Saturday, November 13, 2010
റിസര്‍വേഷന്‍
നരവീണ നരനപൂര്‍വമാവുന്ന കാലം.
പിഴുതെറിഞ്ഞും ചായമടിച്ചും
പ്രായത്തെ വെല്ലാന്‍ തീവ്രശ്രമങ്ങള്‍.
നര മാത്രമല്ല, ചുളിവും മാറ്റിക്കൊടുക്കാമെന്ന്
പത്രത്താളുകളില്‍ പരസ്യം.
'ഉറക്കമില്ലാത്ത' രാത്രികള്‍ സമ്മാനമെന്ന
മരുന്നുകൂട്ടിന്റെ പെട്ടിക്കോളം വിളംബരം വേറെയും.
പരീക്ഷണങ്ങള്‍ക്ക് സ്വയം ഗിനിപ്പന്നികളും
പിന്നീട് മൗനികളുമാവുന്ന 'യുവത'.
വൃദ്ധരെന്നൊരു റിസര്‍വേഷന്‍ ബസ്സില്‍,
ആപ്പീസുകളിലും ആശുപത്രികളിലും
വഴിമാറിത്തരുന്ന ക്യൂവുകള്‍.
പൊതുചടങ്ങുകളിലും കല്യാണവീട്ടിലും
കിട്ടുന്ന മുന്തിയ പരിഗണന.
പക്ഷേ, ഇനിയങ്ങോട്ട് വാര്‍ധക്യമില്ലെങ്കില്‍
ഈ റിസര്‍വേഷനുകള്‍ എന്തു ചെയ്യും നാം.
Sunday, November 7, 2010
കണ്ണീര്‍
അരുതെന്നു വിലക്കിയിട്ടും എന്തിനീ
കണ്ണീരിറ്റു വീഴുന്നതെന്നോര്‍ത്ത്
അദ്ഭൂതപ്പെടാറുണ്ട് ഞാന്‍.
ഒരു പക്ഷേ ഈ നീര്‍മുത്തുകള്‍ക്ക്
പൊഴിയാതിരിക്കാനാവില്ലായിരിക്കാം.
മുറിപ്പെട്ട ഹൃദയത്തിന് സാന്ത്വനം പകരുകയോ
ഓര്‍മകള്‍ മനസ് നീറ്റുമ്പോള്‍ അറിയാതെ
പൊടിഞ്ഞുപോണതോ ആവാം.
അതുമല്ലെങ്കില്‍ എന്റെ സങ്കടക്കടലില്‍
ശ്വാസം മുട്ടി രക്ഷപ്പെട്ടുതിരുന്നതുമാവാം.
പൊഴിയുന്നതിനു മുമ്പേ ആരുമറിയാതെ
എവിടെയാണീ ചെറു കൂട്ടം ഒളിഞ്ഞിരിക്കുന്നത്.
ഇടതടവില്ലാതെ മിടിക്കുന്ന
ഇറച്ചിത്തുണ്ടിനകത്തോ*?
അതുവേദനിക്കുമ്പോള്‍ മാത്രമാണല്ലോ
ഉപ്പുകലര്‍ന്നയീ കൂട്ടം പുറത്തുചാടുക.
പിറവികൊണ്ടയുടന്‍ ജീവന്‍ തൃജിക്കാനാണു
വിധിയെങ്കിലും നാലാളുകണ്ടാല്‍ പറയും
ആ കണ്ണീരിന്റെ വിലയെക്കുറിച്ച്,
അതിനേക്കാളേറെ ആ നോവിനെക്കുറിച്ച്...
Wednesday, November 3, 2010
രണ്ടുതരം ചിന്ത
ചുണ്ടോളമെത്തിയ തീക്കെട്ട്
വലിച്ചെറിയുമ്പോള്‍ എന്താവാമീ-
ക്കൂട്ടര്‍ ചിന്തിക്കുന്നത്.
എരിഞ്ഞുതീര്‍ന്ന ചെറുചാരക്കൂമ്പാരം
പകര്‍ന്ന നിമിഷ സുഖത്തെക്കുറിച്ചോ?
കെട്ടിമുറുകിയ ചിന്തകള്‍ക്കൊരല്‍പ്പ
വിശ്രമത്തെക്കുറിച്ചോ...?
വിഷപ്പുക തീര്‍ക്കുന്ന വളയങ്ങളിലൂടെ
കാഴ്ച പലേടത്തും തറയ്ക്കുമ്പോഴും
ചാരനാമ്പുകള്‍ അശ്രദ്ധമായി
നിലംചുംബിച്ചുകൊണ്ടേയിരിക്കും.
ആസക്തിക്കും ആസ്വാദനത്തിനും
ആളനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാവാം.
പക്ഷേ സ്വയമെരിഞ്ഞുതീരുമ്പോളും
തനിക്കുപിറകെ ആയുസ്സ് തീര്‍ക്കുന്നയീ
വര്‍ഗത്തെക്കുറിച്ച് പുകയിലത്തരികള്‍
ആലോചിക്കാതിരിക്കുമോ?
Saturday, October 30, 2010
പോരാട്ടത്തിന്റെ അതിമധുരം നുകരുന്നവര്‍
സ്വന്തം രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെടുന്നതിനെതിരേ
പ്രതികരിക്കരുതെന്നാണോ ഇസ്രായേലിന്റെ
ക്ഷേമരാജ്യങ്ങളെ നിങ്ങള്‍ പറയുന്നത്?
വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ തീര്‍ക്കുന്ന
നിറവ്യന്ന്യാസങ്ങളും കുരുന്നുമേനികള്‍
കുത്തിത്തുളക്കുന്ന ലോഹച്ചീളുകളും
നിങ്ങളുടെ കാഴ്ചകള്‍ക്കപ്പുറമാണെന്നോ?
തോക്കിനുമുന്നില്‍ തുണിയുരിയാത്തതാണോ
ഫലസ്തീനി യുവതികള്‍ ചെയ്യുന്ന തെറ്റ്?
ഇസ്രായേലീസേനയുടെ വെടിയുണ്ടകള്‍ക്കു
പരിചയോ വിശുദ്ധമണ്ണിലെയീ ജനത?
മുള്‍വേലികള്‍ക്കിപ്പുറമൊരു ചെറുലോകത്ത്
ടാങ്കുകള്‍ക്കും റോക്കറ്റുകള്‍ക്കും ബുള്‍ഡോസറുകള്‍ക്കും
ഭക്ഷണമാവാന്‍ ഞങ്ങള്‍ കാത്തിരിക്കണമെന്നാണോ
നിങ്ങള്‍ പറയുന്നത്?
കാതുകളും കണ്ണുകളും തുറന്നുവച്ചോളൂ,
നിങ്ങള്‍ക്ക് മതിവരുവോളം കാണാന്‍, കേള്‍ക്കാന്‍
ഞങ്ങളിവിടെ ചരിത്രം രചിച്ചുകൊണ്ടേയിരിക്കുന്നു.
തീ തുപ്പുന്ന ടാങ്കറുകള്‍ക്കു മുമ്പില്‍ നിര്‍ഭയരായി
കരിങ്കല്‍ച്ചീളുകള്‍ തൊടുക്കുന്ന
ഇത്തിരിപ്പോന്ന പയ്യന്മാരെ
നിങ്ങളിനിയും കണ്ടിട്ടേ ഇല്ലെന്നോ?.
ആ കണ്ണുകളിലെ തിളക്കമാവും ഒരു പക്ഷേ
നിങ്ങളെ അന്ധരാക്കുന്നത്.
പിറന്ന മണ്ണ് അധിനിവേശകരില്‍ നിന്ന്
തിരിച്ചുപിടിക്കുകയെന്ന സ്വപ്‌നമാണവരുടെ
കണ്ണൂകളില്‍ തീവെളിച്ചം പകരുന്നത്.
ഇന്നല്ലെങ്കില്‍ നാളെയാ സ്വപ്‌നം
പുലരുക തന്നെ ചെയ്യും.
അന്നുമാത്രമാണ് ഫലസ്തീനി കുരുന്നുകള്‍ക്ക്
കളിപ്പാട്ടത്തിന്റെ മധുരം മനസ്സിലാവൂ...
അതുവരേക്കും പോരാട്ടത്തിന്റെ അതിമധുരം നുകരട്ടെയവര്‍...
Labels:
ഇസ്രായേല്‍,
കുരുന്നുകള്‍,
പോരാട്ടം,
ഫലസ്തീന്,
രക്തസാക്ഷി,
സ്വാതന്ത്ര്യം
Monday, October 25, 2010
ബാക്കി വച്ച സന്ദേശം
നീട്ടുമ്പോഴൊക്കെയും
ആ കൈകളില്‍ കറന്‍സിനോട്ടുകള്‍
തിരുകിയവരും
നിലയുറക്കാത്ത പാദങ്ങള്‍ക്ക്
പട്ടുമെത്ത വിരിച്ച തെരുവോരവും
ലഹരി പതയുന്ന പാനപാത്രവും
സ്പന്ദനം നിലച്ച കവിയെ
മറക്കാനാവാതെ ഇവിടെ ബാക്കിയാവുന്നു.
മദ്യത്തിന്റെ ചുവനിറഞ്ഞ
തെറിവാക്ക് മൊഴിഞ്ഞ നാവും
പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക്
പിറവികൊടുത്ത വിരല്‍തുമ്പും
ഈ ലോകത്തിന് ബാക്കിവയ്ക്കുന്ന
സന്ദേശമെന്താവാം?
Tuesday, October 5, 2010
കുരുവികള്‍ പറക്കുന്നത്
കുരുവികള്‍ എന്റെ സ്വപ്‌നങ്ങള്‍ക്കു
മീതെയാണ് പറക്കുന്നത്.
കിടപ്പാടം ചുമലിലേറ്റിയ
ഭീമനൊച്ചിന്റെ യാത്ര പോലും
എന്റെ ജീവിതത്തേക്കാള്‍ വേഗതയിലാണ്.
എങ്കിലും ബന്ധങ്ങളുടെ കെട്ടുപാടില്‍
ഈ മെല്ലെപ്പോക്കാണെനിക്കിഷ്ടം.
കണ്ണീരുപ്പുകലര്‍ന്ന എന്റെ കഥകള്‍
കേള്‍ക്കാന്‍ കാതുകള്‍ തുറന്നുവച്ചിരിക്കുന്ന
സുഹൃത്തുക്കളുണ്ടെനിക്കു കൂട്ടായി...
പകരം മായം കലരാത്ത
മന്ത്രണങ്ങളെനിക്കായവര്‍ കരുതിവച്ചിരിക്കുന്നു.
കുരുവികള്‍ സ്വപ്‌നങ്ങളേക്കാളുയരത്തില്‍
പാറട്ടെ, ഭീമനൊച്ച് തന്റെ ദ്രുത യാത്രയുടെ
അടയാളമെന്റെ ജീവിതത്തില്‍ വീഴ്ത്തട്ടെ.
ഞാനീ മന്ദമൊഴുകുന്ന കടലാസ് തോണിയില്‍
കരയണയുന്നതും കാത്തു യാത്ര തുടരാം...
Friday, October 1, 2010
എസ്.എം.എസ്
ആരോരുമറിയാതെ കൈമാറിയിരുന്ന കുറിമാനങ്ങള്‍ക്കു
പിന്‍ഗാമിയായി ഇന്നെന്റെ പോക്കറ്റിലൊരു
വിറയലായി അവളുടെ കൊഞ്ചലുകള്‍ ചാരയണയുന്നു.
കീപാഡില്‍ ഭ്രാന്തമായ വേഗതയില്‍
ഓടിനടന്നാണ് വിരലുകള്‍ മറുപടി തൊടുക്കുന്നത്.
സിഗ്നലും ബാറ്ററിയും ചതിക്കുന്നതു
മാത്രമാണ് ഞങ്ങള്‍ക്കിടയിലെ പ്രതിബന്ധങ്ങള്‍.
ഊണും ഉറക്കവും യാത്രയുമൊക്കെ
ഞങ്ങളുടെ കലപിലയാല്‍ സമൃദ്ധമാണ്.
വിരലുകളുടെ ഭാഷയാണ് ഹൃദയം
കൂടുതല്‍ മനസ്സിലാക്കുന്നത് എന്നു
തോന്നിത്തുടങ്ങിയിരിക്കുന്നു ഇപ്പോള്‍.
Wednesday, September 29, 2010
ഡയറിയും പേനയും ജീവിതം കുറിക്കുമ്പോള്‍
നഗരത്തിലെ പേപ്പര്‍മാര്‍ട്ടില്‍ നിന്ന്
ഇരുവരെയും ഒരുമിച്ചായിരുന്നു
അയാള്‍ വീട്ടിലേക്കു വാങ്ങിവന്നത്.
നടപ്പാതയിലെ കലപിലയും നിരത്തിലെ
യന്ത്രങ്ങളുടെ മുരള്‍ച്ചയും പകര്‍ന്ന
ബഹളങ്ങളില്‍ നിന്ന്
പുതിയ വീട്ടിലേക്കുള്ള പ്രവേശനം
സ്വര്‍ണം പൂശിയ ഫൗണ്ടന്‍ പേനക്കും
തടിച്ച ഡയറിക്കും പകര്‍ന്ന
ആഹ്ലാദം അതിരില്ലാത്തതായിരുന്നു.
എല്ലാ രാത്രികളിലും അവര്‍ക്ക്
ഒന്നിക്കാന്‍ അയാള്‍ അവസരമൊരുക്കി.
ഡയറിത്താളുകളില്‍ പേന തന്റെ
പ്രണയദാഹം ഒഴുകിത്തീര്‍ത്തു.
ഡയറിയാവട്ടെ അവ തന്റെ നെഞ്ചോടു
ചേര്‍ത്തു നിര്‍വൃതി പൂണ്ടു.
