Saturday, October 30, 2010
പോരാട്ടത്തിന്റെ അതിമധുരം നുകരുന്നവര്‍
സ്വന്തം രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെടുന്നതിനെതിരേ
പ്രതികരിക്കരുതെന്നാണോ ഇസ്രായേലിന്റെ
ക്ഷേമരാജ്യങ്ങളെ നിങ്ങള്‍ പറയുന്നത്?
വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ തീര്‍ക്കുന്ന
നിറവ്യന്ന്യാസങ്ങളും കുരുന്നുമേനികള്‍
കുത്തിത്തുളക്കുന്ന ലോഹച്ചീളുകളും
നിങ്ങളുടെ കാഴ്ചകള്‍ക്കപ്പുറമാണെന്നോ?
തോക്കിനുമുന്നില്‍ തുണിയുരിയാത്തതാണോ
ഫലസ്തീനി യുവതികള്‍ ചെയ്യുന്ന തെറ്റ്?
ഇസ്രായേലീസേനയുടെ വെടിയുണ്ടകള്‍ക്കു
പരിചയോ വിശുദ്ധമണ്ണിലെയീ ജനത?
മുള്‍വേലികള്‍ക്കിപ്പുറമൊരു ചെറുലോകത്ത്
ടാങ്കുകള്‍ക്കും റോക്കറ്റുകള്‍ക്കും ബുള്‍ഡോസറുകള്‍ക്കും
ഭക്ഷണമാവാന്‍ ഞങ്ങള്‍ കാത്തിരിക്കണമെന്നാണോ
നിങ്ങള്‍ പറയുന്നത്?
കാതുകളും കണ്ണുകളും തുറന്നുവച്ചോളൂ,
നിങ്ങള്‍ക്ക് മതിവരുവോളം കാണാന്‍, കേള്‍ക്കാന്‍
ഞങ്ങളിവിടെ ചരിത്രം രചിച്ചുകൊണ്ടേയിരിക്കുന്നു.
തീ തുപ്പുന്ന ടാങ്കറുകള്‍ക്കു മുമ്പില്‍ നിര്‍ഭയരായി
കരിങ്കല്‍ച്ചീളുകള്‍ തൊടുക്കുന്ന
ഇത്തിരിപ്പോന്ന പയ്യന്മാരെ
നിങ്ങളിനിയും കണ്ടിട്ടേ ഇല്ലെന്നോ?.
ആ കണ്ണുകളിലെ തിളക്കമാവും ഒരു പക്ഷേ
നിങ്ങളെ അന്ധരാക്കുന്നത്.
പിറന്ന മണ്ണ് അധിനിവേശകരില്‍ നിന്ന്
തിരിച്ചുപിടിക്കുകയെന്ന സ്വപ്‌നമാണവരുടെ
കണ്ണൂകളില്‍ തീവെളിച്ചം പകരുന്നത്.
ഇന്നല്ലെങ്കില്‍ നാളെയാ സ്വപ്‌നം
പുലരുക തന്നെ ചെയ്യും.
അന്നുമാത്രമാണ് ഫലസ്തീനി കുരുന്നുകള്‍ക്ക്
കളിപ്പാട്ടത്തിന്റെ മധുരം മനസ്സിലാവൂ...
അതുവരേക്കും പോരാട്ടത്തിന്റെ അതിമധുരം നുകരട്ടെയവര്‍...
Labels:
ഇസ്രായേല്‍,
കുരുന്നുകള്‍,
പോരാട്ടം,
ഫലസ്തീന്,
രക്തസാക്ഷി,
സ്വാതന്ത്ര്യം
Monday, October 25, 2010
ബാക്കി വച്ച സന്ദേശം
നീട്ടുമ്പോഴൊക്കെയും
ആ കൈകളില്‍ കറന്‍സിനോട്ടുകള്‍
തിരുകിയവരും
നിലയുറക്കാത്ത പാദങ്ങള്‍ക്ക്
പട്ടുമെത്ത വിരിച്ച തെരുവോരവും
ലഹരി പതയുന്ന പാനപാത്രവും
സ്പന്ദനം നിലച്ച കവിയെ
മറക്കാനാവാതെ ഇവിടെ ബാക്കിയാവുന്നു.
മദ്യത്തിന്റെ ചുവനിറഞ്ഞ
തെറിവാക്ക് മൊഴിഞ്ഞ നാവും
പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക്
പിറവികൊടുത്ത വിരല്‍തുമ്പും
ഈ ലോകത്തിന് ബാക്കിവയ്ക്കുന്ന
സന്ദേശമെന്താവാം?
Tuesday, October 5, 2010
കുരുവികള്‍ പറക്കുന്നത്
കുരുവികള്‍ എന്റെ സ്വപ്‌നങ്ങള്‍ക്കു
മീതെയാണ് പറക്കുന്നത്.
കിടപ്പാടം ചുമലിലേറ്റിയ
ഭീമനൊച്ചിന്റെ യാത്ര പോലും
എന്റെ ജീവിതത്തേക്കാള്‍ വേഗതയിലാണ്.
എങ്കിലും ബന്ധങ്ങളുടെ കെട്ടുപാടില്‍
ഈ മെല്ലെപ്പോക്കാണെനിക്കിഷ്ടം.
കണ്ണീരുപ്പുകലര്‍ന്ന എന്റെ കഥകള്‍
കേള്‍ക്കാന്‍ കാതുകള്‍ തുറന്നുവച്ചിരിക്കുന്ന
സുഹൃത്തുക്കളുണ്ടെനിക്കു കൂട്ടായി...
പകരം മായം കലരാത്ത
മന്ത്രണങ്ങളെനിക്കായവര്‍ കരുതിവച്ചിരിക്കുന്നു.
കുരുവികള്‍ സ്വപ്‌നങ്ങളേക്കാളുയരത്തില്‍
പാറട്ടെ, ഭീമനൊച്ച് തന്റെ ദ്രുത യാത്രയുടെ
അടയാളമെന്റെ ജീവിതത്തില്‍ വീഴ്ത്തട്ടെ.
ഞാനീ മന്ദമൊഴുകുന്ന കടലാസ് തോണിയില്‍
കരയണയുന്നതും കാത്തു യാത്ര തുടരാം...
Friday, October 1, 2010
എസ്.എം.എസ്
ആരോരുമറിയാതെ കൈമാറിയിരുന്ന കുറിമാനങ്ങള്‍ക്കു
പിന്‍ഗാമിയായി ഇന്നെന്റെ പോക്കറ്റിലൊരു
വിറയലായി അവളുടെ കൊഞ്ചലുകള്‍ ചാരയണയുന്നു.
കീപാഡില്‍ ഭ്രാന്തമായ വേഗതയില്‍
ഓടിനടന്നാണ് വിരലുകള്‍ മറുപടി തൊടുക്കുന്നത്.
സിഗ്നലും ബാറ്ററിയും ചതിക്കുന്നതു
മാത്രമാണ് ഞങ്ങള്‍ക്കിടയിലെ പ്രതിബന്ധങ്ങള്‍.
ഊണും ഉറക്കവും യാത്രയുമൊക്കെ
ഞങ്ങളുടെ കലപിലയാല്‍ സമൃദ്ധമാണ്.
വിരലുകളുടെ ഭാഷയാണ് ഹൃദയം
കൂടുതല്‍ മനസ്സിലാക്കുന്നത് എന്നു
തോന്നിത്തുടങ്ങിയിരിക്കുന്നു ഇപ്പോള്‍.
Subscribe to:
Posts (Atom)