Wednesday, September 29, 2010

ഡയറിയും പേനയും ജീവിതം കുറിക്കുമ്പോള്‍


നഗരത്തിലെ പേപ്പര്‍മാര്‍ട്ടില്‍ നിന്ന്
ഇരുവരെയും ഒരുമിച്ചായിരുന്നു
അയാള്‍ വീട്ടിലേക്കു വാങ്ങിവന്നത്.
നടപ്പാതയിലെ കലപിലയും നിരത്തിലെ
യന്ത്രങ്ങളുടെ മുരള്‍ച്ചയും പകര്‍ന്ന
ബഹളങ്ങളില്‍ നിന്ന്
പുതിയ വീട്ടിലേക്കുള്ള പ്രവേശനം
സ്വര്‍ണം പൂശിയ ഫൗണ്ടന്‍ പേനക്കും
തടിച്ച ഡയറിക്കും പകര്‍ന്ന
ആഹ്ലാദം അതിരില്ലാത്തതായിരുന്നു.
എല്ലാ രാത്രികളിലും അവര്‍ക്ക്
ഒന്നിക്കാന്‍ അയാള്‍ അവസരമൊരുക്കി.
ഡയറിത്താളുകളില്‍ പേന തന്റെ
പ്രണയദാഹം ഒഴുകിത്തീര്‍ത്തു.
ഡയറിയാവട്ടെ അവ തന്റെ നെഞ്ചോടു
ചേര്‍ത്തു നിര്‍വൃതി പൂണ്ടു.
ഇരുവരുടെയും പ്രണയലീലകള്‍ക്കു
സാക്ഷിയായ ചുവരിലെ കലണ്ടറാവട്ടെ
തന്റെ പേജുകള്‍ മറിച്ചു നാണം മറച്ചു.
ഒടുവില്‍ തന്റെ അവസാനതാളിലും ഫൗണ്ടന്‍ പേന
പ്രണയം രചിക്കുമ്പോള്‍ ഡയറി
പുതിയ പ്രഭാതത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.
പുറത്ത് കരിമരുന്ന് പ്രയോഗത്തില്‍
മാനം പലവര്‍ണങ്ങള്‍ മാറിയണിഞ്ഞു.
കാതടിപ്പിക്കുന്ന ശബ്ദവും ആര്‍പ്പുവിളികളും...
പിറ്റേന്ന് രാത്രിയും ഡയറിയും പേനയും
അയാളുടെ വരവും കാത്തിരുന്നു.
ഒടുവില്‍ അയാളുടെ കാലൊച്ച കേട്ട്
ഇരുവരും പുളകിതരായി.
പതിവുപോലെ അയാള്‍ കൈയിലെടുക്കുമ്പോള്‍
ഡയറി പേനയെ നോക്കി കുസൃതികാട്ടി.
അന്നുരാത്രി പേന പുതുമണം വിതറുന്ന
ഡയറിത്താളിലാണ് തന്റെ പ്രണയദാഹം തീര്‍ത്തത്.
അതുകാണാന്‍ ചുവരില്‍ പുതിയ കലണ്ടറും
സ്ഥാനം പിടിച്ചിരുന്നു.
എഴുത്തുമേശയുടെ ഉള്ളിലെ കട്ടപിടിച്ച
ഇരുട്ടില്‍ പഴയ ഡയറി തന്റെ മുന്‍ഗാമികളോട്
വിരഹവേദനയെക്കുറിച്ച് രാവെളുക്കുവോളം വാചാലയായി.

1 comment:

  1. അപ്പോഴത്തേക്കും പേനയുടെ നിമ്പ് ഒടിഞ്ഞിരുന്നു.
    പ്രണയപരാജയത്തിന്റെ ഈര്‍പ്പം തേടി ചിതല്‍ വന്നു.
    പിന്നെ പറയാനില്ലാലോ.

    ReplyDelete