ഇരുവരുടെയും പ്രണയലീലകള്‍ക്കു
സാക്ഷിയായ ചുവരിലെ കലണ്ടറാവട്ടെ
തന്റെ പേജുകള്‍ മറിച്ചു നാണം മറച്ചു.
ഒടുവില്‍ തന്റെ അവസാനതാളിലും ഫൗണ്ടന്‍ പേന
പ്രണയം രചിക്കുമ്പോള്‍ ഡയറി
പുതിയ പ്രഭാതത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.
പുറത്ത് കരിമരുന്ന് പ്രയോഗത്തില്‍
മാനം പലവര്‍ണങ്ങള്‍ മാറിയണിഞ്ഞു.
കാതടിപ്പിക്കുന്ന ശബ്ദവും ആര്‍പ്പുവിളികളും...
പിറ്റേന്ന് രാത്രിയും ഡയറിയും പേനയും
അയാളുടെ വരവും കാത്തിരുന്നു.
ഒടുവില്‍ അയാളുടെ കാലൊച്ച കേട്ട്
ഇരുവരും പുളകിതരായി.
പതിവുപോലെ അയാള്‍ കൈയിലെടുക്കുമ്പോള്‍
ഡയറി പേനയെ നോക്കി കുസൃതികാട്ടി.
അന്നുരാത്രി പേന പുതുമണം വിതറുന്ന
ഡയറിത്താളിലാണ് തന്റെ പ്രണയദാഹം തീര്‍ത്തത്.
അതുകാണാന്‍ ചുവരില്‍ പുതിയ കലണ്ടറും
സ്ഥാനം പിടിച്ചിരുന്നു.
എഴുത്തുമേശയുടെ ഉള്ളിലെ കട്ടപിടിച്ച
ഇരുട്ടില്‍ പഴയ ഡയറി തന്റെ മുന്‍ഗാമികളോട്
വിരഹവേദനയെക്കുറിച്ച് രാവെളുക്കുവോളം വാചാലയായി.
Sunday, September 26, 2010
നോവ്
പേറ്റുനോവ് പ്രസവിച്ചവര്‍ക്കെ അറിയാവൂ
എന്നു പറയുന്നതുപോലെയാണ്
മരണവേദനയെക്കുറിച്ചും പറയാനുള്ളത്.
പക്ഷേ മരിച്ചവരാരെങ്കിലും തിരികെ വന്നു
പറയുമോ അനുഭവിച്ച
വേദനയുടെ ആഴത്തെക്കുറിച്ച്.
Thursday, September 23, 2010
സൗഹൃദം
ഹൃദയമാണ് ഇവിടെയും പങ്കുവയ്ക്കുന്നത്,
അതിനു നിബന്ധനകളില്ലെന്നു മാത്രം.
മാലകോര്‍ക്കുന്നതു പോലെ
അനേകം ഹൃദയങ്ങള്‍ ഒന്നായിതീരുമ്പോഴാണ്
അതു പൂര്‍ണമാവുന്നത്.
പക
രണ്ടക്ഷരത്തില്‍ ഒതുങ്ങുമീ വാക്കെങ്കിലും
അതിന്റെ വ്യാപ്തി ഒരു ജീവിതത്തിനും
പല ജീവിതങ്ങള്‍ക്കും അകലെയാണ്.
ഒരു നിമിഷത്തിന്റെ തോന്നലില്‍
ഒരു ജന്മത്തിന്റെ കണ്ണീരാവും അതിന്റെ പ്രതിഫലം.
Monday, September 20, 2010
ഉദാത്തമായ പ്രണയം
ഉദാത്തമായ പ്രണയത്തെക്കുറിച്ച്
പലരും പലതും പറഞ്ഞു.
ഒക്കെയും കേട്ട് ഞാനുമെത്തി
പ്രണയദാഹം തീര്‍ക്കാന്‍.
ഒടുവില്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍
ഞാന്‍ അലറിവിളിച്ചു.
പ്രിയേ നീയെന്നെ ഉപേക്ഷിക്കരുതെന്ന്.
നിഷ്ഫലമായ ഈ ഉദ്യമത്തോടെയാണ്
ഉദാത്തമായ പ്രണയമെന്നാല്‍
അന്യോന്യം നഷ്ടമാവുകയാണെന്നു ഞാനറിഞ്ഞത്.
Sunday, September 19, 2010
ബാക്കിയാവുന്ന ജീവിതം
മഴകാക്കുന്ന വേഴാമ്പലിനെ പോലെ
ഞാനവള്‍ക്കു വേണ്ടി കാത്തിരുന്നു.
പക്ഷേ കനിവു വറ്റിയ മണല്‍കാറ്റായാണ് അവളെന്റെ
മോഹങ്ങള്‍ക്കു മേല്‍ പെയ്തിറങ്ങിയത്.
നാളെ പ്രതീക്ഷ തന്‍ പ്രളയമായി
അവളെന്റെ ചാരത്തണയുമായിരിക്കാം.
എന്നാല്‍ ജീവനില്ലാത്തയെനിക്കെന്തു
ജീവിതമാണപ്പോള്‍ ബാക്കിയാവുക.
Saturday, September 18, 2010
രണ്ടുവാശികള്‍
ഉള്ളിലൊന്നും ഒളിച്ചുവയ്ക്കരുതെന്ന്
നിര്‍ബന്ധമുള്ളതുകൊണ്ടാണ്
ഞാന്‍ പ്രണയം തുറന്നുപറഞ്ഞത്.
അവളാവട്ടെ ഒന്നും തുറന്നുപറയരുതെന്ന
വാശിയിലതു നിരസിക്കുകയും ചെയ്തു.
ഒടുവില്‍ രണ്ടുവാശിയും വിജയിച്ചു.
അതിങ്ങനെയാണ്;
ഇന്നു ഞങ്ങളല്ല ഞാനും അവളുമാണ്.
അവള്‍: അന്നുമിന്നും
അന്ന്
നെഞ്ചില്‍ നിറയെ സ്വപ്‌നങ്ങളായിരുന്നു
ഒക്കെയും അവളെക്കുറിച്ച്...
ഇന്ന്
നെഞ്ചില്‍ നിറയെ വേദനയാണ്.
ഒക്കെക്കും കാരണം അവള്‍ മാത്രമാണ്.
Wednesday, September 1, 2010
നുണ
സ്‌നേഹം നഷ്ടമാവരുതെന്ന് കരുതി
യാഥാര്‍ഥ്യം ഒളിച്ചുവയ്ക്കുന്നതാണോ
സ്‌നേഹിക്കരുതെന്ന് കരുതി സത്യം
പറയാതിരിക്കലാണോ യഥാര്‍ഥ നുണ?
യാഥാര്‍ഥ്യം ഒളിച്ചുവയ്ക്കുന്നതാണോ
സ്‌നേഹിക്കരുതെന്ന് കരുതി സത്യം
പറയാതിരിക്കലാണോ യഥാര്‍ഥ നുണ?
കാത്തിരിപ്പ്
അവള്‍ എന്നോടിതു വരെ പറഞ്ഞിട്ടില്ല
ഇങ്ങനെയൊരു വാക്ക്...
