Thursday, May 26, 2011

കോഴിക്കോട് ബീച്ചിലെ ഒരു സായാഹ്നം

മെയ് ഒന്നിന്റെ സായാഹ്നം ഓര്‍മയുടെ ഏടുകളില്‍ തുന്നിച്ചേര്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്ന ഒരു അനുഭവമാണ്. തേജസ് പത്രത്തിന്റെ ആറാം പിറന്നാളാഘോഷത്തിനു ശേഷം ബീച്ചില്‍ പോവാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് ആരാണ് എന്നോര്‍ക്കുന്നില്ല. എങ്കിലും അന്നത്തെ സായാഹ്നം ബീച്ചില്‍ ചെലവിടാമെന്നു തീരുമാനിച്ചത് പൊടുന്നനെയാണ്. അസ്തമയങ്ങളും പ്രഭാതങ്ങളും ജീവിതത്തില്‍ അന്യമാക്കുന്ന ഡെസ്‌കിലെ രാത്രിജോലിക്കിടയില്‍ വീണു കിട്ടുന്ന ഒഴിവുദിനങ്ങള്‍ കൂട്ടരൊത്തു പങ്കുവയ്ക്കാന്‍ കഴിയുക എന്നത്  അപൂര്‍വമാണ്. അവധി ദിവസം വീടണയാന്‍ വെമ്പുന്ന മനസ്സിനെ തോല്‍പ്പിക്കാനാവാതെ സൗഹൃദങ്ങളെ പടിക്കുപുറത്തു നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ് സത്യം. മണിക്കൂറുകളുടെ യാത്രയ്‌ക്കൊടുവില്‍ മാത്രമേ അതിനു കഴിയൂ എന്നതിനാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവധി ദിനങ്ങളില്‍ ഹോസ്റ്റലില്‍ ബാക്കിയാവുക.
  അങ്ങനെ വീണു കിട്ടിയ ഈ അവധി ദിവസത്തെ ഔദ്യോഗിക ആഘോഷച്ചടങ്ങുകള്‍ തീരാന്‍ കാത്തുനില്‍ക്കാതെ നേരെ ബീച്ചിലേക്ക്. റെയില്‍വേ സ്റ്റേഷനുമുന്നില്‍ നിന്ന് തിരക്കേറിയ ഭട്ട്‌റോഡ് ബസ്സില്‍ കയറിപ്പറ്റുമ്പോളേ അവധിദിനത്തിന്റെ കുളിര്‍മ മനസ്സിലുണര്‍ന്നുതുടങ്ങി. പതിവുപോലെ ഇളകിയാടുന്ന കടലിനു സമീപം ബസ്സിറങ്ങുമ്പോള്‍ ബാല്യത്തിന്റെ പാകമാവാത്ത കുപ്പായത്തിലേക്കു ചേക്കേറിക്കഴിഞ്ഞിരുന്നു ഞാന്‍.
പരന്നുകിടക്കുന്ന മണല്‍മെത്തയിലൂടെ സാവകാശവും എന്നാല്‍ തിരയോടടുക്കാനുള്ള വെമ്പുന്ന ഹൃദയത്തോടെയും ഒരല്‍പ്പ നടത്തം. ആബാലവൃന്ദം ജനങ്ങളുടെ മുഖത്തു ദൃശ്യമായ സന്തോഷത്തിന്റെ വേലിയേറ്റം നോക്കിയിരിക്കുമ്പോള്‍ മനസ് സംഘര്‍ഷങ്ങളൊഴിഞ്ഞു ശാന്തത കൈവരിച്ചു. ചോളപ്പൊരി തിന്നുന്നതിനിടയ്്ക്ക് ചര്‍ച്ച പ്രണയത്തിലേക്ക് വഴുതിമാറി. അബൂബക്കറും ശരീഫും നൗഷാദും വ്യത്യസ്ഥകാഴ്ചപ്പാടുകളെ സാധൂകരിക്കാന്‍ ശ്രമിക്കുന്നു. സമീപത്ത് കടലിനഭിമുഖമായിരിക്കുന്ന കുടുംബത്തിലെ മൂത്തകുട്ടിയെന്നു തോന്നിക്കുന്ന സുന്ദരിയിലേക്ക് തിരിഞ്ഞ ശ്രദ്ധയെ അതിന്റെ വഴിക്കുവിട്ട് തിരിഞ്ഞുവരുമ്പോഴേക്കും നിറവിന്ന്യാസങ്ങള്‍ തീര്‍ത്തു മോഹിപ്പിച്ച സൂര്യന്‍ പടിഞ്ഞാറെവിടെയോ മറഞ്ഞിരുന്നു. ഓടുപാകിയും ഗ്രാനൈറ്റുകള്‍ പതിപ്പിച്ചും മനോഹരമാക്കിയ ഇരിപ്പിടങ്ങള്‍ക്കു മേലെ തലയുയര്‍ത്തി നില്‍ക്കുന്ന വൈദ്യുതിചിരാതുകള്‍ തൂകുന്ന പാല്‍വെളിച്ചം കടലിനഭിമുഖമായിരിക്കുന്നവര്‍ക്കു മുന്നില്‍ നീളന്‍ നിഴലുകള്‍ വരച്ചിട്ടു. തിരകള്‍ കരയണയാന്‍ വിശ്രമമില്ലാതെ ശ്രമിക്കുന്നുണ്ടെങ്കിലും പരാജിതരായി മടങ്ങിക്കൊണ്ടേയിരിക്കുന്നു. സന്ദര്‍ശകരെ തന്നിലേക്ക് മാടിവിളിക്കുന്ന ചെറുതിരകള്‍ ചിലരുടെയെങ്കിലും പാദങ്ങളില്‍ ചുംബിച്ചു മടങ്ങി. ഇഴുകിച്ചേര്‍ന്നവരെ ഓളങ്ങള്‍ നെഞ്ചിലടുക്കിപ്പിടിച്ച ശേഷം തീരത്തേക്ക് യാത്രയാക്കി.
