Friday, November 14, 2008
ആദ്യപ്രണയം ഒരോര്‍മ
ആദ്യമായി എന്നില്‍ പ്രണയമെന്ന മൂന്നക്ഷരത്തിന്റെ അസ്വസ്ഥതയും മധുരവും നിറയുന്നത് പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. 2000ലെ ഡിസംബര്‍ മാസമായിരുന്നു അത്. വിശാലമായ മൈതാനത്തിന്റെ ഒരു മൂലയില്‍ കൂട്ടുകാരോടൊത്തു സൊറ പറഞ്ഞിരിക്കുമ്പോഴാണ് ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയ പെണ്‍കുട്ടികളിലൊരാള്‍ എന്നെ ശ്ര ദ്ധിക്കുന്നതു കാണുന്നത്. അന്നുവരെ തോന്നാതിരുന്ന ഒരു വികാരത്തിന്റെ തുടക്കമായിരുന്നു അന്നത്തെ നിമിഷം എനിക്കു സമ്മാനിച്ചത്. ഒമ്പതാം ക്ലാസ്സില്‍ ഞങ്ങളൊരുമിച്ചായിരുന്നെങ്കിലും അങ്ങിനെയൊരു ചിന്ത എന്റെ മനസ്സില്‍ രൂപപ്പെട്ടിരുന്നില്ല. ഡിവിഷന്‍ വെട്ടിക്കുറച്ചതു മൂലമുണ്ടായ വേര്‍പെടുത്തലാവാം ഒരു പക്ഷേ എന്നെ അങ്ങിനെ ചിന്തിപ്പിച്ചത്. അപ്രതീക്ഷിതമായി തോന്നിയ ഇഷ്ടം അവളെ അറിയിക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ഒടുവില്‍ അതിനുള്ള വഴിയും തെളിഞ്ഞു. സുഹൃത്തിന്റെ കാമുകി മുഖാന്തരം ഒരു കത്തുകൊടുക്കുക. ക്രിസ്‌മസ് അടുത്തുവരുന്നതിനാല്‍ കാര്‍ഡുകള്‍ കൈമാറുന്ന തിരക്കിലായിരുന്നു എല്ലാവരും.
ആദ്യഘട്ടമെന്ന നിലക്ക് മനോഹരമായ ഒരു കാര്‍ഡ് അവള്‍ക്കായി വാങ്ങി. അക്ഷരങ്ങളിലേക്ക് ഇഷ്ടത്തെ കുടിയിരുത്തി അവള്‍ക്കു കൊടുത്തുവിട്ടത് അധികരിക്കുന്ന നെഞ്ചിടിപ്പോടെയാണ്. കൈയില്‍ കിട്ടിയ കാര്‍ഡ് കീറിയെറിയുക എന്നതായിരുന്നു ആദ്യപ്രതികരണം. എന്നാല്‍ നിരാശനാവാതെ നാലുമണിയുടെ ബെല്ലുമുഴങ്ങിയതും അവള്‍ ബസ്‌കയറാന്‍ വരുന്ന വഴിയില്‍ പ്രതീക്ഷയോടെ ഞാന്‍ കാത്തുനിന്നു. എന്നെ അഭിമുഖീകരിക്കാനുള്ള മടി നല്ലവണ്ണം ഞാനാമുഖത്ത് വായിച്ചു. നാണിച്ച ചിരിയോടെ കൂട്ടുകാരികള്‍ക്കു വേണ്ടി കാത്തുനിന്ന ശേഷമാണ് അവള്‍ സ്‌കൂള്‍ മുറ്റത്തുനിന്നു റോഡിലേക്കിറങ്ങിയത്. പക്ഷേ പരിഭ്രമത്താല്‍ മറുപടി തേടാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. അവള്‍ കയറിയ ബസ് കണ്ണില്‍ നിന്നു മറഞ്ഞതിനു ശേഷമാണ് എനിക്കവിടെ നിന്നു ചലിക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്നങ്ങോട്ടുള്ള എന്റെ ദിനങ്ങള്‍ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വിത്തു