എന്നിട്ടും ഞാന്‍ പ്രതീക്ഷയിലാണ്.
എന്നെങ്കിലും അവിചാരിതമായി
ചാരത്തണഞ്ഞാലോ ഞാന്‍
നിന്റെ മാത്രമെന്നു മൊഴിഞ്ഞവള്‍.
Friday, August 27, 2010
ചെരിപ്പ്
കല്ലും മുള്ളും തറയാതെ
സുരക്ഷാകവചമൊരുക്കി
പിച്ചവച്ച നാള്‍ മുതല്‍
കൂടിയതാണെന്റെ കൂടെയീ പാദുകം,
വളര്‍ച്ചയുടെ പടവുകളില്‍ അളവ്
മാറിയും, ചിലപ്പോള്‍ വള്ളി പൊട്ടി
തെരുവരികില്‍ വലിച്ചെറിഞ്ഞും
യാത്ര പറയാതെ
ഞാന്‍ നിന്നെ വിട്ടകന്നു.
ഓരോ ലക്ഷ്യത്തിലും
വേദന മാത്രമായിരുന്നു
നിന്റെ പ്രതിഫലം.
എന്റെ ചവിട്ടടിയില്‍ പതിഞ്ഞമര്‍ന്ന
നിന്റെ നെടുവീര്‍പ്പുകള്‍
ഞാന്‍ കേട്ടതുമില്ല.
ഇനിയുമുണെ്ടനിക്കു കാതങ്ങള്‍
താണ്ടുവാന്‍, പരിചയായി
പാദങ്ങളില്‍ നീ വേണം.
പക്ഷേ, അതില്‍ക്കവിഞ്ഞൊരു ചിന്ത
നിനക്കു പകുത്തുതരാന്‍
ഇല്ലെനിക്കൊട്ടുമെന്നും പറഞ്ഞിടട്ടെ.
(11-07-10 തേജസ് ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. )
Friday, August 20, 2010
ചതിയുടെ മൂടുപടമിട്ട പ്രണയിനി
പ്രണയത്തിനു ചതിയുടെ മൂടുപടമിട്ട ചിലരുണ്ട്.
അടുത്തുകൂടിയവര്‍ ഹൃദയം സ്വന്തമാക്കും.
ഒടുവില്‍ വിട പറയാതെയവര്‍
അകലുമ്പോള്‍ തകര്‍ന്ന മനസ്സും
ചോരകിനിയുന്ന ഹൃദയവുമായി നാം ബാക്കിയാവും.
വെറുക്കണമെന്ന് ആഗ്രഹിക്കുമ്പോഴും
ആ മുഖം മനതാരില്‍ ഓടിയണയും,
എന്നെത്തെയും പോലെ.
മഴകാക്കുന്ന വേഴാമ്പലിനെ പോലെ
കുറിമാനങ്ങള്‍ കാത്തിരുന്നവേളകള്‍ക്ക്
ഇത്രമാത്രം വേദന പകരാനാവുമെന്ന്
അറിയുകയേയില്ല നാം.
സ്വപ്‌നങ്ങളെ പ്രണയിച്ചൊടുവില്‍
പ്രണയത്തിന്റെ മൂര്‍ച്ചയറിയാന്‍
സ്വന്തം ഹൃദയത്തിന്റെ മുറിവുനോക്കാം നമുക്ക്.
ചിലരങ്ങനെയാണ്, പകുത്തുതന്ന സമയവും
സ്‌നേഹവും നേരംപോക്കിനാണെന്നു പറയാറില്ല.
അത് അനുഭവിച്ചറിയുക തന്നെ വേണം.
എന്നിട്ട് ഈ ലോകത്തോട് ഉറക്കെ വിളിച്ചുപറയാം
പ്രണയിനികളെ വിശ്വസിക്കരുതെന്ന്.
പക്ഷേ ഒന്നുറപ്പാണ്, ആരുമതു കേള്‍ക്കില്ല.
വിശ്വാസത്തിനു നാം നല്‍കുന്ന
മഹത്വമാണിതിനു കാരണം.
പ്രണയത്തിന്റെ ചവര്‍പ്പ് അറിയാനുള്ള
കാലചക്രത്തിനു തടയിടാന്‍ ആര്‍ക്കുമാവില്ല.
മറവി ബാധിക്കുന്നതുവരെ ഓര്‍മതന്‍ വേദനയില്‍
നെഞ്ച് നീറിക്കൊണ്ടേയിരിക്കട്ടെ...
Thursday, July 29, 2010
മൗനവേദന
ചൊല്ലിത്തീര്‍ത്ത കഥകള്‍ക്ക് ജീവന്റെ
വിട്ടുമാറാത്ത ഗന്ധമുണ്ടായിരുന്നു.
ചൊല്ലാന്‍ ബാക്കിവച്ചതിലേറെയും
സുന്ദര സ്വപ്‌നങ്ങളും.
ഓര്‍മയുടെ ചെറുതരി പോലും പങ്കുവയ്ക്കാന്‍
എന്തുല്‍സാഹമായിരുന്നു രണ്ടുപേര്‍ക്കും.
പിരിയരുതെന്ന് നെഞ്ചില്‍ ഊട്ടിയുറപ്പിക്കുമ്പോള്‍,
കളിയായി പോലും അങ്ങനെ പറയുന്നതു
സഹിക്കാനാവുമായിരുന്നില്ല.
എന്നോളമാണ് ഞാനെന്‍ സുഹൃത്തിനെ
സ്‌നേഹിച്ചതും പരിഗണിച്ചതും.
കാലചക്രത്തിന്റെ വേഗത്തിനൊപ്പം
സുഹൃത്തിന്റെ മനവും മാറിയതറിയാന്‍
ഞാനെത്ര വൈകിയെന്നോ...
എന്റെ കുറിമാനങ്ങള്‍ക്ക് മൗനത്തിന്റെ
ആവരണമിട്ട്, കരുതലുകള്‍ക്ക്
അസഹ്യത പ്രകടിപ്പിച്ച്...
പരിഗണന കുറയുന്നതില്‍ ആശങ്കപ്പെട്ടതിന്
ഇത്ര സെന്റിയാവരുതെന്ന് ഉപദേശിക്കാനും
എന്റെമാത്രം സുഹൃത്ത് മറന്നില്ല.
ഇണക്കങ്ങളും പിണക്കങ്ങളും
മുറതെറ്റാതെ പോയിടവെ മനപ്പൂര്‍വമെന്നെ
അവഗണിച്ചപ്പോള്‍ മാത്രമാണ്
സൗഹൃദപ്പട്ടത്തിന്‍ ചരടെന്നോ
പൊട്ടിയതറിഞ്ഞത്. ഒരു പക്ഷേ
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടാം.
മറവി തന്‍ ചവറ്റുകുട്ടയില്‍ തള്ളുവാനത്രവേഗം
കഴിയില്ലയെന്‍ സുഹൃത്തിനു ഞാനാകുന്ന ഓര്‍മയെ..
വിശ്വാസം തെറ്റാതിരിക്കട്ടെ...