കടല്‍ത്തീരത്ത് മാനം നോക്കി കിടക്കുന്ന സുഖം അറിഞ്ഞതും ഇതേ സായാഹ്നത്തിന്റെ സംഭാവനയിലെഴുതിച്ചേര്‍ക്കേണ്ടിവന്നു അന്നെനിക്ക്. മക്കാ മണല്‍ത്തട്ടില്‍ ഞാന്‍ പോയിട്ടില്ലേലും .... എന്നു തുടങ്ങുന്ന മനോഹരമായ ഗാനം നൗഷാദ് ഞങ്ങള്‍ക്കു വേണ്ടി പാടിത്തരുമ്പോള്‍ ഞാന്‍ മറ്റേതോ ലോകത്തിലായിരുന്നു. ആരും ആരെയും ശ്രദ്ധിക്കാതെ സ്വന്തം ലോകത്ത് അലിഞ്ഞുചേരുന്ന സുന്ദരനിമിഷങ്ങള്‍.
ഉപ്പിലിട്ട പൈന്‍ ആപ്പിളില്‍ എരിവുംപുളിയും കലര്‍ന്ന മുളകുചാറു തേച്ച് കഴിക്കുമ്പോള്‍ ഇതിലും സ്വാദേറിയ മറ്റൊരു വിഭവും ഈ ലോകത്ത് ഇല്ലയെന്നാണ് തോന്നിയത്. ഉപ്പിലിട്ടവയും ഭീമന്‍ ഐസ്‌കട്ട ഉരച്ചുണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളും വില്‍ക്കുന്ന ഉന്തുവട്ടിയില്‍ ഘടിപ്പിച്ച ചെറുവിളക്കിന്റെ വെളിച്ചം ഇരുട്ടിനെ കീറിമുറിയ്ക്കാന്‍ ബദ്ധപ്പെടുന്നതു സമയത്തിന്റെ സമയത്തെക്കുറിച്ച് വെളിപ്പെടുത്തി. 
മേഘാവൃതമായ ആകാശമേല്‍ക്കൂരയില്‍ നിന്ന് ഇടയ്ക്കിടെ അമ്പിളിമാമന്‍ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു ഞങ്ങള്‍ നാലുപേരെയും. ഒരു പക്ഷേ ആ പാല്‍പ്പുഞ്ചിരി കാണാന്‍ അന്നെത്രപേര്‍ക്കു കഴിഞ്ഞുവെന്നാണ് എന്റെ സംശയം. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന കടലിന്റെ സൗന്ദര്യത്തില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞിട്ടുവേണ്ടെ അവര്‍ക്കാ പാല്‍പ്പുഞ്ചിരി ദൃശ്യമാവാന്‍.
സന്ദര്‍ശകരുടെ കലപിലയെക്കാളുയരെയുയരെ കേള്‍ക്കുന്ന തിരകളുടെ സംഗീതം. മണല്‍ത്തരികളില്‍ അഴകളവുകളുടെ വകഭേദങ്ങളില്ലാതെ പതിഞ്ഞ കാല്‍പ്പാടുകള്‍. പതുപതുത്ത മണല്‍മെത്തയില്‍ സന്ദര്‍ശകര്‍ ഏല്‍പ്പിച്ച മുറിവുകളാണവയെന്നാണ് എനിക്കു തോന്നിയത്. സ്വപ്‌നങ്ങളുടെ, പ്രതീക്ഷകളുടെ, നിരാശയുടെ, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ സൂത്രവാക്യങ്ങള്‍ ഒളിപ്പിച്ചയവരുടെ മനസ്സിന്റെ ഭാരമേല്‍പ്പിച്ച മുറിവുകള്‍...
എല്ലാം മറക്കുവാന്‍ ചിലര്‍, എല്ലാം ഓര്‍മിക്കുവാന്‍ ചിലര്‍... കടല്‍ അലയടങ്ങാത്ത തന്റെ കണ്ണീരു കാട്ടി അവരെ ആശ്വസിപ്പിക്കുന്നു. അവ പകരുന്ന സംഗീതം കേള്‍പ്പിച്ച് ആനന്ദിപ്പിക്കുന്നു. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന തന്റെ ലോകത്തേക്ക് യാത്രപോവാന്‍ അവരെ കൊതിപ്പിക്കുന്നു. ഒരു സന്ധ്യയുടെ  അന്ത്യനിമിഷങ്ങള്‍ കോഴിക്കോട് ബീച്ചില്‍ പങ്കുവച്ച് തിരികെപോവുമ്പോള്‍ രാത്രി കടല്‍ ഏകയാകുമോ എന്നൊരു നിമിഷം ശങ്കിച്ചു. പിന്നെ ജീവിതയേടുകള്‍ക്ക് നിറംപകരാന്‍ വിഭവങ്ങള്‍ തേടി മറ്റൊരു സംഘം കടലിന്റെ വിശാലമായ പരപ്പുകളില്‍ ചെറുതോണികളിലും ബോട്ടുകളിലും അലഞ്ഞുനടക്കുന്ന കാഴ്ച മനക്കണ്ണില്‍ കണ്ടു. തുടര്‍ന്ന്‌ എത്രയും വേഗം ഹോസ്റ്റലണയാന്‍ തിടുക്കപ്പെട്ട് നീങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പമെത്താന്‍. ഞാന്‍ അതിവേഗം നടന്നു.

