Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

Saturday, October 22, 2011

മരണം ഇങ്ങിനെയുമാണ്


വാര്‍ത്തകള്‍ക്കു ക്ഷാമമുള്ളൊരു ദിവസമാണ്
ഘോഷയാത്രയിലേക്ക് ലോറിപാഞ്ഞുകയറിയത്.
അഞ്ചെട്ടെണ്ണം പോയെന്നു കേട്ടാദ്യം,
പിന്നീടെണ്ണം കുതിച്ചുകയറി.
ഫോണ്‍ കറക്കി ജില്ലാ ബ്യൂറോയില്‍ ഒരു കെട്ട്
നിര്‍ദേശം നല്‍കിയ ശേഷമാണ് ന്യൂസ് എഡിറ്ററൊന്നു
സമാധാനത്തോടെ സീറ്റിലേക്കു ചാഞ്ഞത്.
ഒന്നാംപേജ് ലീഡായി, അനുബന്ധവാര്‍ത്തകളേറെയായി.
അഞ്ചെട്ടു സഹതാപ ചിത്രങ്ങള്‍ ഇതിനു പുറമെ.
എല്ലാമായപ്പോള്‍ ലേഔട്ടിന്റെ തിരക്ക്് ഡെസ്‌കില്‍.
നാളെയിറങ്ങുന്ന പത്രങ്ങളോരോന്നിനെയും
കവച്ചുവയ്ക്കുന്ന പ്രകടനം സ്വപ്‌നം കണ്ട്
രാവേറെ വൈകി ന്യൂസ് എഡിറ്റര്‍ കിടപ്പറ പൂകി.

Friday, September 30, 2011

എനിക്കാരുമല്ലായിരുന്നു നീ ഇന്നലെ വരെ



എനിക്കാരുമല്ലായിരുന്നു നീ ഇന്നലെവരെ, പക്ഷേ ഇന്നു നെഞ്ച് നീറ്റുന്ന ഒരോര്‍മയായി
പരിണമിച്ചിരിക്കുന്നു. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് രംഗത്തിന് നല്‍കിയ സംഭാവനകളിലൂടെ മാത്രമല്ല ജിനേഷ് കെ ജെ എന്ന അതുല്യപ്രതിഭ ഓര്‍മിക്കപ്പെടുക. മരണക്കിടക്കയില്‍ നിന്നുപോലും സ്വപ്‌നപദ്ധതിക്കായി പ്രയത്‌നിക്കുമ്പോള്‍ ഒരു വേള അയാള്‍ക്കറിയാമായിരുന്നിരിക്കാം ഇനിയൊരു തിരിച്ചുവരവില്ലെന്ന്.

പക്ഷേ, പെട്ടെന്ന് സുഖമാവട്ടെ എന്നാശംസകള്‍ കൈമാറുന്ന പ്രിയസുഹൃത്തുക്കള്‍ക്കും അധ്യാപകരോടും ജിനേഷ് പറഞ്ഞിരുന്നത് താന്‍ ഉടനെ തിരിച്ചുവരുമെന്നാണ്. അതുകൊണ്ടു തന്നെയായിരുന്നിരിക്കാം ജിനേഷിന്റെ വേര്‍പാട് അവന്റെ സുഹൃത്തുക്കള്‍ക്ക് താങ്ങാനാവാതെ പോവുന്നതും. ഇന്നലെ മരണവാര്‍ത്ത അറിയിച്ച് ഗള്‍ഫില്‍ നിന്നും ശറഫുക്ക വിളിക്കുമ്പോള്‍ ആകാംക്ഷയോടെ ഗൂഗിളില്‍ പരതി. അധികം പരിശ്രമിക്കാതെ തന്നെ ആ മുഖമെനിക്കു മുന്നില്‍ തെളിഞ്ഞു. ഗൂഗിള്‍ പ്ലസിലെ പ്രൊഫൈല്‍ ഫോട്ടോയില്‍ ജിനേഷ് പുറംതിരിഞ്ഞാണിരിക്കുന്നത്. മടക്കമില്ലാത്ത ഒരു യാത്രയെ കുറിച്ച് സൂചിപ്പിക്കാന്‍ അയാള്‍ ഇതിലും അനുയോജ്യമായ ഏതു ചിത്രമാണ് പകരം വയ്ക്കുക.

