Saturday, September 18, 2010

അവള്‍: അന്നുമിന്നും



അന്ന്

നെഞ്ചില്‍ നിറയെ സ്വപ്‌നങ്ങളായിരുന്നു
ഒക്കെയും അവളെക്കുറിച്ച്...

ഇന്ന്

നെഞ്ചില്‍ നിറയെ വേദനയാണ്.
ഒക്കെക്കും കാരണം അവള്‍ മാത്രമാണ്.

Wednesday, September 1, 2010

നുണ

സ്‌നേഹം നഷ്ടമാവരുതെന്ന് കരുതി
യാഥാര്‍ഥ്യം ഒളിച്ചുവയ്ക്കുന്നതാണോ
സ്‌നേഹിക്കരുതെന്ന് കരുതി സത്യം
പറയാതിരിക്കലാണോ യഥാര്‍ഥ നുണ?

കാത്തിരിപ്പ്


അവള്‍ എന്നോടിതു വരെ പറഞ്ഞിട്ടില്ല
ഇങ്ങനെയൊരു വാക്ക്...
എന്നിട്ടും ഞാന്‍ പ്രതീക്ഷയിലാണ്.
എന്നെങ്കിലും അവിചാരിതമായി
ചാരത്തണഞ്ഞാലോ ഞാന്‍
നിന്റെ മാത്രമെന്നു മൊഴിഞ്ഞവള്‍.

ഏകന്‍

 

നീ കൂടി എന്നോടൊപ്പം ചേരുമ്പോഴാണ്
ഞാന്‍ പൂര്‍ണമാവുന്നത്.
അതു വരേക്കും ഞാനേകന്‍.........

Friday, August 27, 2010

ചെരിപ്പ്


കല്ലും മുള്ളും തറയാതെ
സുരക്ഷാകവചമൊരുക്കി
പിച്ചവച്ച നാള്‍ മുതല്‍
കൂടിയതാണെന്റെ കൂടെയീ പാദുകം,
വളര്‍ച്ചയുടെ പടവുകളില്‍ അളവ്
മാറിയും, ചിലപ്പോള്‍ വള്ളി പൊട്ടി
തെരുവരികില്‍ വലിച്ചെറിഞ്ഞും
യാത്ര പറയാതെ
ഞാന്‍ നിന്നെ വിട്ടകന്നു.
ഓരോ ലക്ഷ്യത്തിലും
വേദന മാത്രമായിരുന്നു
നിന്റെ പ്രതിഫലം.
എന്റെ ചവിട്ടടിയില്‍ പതിഞ്ഞമര്‍ന്ന
നിന്റെ നെടുവീര്‍പ്പുകള്‍
ഞാന്‍ കേട്ടതുമില്ല.
ഇനിയുമുണെ്ടനിക്കു കാതങ്ങള്‍
താണ്ടുവാന്‍, പരിചയായി
പാദങ്ങളില്‍ നീ വേണം.
പക്ഷേ, അതില്‍ക്കവിഞ്ഞൊരു ചിന്ത
നിനക്കു പകുത്തുതരാന്‍
ഇല്ലെനിക്കൊട്ടുമെന്നും പറഞ്ഞിടട്ടെ.

(11-07-10 തേജസ് ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. )