പാകിയാണ് യാത്രയായത്. മനസ്സില്‍ നിറയെ അവള്‍. സംസാരം മുഴുവന്‍ അവളെക്കുറിച്ച്. ചിന്തകള്‍ നിറയെ അവള്‍. എന്നാല്‍ ഒരിക്കലും അവളുടെ ഇഷ്ടത്തെ ഞാന്‍ നേരിട്ടു ചോദിച്ചില്ലാ എന്നതാണ് സത്യം. രണ്ടു തവണ കൂടി എന്റെ ഇഷ്ടത്തെ കുറിമാനമായി ഞാനവള്‍ക്കു കൈമാറി. അതിലൊന്ന് അവിചാരിതമായി എത്തിപ്പെട്ടത് അവളുടെ ക്ലാസ് ടീച്ചറിന്റെ കൈയിലും. ടീച്ചറിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതില്‍ വന്നുപെട്ട ഗതികേട് എന്നെ അസ്വസ്ഥനാക്കിയിരുന്നില്ല. അവളതിനൊന്നും മറുപടി തന്നതുമില്ല; പക്ഷേ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ ക്ലാസിനു മുമ്പിലൂടെയുള്ള എന്റെ റൗണ്ട്‌സ് മുടക്കം കൂടാതെ നടന്നു. ചിലപ്പോള്‍ അവള്‍ ചിരിച്ചു. ചിലപ്പോള്‍ കണ്ടില്ലെന്നു നടിച്ചു. ചിലപ്പോള്‍ അവളെ കൂട്ടുകാരികള്‍ എന്റെ മുമ്പിലേക്ക് തള്ളിവിട്ടു. അങ്ങിനെ മാര്‍ച്ച് മാസവും എത്തി. ഒത്തുകൂടലുകള്‍ക്ക് പരിസമാപ്‌തിയായെന്ന മുന്നറിയിപ്പായിരുന്നു ആ മാസം. നിറക്കൂട്ടുകള്‍ നിറഞ്ഞ ചുവപ്പ് കവറുള്ള ഓട്ടോഗ്രാഫായിരുന്നു ഞാന്‍ ഓര്‍മകളുടെ കൂട്ടിവയ്‌ക്കലുകള്‍ക്ക് വാങ്ങിയത്. നേരിട്ടല്ലെങ്കിലും അവളുടെ അക്ഷരങ്ങള്‍ക്കു വേണ്ടി ഓട്ടോഗ്രാഫ് കൈമാറിയിട്ട് ഞാന്‍ ദൂരെ നിന്നു നോക്കി. പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു അപ്പോഴാ മുഖത്ത്.
തിരികെകിട്ടിയ ഓട്ടോഗ്രാഫില്‍ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്നു സ്‌നേഹപൂര്‍വമുള്ള ആശംസ........ഹൃദയത്തില്‍ വീണ്ടും പ്രതീക്ഷയുടെ പൂത്തിരികള്‍ കത്തി. പരീക്ഷാച്ചൂടില്‍ നിന്നു റിസല്‍റ്റിന്റെ ആവലാതിയിലേക്കു കൂപ്പുകുത്തുന്ന ദിവസങ്ങളായിരുന്നു പിന്നീട്. എങ്കിലും കടന്നുപോവുന്ന ബസ്സിലൊക്കെയും കണ്ണുകള്‍ അവളെ പരതിക്കൊണ്ടേയിരുന്നു. എപ്പോഴെങ്കിലും കാണാനാവുമെന്ന പ്രതീക്ഷയോടെ. വള്ളിച്ചെടികളും പൂക്കളുമൊക്കെ അവളായി കരുതി ഞാന്‍ സംസാരിച്ചു. ചിലപ്പോള്‍ കണ്ണാടിക്കു മുമ്പില്‍ ഞാന്‍ നെടുനീളന്‍ സംസാരത്തിന്റെ കെട്ടഴിച്ചു വിട്ടു. അവള്‍ നിശ്ശബ്ദം ഒക്കെയും ശ്രവിച്ചു. ചില രാവുകളില്‍ ഉറക്കം വരാതെ ഞാന്‍ കിടക്കിയില്‍ സമയം ചിലവഴിച്ചു. കൈയില്‍ കിട്ടുന്ന കല്ലുകള്‍ കൊണ്ട് പാറകളിലും മറ്റും അവളുടെ പേരുകള്‍ കോറിയിട്ടു. ബുക്കുകളില്‍ പേരിനോടു ചേര്‍ത്തും അല്ലാതെയും തിരിച്ചും മറിച്ചും അവളുടെ പേരുകള്‍ നിറഞ്ഞു. പക്ഷേ വിധി മറ്റൊന്നായിരുന്നു. പ്ലസ് വണ്ണിനു ഞാന്‍ ചേര്‍ന്ന കലാലയത്തില്‍ തന്നെ അവളുമെത്തി. എന്നാല്‍ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്ന് നീലനക്ഷത്രങ്ങള്‍ നിറഞ്ഞ ഓട്ടോഗ്രാഫിലെ താളില്‍ അവള്‍ കുറിച്ച വരികള്‍ മാത്രം സത്യമായില്ല. എനിക്കു മുന്നില്‍ അവള്‍ കൂടുതല്‍ സുന്ദരനായ കാമുകനുമൊത്ത് രണ്ട് വര്‍ഷം ചെലവഴിച്ചു. സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടിയ ഞാന്‍ പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും നെയ്‌തുതുടങ്ങി. പിന്നെയും മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഞാനവളെ നേര്‍ക്കുനേര്‍ കണ്ടു. ഒരു വേള കാഴ്‌ച കോര്‍ത്തു വലിച്ചു. തുടര്‍ന്ന് വിശാലമായ ഒരു പുഞ്ചിരി സമ്മാനിച്ചവള്‍ എന്നെകടന്നു പോയി. അവളോടു തോന്നിയിരുന്ന നീരസം ആ നിമിഷം ഞാന്‍ മറന്നു. അവളുടെ പിന്നാലെ ചെന്ന് വിശേഷങ്ങള്‍ ചോദിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായെങ്കിലും മനപ്പൂര്‍വം ഉപേക്ഷിച്ചു. പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. ഇടയ്‌ക്കെപ്പോഴോ കേട്ടു നഴ്‌സിങ് പഠിക്കാന്‍ ബാംഗ്ലൂരില്‍ ആണെന്ന്. പിന്നീടിതു വരെ ഞാനവളെ കണ്ടിട്ടില്ല; എങ്കിലും എന്റെ മനസ്സില്‍ അവള്‍ നിറഞ്ഞുനില്‍ക്കുന്നു. സഫലമായില്ലെങ്കിലും ആദ്യപ്രണയത്തിന്റെ മരിക്കാത്ത ഓര്‍മയായി. അവള്‍ക്ക് സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടാവട്ടെ എന്ന പ്രാര്‍ഥന കൈവിടാതെ....
Subscribe to:
Post Comments (Atom)
കൊള്ളാം ... [:)]
ReplyDeleteനല്ല വിവരണം, മനസ്സില്‍ തട്ടി.
ReplyDeleteആശംസകള്‍
നാലു മണിക്കുള്ള ബസ്സു പോയാൽ
ReplyDeleteനാലരെക്കുള്ള ബസ്സ് കിട്ടു സാരമില്ലാ സുഹൃത്തേ
വേറോന്നു കിട്ടും
nalla template, ee post maatrame vayichullu.. enikkisthayi mashee
ReplyDeleteഎനിക്കു മുന്നില്‍ അവള്‍ കൂടുതല്‍ സുന്ദരനായ കാമുകനുമൊത്ത് രണ്ട് വര്‍ഷം ചെലവഴിച്ചു. ...
ReplyDeletehow sad.. :(