മനസ് മന്ത്രിക്കുന്നതും തേടുന്നതും
എന്റെ പ്രിയ സുഹൃത്തിനെ തന്നെയാണ്.
കണ്ടുമുട്ടും വരേക്കും തുടരുകതന്നെയാണു
ഞാനെന്‍ മൗനവും വേദനയും.
Wednesday, June 23, 2010
പറയാതെ പോയത്
2009 ജനുവരി 26 എം.ഇ.എസ്് കോളജിലേക്കുള്ള എന്റെ വരവിനു പിന്നില്‍ പല ഉദ്ദേശ്യങ്ങളായിരുന്നു. വീട്ടില്‍ നിന്ന് രാവിലെ നെടുങ്കണ്ടത്തിനു പുറപ്പെടുകയും തൂക്കുപാലത്തില്‍ നിന്നു നിസാമിനെയും കൂട്ടി റെസ്ലിയുടെ കടയിലെത്തുമ്പോള്‍ സമയം 11 കഴിഞ്ഞു. എവിടെയാണു നീ, ഞങ്ങള്‍ക്കു പോവണമെന്ന തിരക്കിട്ട സംസാരത്തിനു തിരികൊളുത്തുകയായിരുന്നു റെന്‍സിന്റെ മിസ്ഡ് കോളിനു തിരിച്ചുവിളിച്ചപ്പോള്‍ കിട്ടിയ മറുപടി. നിസാമിനൊപ്പം വട്ടപ്പാറയില്‍ ബസ്സിറങ്ങി കോളജിലേക്കുള്ള വീതികുറഞ്ഞ പണ്ടെങ്ങോ ടാറിട്ടിരുന്നു എന്നു ദ്യോതിപ്പിക്കുന്ന റോഡിലൂടെ നടക്കുമ്പോള്‍ അറിയാതെ നാലു വര്‍ഷം പിന്നിലേക്ക് ഞാന്‍ സഞ്ചരിച്ചു തുടങ്ങിയിരുന്നു. അവധിദിനമായതിനാലാവാം വഴിയില്‍ ആരെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അലുമ്‌നിയില്‍ പങ്കെടുക്കാനായി എത്തുന്ന ചില പെണ്‍കുട്ടികള്‍ ഞങ്ങളുടെ പിന്നിലായി വരുന്നുണ്ട്. കോളജിനോടടുക്കുന്ന വഴിയില്‍ ഏലത്തിനിടാന്‍ ഇറക്കിയിരിക്കുന്ന ചാണകമല കണ്ടതും നിസ്സാം പറഞ്ഞു. ഈ സാധനം ഇവിടെ നിന്നൊരിക്കലും മാറില്ല(കോളജില്‍ ആദ്യമായി വരുമ്പോഴും അവസാനമായി പടിയിറങ്ങുമ്പോഴും മുടങ്ങാതെ റോഡിലൊരു തടസ്സമായി ഉള്ളതാണിത്). പ്രവര്‍ത്തി ദിനങ്ങളില്‍ സ്ഥിരമായി സന്ധിക്കാറുള്ള പള്ളിയിലേക്കു കയറുമ്പോള്‍ മനസ് എന്തിനെന്നറിയാതെ തുടിച്ചുകൊണ്ടിരുന്നു. ചൂളമരങ്ങളുടെ ഇലകള്‍ മുറ്റത്ത് നിരന്നുകിടക്കുന്നു. മുറ്റത്തെ മോടിപിടിപ്പിച്ചിരുന്ന ചെടികളൊക്കെ അപ്രത്യക്ഷമാണ്. ആരും പള്ളിയില്‍ എത്തുന്നില്ലേ എന്നായിരുന്നു ഞങ്ങളുടെ സന്ദേഹം. അവിടെ ഞങ്ങളെ കാത്ത് നജ്മുദ്ദീനും റസ്്‌ലിയുമൊക്കെ നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍....തമാശകളിലൂടെ വിശേഷങ്ങള്‍ തിരക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുകൂടലുകള്‍ക്ക് എത്രയും പെട്ടെന്ന് സാക്ഷ്യം വഹിക്കാന്‍ മനസ് അതിയായി ആഗ്രഹിച്ചു. കോളജില്‍ നിന്നു പടിയിറങ്ങുന്ന 2004-05 വര്‍ഷങ്ങളില്‍ കഴിച്ചു കൂട്ടിയ ക്ലാസ് റൂമിലേക്ക് നടക്കുമ്പോള്‍ റെന്‍സും ഷാജഹാനും രാജിയും(കുപ്പി) വെടി പറഞ്ഞു നില്‍ക്കുകയായിരുന്നു. കോളജില്‍ നിന്നിറങ്ങിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്, എടുത്തുപറയത്തക്ക മാറ്റം ആര്‍ക്കും പറയാനില്ല. എത്തിയതേ കളിയാക്കലുകളാണ് എല്ലാവരുടെയും വായില്‍ നിന്നുതിര്‍ന്നത്. പഴയ പരീക്കുട്ടിയും ഷഷിയും കുപ്പിയുമൊക്കെ കഥ പറയുമ്പോള്‍ ആരൊക്കെയാണ് വന്നിരിക്കുന്നതെന്നറിയാനായിരുന്നു എനിക്കാകാംക്ഷ. പുതുമണവാളനായ സിറാജും അധ്യാപ(ഹ)കനായിത്തീര്‍ന്ന അനുരാജും വായിനോട്ടം കഴിഞ്ഞ് എത്തിയതും അതേ സമയത്താണ്. അനുവിനെ കറുമ്പനെന്നു വിളിച്ചതിനു അവന്‍ പ്രതികാരം വീട്ടിയത് തകര്‍ന്നു പോയ എന്റെ പഴയ പ്രണയം പൊടിതട്ടി മറ്റുള്ളവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചാണ്. ഗ്രൗണ്ടില്‍ എന്‍.സി.സി കേഡറ്റുകള്‍ പരേഡിന്റെ ട്രെയിനിങ്ങിലാണ്. എന്‍.സി.സിയില്‍ ചേര്‍ന്ന് ആദ്യമായി പരേഡ് ചവിട്ടുമ്പോള്‍ മറ്റൊരു സൈഡില്‍ മിക്‌സഡായ എന്‍.എസ്.എസുകാര്‍ നില്‍ക്കുന്ന കാഴ്ച കണ്ട അന്നുതന്നെ യുനിഫോം ഊരിക്കൊടുത്ത കഥ അവരോടു പറയുമ്പോള്‍ വീണ്ടും പഴയകാല രസങ്ങളിലേക്ക് ഞങ്ങള്‍ ഊളിയിട്ടു. ശകാരങ്ങള്‍ കേള്‍ക്കാന്‍ മാത്രം കേറിയിരുന്ന പ്രിന്‍സിപ്പലിന്റെ റൂമില്‍ കയറുമ്പോള്‍ നവ്യാനുഭവമായിരുന്നു നുകര്‍ന്നത്. റഷീദ് സാറിനു മുമ്പില്‍ ഇരിന്നത് ബി.കോമില്‍ പഠിക്കുന്ന സ്ഥിരമായി വൈകിവരുകയും നേരത്തേ പോവുകയും ചെയ്തിരുന്ന വിദ്യാര്‍ഥിയായിട്ടാണ്. വിശേഷങ്ങള്‍ തിരക്കുകയും അലുമ്‌നിയില്‍ പങ്കാളിത്തം എങ്ങനെയിരിക്കുമെന്നൊക്കെ സാറിനോടു ചോദിച്ച് 10 മിനിറ്റിലേറെ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. 