Thursday, May 26, 2011

കോഴിക്കോട് ബീച്ചിലെ ഒരു സായാഹ്നം

മെയ് ഒന്നിന്റെ സായാഹ്നം ഓര്‍മയുടെ ഏടുകളില്‍ തുന്നിച്ചേര്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്ന ഒരു അനുഭവമാണ്. തേജസ് പത്രത്തിന്റെ ആറാം പിറന്നാളാഘോഷത്തിനു ശേഷം ബീച്ചില്‍ പോവാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് ആരാണ് എന്നോര്‍ക്കുന്നില്ല. എങ്കിലും അന്നത്തെ സായാഹ്നം ബീച്ചില്‍ ചെലവിടാമെന്നു തീരുമാനിച്ചത് പൊടുന്നനെയാണ്. അസ്തമയങ്ങളും പ്രഭാതങ്ങളും ജീവിതത്തില്‍ അന്യമാക്കുന്ന ഡെസ്‌കിലെ രാത്രിജോലിക്കിടയില്‍ വീണു കിട്ടുന്ന ഒഴിവുദിനങ്ങള്‍ കൂട്ടരൊത്തു പങ്കുവയ്ക്കാന്‍ കഴിയുക എന്നത്  അപൂര്‍വമാണ്. അവധി ദിവസം വീടണയാന്‍ വെമ്പുന്ന മനസ്സിനെ തോല്‍പ്പിക്കാനാവാതെ സൗഹൃദങ്ങളെ പടിക്കുപുറത്തു നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ് സത്യം. മണിക്കൂറുകളുടെ യാത്രയ്‌ക്കൊടുവില്‍ മാത്രമേ അതിനു കഴിയൂ എന്നതിനാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവധി ദിനങ്ങളില്‍ ഹോസ്റ്റലില്‍ ബാക്കിയാവുക.
  അങ്ങനെ വീണു കിട്ടിയ ഈ അവധി ദിവസത്തെ ഔദ്യോഗിക ആഘോഷച്ചടങ്ങുകള്‍ തീരാന്‍ കാത്തുനില്‍ക്കാതെ നേരെ ബീച്ചിലേക്ക്. റെയില്‍വേ സ്റ്റേഷനുമുന്നില്‍ നിന്ന് തിരക്കേറിയ ഭട്ട്‌റോഡ് ബസ്സില്‍ കയറിപ്പറ്റുമ്പോളേ അവധിദിനത്തിന്റെ കുളിര്‍മ മനസ്സിലുണര്‍ന്നുതുടങ്ങി. പതിവുപോലെ ഇളകിയാടുന്ന കടലിനു സമീപം ബസ്സിറങ്ങുമ്പോള്‍ ബാല്യത്തിന്റെ പാകമാവാത്ത കുപ്പായത്തിലേക്കു ചേക്കേറിക്കഴിഞ്ഞിരുന്നു ഞാന്‍.
പരന്നുകിടക്കുന്ന മണല്‍മെത്തയിലൂടെ സാവകാശവും എന്നാല്‍ തിരയോടടുക്കാനുള്ള വെമ്പുന്ന ഹൃദയത്തോടെയും ഒരല്‍പ്പ നടത്തം. ആബാലവൃന്ദം ജനങ്ങളുടെ മുഖത്തു ദൃശ്യമായ സന്തോഷത്തിന്റെ വേലിയേറ്റം നോക്കിയിരിക്കുമ്പോള്‍ മനസ് സംഘര്‍ഷങ്ങളൊഴിഞ്ഞു ശാന്തത കൈവരിച്ചു. ചോളപ്പൊരി തിന്നുന്നതിനിടയ്്ക്ക് ചര്‍ച്ച