങള്‍ പൂന്തോട്ടവും കുരുന്നുകള്‍ ചിത്രശലഭങ്ങളും ആയി മാറുന്ന കാഴ്ച. എല്ലാം കാണുമ്പോള്‍ എന്റെ ബാല്യം ഓര്‍മകള്‍ ഉണരുകയാണ്.
സ്‌കൂള്‍ മുറ്റത്തു കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ മഷി കുടഞ്ഞ് വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന ചേട്ടന്മാരെ കൗതുകത്തോടെ വീക്ഷിച്ചിരുന്ന ബാല്യം. നേരത്തേ എത്തിയില്ലെങ്കില്‍ നഷ്ടമാവുന്ന ക്ലാസിലെ പതിവ് ഇരിപ്പിടം. ക്ലാസ് മുറിയിലേക്ക് തണുപ്പിനൊപ്പം പാറിവരുന്ന മഴത്തുള്ളികള്‍. തണുത്തുറഞ്ഞ സിമന്റ് തറയിലും വരാന്തയിലും മുറ്റത്തെ ചളിവെള്ളത്തില്‍ നിന്നുള്ള അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ട് നടന്നകലുന്ന കുഞ്ഞുകാലടികള്‍.
വരാന്തയില്‍ നിന്ന് ഊഴമനുസരിച്ച് കൂട്ടുകാരെ മഴയിലേക്ക് തള്ളിവിട്ടിരുന്ന കുസൃതി, തണുത്ത് മരവിച്ച കൈവെള്ളയില്‍ ചൂരല്‍ പ്രഹരമേല്‍ക്കുമ്പോള്‍ കിട്ടിയ ചൂട്, ചോറ്റുപാത്രത്തിന്റെ വക്ക് ഡസ്‌കിലും ബെഞ്ചിലും ഇടിച്ചിടിച്ച് തുറന്ന ശേഷം ചമ്മന്തിയും മുട്ടപൊരിച്ചതും കൂട്ടിയുള്ള ഊണ്, പാത്രം കഴുകാനുള്ള പൈപ്പിന്‍ ചുവട്ടിലെ തിരക്ക്, മൂത്രപ്പുരയിലെ മടുപ്പിക്കുന്ന ഗന്ധം, സ്ലേറ്റിലെ എഴുത്തുകള്‍ മായിക്കാന്‍ കൊണ്ടുവരുന്ന ഉള്ളില്‍ നിറയെ വെള്ളമുള്ള പച്ചകളുടെ  ശേഖരം, കൂട്ടുകാരുടെ കെട്ടുകഥകള്‍, അലുമിനീയത്തില്‍ തീര്‍ത്ത പുസ്തക പെട്ടി, കൈപ്പിടിച്ചു സ്‌കൂളിലേക്കും വീട്ടിലേക്കും കൂട്ടിയിരുന്ന ജ്യേഷ്ഠന്‍, സൊറ പറഞ്ഞ് ഒപ്പം നടന്നിരുന്ന ചങ്ങാതിമാര്‍, വഴിവക്കിലെ കൊക്കോ മരങ്ങളും മാവുകളും, വയലും തുമ്പികളും കൊക്കുകളും, കുളവും ആമ്പലും താമരയും...
നഷ്ടമായത് വര്‍ണാഭമായ ബാല്യമാണ്. നമുക്കൊപ്പമോ അതിലും വേഗത്തിലോ മാറുന്ന പ്രകൃതി പോയകാലത്തിന്റെ മുദ്രകള്‍ പോലും അപഹരിച്ചുകളയുന്നു. ഓര്‍മയില്‍ ജീവിച്ചു മരിക്കട്ടെ പോയകാലം.

Saturday, October 30, 2010

പോരാട്ടത്തിന്റെ അതിമധുരം നുകരുന്നവര്‍


സ്വന്തം രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെടുന്നതിനെതിരേ
പ്രതികരിക്കരുതെന്നാണോ ഇസ്രായേലിന്റെ
ക്ഷേമരാജ്യങ്ങളെ നിങ്ങള്‍ പറയുന്നത്?
വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ തീര്‍ക്കുന്ന
നിറവ്യന്ന്യാസങ്ങളും കുരുന്നുമേനികള്‍
കുത്തിത്തുളക്കുന്ന ലോഹച്ചീളുകളും
നിങ്ങളുടെ കാഴ്ചകള്‍ക്കപ്പുറമാണെന്നോ?
തോക്കിനുമുന്നില്‍ തുണിയുരിയാത്തതാണോ
ഫലസ്തീനി യുവതികള്‍ ചെയ്യുന്ന തെറ്റ്?
ഇസ്രായേലീസേനയുടെ വെടിയുണ്ടകള്‍ക്കു
പരിചയോ വിശുദ്ധമണ്ണിലെയീ ജനത?
മുള്‍വേലികള്‍ക്കിപ്പുറമൊരു ചെറുലോകത്ത്
ടാങ്കുകള്‍ക്കും റോക്കറ്റുകള്‍ക്കും ബുള്‍ഡോസറുകള്‍ക്കും
ഭക്ഷണമാവാന്‍ ഞങ്ങള്‍ കാത്തിരിക്കണമെന്നാണോ
നിങ്ങള്‍ പറയുന്നത്?
കാതുകളും കണ്ണുകളും തുറന്നുവച്ചോളൂ,
നിങ്ങള്‍ക്ക് മതിവരുവോളം കാണാന്‍, കേള്‍ക്കാന്‍
ഞങ്ങളിവിടെ ചരിത്രം രചിച്ചുകൊണ്ടേയിരിക്കുന്നു.
തീ തുപ്പുന്ന ടാങ്കറുകള്‍ക്കു മുമ്പില്‍ നിര്‍ഭയരായി
കരിങ്കല്‍ച്ചീളുകള്‍ തൊടുക്കുന്ന
ഇത്തിരിപ്പോന്ന പയ്യന്മാരെ
നിങ്ങളിനിയും കണ്ടിട്ടേ ഇല്ലെന്നോ?.
ആ കണ്ണുകളിലെ തിളക്കമാവും ഒരു പക്ഷേ
നിങ്ങളെ അന്ധരാക്കുന്നത്.
പിറന്ന മണ്ണ് അധിനിവേശകരില്‍ നിന്ന്
തിരിച്ചുപിടിക്കുകയെന്ന സ്വപ്‌നമാണവരുടെ
കണ്ണൂകളില്‍ തീവെളിച്ചം പകരുന്നത്.
ഇന്നല്ലെങ്കില്‍ നാളെയാ സ്വപ്‌നം
പുലരുക തന്നെ ചെയ്യും.
അന്നുമാത്രമാണ് ഫലസ്തീനി കുരുന്നുകള്‍ക്ക്
കളിപ്പാട്ടത്തിന്റെ മധുരം മനസ്സിലാവൂ...
അതുവരേക്കും പോരാട്ടത്തിന്റെ അതിമധുരം നുകരട്ടെയവര്‍...