Friday, August 12, 2011

റോമി മാഷും കൈമോശം വന്ന പ്രണയകവിതകളും

കൂനന്‍കാവില്‍ ബസ്സിറങ്ങിയ രവിയെ കണക്കെ, നെടുങ്കണ്ടത്ത് മഞ്ഞുകനക്കുന്ന മാര്‍ച്ച് മാസം ബസ്സിറങ്ങിയ അജ്മല്‍, മലയാളം മാഷായ എന്റെ പ്രിയ സ്‌നേഹിതന്‍ റോമി മാഷിന്റെ(റോമി വെള്ളാമ്മേല്‍) സഹപാഠിയായിരുന്നു. ഞാന്‍ നേരില്‍ക്കണ്ടിട്ടില്ലാത്ത അജ്മലിനെക്കുറിച്ച് ഞാനാദ്യം കാണുന്നത്(കേള്‍ക്കുകയായിരുന്നില്ല)നെടുങ്കണ്ടം ബി.എഡ് കോളജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ മാഗസിന്‍ എഡിറ്ററുടെ കൈയൊപ്പ് ചാര്‍ത്തിയ സന്ദേശത്തിലൂടെയായിരുന്നു.
അതീവ ഹൃദ്യമായ ആ ഭാഷ തുടങ്ങുന്നതു തന്നെ ഖസാക്കിന്റെ ഇതിഹാസമെന്ന ഒ വി വിജയന്റെ നോവലിന്റെ കഥാപാത്രത്തോട് സ്വയം ഉപമിച്ച അജ്മലിന്റെ പ്രയോഗത്തോടെയാണ്. ഒരു ഗര്‍ഭകാലം ചെലവിട്ട അധ്യാപക പഠനത്തെക്കുറിച്ച് നാലുവരിയില്‍ എല്ലാം പറയാതെ പറഞ്ഞ, ഞാനറിയുന്ന ആ അപരിചിതന്‍ എന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഏറെയാണ്. വയനാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാനധ്യാപകന്റെ മകനായ അജ്മലിനെ പരിചയപ്പെടണമെന്ന ആഗ്രഹം ഇന്നും ബാക്കിയാവുന്നു.
മനോഹരമായ കൈപ്പടയില്‍ അദ്ദേഹം റോമി മാഷിനെഴുതിയ കത്തുകള്‍ എത്രയോ ആവര്‍ത്തി ഞാന്‍ വായിച്ചുതീര്‍ത്തു. കത്തെഴുത്തുകളുടെ വശ്യമായ ഭാഷ എന്താണെന്നും എങ്ങനെയാണെന്നും ഞാനറിഞ്ഞത് ആ കുറിപ്പടികളില്‍ നിന്നാണ്. ഒപ്പം റോമി മാഷിന്റെ വാചാലതയും, സാഹിത്യവും.
സച്ചിദാനന്ദന്റെ പ്രണയകവിതകളുടെ ഒരു ചെറുസമാഹാരം റോമി മാഷെനിക്ക് വായിക്കാന്‍ തന്നത് എപ്പോഴോ കൈമോശം വന്നു. എന്നാല്‍ നീ എന്നെ പ്രണയിച്ചിരുന്നെങ്കില്‍ ഓമനേ.. നിന്‍ ഒഴുകുന്ന വായില്‍ ഞാനെന്നും കറുകറുത്ത ഞാവല്‍പഴങ്ങള്‍ ഇട്ടുതരുമായിരുന്നു എന്ന വരികളുള്ള കവിത ഞാനിന്നും മറന്നിട്ടില്ല.
നന്നേ കറുത്ത, എന്നാല്‍ ഷാരൂഖ് ഖാനാണെന്ന് അഭിമാനത്തോടെ പറയുന്ന ആ റോമി മാഷിനെയും ഞാനെങ്ങനെ മറക്കാനാണ്. ജീവിതത്തിന്റെ തിരക്കുകളില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് അകലം കൂടിയിരിക്കുന്നു. പക്ഷേ മാനസികമായ ബന്ധം ഞാനിന്നും രാകി മൂര്‍ച്ച കൂട്ടുകയാണ്. ഓര്‍മിക്കുവാന്‍ ഒരുപാടുണ്ട്, റോമി മാഷും ഞാനും പങ്കിട്ട സൗഹൃദനിമിഷങ്ങള്‍. സുഹൃത്തിനെക്കാളുപരി ജ്യേഷ്ഠസഹോദരനെപ്പോലെ മാറിയ ആ ബന്ധത്തെക്കുറിച്ച് മറക്കാതിരിക്കാനും എപ്പോഴും ഓര്‍മിച്ചുകൊണ്ടിരിക്കാനും എനിക്കിന്നും കഴിയുന്നു എന്നതുതന്നെ അതിനു തെളിവാണ്. അതിലേറെ സന്തോഷിക്കുകയും ചെയ്യുന്നു. കവിതകള്‍ എഴുതുക എന്ന സാഹസം തുടങ്ങിയത് റോമി മാഷിനോടൊപ്പമുള്ള ആ സഹവാസകാലത്താണ്. കവിത എഴുതിയതിനു ആദ്യമായി എന്നെ അഭിനന്ദിച്ചതും ഇനിയുമെഴുതാന്‍ പ്രോല്‍സാഹിപ്പിച്ചതും അതേ റോമി മാഷാണ് എന്നത് സന്തോഷിപ്പിക്കുന്നു.
റോമി മാഷിന്റെ എഴുത്തിനോടും പ്രണയം തോന്നിത്തുടങ്ങിയിരുന്നു അന്ന്. സ്വയം സഹായ സംഘടനകളുടെ പ്രവര്‍ത്തനേകോപനത്തിന് തുടങ്ങിയ പ്ലാനെറ്റ് എന്ന സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി ഞങ്ങള്‍ ചെലവഴിച്ച ഒരു വര്‍ഷം എനിക്കു പകര്‍ന്നു തന്ന അനുഭവങ്ങളേറെയാണ്. സംഘടനാ പാടവം, നാലാളെ അഭിസംബോധന ചെയ്യുക തുടങ്ങിയ ഗുണങ്ങള്‍ ലഭിച്ചതും ആ ജീവിത പഠനകളരിയിലാണ്.
കോളജില്‍ നിന്നു നേരെ മാഷ് പഠിപ്പിക്കുന്ന സ്‌കൂളിലേക്കാവും ഞാനെത്തുക. ക്ലാസ് കഴിയുന്നതു വരെ അവിടെ കാത്തുനിന്ന് മാഷിനൊപ്പം പുളിയന്മലയിലെ പ്ലാനെറ്റിന്റെ ഓഫിസ് റൂമിലേക്ക്. അവിടെ ചൂടുപിടിക്കുന്നത് പറയാതെ പോയതും പറഞ്ഞിട്ടും നടക്കാതെ പോയതുമായ പ്രണയങ്ങളെക്കുറിച്ചും, പിന്നെ പോയകാലത്തെ എല്ലാത്തരം ഓര്‍മകളെക്കുറിച്ചുമായിരുന്നു. ചിലപ്പോഴൊക്കെ സതീഷേട്ടനുമുണ്ടാവും ഞങ്ങളോടൊപ്പം. എല്ലാം പറഞ്ഞ്, ഭാരമൊഴിഞ്ഞ മനസ്സുമായി സന്ധ്യയോടെ വീട്ടിലേക്ക് മടക്കം. എന്റെ ഓര്‍മകള്‍ കൂടുതല്‍ പച്ചപിടിക്കുകയാണ് ഇപ്പോഴും.
അതെ റോമി മാഷെനിക്ക് അത്രയേറെ പ്രിയപ്പെട്ടവനാണ്. ഇടമുറിയാത്ത സംസാരങ്ങളില്‍ നിന്ന് ആഴ്ചയിലോ മാസത്തിലോ ഒരിക്കലുള്ള ഫോണ്‍ വിളികളിലേക്കു മാറിപ്പോയ ആ ബന്ധമിപ്പോള്‍ വല്ലപ്പോഴുമൊരിക്കലെന്ന കൂടിക്കാഴ്ചകളിലേക്ക് മാറിപ്പോയിരിക്കുന്നു. സാഹചര്യം അങ്ങനെയാണ് ജീവിതത്തിന്റെ ചരടുവലിക്കുന്നത്. ഒടുവില്‍ കാണുന്നത് മാഷിന്റെ വിവാഹച്ചടങ്ങിലാണ്. പണ്ടത്തെ സൗഹൃദവലയത്തിലുള്ള പലരും അന്നേ ദിവസം ഒത്തുകൂടി, വളരെ നാളുകള്‍ക്കു ശേഷം.
അകലെയാവുന്തോറും അടുത്തുകൊണ്ടേയിരിക്കുന്ന മനസ്സുകളുടെ രസതന്ത്രം പ്രകടമാക്കി സതീഷേട്ടന്‍ ഇന്നലെ വിളിച്ചിരുന്നു, വിശേഷങ്ങള്‍ തിരക്കി. പൂത്തുലയുന്ന വാകമരം പോലെ സൗഹൃദം കുളിര്‍മ പകരുകയാണ് എന്നില്‍...

1 comment: