കുറേദിവസമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവനെക്കുറിച്ചുള്ള ചിന്തകളാണ് എനിക്ക്. അവന്‍ എന്റെ പഴയൊരു സ്‌നേഹിതനാണ്, പേരു രതീഷ്. ജന്മദേശമായ കട്ടപ്പനയിലെ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍(ഇന്ന് ഹയര്‍ സെക്കന്‍ഡറിയാണ്)എനിക്കൊപ്പം ഒരു വര്‍ഷമാണ് അവന്‍ പഠിച്ചത്. ഏതു ക്ലാസിലാണ് ഒപ്പം പഠിച്ചതെന്നോ എനിക്കൊപ്പമാണോ അവന്‍ ഇരുന്നതെന്നോ ഓര്‍മയില്ല. എന്നിട്ടും ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അവനെന്തിനാണ് എന്റെ ചിന്തകളില്‍ കൂടുകൂട്ടുന്നത്. ഇടംകൈയനായിരുന്നു അവന്‍, ബൗള്‍ ചെയ്യുന്നതും ബാറ്റു ചെയ്യുന്നതുമൊക്കെ ഇടംകൈ കൊണ്ടാണ്. ഇരുണ്ട നിറം. സ്‌കൂളിനടുത്തുള്ള കൃഷിയിറക്കാത്ത കണ്ടത്തില്‍(വയല്‍)ശനിയാഴ്ചകളിലും ചില പ്രവൃത്തിദിനങ്ങളിലും നടക്കുന്ന ക്രിക്കറ്റ് കളിയില്‍ അവന്‍ കാഴ്ചവച്ച പേസ് ബൗളിങ്ങിന്റെ ശൈലി ഹൃദയത്തില്‍ നിന്ന് എന്നോ മങ്ങിത്തുടങ്ങിയിരുന്നു. പാതിവഴിയില്‍ അവനെന്തിനാണ് പഠനം നിര്‍ത്തിയതെന്ന് പിന്നീട് പലതവണ കണ്ടിട്ടും ഞാന്‍ ചോദിച്ചിരുന്നില്ല. കാരണം തിരക്കാന്‍ മാത്രം ബുദ്ധിക്ക് വികാസം പ്രാപിച്ചിരുന്നില്ല എന്നതാണു സത്യം. കാണുമ്പോഴൊക്കെ അവന്‍ മനസ്സുതുറന്നു ചിരിച്ചു, വിശേഷങ്ങള്‍ തിരക്കി.
എന്റെയും അവന്റെയും വീടുകള്‍ രണ്ടിടങ്ങളിലായിട്ടും ഇടയ്ക്കിടെ കണ്ടുമുട്ടലുകള്‍ക്ക് വേദിയൊരുങ്ങി. അത്തച്ചി(ഞാനേറെ സ്‌നേഹിക്കുന്ന എന്റെ പിതാവ്)യുടെ പണിയിടമായിരുന്നു അതിനു സഹായമായത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ഞാന്‍ ക്ലാസ് സമയം കഴിയുമ്പോള്‍ പലപ്പോഴും അവിടെയെത്തിയിരുന്നു. ചിലപ്പോള്‍ അത്താഴത്തിനുള്ള അരി വാങ്ങിയാവും എന്റെ യാത്ര. ചിലപ്പോള്‍ ഇറച്ചി, മീന്‍ അടക്കമുള്ള മറ്റു സാധനങ്ങളും. അവിടെയുള്ള പബ്ലിക് ലൈബ്രറിയില്‍ ഇരുന്നു ടി.വി കാണും, അത്തച്ചി സര്‍വീസ് സ്‌റ്റേഷനിലെ പണിയൊതുക്കി പണം തരുന്നതു വരെ. രതീഷ് അവിടെയുണ്ടാവും, പത്രം വായിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം കഥകള്‍ പറഞ്ഞുമൊക്കെ. ഒരുനാള്‍ അവനെനിക്ക് സമീപത്തെ കടയില്‍ നിന്ന് പഴം വാങ്ങിത്തന്നു. നിരസിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു.
പിന്നീട്, ഞാന്‍ പഠനത്തിന്റെ മറ്റു മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രതിരിച്ചു. അവനെ പിന്നീട് കാണുകയേ ചെയ്തില്ല. ഇടയ്ക്ക് അവനെ കണ്ടുമുട്ടുന്ന ജ്യേഷ്ഠന്‍ പറയും, രതീഷ് തിരക്കിയിരുന്നു നിന്നെയെന്ന്. ഒരു നാള്‍ കേട്ടു, അവന് അപകടം പറ്റിയ ദുഃഖവാര്‍ത്ത. കല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയോ മറ്റോ രതീഷ് സഞ്ചരിച്ചിരുന്ന ജീപ്പില്‍ പോലിസ് ജീപ്പ് ഉരസിയാണ് അപകടം. ജീപ്പിന്റെ പിറകിലിരുന്ന് ഉറങ്ങുകയായിരുന്ന രതീഷിന്റെ തലയിലാണ് പോലിസ് ജീപ്പിന്റെ വശം ഇടിച്ചത്. ജീപ്പിന്റെ പടുതയ്ക്ക് പോലും പോറല്‍ ഏറ്റില്ല. പക്ഷേ എന്റെ സുഹൃത്ത് ഒരു മാസത്തിലേറെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. അന്നത്തെ ഉറക്കം അവന്‍ ഉണര്‍ന്നിരുന്നോ ആവോ. ആരെയും തിരിച്ചറിയാതെ, അതോ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാന്‍ കഴിയാതിരുന്നിട്ടോ എന്നറിയില്ല യാത്ര പോലും പറയാതെ അവനീ ലോകത്ത് നിന്ന് യാത്രയായി.
സൗഹൃദത്തിന്റെ ഇഴയടുപ്പം അതിലേറെയൊന്നും ഞങ്ങള്‍ തമ്മിലില്ലായിരുന്നു. പക്ഷേ, അവനിപ്പോളെന്നെ തേടിവരുന്നതെന്തിനാവാം. പാതിവഴിയില്‍ നിലച്ചുപോയ സൗഹൃദം വസന്തമായി മാറാന്‍ അവന്‍ കൊതിക്കുന്നുണ്ടായിരിക്കുമെന്നാണ് മനസ് പറയുന്നത്. മരണത്തെയും തോല്‍പ്പിച്ച് എന്നിലേക്ക് മടങ്ങിവന്നല്ലോ പ്രിയ സ്‌നേഹിതാ നീ. നിനക്ക് ഒരായിരം നന്ദി...