Wednesday, September 29, 2010
ഡയറിയും പേനയും ജീവിതം കുറിക്കുമ്പോള്‍
നഗരത്തിലെ പേപ്പര്‍മാര്‍ട്ടില്‍ നിന്ന്
ഇരുവരെയും ഒരുമിച്ചായിരുന്നു
അയാള്‍ വീട്ടിലേക്കു വാങ്ങിവന്നത്.
നടപ്പാതയിലെ കലപിലയും നിരത്തിലെ
യന്ത്രങ്ങളുടെ മുരള്‍ച്ചയും പകര്‍ന്ന
ബഹളങ്ങളില്‍ നിന്ന്
പുതിയ വീട്ടിലേക്കുള്ള പ്രവേശനം
സ്വര്‍ണം പൂശിയ ഫൗണ്ടന്‍ പേനക്കും
തടിച്ച ഡയറിക്കും പകര്‍ന്ന
ആഹ്ലാദം അതിരില്ലാത്തതായിരുന്നു.
എല്ലാ രാത്രികളിലും അവര്‍ക്ക്
ഒന്നിക്കാന്‍ അയാള്‍ അവസരമൊരുക്കി.
ഡയറിത്താളുകളില്‍ പേന തന്റെ
പ്രണയദാഹം ഒഴുകിത്തീര്‍ത്തു.
ഡയറിയാവട്ടെ അവ തന്റെ നെഞ്ചോടു
ചേര്‍ത്തു നിര്‍വൃതി പൂണ്ടു.
ഇരുവരുടെയും പ്രണയലീലകള്‍ക്കു
സാക്ഷിയായ ചുവരിലെ കലണ്ടറാവട്ടെ
തന്റെ പേജുകള്‍ മറിച്ചു നാണം മറച്ചു.
ഒടുവില്‍ തന്റെ അവസാനതാളിലും ഫൗണ്ടന്‍ പേന
പ്രണയം രചിക്കുമ്പോള്‍ ഡയറി
പുതിയ പ്രഭാതത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.
പുറത്ത് കരിമരുന്ന് പ്രയോഗത്തില്‍
മാനം പലവര്‍ണങ്ങള്‍ മാറിയണിഞ്ഞു.
കാതടിപ്പിക്കുന്ന ശബ്ദവും ആര്‍പ്പുവിളികളും...
പിറ്റേന്ന് രാത്രിയും ഡയറിയും പേനയും
അയാളുടെ വരവും കാത്തിരുന്നു.
ഒടുവില്‍ അയാളുടെ കാലൊച്ച കേട്ട്
ഇരുവരും പുളകിതരായി.
പതിവുപോലെ അയാള്‍ കൈയിലെടുക്കുമ്പോള്‍
ഡയറി പേനയെ നോക്കി കുസൃതികാട്ടി.
അന്നുരാത്രി പേന പുതുമണം വിതറുന്ന
ഡയറിത്താളിലാണ് തന്റെ പ്രണയദാഹം തീര്‍ത്തത്.
അതുകാണാന്‍ ചുവരില്‍ പുതിയ കലണ്ടറും
സ്ഥാനം പിടിച്ചിരുന്നു.
എഴുത്തുമേശയുടെ ഉള്ളിലെ കട്ടപിടിച്ച
ഇരുട്ടില്‍ പഴയ ഡയറി തന്റെ മുന്‍ഗാമികളോട്
വിരഹവേദനയെക്കുറിച്ച് രാവെളുക്കുവോളം വാചാലയായി.
Sunday, September 26, 2010
നോവ്
പേറ്റുനോവ് പ്രസവിച്ചവര്‍ക്കെ അറിയാവൂ
എന്നു പറയുന്നതുപോലെയാണ്
മരണവേദനയെക്കുറിച്ചും പറയാനുള്ളത്.
പക്ഷേ മരിച്ചവരാരെങ്കിലും തിരികെ വന്നു
പറയുമോ അനുഭവിച്ച
വേദനയുടെ ആഴത്തെക്കുറിച്ച്.
Thursday, September 23, 2010
സൗഹൃദം
ഹൃദയമാണ് ഇവിടെയും പങ്കുവയ്ക്കുന്നത്,
അതിനു നിബന്ധനകളില്ലെന്നു മാത്രം.
മാലകോര്‍ക്കുന്നതു പോലെ
അനേകം ഹൃദയങ്ങള്‍ ഒന്നായിതീരുമ്പോഴാണ്
അതു പൂര്‍ണമാവുന്നത്.