പ്രണയത്തിലേക്ക് വഴുതിമാറി. അബൂബക്കറും ശരീഫും നൗഷാദും വ്യത്യസ്ഥകാഴ്ചപ്പാടുകളെ സാധൂകരിക്കാന്‍ ശ്രമിക്കുന്നു. സമീപത്ത് കടലിനഭിമുഖമായിരിക്കുന്ന കുടുംബത്തിലെ മൂത്തകുട്ടിയെന്നു തോന്നിക്കുന്ന സുന്ദരിയിലേക്ക് തിരിഞ്ഞ ശ്രദ്ധയെ അതിന്റെ വഴിക്കുവിട്ട് തിരിഞ്ഞുവരുമ്പോഴേക്കും നിറവിന്ന്യാസങ്ങള്‍ തീര്‍ത്തു മോഹിപ്പിച്ച സൂര്യന്‍ പടിഞ്ഞാറെവിടെയോ മറഞ്ഞിരുന്നു. ഓടുപാകിയും ഗ്രാനൈറ്റുകള്‍ പതിപ്പിച്ചും മനോഹരമാക്കിയ ഇരിപ്പിടങ്ങള്‍ക്കു മേലെ തലയുയര്‍ത്തി നില്‍ക്കുന്ന വൈദ്യുതിചിരാതുകള്‍ തൂകുന്ന പാല്‍വെളിച്ചം കടലിനഭിമുഖമായിരിക്കുന്നവര്‍ക്കു മുന്നില്‍ നീളന്‍ നിഴലുകള്‍ വരച്ചിട്ടു. തിരകള്‍ കരയണയാന്‍ വിശ്രമമില്ലാതെ ശ്രമിക്കുന്നുണ്ടെങ്കിലും പരാജിതരായി മടങ്ങിക്കൊണ്ടേയിരിക്കുന്നു. സന്ദര്‍ശകരെ തന്നിലേക്ക് മാടിവിളിക്കുന്ന ചെറുതിരകള്‍ ചിലരുടെയെങ്കിലും പാദങ്ങളില്‍ ചുംബിച്ചു മടങ്ങി. ഇഴുകിച്ചേര്‍ന്നവരെ ഓളങ്ങള്‍ നെഞ്ചിലടുക്കിപ്പിടിച്ച ശേഷം തീരത്തേക്ക് യാത്രയാക്കി.
കടല്‍ത്തീരത്ത് മാനം നോക്കി കിടക്കുന്ന സുഖം അറിഞ്ഞതും ഇതേ സായാഹ്നത്തിന്റെ സംഭാവനയിലെഴുതിച്ചേര്‍ക്കേണ്ടിവന്നു അന്നെനിക്ക്. മക്കാ മണല്‍ത്തട്ടില്‍ ഞാന്‍ പോയിട്ടില്ലേലും .... എന്നു തുടങ്ങുന്ന മനോഹരമായ ഗാനം നൗഷാദ് ഞങ്ങള്‍ക്കു വേണ്ടി പാടിത്തരുമ്പോള്‍ ഞാന്‍ മറ്റേതോ ലോകത്തിലായിരുന്നു. ആരും ആരെയും ശ്രദ്ധിക്കാതെ സ്വന്തം ലോകത്ത് അലിഞ്ഞുചേരുന്ന സുന്ദരനിമിഷങ്ങള്‍.
ഉപ്പിലിട്ട പൈന്‍ ആപ്പിളില്‍ എരിവുംപുളിയും കലര്‍ന്ന മുളകുചാറു തേച്ച് കഴിക്കുമ്പോള്‍ ഇതിലും സ്വാദേറിയ മറ്റൊരു വിഭവും ഈ ലോകത്ത് ഇല്ലയെന്നാണ് തോന്നിയത്. ഉപ്പിലിട്ടവയും ഭീമന്‍ ഐസ്‌കട്ട ഉരച്ചുണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളും വില്‍ക്കുന്ന ഉന്തുവട്ടിയില്‍ ഘടിപ്പിച്ച ചെറുവിളക്കിന്റെ വെളിച്ചം ഇരുട്ടിനെ കീറിമുറിയ്ക്കാന്‍ ബദ്ധപ്പെടുന്നതു സമയത്തിന്റെ സമയത്തെക്കുറിച്ച് വെളിപ്പെടുത്തി. 