2 മണിയോടെ ഓഡിറ്റോറിയത്തിലേക്കു നീങ്ങുമ്പോള്‍ മുറ്റത്ത് അവിടവിടെ കൂട്ടംകൂടി നില്‍ക്കുന്ന പല പഴയ ബാച്ചുകാരെയും കാണാമായിരുന്നു. അവരില്‍ പരിചിതരോടു ഹായ് പറഞ്ഞു ഓഡിറ്റോറിയത്തില്‍ കയറുമ്പോള്‍ നിരന്നുകിടക്കുന്ന കസേരകളില്‍ മിക്കവയും അലങ്കരിച്ച് ഉപവിഷ്ടരായ യുവതീ യുവാക്കള്‍. പകുതിയിലേറെയും കാലിയാണു കസേരകള്‍. പതിയെപ്പതിയെ അവ നിറഞ്ഞുതുടങ്ങുമ്പോള്‍ റഷീദ് സാറും ജോണിക്കുട്ടി സാറും അലുമ്‌നി ഭാരവാഹികളും സംസാരിച്ചു കഴിഞ്ഞിരുന്നു. പോയ 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ജില്ലയിലെ അവസ്ഥയും കോളജിന്റെ രൂപപ്പെടലും ജോണിക്കുട്ടി സാര്‍ അവതരിപ്പിക്കുമ്പോള്‍ അന്നുവരെ കേള്‍ക്കാത്ത, ഇഷ്ടകലാലയത്തിന്റെ പിറവിക്കുപിന്നിലെ കഷ്ടപ്പാടുകളും അതിനു വേണ്ടി ആത്മസംതൃപ്തിയോടെ പണിയെടുത്തവരെയും കുറിച്ച് കൗതുകത്തോടെ കേട്ടിരുന്നു. വിദ്യാഭ്യാസത്തിന് മറ്റു ജില്ലകള്‍ തേടിപ്പോവേണ്ടിയിരുന്ന ഗതികേടില്‍ നിന്നു രക്ഷകനായി എം.ഇ.എസ് പിറവിയെടുത്തപ്പോള്‍ ജസ്റ്റ് പാസ് വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ കോളജില്‍ പ്രവേശനസൗകര്യമൊരുക്കി അധികൃതര്‍ വിദ്യയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു കാത്തിരുന്നു. മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകന്റെ മക്കള്‍ക്കു വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ കലാലയത്തിന്റെ പോയ കാല രൂപമാണീ ഓഡിറ്റോറിയമെന്നു ജോണിക്കുട്ടി സാറിന്റെ വാക്കുകള്‍ സ്പീക്കറിലൂടെ ഒഴുകിയെത്തുമ്പോള്‍ കോളജിന്റെ ഇന്നത്തെ പ്രൗഡിയായിരുന്നു ഉള്ളില്‍. കോളജിലേക്കുള്ള വഴിയിലും കാംപസിലും റോയി സാറിന്റെ പരിശ്രമഫലമായി തലയുയര്‍ത്തി നില്‍ക്കുന്ന വാകമരങ്ങളും ഓഫിസിനു മുമ്പിലെത്തെ അമീബാ പോണ്ടും പൂന്തോട്ടവും നീളന്‍ വരാന്തകളും ബഹുനിലകെട്ടിടങ്ങളും സുരക്ഷയൊരുക്കുന്ന മതിലുകളുമൊക്കെയുള്ള കോളജിനെക്കുറിച്ച് മനസ് അഭിമാനം കൊണ്ടു. കോഴ്‌സുകളുടെ എണ്ണം കൂടുകയും കൂടുതല്‍ ജില്ലകളില്‍ നിന്നു വിദ്യാര്‍ഥികള്‍ വട്ടപ്പാറയിലേക്കെത്തുകയും ചെയ്യുന്ന ഒരു മാറ്റത്തിന് എത്ര വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടാവുമെന്നും വെറുതെ കണക്കു കൂട്ടി നോക്കി. അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ജോണിക്കുട്ടി സാര്‍ ക്ഷണിച്ചു സംസാരം അവസാനിപ്പിച്ചതേ നിസാം ചാടിവീണു. എസ്.എസ്.എല്‍.സിക്കു 210 മാര്‍ക്ക് വാങ്ങി കോളജില്‍ പ്രീഡിഗ്രിക്കു കോളജിലെത്തിയ അനുഭവത്തെ വെളിപ്പെടുത്തിയായിരുന്നു അവന്‍ സംസാരത്തിലേക്കു കടന്നത്. സഹപാഠികളായിരുന്നവരില്‍ പലരും എത്താതിരുന്നതിനു കാരണം ഇന്ത്യയുടെ ജനസംഖ്യാ വര്‍ധനവിന് തങ്ങളുടേതായ പങ്ക് വഹിക്കുകയാണെന്ന അവന്റെ തുറന്നടിയില്‍ സദസ് പൊട്ടിച്ചിരിച്ചു. തുടര്‍ന്ന് ഓരോരുത്തരും തങ്ങളുടെ ജീവിത വഴികളില്‍ കോളജും അധ്യാപകരും എങ്ങനെ വഴികാട്ടികളായി എന്നു വിവരിച്ചു. പലപ്പോഴും ചിരിയുടെ മാലപ്പടക്കങ്ങള്‍ക്കാണ് അത് വഴിമരുന്നിട്ടത്. ഇവിടെ നിക്ഷേപിച്ചതിനു പലിശ ഏറ്റുവാങ്ങുകയാണ് അധ്യാപന ജോലിയിലൂടെയെന്നു പറഞ്ഞ അനുരാജിന്റെ വാക്കുകള്‍ പലരെയും വേദനിപ്പിച്ചു. ഗസ്റ്റ് ലക്ചര്‍മാരെ വകവയ്ക്കാതെ എതിര്‍ത്തുസംസാരിച്ചും ക്ലാസ്സില്‍ കയറാതെയും കയറി ബഹളം വയ്ക്കുകയും ചെയ്ത പഴയകാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഇടവരുത്തുകയായിരുന്നു അവന്‍ തനിക്കു ലഭിച്ച കുറച്ചു സമയത്തിലൂടെ. പരാമര്‍ശിക്കപ്പെട്ട ആ ഗസ്റ്റ് ലക്‌ചേഴ്‌സില്‍ ആരും അവിടെ ഇല്ലായിരുന്നെങ്കിലും അവരോടുള്ള മാപ്പുപറച്ചിലായിരുന്നു അനുരാജിലൂടെ ഒത്തുകൂടിയവര്‍ക്ക് സാധ്യമായത്. സ്‌റ്റേജില്‍ കയറി എന്തെങ്കിലും പറയണമെന്നാഗ്രഹിച്ചിരുന്നെങ്കിലം സ്വതസിദ്ധമായ മടി അതില്‍ നിന്നു എന്നെ പിറകോട്ടു വലിച്ചു. ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ മനസ് ആഗ്രഹിച്ചപ്പോഴൊക്കെ കാലുകള്‍ നിലത്തിറങ്ങിയതുപോലെയാണ് അനുഭവപ്പെട്ടത്. സംസാരിക്കാന്‍ റഷീദ് ആംഗ്യംകാട്ടിയപ്പോഴും എനിക്കതിനു കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഇതിനിടയില്‍ കിട്ടിയ ചായയും ബിസ്‌ക്കറ്റും കഴിച്ചതിനു ശേഷം 20092010 വര്‍ഷത്തെ അലുമ്‌നി ഭാരവാഹികളെയും വേദിയില്‍ പ്രഖ്യാപിച്ചു. പുറത്തിറങ്ങുമ്പോള്‍ എന്താണ് ഒന്നും പറയാതിരുന്നതെന്ന റഷീദ് സാറിന്റെ സ്‌നേഹപൂര്‍ണമായ ചോദ്യത്തിന് പ്രത്യേകിച്ച് അനുഭവങ്ങളൊന്നും പങ്കുവയ്ക്കാനില്ലെന്ന നുണയാണ് ഞാന്‍ മറുപടി കൊടുത്തത്. മനസ്സില്‍ മായാതെ നില്‍ക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചതില്‍ ഈ കലാലയം, ഇവിടുത്തെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മരച്ചുവടുകള്‍, വഴിത്താരകള്‍ വഹിച്ച പങ്ക് ഏറെയാണ്. ആദ്യമായി ഇവിടെ നിന്നാണ് എനിക്കൊരു പ്രണയിനിയെ ലഭിക്കുന്നത്. ഇവിടെയാണ് എന്‍.എസ്.എസ് ദശദിന ക്യാംപില്‍ പങ്കെടുത്ത് കവിത ചൊല്ലിയതും സഹോദരതുല്യരായി കൂട്ടുകാരെ സമ്പാദിച്ചതും. ഇവിടെ നിന്നാണ് എന്റെ ഗുണങ്ങളും പോരായ്മകളും ഫീഡ്ബാക്കായി സുഹൃത്തുക്കള്‍ എഴുതിത്തന്നത്. എന്റെ ഓരോ ദിനങ്ങളും ഇവിടെയാണ് വിരിഞ്ഞത്. മേരിക്കുട്ടി ടീച്ചറിന്റെ മാതൃതുല്യമായ പെരുമാറ്റം ഇവിടെയാണ് ഞാന്‍ അനുഭവിച്ചത്. മാത്യു സാറിന്റെ ഉപദേശങ്ങള്‍ ഇവിടെ നിന്നാണ് എനിക്കു ലഭിച്ചത്. ജ്യേഷ്ടസഹോദരരെപ്പോലെ റോയ് സാറും ഉണ്ണികൃഷ്ണന്‍ സാറും അബൂബക്കര്‍ സാറും റസാഖ് സാറും ജോസ്‌കുട്ടി സാറും അലിയാര്‍ സാറും റെജിസാറും ശ്രീദേവി ടീച്ചറും ബീനടീച്ചറുമൊക്കെ എന്നോട് ഇടപഴകിയതും ഇവിടെയാണ്. എന്‍.എസ്.എസ് ക്യാംപിലെ ഭക്ഷണ വിളമ്പലുകളില്‍ പിശുക്കു കാണിച്ചതും പണിയെടുത്തതും ഒരുമിച്ചു കിടന്നുറങ്ങിയതും ഇതേ കലാലയത്തിലാണ്. രാത്രി മുഴുവന്‍ നീളുന്ന കഥ പറച്ചിലുകളില്‍ ഭാവിയെ സംബന്ധിക്കുന്ന സ്വപ്‌നങ്ങളായിരുന്നു കടന്നുവന്നിരുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നതിന്റെ ആകുലത, ഇന്റേണല്‍ മാര്‍ക്കിലെ ഏറ്റക്കുറച്ചിലുകള്‍ പ്രൊജക്ട് വര്‍ക്ക് ചെയ്യുന്നതിലെ സാങ്കേതികത അയലത്തെ ക്ലാസ്സിലെ പെണ്‍കുട്ടിയോട് ഇഷ്ടം തുറന്നുപറയാനുണ്ടായ വെമ്പല്‍ അങ്ങിനെ...അങ്ങിനെ...എന്റെ ഓര്‍മകളുടെ പട്ടിക നീണ്ടു പോവുന്നു. സഹപാഠികളോടു തോന്നിയിരുന്ന നീരസങ്ങള്‍ വിടപറയുന്നത് മൂന്നുവര്‍ഷത്തെ കൂടലുകള്‍ വിടപറഞ്ഞപ്പോള്‍ മാത്രമായിപ്പോയ ദുരവസ്ഥയില്‍ ദുഃഖിച്ചും അതിന്റെ കേടു തീര്‍ക്കാന്‍ മണിക്കൂറുകളോളം സംസാരിച്ചും ഞാന്‍ ടിന്റുവിനോടു അടുപ്പം സ്ഥാപിച്ചു. കൂട്ടുകാരിയുടെ പേരു പറഞ്ഞു കളിയാക്കിയതിന് റാണിയോടും ഷാജിതയോടും രഞ്ജിനിയോടും വഴക്കിട്ടു. സ്ഥിരമായി കുപ്പിയുമായി ക്ലാസില്‍ വരുന്ന രാജിയെ കുപ്പിരാജിയെന്നും മെലിഞ്ഞ ശരീര പ്രകൃതിയുള്ള മറ്റൊരു രാജിയെ കാറ്റെന്നും തടിയുള്ളതിനാല്‍ രഞ്ജിനിയെ ചക്കയെന്നും പേരുചൊല്ലി വിളിച്ചു. ശ വഴങ്ങാത്ത റെന്‍സിനെ ഷഷിയെന്നും ഷാജഹാനെ പരീക്കുട്ടിയെന്നും ഷാജിതയെ കറുത്തമ്മയെന്നും അനിലിനെ കണാരനെന്നും നിഖിലിനെ നീലനെന്നും അനീഷിനെ ഡമ്മിയെന്നും വിശേഷിപ്പിച്ചു.അങ്ങനെ മിക്കവരും അറിയപ്പെട്ടത് ഓമനപ്പേരുകളിലാണ്. അന്‍വറിന്റെ ബഡായിയും നിസാറിന്റെ പരുപരുത്ത സൗണ്ടും റ്റിജോയുടെ ആര്‍.എം.പിയും ക്ലാസിലെ ചര്‍ച്ചാ വിഷയങ്ങള്‍. കെ.എസ്.യു നേതാവായ ചെറിയാനും എസ്.എഫ്.ഐക്കാരായ നിസാറും നിഷാദും സംഘവും ഒരുമിച്ചു നടക്കുന്നത് കൗതുകമായിരുന്നു. വാചക, വെള്ളമടി കമ്പനികളും അപൂര്‍മായിരുന്നില്ല. കോളജില്‍ വെള്ളമടിച്ചതിനു മധ്യസ്ഥം പറയാനെത്തിയ അമ്മാവന്റെ മകന് വെള്ളം പടിയായി കൊടുക്കേണ്ടി വന്ന ദീപുവിന്റെയും അനൂപിന്റെയും ഗതികേട് ഞങ്ങളെ ചിരിപ്പിച്ചു. സിറാജിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ച റംല കാരണം പറഞ്ഞത് താനവനെ എടുത്തോണ്ടു നടക്കേണ്ടി വരുമെന്നായിരുന്നു എന്നത് പരസ്യമാവാത്ത രഹസ്യമായിരുന്നു. കലാലയ രസങ്ങള്‍ക്കിടെ ജസ്റ്റിന്‍ നേരിട്ട രോഗം ഞങ്ങളെ ദുഃത്തിലാഴ്ത്തി. അതിനിടയില്‍ തന്നെയായിരുന്നു ജോസ് കുട്ടി സാറിന്റെ ഭാര്യ അപകടത്തില്‍ മരിക്കുന്നതും. വിവാഹം കഴിഞ്ഞിട്ട് അധികമാവാത്ത സാറിന്റെ ദുരവസ്ഥ ഞങ്ങളെ കരയിപ്പിച്ചു.
