Saturday, November 13, 2010

റിസര്‍വേഷന്‍


നരവീണ നരനപൂര്‍വമാവുന്ന കാലം.
പിഴുതെറിഞ്ഞും ചായമടിച്ചും
പ്രായത്തെ വെല്ലാന്‍ തീവ്രശ്രമങ്ങള്‍.
നര മാത്രമല്ല, ചുളിവും മാറ്റിക്കൊടുക്കാമെന്ന്
പത്രത്താളുകളില്‍ പരസ്യം.
'ഉറക്കമില്ലാത്ത' രാത്രികള്‍ സമ്മാനമെന്ന
മരുന്നുകൂട്ടിന്റെ പെട്ടിക്കോളം വിളംബരം വേറെയും.
പരീക്ഷണങ്ങള്‍ക്ക് സ്വയം ഗിനിപ്പന്നികളും
പിന്നീട് മൗനികളുമാവുന്ന 'യുവത'.
വൃദ്ധരെന്നൊരു റിസര്‍വേഷന്‍ ബസ്സില്‍,
ആപ്പീസുകളിലും ആശുപത്രികളിലും
വഴിമാറിത്തരുന്ന ക്യൂവുകള്‍.
പൊതുചടങ്ങുകളിലും കല്യാണവീട്ടിലും
കിട്ടുന്ന മുന്തിയ പരിഗണന.
പക്ഷേ, ഇനിയങ്ങോട്ട് വാര്‍ധക്യമില്ലെങ്കില്‍
ഈ റിസര്‍വേഷനുകള്‍ എന്തു ചെയ്യും നാം.

Sunday, November 7, 2010

കണ്ണീര്‍


അരുതെന്നു വിലക്കിയിട്ടും എന്തിനീ
കണ്ണീരിറ്റു വീഴുന്നതെന്നോര്‍ത്ത്
അദ്ഭൂതപ്പെടാറുണ്ട് ഞാന്‍.
ഒരു പക്ഷേ ഈ നീര്‍മുത്തുകള്‍ക്ക്
പൊഴിയാതിരിക്കാനാവില്ലായിരിക്കാം.
മുറിപ്പെട്ട ഹൃദയത്തിന് സാന്ത്വനം പകരുകയോ
ഓര്‍മകള്‍ മനസ് നീറ്റുമ്പോള്‍ അറിയാതെ
പൊടിഞ്ഞുപോണതോ ആവാം.
അതുമല്ലെങ്കില്‍ എന്റെ സങ്കടക്കടലില്‍
ശ്വാസം മുട്ടി രക്ഷപ്പെട്ടുതിരുന്നതുമാവാം.
പൊഴിയുന്നതിനു മുമ്പേ ആരുമറിയാതെ
എവിടെയാണീ ചെറു കൂട്ടം  ഒളിഞ്ഞിരിക്കുന്നത്.
ഇടതടവില്ലാതെ മിടിക്കുന്ന
ഇറച്ചിത്തുണ്ടിനകത്തോ*?
അതുവേദനിക്കുമ്പോള്‍ മാത്രമാണല്ലോ
ഉപ്പുകലര്‍ന്നയീ കൂട്ടം പുറത്തുചാടുക.
പിറവികൊണ്ടയുടന്‍ ജീവന്‍ തൃജിക്കാനാണു
വിധിയെങ്കിലും നാലാളുകണ്ടാല്‍ പറയും
ആ കണ്ണീരിന്റെ വിലയെക്കുറിച്ച്,
അതിനേക്കാളേറെ ആ നോവിനെക്കുറിച്ച്...

Wednesday, November 3, 2010

രണ്ടുതരം ചിന്ത


ചുണ്ടോളമെത്തിയ തീക്കെട്ട്
വലിച്ചെറിയുമ്പോള്‍ എന്താവാമീ-
ക്കൂട്ടര്‍ ചിന്തിക്കുന്നത്.
എരിഞ്ഞുതീര്‍ന്ന ചെറുചാരക്കൂമ്പാരം
പകര്‍ന്ന നിമിഷ സുഖത്തെക്കുറിച്ചോ?
കെട്ടിമുറുകിയ ചിന്തകള്‍ക്കൊരല്‍പ്പ
വിശ്രമത്തെക്കുറിച്ചോ...?
വിഷപ്പുക തീര്‍ക്കുന്ന വളയങ്ങളിലൂടെ
കാഴ്ച പലേടത്തും തറയ്ക്കുമ്പോഴും
ചാരനാമ്പുകള്‍ അശ്രദ്ധമായി
നിലംചുംബിച്ചുകൊണ്ടേയിരിക്കും.
ആസക്തിക്കും ആസ്വാദനത്തിനും
ആളനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാവാം.
പക്ഷേ സ്വയമെരിഞ്ഞുതീരുമ്പോളും
തനിക്കുപിറകെ ആയുസ്സ് തീര്‍ക്കുന്നയീ
വര്‍ഗത്തെക്കുറിച്ച് പുകയിലത്തരികള്‍
ആലോചിക്കാതിരിക്കുമോ?