4 comments:

 1. ബീച്ചിലെ ആവൈകുന്നേരത്തെ സുന്ദര അനുഭവം അക്ഷരങ്ങളില്‍ ഇത്ര മനോഹരമാക്കി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ !!!!!!!!!!!പല വര്‍ണ്ണങ്ങളില്‍നിറഞ്ഞ് തുളുമ്പുന്നമാനത്ത് നോക്കി ഓര്‍മകളിലെ വേദനയും നൊമ്പരവും സുഖവും അറബിക്കടലിന്റെ ചാരത്ത് ഒരുമിച്ചിരുന്ന് പങ്ക് വച്ചദിനം!!!!!!!!!!

  ReplyDelete
 2. എല്ലാ സങ്കടങ്ങളെയും ഉള്‍ക്കൊള്ളാനുള്ള കടലിന്റെ കഴിവ് അപാരമാണ്. അതുകൊണ്ടാവുമോ ആലങ്കാരികമായി ചിലരെങ്കിലും സങ്കടക്കടല്‍ എന്നു പറയുന്നത്.
  /.... തിരകള്‍ കരയണയാന്‍ വിശ്രമമില്ലാതെ ശ്രമിക്കുന്നുണ്ടെങ്കിലും പരാജിതരായി മടങ്ങിക്കൊണ്ടേയിരിക്കുന്നു.../ ആ പ്രയോഗം എനിക്കിഷ്ടായി. മന്വന്തരങ്ങളോളും ശ്രമിച്ചിട്ടും നടക്കാത്ത ദൗത്യം തിരകള്‍ പിന്നെയും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അതിനിടയില്‍ രണ്ടാം വട്ടം ശ്രമം ഉപേക്ഷിക്കുന്ന നമ്മളൊക്കെ എത്ര നിസ്സാരന്മാര്‍

  ReplyDelete
 3. എല്ലാം മറക്കുവാന്‍ ചിലര്‍, എല്ലാം ഓര്‍മിക്കുവാന്‍ ചിലര്‍.. Beautiful lines dear,

  കടലിനെ എനിക്കിഷ്ടമാണ്;ചിലപ്പോള്‍ പേടിയും

  എല്ലാ ദുഃഖങ്ങളും ഉള്ളില്‍ വഹിച്ച്
  പുറമെ ശാന്തമായി പതയുന്ന കടലിനേക്കള്‍
  പൊട്ടിത്തെറിക്കാന്‍ അഗാതതയില്‍
  സദാ പര്‍വ്വതങ്ങളെ കാത്തുസൂക്ഷിച്ച കടലിനെയാണ് എനിക്കിഷ്ടം

  ReplyDelete