മേഘാവൃതമായ ആകാശമേല്‍ക്കൂരയില്‍ നിന്ന് ഇടയ്ക്കിടെ അമ്പിളിമാമന്‍ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു ഞങ്ങള്‍ നാലുപേരെയും. ഒരു പക്ഷേ ആ പാല്‍പ്പുഞ്ചിരി കാണാന്‍ അന്നെത്രപേര്‍ക്കു കഴിഞ്ഞുവെന്നാണ് എന്റെ സംശയം. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന കടലിന്റെ സൗന്ദര്യത്തില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞിട്ടുവേണ്ടെ അവര്‍ക്കാ പാല്‍പ്പുഞ്ചിരി ദൃശ്യമാവാന്‍.
സന്ദര്‍ശകരുടെ കലപിലയെക്കാളുയരെയുയരെ കേള്‍ക്കുന്ന തിരകളുടെ സംഗീതം. മണല്‍ത്തരികളില്‍ അഴകളവുകളുടെ വകഭേദങ്ങളില്ലാതെ പതിഞ്ഞ കാല്‍പ്പാടുകള്‍. പതുപതുത്ത മണല്‍മെത്തയില്‍ സന്ദര്‍ശകര്‍ ഏല്‍പ്പിച്ച മുറിവുകളാണവയെന്നാണ് എനിക്കു തോന്നിയത്. സ്വപ്‌നങ്ങളുടെ, പ്രതീക്ഷകളുടെ, നിരാശയുടെ, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ സൂത്രവാക്യങ്ങള്‍ ഒളിപ്പിച്ചയവരുടെ മനസ്സിന്റെ ഭാരമേല്‍പ്പിച്ച മുറിവുകള്‍...
എല്ലാം മറക്കുവാന്‍ ചിലര്‍, എല്ലാം ഓര്‍മിക്കുവാന്‍ ചിലര്‍... കടല്‍ അലയടങ്ങാത്ത തന്റെ കണ്ണീരു കാട്ടി അവരെ ആശ്വസിപ്പിക്കുന്നു. അവ പകരുന്ന സംഗീതം കേള്‍പ്പിച്ച് ആനന്ദിപ്പിക്കുന്നു. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന തന്റെ ലോകത്തേക്ക് യാത്രപോവാന്‍ അവരെ കൊതിപ്പിക്കുന്നു. ഒരു സന്ധ്യയുടെ  അന്ത്യനിമിഷങ്ങള്‍ കോഴിക്കോട് ബീച്ചില്‍ പങ്കുവച്ച് തിരികെപോവുമ്പോള്‍ രാത്രി കടല്‍ ഏകയാകുമോ എന്നൊരു നിമിഷം ശങ്കിച്ചു. പിന്നെ ജീവിതയേടുകള്‍ക്ക് നിറംപകരാന്‍ വിഭവങ്ങള്‍ തേടി മറ്റൊരു സംഘം കടലിന്റെ വിശാലമായ പരപ്പുകളില്‍ ചെറുതോണികളിലും ബോട്ടുകളിലും അലഞ്ഞുനടക്കുന്ന കാഴ്ച മനക്കണ്ണില്‍ കണ്ടു. തുടര്‍ന്ന്‌ എത്രയും വേഗം ഹോസ്റ്റലണയാന്‍ തിടുക്കപ്പെട്ട് നീങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പമെത്താന്‍. ഞാന്‍ അതിവേഗം നടന്നു.

