പുതിയ ഒരംഗം കൂടി വീട്ടില്‍ വന്നതായുള്ള സന്തോഷവാര്‍ത്തയറിഞ്ഞാണ് ജൂണ്‍ ഒന്നിന് രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വീട്ടിലേക്ക് വണ്ടി കയറിയത്. സ്‌റ്റേഷനിലെത്തുമ്പോള്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായി തിരക്ക് നന്നേ കുറവായിരുന്നു. 8.40നുള്ള പരശുവിനു കയറിപ്പറ്റാന്‍ ധാരാളമാളുകള്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് സീറ്റു തരപ്പെട്ടു. ജ്യേഷ്ഠന്റെ മകനെ കാണാനുള്ള ആഗ്രഹമാണ് യാത്രയിലുടനീളം നിറഞ്ഞു നിന്നത്.
മാര്‍ക്ക് ടൈ്വന്റെ ദ അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍ എന്ന നോവലിന്റെ മലയാള പരിഭാഷ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ വായിച്ചും കാഴ്ചകള്‍ കണ്ടും നേരം പോക്കി. അങ്കമാലിയില്‍ ഇറങ്ങി പുറത്തേക്കു നടക്കുമ്പോള്‍ അവിചാരിതമായി ഒരു കാഴ്ച ശ്രദ്ധയില്‍പ്പെട്ടു. തന്നോളം പോന്ന, കുന്നോളം കൗതുകമുള്ള മകനെ ചേര്‍ത്തുപിടിച്ചു നടക്കുന്ന സുമുഖനും സന്തോഷവാനുമായ ഒരു മധ്യവയ്‌സ്‌കന്‍. അവരെ മറികടന്നെങ്കിലും ഒരു തവണ കൂടി തിരിഞ്ഞുനോക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. ബുദ്ധിമാന്ദ്യമുള്ള മക്കളെ വളര്‍ത്തുകയും അവരോട് സ്‌നേഹപൂര്‍വം പെരുമാറുകയും ചെയ്യുന്ന മാതാപിതാക്കളെ കുറിച്ചും അവര്‍ നിറവേറ്റുന്ന മഹത്തരമായ കര്‍ത്തവ്യത്തെക്കുറിച്ചുമാണ് ബസ്സിലിരിക്കുമ്പോള്‍ ആലോചിച്ചത്. സന്ധ്യയോടെ കട്ടപ്പനയില്‍ ബസ്സിറങ്ങി നേരെ ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. ഇത്തിരിപ്പോന്ന ചെറുക്കനെ കൈയിലെടുക്കുമ്പോള്‍ വേര്‍തിരിച്ചറിയാനാവാത്ത അനുഭൂതി, ആഹ്ലാദം.
അവധിയുടെ ബാക്കി ദിനങ്ങള്‍ ചെലവഴിക്കുന്നതിനിടെ കേട്ട നാട്ടുവാര്‍ത്തകളില്‍ ചിലവ വേദനിപ്പിക്കുന്നതായിരുന്നു.
കേള്‍ക്കുന്നവര്‍ക്ക് അര്‍ഥമറിയില്ലെങ്കിലും വാക്കുകളുടെ കെട്ടഴിച്ചുതുടങ്ങുന്ന ശൈശവദശയിലുള്ള മകനെയും ഇരുപത്തഞ്ചു പിന്നിടാത്ത ഭാര്യയെയും ഒരു നാള്‍ കാരണം കൂടാതെ ഉപേക്ഷിച്ചു പോയ സമീപ ജില്ലക്കാരനെക്കുറിച്ചായിരുന്നു ഒരു വാര്‍ത്ത.
കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്ത പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ കൊണ്ടുപോയി വിടാന്‍ ആലോചിക്കുന്ന ചെറുക്കന്‍വീട്ടുകാരെക്കുറിച്ച് രണ്ടാമത്തേതും.
കുഞ്ഞുമകനെയും ഭാര്യയെയും ഉപേക്ഷിച്ചു പോയ ദയാശൂന്യനും ഗര്‍ഭം ധരിക്കാന്‍ വൈകുന്നതില്‍ പഴികേള്‍ക്കുന്ന ഹതഭാഗ്യയായ പെണ്‍കുട്ടിയും വല്ലാത്ത അസ്വസ്ഥതയും വേദനയും ഉളവാക്കി ഇടവേളകളില്ലാതെ എന്റെ ചിന്തകളില്‍ ഏറെസമയം മുന്നിട്ടുനിന്നു. ബുദ്ധിമാന്ദ്യമുള്ള യുവാവിനെ ചേര്‍ത്തുപിടിച്ചു നടക്കുന്ന സന്തോഷവാനായ പിതാവ് എന്റെ ഹൃദയത്തിനുള്ളിലൂടെയാണ് അപ്പോള്‍ അതിമൃദുവായി നടന്നുപോയത്.
പടച്ചവന്‍ നല്‍കുന്ന അവസരങ്ങള്‍ വിനിയോഗിക്കുന്ന രീതിയിലാണ് സന്തോഷവും സംതൃപ്തിയും നിലനില്‍ക്കുന്നത്. പങ്കാളികള്‍ക്കിടയിലെ ചെറിയ താളപ്പിഴകളെ പരിഹരിച്ചും ഇല്ലായ്മകളെ ആഘോഷമാക്കിയും ദൈവവിധിയില്‍ സമാധാനിച്ചും കുടുംബജീവിതം സന്തോഷപൂര്‍വം മുന്നോട്ടുകൊണ്ടുപോവാന്‍ ആദ്യത്തെ രണ്ടുകൂട്ടര്‍ക്കും അതുപോലെയുള്ള മറ്റുള്ളവര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍... പ്രതീക്ഷ അസ്തമിക്കാതിരിക്കട്ടെ...
ഓഫ്: കുഞ്ഞിനു പേരിട്ടു; ആദില്‍. ഇടുക്കിയുടെ കാലാവസ്ഥ, അതും ഈ കാലവര്‍ഷത്തിന്റെ തുടക്കവേളയില്‍ തന്നെ അവന്‍ അറിയുന്നുണ്ട്. അതിന്റെ ചിണുങ്ങലുകള്‍ ഞങ്ങളും.
ഭൂമിയിലെ ഏറ്റവും നല്ല മാതാപിതാക്കള്‍ അവരായിരിക്കും. ദൈവത്തിന് അത്രയും വിശ്വാസമുള്ളവര്‍ക്കുമാത്രമേ നിഷ്‌കളങ്കരായ, ഭൂമിയിലെ കാപട്യങ്ങളറിയാത്ത മക്കളെ നല്‍കൂ...ആദില്‍ എല്ലാ അനുഗ്രഹങ്ങളോടും കൂടെ വളരട്ടെ...നമുക്കും നല്ല മനുഷ്യരാവാന്‍ പഠിക്കാം
ReplyDelete