Friday, August 20, 2010

ചതിയുടെ മൂടുപടമിട്ട പ്രണയിനി


പ്രണയത്തിനു ചതിയുടെ മൂടുപടമിട്ട ചിലരുണ്ട്.
അടുത്തുകൂടിയവര്‍ ഹൃദയം സ്വന്തമാക്കും.
ഒടുവില്‍ വിട പറയാതെയവര്‍
അകലുമ്പോള്‍ തകര്‍ന്ന മനസ്സും
ചോരകിനിയുന്ന ഹൃദയവുമായി നാം ബാക്കിയാവും.
വെറുക്കണമെന്ന് ആഗ്രഹിക്കുമ്പോഴും
ആ മുഖം മനതാരില്‍ ഓടിയണയും,
എന്നെത്തെയും പോലെ.
മഴകാക്കുന്ന വേഴാമ്പലിനെ പോലെ
കുറിമാനങ്ങള്‍ കാത്തിരുന്നവേളകള്‍ക്ക്
ഇത്രമാത്രം വേദന പകരാനാവുമെന്ന്
അറിയുകയേയില്ല നാം.
സ്വപ്‌നങ്ങളെ പ്രണയിച്ചൊടുവില്‍
പ്രണയത്തിന്റെ മൂര്‍ച്ചയറിയാന്‍
സ്വന്തം ഹൃദയത്തിന്റെ മുറിവുനോക്കാം നമുക്ക്.
ചിലരങ്ങനെയാണ്, പകുത്തുതന്ന സമയവും
സ്‌നേഹവും നേരംപോക്കിനാണെന്നു പറയാറില്ല.
അത് അനുഭവിച്ചറിയുക തന്നെ വേണം.
എന്നിട്ട് ഈ ലോകത്തോട് ഉറക്കെ വിളിച്ചുപറയാം
പ്രണയിനികളെ വിശ്വസിക്കരുതെന്ന്.
പക്ഷേ ഒന്നുറപ്പാണ്, ആരുമതു കേള്‍ക്കില്ല.
വിശ്വാസത്തിനു നാം നല്‍കുന്ന
മഹത്വമാണിതിനു കാരണം.
പ്രണയത്തിന്റെ ചവര്‍പ്പ് അറിയാനുള്ള
കാലചക്രത്തിനു തടയിടാന്‍ ആര്‍ക്കുമാവില്ല.
മറവി ബാധിക്കുന്നതുവരെ ഓര്‍മതന്‍ വേദനയില്‍
നെഞ്ച് നീറിക്കൊണ്ടേയിരിക്കട്ടെ...

Thursday, July 29, 2010

മൗനവേദന


ചൊല്ലിത്തീര്‍ത്ത കഥകള്‍ക്ക് ജീവന്റെ
വിട്ടുമാറാത്ത ഗന്ധമുണ്ടായിരുന്നു.
ചൊല്ലാന്‍ ബാക്കിവച്ചതിലേറെയും
സുന്ദര സ്വപ്‌നങ്ങളും.
ഓര്‍മയുടെ ചെറുതരി പോലും പങ്കുവയ്ക്കാന്‍
എന്തുല്‍സാഹമായിരുന്നു രണ്ടുപേര്‍ക്കും.
പിരിയരുതെന്ന് നെഞ്ചില്‍ ഊട്ടിയുറപ്പിക്കുമ്പോള്‍,
കളിയായി പോലും അങ്ങനെ പറയുന്നതു
സഹിക്കാനാവുമായിരുന്നില്ല.
എന്നോളമാണ് ഞാനെന്‍ സുഹൃത്തിനെ
സ്‌നേഹിച്ചതും പരിഗണിച്ചതും.
കാലചക്രത്തിന്റെ വേഗത്തിനൊപ്പം
സുഹൃത്തിന്റെ മനവും മാറിയതറിയാന്‍
ഞാനെത്ര വൈകിയെന്നോ...
എന്റെ കുറിമാനങ്ങള്‍ക്ക് മൗനത്തിന്റെ
ആവരണമിട്ട്, കരുതലുകള്‍ക്ക്
അസഹ്യത പ്രകടിപ്പിച്ച്...
പരിഗണന കുറയുന്നതില്‍ ആശങ്കപ്പെട്ടതിന്
ഇത്ര സെന്റിയാവരുതെന്ന് ഉപദേശിക്കാനും
എന്റെമാത്രം സുഹൃത്ത് മറന്നില്ല.
ഇണക്കങ്ങളും പിണക്കങ്ങളും
മുറതെറ്റാതെ പോയിടവെ മനപ്പൂര്‍വമെന്നെ
അവഗണിച്ചപ്പോള്‍ മാത്രമാണ്
സൗഹൃദപ്പട്ടത്തിന്‍ ചരടെന്നോ
പൊട്ടിയതറിഞ്ഞത്. ഒരു പക്ഷേ
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടാം.
മറവി തന്‍ ചവറ്റുകുട്ടയില്‍ തള്ളുവാനത്രവേഗം
കഴിയില്ലയെന്‍ സുഹൃത്തിനു ഞാനാകുന്ന ഓര്‍മയെ..
വിശ്വാസം തെറ്റാതിരിക്കട്ടെ...
മനസ് മന്ത്രിക്കുന്നതും തേടുന്നതും
എന്റെ പ്രിയ സുഹൃത്തിനെ തന്നെയാണ്.
കണ്ടുമുട്ടും വരേക്കും തുടരുകതന്നെയാണു
ഞാനെന്‍ മൗനവും വേദനയും.