ഹൈദരാബാദ് ട്രിപ്പിള്‍ ഐ.ടിയിലെ ഓണം, ദീപാവലി ആഘോഷചിത്രങ്ങള്‍ ആ ചെറുപ്പക്കാരന്റെ സജീവസാന്നിധ്യം വ്യക്തമാക്കുന്നു. സുഹൃത്തിന്റെ വിവാഹച്ചടങ്ങ്, വിനോദയാത്രകള്‍, ആദ്യവിമാനയാത്ര, ലുക്കീമിയ രോഗത്തിന്റെ വേദനപേറുന്ന ആശുപത്രികിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍.... ആല്‍ബത്തിലൂടെ കണ്ണോടിക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ് വേദനിച്ചു. കൂട്ടുകാരന്റെ മരണമറിയിച്ച് ഗ്രൂപ്പിലേക്ക് മെയിലയച്ച ചെറുപ്പകാരന്‍ ഒന്നുംപറയാനാവുന്നില്ലെന്നും അതിനാല്‍ നിര്‍ത്തുകയാണെന്നും കണ്ണീരോടെ എഴുതിയതിന്റെ കാരണം എനിക്കപ്പോഴാണ് ബോധ്യമാവുന്നത്. സ്‌നേഹസമ്പന്നരായ ആ കൂട്ടുകാരുടെ അടുത്തുനിന്നാണല്ലോ ജിനേഷ് തനിച്ചുയാത്രയായത്.

സമൂഹത്തോടുള്ള ബാധ്യതകള്‍ തിരിച്ചറിയുന്നുവെന്നും അതു നിര്‍വഹിക്കുന്നുവെന്നും ജിനേഷ് താളുകളില്‍ കോറിയിട്ടത് വെറുതെയല്ല. അതിന്റെ ഗുണഭോക്താക്കളായി ആയിരങ്ങള്‍ ഇവിടെയുണ്ട്. അതിവേഗം ബഹുദൂരമെന്ന വിശേഷണം ചേരുന്നതും ജിനേഷിന്റെ ജീവിതത്തിനാണ്. വളരെകുറഞ്ഞകാലം കൊണ്ട് ഒരുപാട് ചെയ്തുതീര്‍ത്ത പ്രതിഭ മറഞ്ഞത് ഏവരുടെയും കണ്‍മുന്നില്‍ നിന്നുമാത്രം. അയാള്‍ ഇവിടെയെല്ലാമുണ്ട്. സുഹൃത്തുക്കളുടെ ഹൃദയങ്ങളില്‍. പിന്നെ എന്നെപ്പോലെ അവനെക്കുറിച്ച് അറിയാന്‍ ഇടവരുന്ന നിമിഷം മുതല്‍ ആ ജീവന്‍ അവരുടെ ഹൃദയങ്ങളിലും പിറവികൊള്ളും. പ്രിയ ജിനേഷ്, നീ ജീവിച്ചിരിക്കുമ്പോള്‍ നിന്നോടൊന്ന് മിണ്ടാന്‍ കഴിഞ്ഞിട്ടില്ല, കേള്‍ക്കാനും. പക്ഷേ, ഞാന്‍ നിന്നോട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണിപ്പോള്‍...

ജിനേഷിനെക്കുറിച്ചു  കൂടുതല്‍ അറിയാന്‍

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ ജിനേഷ് 29-09-11നു ചെന്നൈയിലെ സി.എം.സി ആശുപത്രിയില്‍ വച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് സംരംഭത്തിനു നേതൃത്വം കൊടുത്തിരുന്ന ജിനേഷിന് ജി.എന്‍.യു, ലിനക്‌സ് എന്നിവയ്ക്കുള്ള സമഗ്രമലയാളം സിസ്റ്റം എന്ന പ്രൊജക്ടിനു ഗൂഗിളിന്റെ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ട്. അകാലത്തില്‍ പൊലിഞ്ഞ അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍

