Monday, January 31, 2011

യാത്ര



മുപ്പതും നാല്‍പ്പതും ദിനരാത്രങ്ങള്‍ ജോലിസ്ഥലത്ത്
ചെലവഴിക്കുമ്പോഴേക്കും വീടും വീട്ടുകാരും നാടും നാട്ടുകാരും
സ്പന്ദനങ്ങളില്‍ നിറഞ്ഞുതുളുമ്പിത്തുടങ്ങും.
പിന്നെ അവ പുല്‍കാനൊരു യാത്രയാണ്.
പകലേറെ നീളുന്ന അതിനു പുതുമ തീരെയുണ്ടാവാറില്ല,
പക്ഷേ യാത്രികരൊക്കെയും എന്നും അപരിചിതരാണ്.
അതില്‍ ചില കണ്ണുകളെന്നോട് കവിത മൊഴിയും.
പുഞ്ചിരിക്കുന്ന ചില മുഖങ്ങള്‍ പരിചിതരുടെ
സാദൃശ്യങ്ങള്‍ പറഞ്ഞുതരും.
ചിലപ്പോള്‍ മന്ദമൊഴുകിയും ചിലപ്പോള്‍
പാളങ്ങളില്‍ ചുംബനസീല്‍ക്കാരമുയര്‍ത്തിയും
ഉള്ളിലടക്കിപിടിച്ച യാത്രികരെയുമായി
കൂറ്റന്‍ പഴുതാരയുടെ ഇരുമ്പുചക്രങ്ങള്‍
ലക്ഷ്യസ്ഥാനം തേടി പായുമ്പോള്‍
ഞാനേറെ സമയം നിശ്ശബ്ദതയെ പ്രണയിക്കും.
ഉറക്കം വരാതെയും ഉറങ്ങി ഒന്നുമറിയാതെയും
ഇരുന്നും നിന്നും കിടന്നും നടന്നും
സ്‌റ്റേഷനുകളിലിറങ്ങിയും കയറിയുമൊക്കെ
ഈ ലോഹപഴുതാരയെ സജീവമാക്കുന്ന
ചിലരെ കൗതുകം പൂണ്ടു നോക്കും.
ഓഫിസില്‍ നിന്നു കൂടെക്കൂട്ടിയ
ലൈബ്രറി പുസ്തകത്തിന്റെ താളുകളില്‍
പടര്‍ന്നു കിടക്കുന്ന ലോകത്തിലൂടെ അതിവേഗം
സഞ്ചരിച്ചു ചിലപ്പോള്‍ പൊടുന്നനെ ക്ഷീണിതനാവും.
അരച്ചാണ്‍ വയറു നിറയ്ക്കാന്‍
ഹാര്‍മോണിയം പെട്ടിയും തൂക്കിവരുന്ന
അന്യദേശക്കാരുടെ ഈണത്തിനും
ചായയും കാപ്പിയും പലഹാരങ്ങളും
വില്‍ക്കുന്നവരുടെ താളമൊപ്പിച്ച
വിളികള്‍ക്കും കാതുകൊരുത്തും
അന്യന്റെ ചേഷ്ടകളില്‍ നോട്ടമുറപ്പിച്ചും
അലസയാത്ര തുടരുമ്പോള്‍
കടന്നുപോവുന്ന സമയത്തിന്റെ വേഗത
പോരാത്തതില്‍ വല്ലാതെ അസ്വസ്ഥനാവും.
നിലയുറക്കാത്ത ചിന്തകളും
അതിരുകളില്ലാത്ത സ്വപ്‌നങ്ങളും
ഈ സമയമൊക്കെയും മനതാരില്‍
തെളിഞ്ഞുകൊണ്ടേയിരിക്കും.
ഇതിനിടയിലും സ്ഥലനാമങ്ങള്‍ പേറുന്ന
ബോര്‍ഡുകളൊന്നു പോലും വിട്ടുകളയാതെ
ഇറങ്ങേണ്ട സ്‌റ്റേഷനും കാത്തു
പഴുതാരയുടെ അടിവയറ്റില്‍ ഞാന്‍
കൂടുതല്‍ സൂരക്ഷിതനായി ഇരിപ്പുതുടരും.