പക
രണ്ടക്ഷരത്തില്‍ ഒതുങ്ങുമീ വാക്കെങ്കിലും
അതിന്റെ വ്യാപ്തി ഒരു ജീവിതത്തിനും
പല ജീവിതങ്ങള്‍ക്കും അകലെയാണ്.
ഒരു നിമിഷത്തിന്റെ തോന്നലില്‍
ഒരു ജന്മത്തിന്റെ കണ്ണീരാവും അതിന്റെ പ്രതിഫലം.
Monday, September 20, 2010
ഉദാത്തമായ പ്രണയം
ഉദാത്തമായ പ്രണയത്തെക്കുറിച്ച്
പലരും പലതും പറഞ്ഞു.
ഒക്കെയും കേട്ട് ഞാനുമെത്തി
പ്രണയദാഹം തീര്‍ക്കാന്‍.
ഒടുവില്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍
ഞാന്‍ അലറിവിളിച്ചു.
പ്രിയേ നീയെന്നെ ഉപേക്ഷിക്കരുതെന്ന്.
നിഷ്ഫലമായ ഈ ഉദ്യമത്തോടെയാണ്
ഉദാത്തമായ പ്രണയമെന്നാല്‍
അന്യോന്യം നഷ്ടമാവുകയാണെന്നു ഞാനറിഞ്ഞത്.
Sunday, September 19, 2010
ബാക്കിയാവുന്ന ജീവിതം
മഴകാക്കുന്ന വേഴാമ്പലിനെ പോലെ
ഞാനവള്‍ക്കു വേണ്ടി കാത്തിരുന്നു.
പക്ഷേ കനിവു വറ്റിയ മണല്‍കാറ്റായാണ് അവളെന്റെ
മോഹങ്ങള്‍ക്കു മേല്‍ പെയ്തിറങ്ങിയത്.
നാളെ പ്രതീക്ഷ തന്‍ പ്രളയമായി
അവളെന്റെ ചാരത്തണയുമായിരിക്കാം.
എന്നാല്‍ ജീവനില്ലാത്തയെനിക്കെന്തു
ജീവിതമാണപ്പോള്‍ ബാക്കിയാവുക.
Saturday, September 18, 2010
രണ്ടുവാശികള്‍
ഉള്ളിലൊന്നും ഒളിച്ചുവയ്ക്കരുതെന്ന്
നിര്‍ബന്ധമുള്ളതുകൊണ്ടാണ്
ഞാന്‍ പ്രണയം തുറന്നുപറഞ്ഞത്.
അവളാവട്ടെ ഒന്നും തുറന്നുപറയരുതെന്ന
വാശിയിലതു നിരസിക്കുകയും ചെയ്തു.
ഒടുവില്‍ രണ്ടുവാശിയും വിജയിച്ചു.
അതിങ്ങനെയാണ്;
ഇന്നു ഞങ്ങളല്ല ഞാനും അവളുമാണ്.
അവള്‍: അന്നുമിന്നും
അന്ന്
നെഞ്ചില്‍ നിറയെ സ്വപ്‌നങ്ങളായിരുന്നു
ഒക്കെയും അവളെക്കുറിച്ച്...
ഇന്ന്
നെഞ്ചില്‍ നിറയെ വേദനയാണ്.
ഒക്കെക്കും കാരണം അവള്‍ മാത്രമാണ്.
Wednesday, September 1, 2010
നുണ
സ്‌നേഹം നഷ്ടമാവരുതെന്ന് കരുതി
യാഥാര്‍ഥ്യം ഒളിച്ചുവയ്ക്കുന്നതാണോ
സ്‌നേഹിക്കരുതെന്ന് കരുതി സത്യം
പറയാതിരിക്കലാണോ യഥാര്‍ഥ നുണ?
യാഥാര്‍ഥ്യം ഒളിച്ചുവയ്ക്കുന്നതാണോ
സ്‌നേഹിക്കരുതെന്ന് കരുതി സത്യം
പറയാതിരിക്കലാണോ യഥാര്‍ഥ നുണ?
കാത്തിരിപ്പ്
അവള്‍ എന്നോടിതു വരെ പറഞ്ഞിട്ടില്ല
ഇങ്ങനെയൊരു വാക്ക്...
എന്നിട്ടും ഞാന്‍ പ്രതീക്ഷയിലാണ്.
എന്നെങ്കിലും അവിചാരിതമായി
ചാരത്തണഞ്ഞാലോ ഞാന്‍
നിന്റെ മാത്രമെന്നു മൊഴിഞ്ഞവള്‍.
Subscribe to:
Posts (Atom)