ഗൂഗിള്‍ പ്ലസ്
ട്വിറ്റര്‍
വിക്കി
വിക്കി


Saturday, September 24, 2011

ഒരു മകളുടെ കാത്തിരിപ്പ്


രംഗബോധമില്ലാത്ത കോമാളിയെന്ന വിശേഷണം മരണത്തിന് അനുയോജ്യമാണെന്ന തിരിച്ചറിവ് ഒരിക്കല്‍ കൂടി എനിക്കു ബോധ്യമായത് മാസങ്ങള്‍ക്കു മുമ്പുള്ള ഒരു വൈകുന്നേരമായിരുന്നു. ഓഫിസിലെ പിരിമുറുക്കത്തിന് അല്‍പ്പസമയം അവധി കൊടുക്കാനും സൊറപറയാനുമായി ഞങ്ങള്‍ പുറത്തിറങ്ങുന്നത് അപ്പോഴാണ്. അല്‍പ്പനടത്തം, പതിവുതെറ്റാത്ത ചായകുടി.. പതിനഞ്ചുമിനിറ്റ് പിന്നിടുന്നതിനു മുമ്പേ ഞങ്ങള്‍ തിരിച്ചെത്തിയിരിക്കും.

പടികളിറങ്ങി മുറ്റത്തേക്കു കടക്കുമ്പോള്‍ ജോലി കഴിഞ്ഞുവരുന്ന ഉമ്മയെ കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടിരുന്നു. റസിഡന്റ് എഡിറ്ററായ പി അഹമ്മദ് ശെരീഫിന്റെ മകളാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആ പെണ്‍കുട്ടി. ഗള്‍ഫ് എഡിഷന്റെ ചുമതലയുള്ള അദ്ദേഹം അടുത്തിടെയാണ് നാട്ടിലെത്തി തിരിച്ചുപോയത്. അവളുടെ രണ്ടു ജ്യേഷ്ഠസഹോദരന്മാരും ഗള്‍ഫിലാണ്. മലപ്പുറത്ത് കോളജ് ലക്ചററായ ഉമ്മയെ കാത്താണ് സ്‌കൂള്‍ വിട്ടെത്തിയ പെണ്‍കുട്ടിയുടെ കാത്തിരിപ്പ് നീളുന്നത്.

ചായയ്ക്ക് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഗള്‍ഫില്‍ നിന്ന് ആദ്യ കോളെത്തി, ഷെരീഫ് സാഹിബിന്റെ ബന്ധുക്കള്‍ക്കോ മറ്റോ അപകടം പിണഞ്ഞോ എന്നാണ് ചോദ്യം. മകളെ തൊട്ടുമുമ്പ് സന്തോഷവതിയായി കണ്ടിട്ടു വന്നതിനാലും ഓഫിസില്‍ ആരുമൊന്നും പറഞ്ഞുകേള്‍ക്കാതിരുന്നതിനാലും ഇല്ലെന്ന മറുപടി കൊടുക്കാന്‍ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍, ഓഫിസിന്റെ വിശാലമായ മുറ്റത്തേക്കു കയറുമ്പോള്‍ കാണുന്നത് പലകൂട്ടങ്ങളായി നിന്നു സംസാരിക്കുന്ന ജീവനക്കാരെയാണ്. നേരത്തേ വന്ന ഗള്‍ഫ് കോളെന്റെയുള്ളിലിരുന്ന് അപായസൂചന മുഴക്കി. റെസിഡന്റ് എഡിറ്ററുടെ ഭാര്യ ബസ്സപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഹൃദയം ഈര്‍ച്ചവാളിന് വരയുന്ന വേദനയാണ് അനുഭവിച്ചത്. സ്‌കൂള്‍ വിട്ടശേഷം ഒരിറക്കു വെള്ളംപോലും കുടിക്കാതെ ഉമ്മയുടെ വരവ് കാത്തിരിക്കുന്ന മോളുടെ ചിരിക്കുന്ന മുഖമെന്നെ കൊല്ലാതെ കൊന്നു.

ഉമ്മയിപ്പോഴെത്തും, സ്‌നേഹത്തോടെ കൈപ്പിടിച്ച് വീട്ടിലേക്കാനയിക്കും, ചായ കൂട്ടിത്തരും, സ്‌കൂളിലെ അന്നത്തെ വിശേഷങ്ങളാരായും...നൂറുനൂറു പ്രതീക്ഷകളുമായിരിക്കുന്ന ആ കുട്ടി , ഉമ്മയിനി വരില്ലെന്ന് അറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഞാനടക്കമുള്ള എല്ലാവരുടെയും വേദന. ഒന്നുമറിയാത്ത കുട്ടിയില്‍ നിന്നകലെയും അനിവാര്യമായ മരണമെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുന്നവരുടെ അരികിലെത്തിയിട്ടുമില്ലാത്ത പ്രായമായിരുന്നു അവളുടേത്. പതിവ് കാത്തിരിപ്പ് അവസാനമില്ലാത്ത കാത്തിരിപ്പാക്കി മാറ്റിയ അവളുടെ പ്രിയപ്പെട്ട ഉമ്മയുടെ മരണം എന്നെ നീറ്റിനീറ്റി ഇല്ലാതാക്കി. എന്നിട്ട്, അന്നും ജോലിത്തിരക്കില്‍ മുഴുകി. പത്രപ്രവര്‍ത്തകര്‍ക്ക് മരണം ഒരു കേവല വാര്‍ത്തമാത്രമായി മാറുന്നതിന്റെ ദുരവസ്ഥയായിരുന്നു അത്.