Friday, January 28, 2011

ലൗ മാര്യേജ്


ഇന്നലെ മൊബൈലില്‍ പാറിവന്ന എസ്.എം.എസ്
അറേഞ്ച്ഡ് മാര്യേജിന്റെ ഭാരത്തെകുറിച്ച്
ഇങ്ങനെ കണക്കുകള്‍ നിരത്തി.
എന്‍ഗേജ്‌മെന്റ് 50000 ക,
താലിയൊന്നിന് ഒരു ലക്ഷം ക.(ചെറുക്കന്‍ പക്ഷം),
അഞ്ചുപവനെങ്കിലും കുറഞ്ഞതു വേണ്ടേയെന്നാണ്
മാലോകരുടെ പുച്ഛത്തോടെയുള്ള ചോദ്യം.
കല്യാണപട്ട്, വീട്ടുകാര്‍ക്ക് ഉടയാടകള്‍, കല്യാണസദ്യ..
ആര്‍ഭാടരഹിതമെങ്കില്‍ മാത്രം
മൂന്നുലക്ഷത്തിന്റെ ചെലവ് കോളമെഴുതാം
മണവാളന്റെ അക്കൗണ്ട് ബുക്കില്‍.
എട്ടുലക്ഷത്തിന്റെ കണക്ക് കുറിക്കാം പെണ്‍കൂട്ടര്‍ക്ക്.
പോക്കറ്റ് മണിയും എ സി കാറും
നാടടച്ചു ക്ഷണവും കുറ്റമറ്റ ബിരിയാണിയൂട്ടും
പെണ്ണിന്റെയച്ഛനെയൊരു വഴിക്കാക്കും തീര്‍ച്ച.
കണക്കുപറഞ്ഞ വാങ്ങിയ തുക ഈയിനത്തില്‍
ചെലവഴിക്കാനുള്ള കണക്കുകൂട്ടല്‍
ഒരുപക്ഷേ ചെക്കന്റെ ക്ഷീണം കുറച്ചേക്കാം.
അതൊക്കെ ഇരുകൂട്ടര്‍ക്കും വിട്ടുകൊടുത്തു
നമുക്കിനി ലൗ മാര്യേജ്യന്റെ സാധ്യതകളാരായാം.
രജിസ്‌ട്രേഷന്‍ ഫീ 100 ക
പുഷ്പഹാരം 300 ക
സാക്ഷികള്‍ക്ക് നാരങ്ങാവെള്ളം 20 ക.
മധുരവിതരണം 50 ക
ഓഫിസര്‍ 100 ക
ആകെ 570 ക.
താഴേക്കു നോക്കാത്ത വിലയേറ്റത്തിന്റെ ഗ്രാഫ്
നോക്കി ഈ പുതുവര്‍ഷമൊരു പുതു പ്രതിജ്ഞയെടുത്താലോ
എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത...


Thursday, January 20, 2011

ചുടുചോര മോന്തുന്ന ഭീകരന്‍


ഞാനൊരിക്കലും മനുഷ്യമാംസം രുചിച്ചിട്ടില്ല,
ഞാനൊരിക്കലും ചുടുചോര മോന്തിയിട്ടില്ല.
എന്നിട്ടുമവര്‍ പറയുന്നു ഞാന്‍ ഭീകരനാണെന്ന്,
ഞാന്‍ ചോരകുടിയനാണെന്ന്.
ഞാനൊരിക്കലും ആരുടെയും സ്വപ്‌നങ്ങള്‍ക്ക്
വിഘാതമായിട്ടില്ല, ആഗ്രഹങ്ങള്‍ക്ക് തടസ്സമായിട്ടില്ല,
എന്നിട്ടുമവര്‍ പറയുന്നു ഞാന്‍ ഐശ്വര്യം കെട്ടവനാണെന്ന്.
ഞാനൊരിക്കലും ചിരിച്ചുകൊണ്ട് വെറുപ്പ് ഒളിച്ചുവച്ചിട്ടില്ല,
പക്ഷേ അവരെന്റെ കളങ്കമറ്റ മനസ് കാണാതെ
പുലമ്പുന്നു വിഷമാണെന്റെ നെഞ്ചിലെന്ന്.
ഞാനൊരിക്കലും അന്യന്റെ ഭാര്യയെ പ്രാപിച്ചിട്ടില്ല,
എന്നാലോ എനിക്കു നാലു മക്കളുണ്ടായത്
അവരുടെ കണ്ണില്‍ പൊറുക്കാനാവാത്ത കുറ്റമാണ്.
ഞാനൊരിക്കലും അപരന്റെ ദൈവത്തെ നിന്ദിച്ചിട്ടില്ല,
എന്നാലോ അവരെന്റെ പ്രവാചകനെ പോലും വെറുതെ വിടുന്നില്ല.
ഞാനൊരിക്കലും നിയന്ത്രണമില്ലാതെ വാക്കുകളുടെ കെട്ടഴിച്ചിട്ടില്ല.
പക്ഷേ പുലഭ്യത്തിന്റെ മതിലുകള്‍ കൊണ്ടവര്‍
എന്റെ കാതുകള്‍ക്ക് മറതീര്‍ക്കുകയാണ്.
പേരും വിശ്വാസവും അഴിയാത്ത കുരുക്കുകളാണെങ്ങും.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഇഴയുന്ന ഫയലുകള്‍,
വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ബഹളം.
വാടകക്കൊരു വീടാണെങ്കില്‍ കിട്ടാക്കനി.
ജോലിയുടെ ഗതിയുമതുതന്നെ.
പോയകാലത്തിന്റെ താളുകളൊക്കെയും ചിതലരിച്ചിരിക്കുന്നു.
പൂര്‍വികര്‍ ചൊരിഞ്ഞ ചോരയുടെ കണക്കെവിടെയുമില്ല.
നുണക്കഥകളുടെ വര്‍ത്തമാനമാണ് മാലോകര്‍ പാടിനടക്കുന്നത്.
ചുരുളഴിയുന്ന രഹസ്യങ്ങള്‍ക്കു വിലയായി
ജീവന്‍ നല്‍കാന്‍ ഇനിയൊരോഫിസര്‍ വരാതിരിക്കുമോ?
അറിയില്ല, പക്ഷേ സംശയത്തിന്റെ ചൂണ്ടുവിരലുകളൊക്കെയും
തനിക്കുമേല്‍ നീളുന്ന ഓരോ മുസ്‌ലിമിന്റെയും തേട്ടമാണത്.
ഈ പാവം ചോരകുടിയന്റെ ആഗ്രഹവുമതു തന്നെ.

