
1.
ഇന്നെന്റെ വിവാഹമായിരുന്നു.
സുഹൃത്തുക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍
നാട്ടുകാര്‍ അങ്ങിനെ ഒരുപാട്‌പേര്‍.
ആഘോഷം കഴിഞ്ഞ് എല്ലാവരും പിരിയുമ്പോള്‍
പാതിരാവായി. ഇന്നുമുതല്‍ ഞങ്ങള്‍ ഒന്നാവുകയാണ്.
2.
ഇന്ന് ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം.
പഴയ വീടല്ലയിപ്പോള്‍. ആഡംബരം തുളുമ്പുന്ന
വലിയൊരു ബംഗ്ലാവിന്റെ മുറ്റം നിറയെ
അലങ്കാരദീപങ്ങളാണ്..ആളുകള്‍, ബഹളം...
പറയാന്‍ മറന്നൂ..ഞങ്ങള്‍ക്ക് രണ്ടുമക്കളാണ്.
ഒരാണും ഒരു പെണ്ണും. രണ്ടുപേരും
ഉപരിപഠനാര്‍ഥം സ്റ്റേറ്റ്‌സില്‍.
ഇന്നവര്‍ രാവിലെ വിളിച്ചിരുന്നു.
ആശംസയറിയിക്കാന്‍. അടുത്തില്ലാത്തതിന്റെ
ദുഃഖവും പങ്കുവച്ചു. രാത്രി എല്ലാവരും പോയി.
3.
ഞങ്ങളൊറ്റയ്‌ക്കാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി.
ഇന്ന് ഞങ്ങളുടെ മക്കളുടെ വിവാഹമാണ്.
അകലെങ്ങളിലിരുന്നവര്‍ ഞങ്ങളുടെ
ആശീര്‍വാദം സ്വീകരിച്ചു. ഒറ്റയ്‌ക്കിരുന്നു ഞങ്ങള്‍
വല്ലാതെ മുഷിയുന്നു ഇപ്പോള്‍.
ഫോണിലും മെയിലിലും മക്കളോടും പേരമക്കളോടും
സംവദിക്കുന്നതാണ് ഇപ്പോള്‍ ആകെയുള്ള രസം.
4.
ഇന്ന് ഞങ്ങള്‍ രണ്ടുപേരും ഹോസ്‌പിറ്റല്‍ വരെ പോയി.
മധുരവും ഉപ്പുമൊക്കെ നിയന്ത്രിക്കാനാണ്
ഡോക്ടറുടെ നിര്‍ദേശം.
തളര്‍ച്ചയാണ് ശരീരത്തിനെന്ന് പ്രിയതമ ആദ്യമായി
പരാതി പറഞ്ഞിന്ന്.
വൈകീട്ട് മൂത്തവനോടും പിന്നീട് ഇളയവളേയും
വിവരമറിയിച്ചു.
5.
ഇന്ന് അതും കഴിഞ്ഞിട്ട് നാലുവര്‍ഷങ്ങള്‍ കൂടി
വിടവാങ്ങി. തനിച്ചായതിനാല്‍ എന്തെങ്കിലും മാര്‍ഗം
നോക്കാനാണിന്ന് മക്കള്‍ അറിയിച്ചത്.
6.
ഇന്ന് ഞങ്ങളുടെ 50ാം വിവാഹവാര്‍ഷികം.
ആരുമില്ലായിരുന്നു ആഘോഷങ്ങള്‍ക്ക്.
പറയാന്‍ മറന്നു നാളെ ഞങ്ങള്‍ക്ക്
പുതിയ ബന്ധുക്കളെ ലഭിക്കും.
ശുശ്രൂഷിക്കാന്‍ ആയമാര്‍, സമയത്തിന് ആഹാരം,
സമയം പോക്കാന്‍ ഉപാധികള്‍ വേറെ..
മക്കളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കുന്നത്
ഞങ്ങള്‍ക്കു തീരെ ഇഷ്ടമില്ല.
സ്‌നേഹാലയമെന്നാണ് പുതിയ വീടിന്റെ പേര്.
കൊണ്ടുപോവാന്‍ ഒന്നുമില്ല, ഓര്‍മകളല്ലാതെ.
എല്ലാവരെയും വിളിക്കണമെന്നുണ്ട്.
പക്ഷേ......................

ചിത്രത്തിന് കടപ്പാട്: ഗൂഗ്‌ള്‍