പിറ്റേന്ന് മരണവീട്ടിലെത്തുമ്പോള്‍ തകര്‍ന്നുനില്‍ക്കുന്ന അവരുടെ പ്രിയ ഭര്‍ത്താവിനെ ദൂരെനിന്നു കണ്ടു, പൊട്ടിവീഴാന്‍ വെമ്പിനില്‍ക്കുന്ന കണ്ണീര്‍ തുള്ളിയെന്നെ അകറ്റി നിര്‍ത്തുകയായിരുന്നു. അവരുടെ മയ്യിത്ത് ഖബറടക്കാനായി എടുക്കുമ്പോള്‍ മഴ തകര്‍ത്തുപെയ്തു. വേദനിക്കുന്ന ഹൃദയങ്ങള്‍ക്കു മേല്‍ സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യിച്ച കാരുണ്യവാനോട് കാത്തിരിക്കുന്ന മകളുടെ അടുത്തേക്ക് എത്താനാവാതെ ജീവിതം വെടിയേണ്ടി വന്ന ഉമ്മയ്ക്ക് സ്വര്‍ഗത്തിലൊരിടം നല്‍കാന്‍ പ്രാര്‍ഥിച്ച് ഞാന്‍ ജോലിത്തിരക്കിലേക്ക് ബസ്സുകയറി.