Monday, January 3, 2011

പോയവര്‍ഷം


തിരക്കായിരുന്നു 365 ദിവസവും.
ആഘോഷങ്ങള്‍ക്ക് സമയം തികഞ്ഞിരുന്നില്ല,
ചില ദിവസങ്ങള്‍ക്ക് മണിക്കൂറുകള്‍
കുറവെന്നു വരെ സംശയം.
വാതോരാത്ത കൊച്ചുവര്‍ത്തമാനം,
ഇടമുറിയാത്ത പൈങ്കിളി വായന,
ഇടത്തുംവലത്തുമായി കാതുകള്‍ ചൂടിന്റെ
നോവറിഞ്ഞപ്പോഴാണ് സംസാരത്തിന്റെ
രസച്ചരടഴിച്ചുവച്ചു ഫോണിനു വിശ്രമം കൊടുത്തത്.
പക്ഷേ...
ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു വയസ്സുകുറച്ചും
ജീവന്റെ പ്രായം ഒന്നുകൂട്ടിയും
പടിയിറങ്ങിയ വര്‍ഷത്തെക്കുറിച്ച്
വിലയിരുത്താനെടുത്ത അഞ്ചുമിനിറ്റ്
എന്നെ നിരാശനാക്കുന്നതിനധികമായിരുന്നു.
മാറ്റുകൂടാത്ത കുടുംബ, സുഹൃദ്ബന്ധങ്ങള്‍...
കല്യാണം, ജനനം, മരണം, ഗൃഹപ്രവേശം...
സാധ്യതകളേറെയായിരുന്നു വേണ്ടപ്പെട്ടവരുടെ
വീടുകള്‍തോറുമൊരു യാത്രപോവാന്‍.
മാറ്റിവയ്ക്കാവുന്ന ജോലിത്തിരക്കും
ഒന്നിനും മനസ്സില്ലെന്ന മനസ്സുമാണ്
പോയവര്‍ഷത്തിലും എന്നെ മടിയനാക്കിയത്.
ആരെയും അകമഴിഞ്ഞ് അഭിനന്ദിക്കാനും അര്‍ഹിക്കുന്ന
വിലനല്‍കാനും ഇനിയും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു.
അസൂയ പകരാത്ത ചിന്തകള്‍ എന്റെ ഹൃത്തില്‍
ഇനിയുമേറെ പിറക്കാനുണ്ട്.
വിധിപ്പുസ്തകത്തില്‍ നാളെകളിനിയുമെനിക്കായി
ബാക്കിയുണ്ടെങ്കില്‍ സഹജീവികള്‍ക്ക്
പകരണം മധുരമൂറുന്നയൊരു പുഞ്ചിരി,
മനംകുളിര്‍പ്പിക്കുന്ന സ്‌നേഹാന്വേഷണം,
അവശതയിലും ബലം പകരുന്ന കൈത്താങ്ങ്,
ബന്ധങ്ങള്‍ക്ക് ഊഷ്മളത പകരുന്ന സന്ദര്‍ശനങ്ങള്‍...
പുതുവര്‍ഷത്തിലും ആഗ്രഹങ്ങള്‍ക്ക്
അവധി നല്‍കുന്നില്ല ഞാന്‍...