Monday, May 23, 2011

വിലകൂടിയ പ്രണയം


ഫോണില്‍ പരിചയപ്പെട്ട ആദ്യനാളില്‍
മൊബൈലിന്റെ മോഡലിനെക്കുറിച്ച്,
മുറുകിയ മിണ്ടാട്ടങ്ങളില്‍ കുടുങ്ങവെ
മാസാന്ത്യം എണ്ണിവാങ്ങുന്ന ശമ്പളം
തികയ്ക്കുന്ന പൂജ്യങ്ങളെക്കുറിച്ച്,
പങ്കുവയ്ക്കപ്പെട്ട സ്വപ്‌നങ്ങളുടെ
ഇടവേളകളില്‍ ചോദ്യശരങ്ങളുടെ
മൂര്‍ച്ചകൂട്ടാന്‍ കാറും ടൂവീലറുമെത്തി.
ഒടുവില്‍ എല്ലാ ചോദ്യങ്ങള്‍ക്കും
ഉത്തരംലഭിച്ചപ്പോള്‍
പ്രണയത്തെകുഴിച്ചുമൂടിയവള്‍
വിടചൊല്ലാതെ പോയ്മറഞ്ഞു.
 

Friday, May 20, 2011

ഭൂമിയുടെ വിശ്രമം


ഓടിയോടിത്തളരുമ്പോള്‍
ഭൂമിയൊരുവേള വിശ്രമം തേടും,
ഒന്നിനും സമയമില്ലെന്ന പരാതിക്കാര്‍
അന്ന് നിലച്ചുപോയ സമയത്തെനോക്കി
ചൊല്ലുമായിരിക്കും സമയംപോക്കാന്‍
എന്തൊക്കെ ഞാന്‍ ചെയ്യേണ്ടുവെന്ന്...

Wednesday, May 18, 2011

മനസ്


മുഷിഞ്ഞുനാറുമ്പോള്‍
അലക്കിയെടുക്കാന്‍
ഉടയാടയല്ലയെന്‍ മനസ്.

കാഴ്ച


ചൂണ്ടയില്‍ കുടുങ്ങിയ ഇരയെപ്പോലെ
പൊതുനിരത്തിലൊക്കെയും
കോര്‍ത്തുവലിക്കുന്നു കാഴ്ചകള്‍.

മൃദുലത


ഉടലാകെയരിച്ചുനീങ്ങിയ കൈത്തലത്തിന്റെ
പരുക്കന്‍ യാഥാര്‍ഥ്യത്തേക്കാള്‍
നീയറിഞ്ഞിരിക്കുകയെന്റെ
പട്ടുപോലെ മാര്‍ദ്ദവമേറിയ മനസ്സായിരുന്നിരിക്കണം.

Tuesday, May 17, 2011

പച്ചമനുഷ്യന്‍


സ്വപ്‌നങ്ങള്‍ക്കൊപ്പം പോവാന്‍
ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍
നിലയ്ക്കാത്ത നദിപോല്‍
ഞാന്‍ യാത്രതുടര്‍ന്നേനെ.
വിട പറയാതെപോയ
കാമുകിയെക്കുറിച്ചുള്ള നൊമ്പരം
ഹൃദയമപ്പടി സൂക്ഷിച്ചുവച്ചിരുന്നെങ്കിലോ
വേദനയുടെ മൊത്തക്കച്ചവടം
തുടങ്ങിയേനെ ഞാന്‍.
ദുരനുഭവങ്ങളെ കുഴിച്ചുമൂടി
മങ്ങിയ ഓര്‍മകള്‍ മാത്രം മടക്കിത്തന്ന
ദൈവകാരുണ്യമില്ലായിരുന്നെങ്കില്‍
എന്നേ ഈ ശരീരമെന്റെ ജീവനെ
വെറുത്തുതുടങ്ങിയേനെ.

Saturday, May 14, 2011

കൈവിട്ട ബാല്യം


കണിശക്കാരന്‍ മാഷിന്റെ വേഷത്തില്‍
പച്ചിലകളെ കരുണയില്ലാതെ ശിക്ഷിച്ച്,
അരിസാമാനങ്ങള്‍ വില്‍ക്കുന്ന
അയലത്തെ കടക്കാരനെ അനുകരിച്ച്,
പിന്നെ ചിരട്ടപ്പാത്രത്തില്‍ സദ്യയൊരുക്കി
അച്ഛനുമമ്മയും കളിക്കുമ്പോളും
പറ്റുമെങ്കില്‍ അന്നുതന്നെ യൗവനംപൂകാനുള്ള
കൊതിയാണുണ്ടായിരുന്നത്.
ഇന്ന് എത്തിയിടത്തോളം വച്ചുനോക്കുമ്പോള്‍
കൈവിട്ട ബാല്യം തിരികെപിടിക്കാന്‍
കഴിഞ്ഞിരുന്നെങ്കിലെന്നുമാത്രമാണു ചിന്ത.