Friday, August 27, 2010
ചെരിപ്പ്
കല്ലും മുള്ളും തറയാതെ
സുരക്ഷാകവചമൊരുക്കി
പിച്ചവച്ച നാള്‍ മുതല്‍
കൂടിയതാണെന്റെ കൂടെയീ പാദുകം,
വളര്‍ച്ചയുടെ പടവുകളില്‍ അളവ്
മാറിയും, ചിലപ്പോള്‍ വള്ളി പൊട്ടി
തെരുവരികില്‍ വലിച്ചെറിഞ്ഞും
യാത്ര പറയാതെ
ഞാന്‍ നിന്നെ വിട്ടകന്നു.
ഓരോ ലക്ഷ്യത്തിലും
വേദന മാത്രമായിരുന്നു
നിന്റെ പ്രതിഫലം.
എന്റെ ചവിട്ടടിയില്‍ പതിഞ്ഞമര്‍ന്ന
നിന്റെ നെടുവീര്‍പ്പുകള്‍
ഞാന്‍ കേട്ടതുമില്ല.
ഇനിയുമുണെ്ടനിക്കു കാതങ്ങള്‍
താണ്ടുവാന്‍, പരിചയായി
പാദങ്ങളില്‍ നീ വേണം.
പക്ഷേ, അതില്‍ക്കവിഞ്ഞൊരു ചിന്ത
നിനക്കു പകുത്തുതരാന്‍
ഇല്ലെനിക്കൊട്ടുമെന്നും പറഞ്ഞിടട്ടെ.
(11-07-10 തേജസ് ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. )
Friday, August 20, 2010
ചതിയുടെ മൂടുപടമിട്ട പ്രണയിനി
പ്രണയത്തിനു ചതിയുടെ മൂടുപടമിട്ട ചിലരുണ്ട്.
അടുത്തുകൂടിയവര്‍ ഹൃദയം സ്വന്തമാക്കും.
ഒടുവില്‍ വിട പറയാതെയവര്‍
അകലുമ്പോള്‍ തകര്‍ന്ന മനസ്സും
ചോരകിനിയുന്ന ഹൃദയവുമായി നാം ബാക്കിയാവും.
വെറുക്കണമെന്ന് ആഗ്രഹിക്കുമ്പോഴും
ആ മുഖം മനതാരില്‍ ഓടിയണയും,
എന്നെത്തെയും പോലെ.
മഴകാക്കുന്ന വേഴാമ്പലിനെ പോലെ
കുറിമാനങ്ങള്‍ കാത്തിരുന്നവേളകള്‍ക്ക്
ഇത്രമാത്രം വേദന പകരാനാവുമെന്ന്
അറിയുകയേയില്ല നാം.
സ്വപ്‌നങ്ങളെ പ്രണയിച്ചൊടുവില്‍
പ്രണയത്തിന്റെ മൂര്‍ച്ചയറിയാന്‍
സ്വന്തം ഹൃദയത്തിന്റെ മുറിവുനോക്കാം നമുക്ക്.
ചിലരങ്ങനെയാണ്, പകുത്തുതന്ന സമയവും
സ്‌നേഹവും നേരംപോക്കിനാണെന്നു പറയാറില്ല.
അത് അനുഭവിച്ചറിയുക തന്നെ വേണം.
എന്നിട്ട് ഈ ലോകത്തോട് ഉറക്കെ വിളിച്ചുപറയാം
പ്രണയിനികളെ വിശ്വസിക്കരുതെന്ന്.
പക്ഷേ ഒന്നുറപ്പാണ്, ആരുമതു കേള്‍ക്കില്ല.
വിശ്വാസത്തിനു നാം നല്‍കുന്ന
മഹത്വമാണിതിനു കാരണം.
പ്രണയത്തിന്റെ ചവര്‍പ്പ് അറിയാനുള്ള
കാലചക്രത്തിനു തടയിടാന്‍ ആര്‍ക്കുമാവില്ല.
മറവി ബാധിക്കുന്നതുവരെ ഓര്‍മതന്‍ വേദനയില്‍
നെഞ്ച് നീറിക്കൊണ്ടേയിരിക്കട്ടെ...
Subscribe to:
Posts (Atom)