Thursday, February 12, 2009

പ്രാര്‍ഥനയില്‍ ഇവളെയും ഉള്‍പ്പെടുത്തൂ...


ആദ്യപ്രണയത്തെ അനുസ്‌മരിച്ച്‌ മാസങ്ങള്‍ക്കു മുമ്പ്‌ ബ്ലോഗില്‍ പോസ്‌റ്റിട്ട വേളയില്‍ ഞാന്‍ 9 വര്‍ഷങ്ങള്‍ക്ക്‌ പിറകിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയിലേക്കാണ്‌ തിരിച്ചുപോയത്‌. കൗമാരക്കാരന്റെ കൗതുകങ്ങള്‍ക്കുമപ്പുറമുള്ള പരിഭ്രമത്തോടെ ആദ്യ പ്രണയക്കുറിപ്പിന്റെ മറുപടി കാത്ത്‌ നിന്ന ആ പത്താംക്ലാസ്സുകാരനാവാന്‍ മനസ്‌ ഒരുപാട്‌ കൊതിച്ചുപോയിരുന്നു ആ വേളയില്‍. എന്നാല്‍ 8, 9 ക്ലാസ്സുകളില്‍ ഒപ്പം പഠിച്ച ആ സുന്ദരിക്കുട്ടി എന്റെ ഇഷ്ടത്തിന്‌ യെസ്‌ എന്ന മറുപടി തന്നിരുന്നില്ല. എങ്കിലും അവളെ കാണാന്‍ ആ പുഞ്ചിരി സ്വന്തമാക്കാന്‍ ഞാന്‍ ഒരുപാട്‌ കൊതിച്ചിരുന്നു.അവളെ യാത്രയാക്കാന്‍ ബസ്‌ സ്റ്റാന്റില്‍ കണ്ണിമ ചിമ്മാതെ നിന്നിരുന്ന കുസൃതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യപ്രണയത്തിന്റെ മധുരം മനസ്സ്‌ നിറച്ചിരുന്നു. ഒരിക്കലും കിട്ടാതെ പോയ ആ പ്രണയത്തിന്‌, പ്രണയിനിക്ക്‌ എന്റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു എന്നു ഞാനറിയുന്നത്‌ എന്റെ പ്രിയ സുഹൃത്ത്‌ ഇന്ന്‌ വിളിച്ചറിയിച്ച ആ ദുഃഖ വാര്‍ത്തയിലൂടെയാണ്‌. കാര്‍ന്നുതിന്നുന്ന അര്‍ബുദത്തിന്റെ ഇരയായി എന്റെ 'പ്രിയപ്പെട്ടവള്‍'(അങ്ങിനെ ഈ വേളയിലെങ്കിലും ഞാന്‍ വിശേഷിപ്പിക്കട്ടെ) മരണത്തോടു മല്ലടിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവളെക്കുറിച്ച്‌ എന്നോടൊരാള്‍ സംസാരിക്കുന്നത്‌. അവളുടെ നിസ്സഹായാവസ്ഥ കാതില്‍ പതിച്ച നിമിഷം ഹൃദയം ഒരു നിമിഷം നിലച്ചു, കണ്ണീര്‍ ഉരുണ്ടുകൂടി. കൗമാരത്തിന്റെ ബലഹീനതയായി മാത്രം കരുതാവുന്ന ഒരു പ്രണയത്തിന്‌, ആഗ്രഹത്തിന്‌ ഇത്രമാത്രം കരുത്തായിരുന്നു എന്ന്‌ ഇന്നുമാത്രമാണ്‌ ഞാനറിഞ്ഞത്‌. തുടര്‍ന്നുചോദിച്ചപ്പോഴാണ്‌ കേവലം ആറുമാസം മുമ്പാണ്‌ അവളുടെ വിവാഹം നടന്നതെന്ന വിവരവും അറിയുന്നത്‌.
എസ്‌.എസ്‌.എല്‍.സി പരീക്ഷ സമാഗതമാവുന്ന വേവലാതികള്‍ക്കപ്പുറം കൂട്ടൂകാരെ വിട്ടുപിരിയുന്നതിലുള്ള നൊമ്പരം നെഞ്ചില്‍ കൂടുകൂട്ടിയ വേളയില്‍ വര്‍ണാഭമായ ഓട്ടോഗ്രാഫില്‍ അവളെനിക്കു കുറിച്ചു തന്ന വാചകങ്ങള്‍ വടിവൊത്ത അക്ഷരങ്ങളായി വിരിയുന്നു ഇപ്പോഴും. സ്വപ്‌നങ്ങളൊക്കെ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ ദൈവം അനുഗ്രഹിക്കട്ടെ...എന്റെ പ്രണയത്തെ തുറന്നംഗീകരിച്ചിരുന്നില്ലെങ്കിലും ഉള്ളില്‍ എന്നോടു സ്‌നേഹം പുലര്‍ത്തിയിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ അക്ഷരക്കൂട്ടങ്ങള്‍. 2006 ആദ്യത്തില്‍ കട്ടപ്പന(എന്റെ ജന്മനഗരം)യില്‍ വച്ച്‌ ഏറെനാളുകള്‍ കൂടി കാണവെ അവള്‍ എനിക്കു കൈമാറിയ പുഞ്ചിരി കാഴ്‌ചയില്‍ മായാതെ, മറയാതെ...അന്ന്‌ വിശേഷങ്ങള്‍ തിരക്കണമെന്ന്‌ മനസ്‌ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്ന്‌ കിലോമീറ്ററുകള്‍ക്കപ്പുറം ഞാന്‍ അവളെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കൊതിച്ച്‌, സര്‍വശക്തനായ തമ്പുരാനേ, എത്രയും വേഗം നീയവളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരണേ എന്ന പ്രാര്‍ഥനാ നിരതമായ മനസ്സോടെ...

1 comment:

  1. ഞാനു പങ്ക് ചേരുന്നു ഈ പ്രാര്‍ത്ഥനയില്‍
    ദൈവം നല്ലത് വരുത്തട്ടെ

    ReplyDelete