കിടപ്പിലായ ജസ്റ്റിനെ കാണാനായി ബൈക്കില്‍ പോയി മടങ്ങുന്നതിനിടയില്‍ വീണ നിഖിലിനും അനൂപിനും തുടര്‍ച്ചയായി അടുത്ത ആഴ്ചയില്‍ നിഖിലിനെ വീണ്ടും വീഴിച്ചതും ജന്മസിദ്ധ പെയിന്റിങ് കളഞ്ഞതും അന്‍വറിന്റെ സാഹസിക ബൈക്കോടിക്കലായിരുന്നു. വാശിയേറിയ ഇലക്്ഷനില്‍ എം.എസ്.എഫ്, കെ.എസ്.യു സ്ഥാനാര്‍ഥികള്‍ക്ക് കുത്തിയ വോട്ടുകള്‍ മുഴുവന്‍ പാഴായ വിഷമത്തിനിടയിലും തല്ലാനോടിച്ച പോലിസിന്റെ വീരകൃത്യം എന്നെ, ഞങ്ങളെ ചിരിപ്പിച്ചു. ബദല്‍ സംഘടനാ പ്രവര്‍ത്തകനായി അല്‍പ്പ സ്വല്‍പ്പം ശ്രദ്ധനേടാന്‍ കഴിഞ്ഞു എന്നു രഹസ്യമായി വിശ്വസിച്ചിരുന്നു അന്നും ഇന്നും. നേതാവാകാന്‍ ആഗ്രഹിക്കുന്നു എന്നു ക്യാംപില്‍ വച്ച് മേരിക്കുട്ടി ടീച്ചറിനോടു പറഞ്ഞതിനു ഫലമായി പൈനാവില്‍ നടക്കുന്ന സ്റ്റുഡന്റ്‌സ് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാക്കിത്തരികയും റഷീദ് സാറിനൊപ്പം പൈനാവില്‍ പോവുകയും ചെയ്ത അനുഭവം മികച്ചതായിരുന്നു. അനുരാജിനെ സ്റ്റുഡന്റ്‌സ് മാഗസിന്‍ എഡിറ്ററായി വിജയിപ്പിച്ച ക്രെഡിറ്റില്‍ ചെറിയ പങ്കാളിത്തം വഹിച്ചു എന്ന അഭിമാനത്തില്‍ പ്രണയവും നൈരാശ്യവും തുളുമ്പുന്ന കവിതകള്‍ എഴുതിക്കൊടുത്തെങ്കില്‍ ആ മാഗസിന്‍ പുറത്തിറങ്ങിയില്ല എന്ന നിരാശ വിട്ടുമാറാതെ.... കൈയെഴുത്തു മാഗസിനിലേക്കു സൃഷ്ടികള്‍ സ്വന്തവും അല്ലാത്തതുമായവ പകര്‍ത്തിക്കൊടുത്ത് ഭാഗവാക്കാവാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊണ്ട്...ഒടുവില്‍ മൂന്നുവര്‍ഷക്കാലത്തെ കാംപസ് ജീവിതത്തിനു പരിസമാപ്തിക്കുറിച്ച് ഓട്ടോഗ്രാഫുകളില്‍ ആകുലതകളും ആഗ്രഹങ്ങളും ആശംസകളും ചാര്‍ത്തി ഇനിയും കാണണം വിവാഹം അറിയിക്കാന്‍ മറക്കരുത് തുടങ്ങി വാഗ്ദാനങ്ങളും നല്‍കി വിടപറയുമ്പോള്‍...ഒത്തുകൂടലുകള്‍ എത്രമാത്രം സാധ്യമാവും എന്നു അറിഞ്ഞിരുന്നില്ല. എന്നാല്‍ ഓരോ ജനുവരി 26കളിലും ആത്മവിശ്വാസത്തോടെ പൂര്‍വവിദ്യാര്‍ഥിയെന്ന അഹങ്കാരത്തോടെ ഈ കലാലയത്തിലേക്ക് കടന്നുവരാമെന്നുള്ള സാധ്യത എന്നെ ആഹ്ലാദവാനാക്കുന്നു. അതില്‍ ഓരോരുത്തരും പങ്കാളികളാവണമെന്ന അഭ്യര്‍ഥനയോടെ അലുമ്‌നിയില്‍ സംസാരിക്കാനാവാതെ പോയതിലുള്ള വിഷമത്തെ ഈ വാക്കുകളിലൂടെ ഞാന്‍ മറികടക്കട്ടെ... ജയേഷ്, ഫ്രാന്‍സിസ്, അനില്‍, അനീഷ്, ഷാജഹാന്‍, റെന്‍സ്, സ്റ്റാലിന്‍, സിറാജ്, ഷിന്‍സ്, നിസാര്‍, നിഷാദ്, ചെറിയാന്‍, റെസിലി, റ്റിജോ, അന്‍വര്‍ ഷാ, ജസ്റ്റിന്‍,സനില്‍, ബിബിന്‍, ദീപു, അനൂപ്, നിഖില്‍, രഞ്ജിനി, രാജി, രാജി, റാണി, സ്മൃതി, സന്ധ്യ, ടിന്റു, ഷാജിത, മെര്‍ളിന്‍ ബി.കോമില്‍ എന്നോടൊപ്പം പഠിച്ച എല്ലാവരെയും പേരെടുത്തു പറഞ്ഞ് നിര്‍ത്തട്ടെ...
Subscribe to:
Posts (Atom)