Tuesday, June 28, 2011

മരണത്തെയും തോല്‍പ്പിച്ച സൗഹൃദം


കുറേദിവസമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവനെക്കുറിച്ചുള്ള ചിന്തകളാണ് എനിക്ക്. അവന്‍ എന്റെ പഴയൊരു സ്‌നേഹിതനാണ്, പേരു രതീഷ്. ജന്മദേശമായ കട്ടപ്പനയിലെ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍(ഇന്ന് ഹയര്‍ സെക്കന്‍ഡറിയാണ്)എനിക്കൊപ്പം ഒരു വര്‍ഷമാണ് അവന്‍ പഠിച്ചത്. ഏതു ക്ലാസിലാണ് ഒപ്പം പഠിച്ചതെന്നോ എനിക്കൊപ്പമാണോ അവന്‍ ഇരുന്നതെന്നോ ഓര്‍മയില്ല. എന്നിട്ടും ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അവനെന്തിനാണ് എന്റെ ചിന്തകളില്‍ കൂടുകൂട്ടുന്നത്. ഇടംകൈയനായിരുന്നു അവന്‍, ബൗള്‍ ചെയ്യുന്നതും ബാറ്റു ചെയ്യുന്നതുമൊക്കെ ഇടംകൈ കൊണ്ടാണ്. ഇരുണ്ട നിറം. സ്‌കൂളിനടുത്തുള്ള കൃഷിയിറക്കാത്ത കണ്ടത്തില്‍(വയല്‍)ശനിയാഴ്ചകളിലും ചില പ്രവൃത്തിദിനങ്ങളിലും നടക്കുന്ന ക്രിക്കറ്റ് കളിയില്‍ അവന്‍ കാഴ്ചവച്ച പേസ് ബൗളിങ്ങിന്റെ ശൈലി ഹൃദയത്തില്‍ നിന്ന് എന്നോ മങ്ങിത്തുടങ്ങിയിരുന്നു. പാതിവഴിയില്‍ അവനെന്തിനാണ് പഠനം നിര്‍ത്തിയതെന്ന് പിന്നീട് പലതവണ കണ്ടിട്ടും ഞാന്‍ ചോദിച്ചിരുന്നില്ല. കാരണം തിരക്കാന്‍ മാത്രം ബുദ്ധിക്ക് വികാസം പ്രാപിച്ചിരുന്നില്ല എന്നതാണു സത്യം. കാണുമ്പോഴൊക്കെ അവന്‍ മനസ്സുതുറന്നു ചിരിച്ചു, വിശേഷങ്ങള്‍ തിരക്കി.
എന്റെയും അവന്റെയും വീടുകള്‍ രണ്ടിടങ്ങളിലായിട്ടും ഇടയ്ക്കിടെ കണ്ടുമുട്ടലുകള്‍ക്ക് വേദിയൊരുങ്ങി. അത്തച്ചി(ഞാനേറെ സ്‌നേഹിക്കുന്ന എന്റെ പിതാവ്)യുടെ പണിയിടമായിരുന്നു അതിനു സഹായമായത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ഞാന്‍ ക്ലാസ് സമയം കഴിയുമ്പോള്‍ പലപ്പോഴും അവിടെയെത്തിയിരുന്നു. ചിലപ്പോള്‍ അത്താഴത്തിനുള്ള അരി വാങ്ങിയാവും എന്റെ യാത്ര. ചിലപ്പോള്‍ ഇറച്ചി, മീന്‍ അടക്കമുള്ള മറ്റു സാധനങ്ങളും. അവിടെയുള്ള പബ്ലിക് ലൈബ്രറിയില്‍ ഇരുന്നു ടി.വി കാണും, അത്തച്ചി സര്‍വീസ് സ്‌റ്റേഷനിലെ പണിയൊതുക്കി പണം തരുന്നതു വരെ. രതീഷ് അവിടെയുണ്ടാവും, പത്രം വായിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം കഥകള്‍ പറഞ്ഞുമൊക്കെ. ഒരുനാള്‍ അവനെനിക്ക് സമീപത്തെ കടയില്‍ നിന്ന് പഴം വാങ്ങിത്തന്നു. നിരസിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു.
പിന്നീട്, ഞാന്‍ പഠനത്തിന്റെ മറ്റു മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രതിരിച്ചു. അവനെ പിന്നീട് കാണുകയേ ചെയ്തില്ല. ഇടയ്ക്ക് അവനെ കണ്ടുമുട്ടുന്ന ജ്യേഷ്ഠന്‍ പറയും, രതീഷ് തിരക്കിയിരുന്നു നിന്നെയെന്ന്. ഒരു നാള്‍ കേട്ടു, അവന് അപകടം പറ്റിയ ദുഃഖവാര്‍ത്ത. കല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയോ മറ്റോ രതീഷ് സഞ്ചരിച്ചിരുന്ന ജീപ്പില്‍ പോലിസ് ജീപ്പ് ഉരസിയാണ് അപകടം. ജീപ്പിന്റെ പിറകിലിരുന്ന് ഉറങ്ങുകയായിരുന്ന രതീഷിന്റെ തലയിലാണ് പോലിസ് ജീപ്പിന്റെ വശം ഇടിച്ചത്. ജീപ്പിന്റെ പടുതയ്ക്ക് പോലും പോറല്‍ ഏറ്റില്ല. പക്ഷേ എന്റെ സുഹൃത്ത് ഒരു മാസത്തിലേറെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. അന്നത്തെ ഉറക്കം അവന്‍ ഉണര്‍ന്നിരുന്നോ ആവോ. ആരെയും തിരിച്ചറിയാതെ, അതോ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാന്‍ കഴിയാതിരുന്നിട്ടോ എന്നറിയില്ല യാത്ര പോലും പറയാതെ അവനീ ലോകത്ത് നിന്ന് യാത്രയായി.
സൗഹൃദത്തിന്റെ ഇഴയടുപ്പം അതിലേറെയൊന്നും ഞങ്ങള്‍ തമ്മിലില്ലായിരുന്നു. പക്ഷേ, അവനിപ്പോളെന്നെ തേടിവരുന്നതെന്തിനാവാം. പാതിവഴിയില്‍ നിലച്ചുപോയ സൗഹൃദം വസന്തമായി മാറാന്‍ അവന്‍ കൊതിക്കുന്നുണ്ടായിരിക്കുമെന്നാണ് മനസ് പറയുന്നത്. മരണത്തെയും തോല്‍പ്പിച്ച് എന്നിലേക്ക് മടങ്ങിവന്നല്ലോ പ്രിയ സ്‌നേഹിതാ നീ. നിനക്ക് ഒരായിരം നന്ദി...