Monday, February 20, 2012

നാശം പിടിച്ച മൊബൈല്‍ സേവന ദാതാക്കള്‍

ഓച്ചിറയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രമധ്യേ ബസ്സില്‍ വച്ചു പറ്റിയൊരു അബദ്ധത്തെക്കുറിച്ച് പറയാതെ വയ്യ. അതുവഴിയുള്ള ആദ്യയാത്രയായതിനാല്‍ സ്ഥലങ്ങളൊക്കെ കൗതുകപൂര്‍വം നോക്കിയാണ് എന്റെ ഇരിപ്പ്. ജനാലയുടെ സൈഡിലിരിക്കുന്ന മധ്യവയസ്‌കനെ പരിചയപ്പെടാനും ഇതിനിടയില്‍ സമയം കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന മകന്റെ അരികിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പനി മൂര്‍ച്ഛിച്ച് അരയ്ക്കു കീഴ്‌പോട്ടു തളര്‍ന്ന 11കാരന്റെ ചികില്‍സയുടെ ഭാഗമായ സ്‌കാനിങ്ങുകള്‍ക്കു വേണ്ടി പണം സ്വരൂപിക്കാന്‍ ഓച്ചിറയ്ക്കു പോയതായിരുന്നു ആ പിതാവ്.

കൂലിപ്പണിക്കാരനായ അദ്ദേഹവും ഭാര്യയുമാണ് ആഴ്ചകളായി മകനൊപ്പം ആശുപത്രിയിലുള്ളത്. തലേദിവസം രാത്രിയില്‍ ഓച്ചിറയിലേക്കു വന്ന് രാവിലെ എവിടെ നിന്നോ പണം കടംവാങ്ങി കോട്ടയത്തേക്കു പോവുമ്പോള്‍ ദിവസങ്ങളായുള്ള ഉറക്കക്ഷീണം അദ്ദേഹം തളര്‍ത്തിയിരുന്നു. കുറേനേരം സംസാരിച്ച ശേഷം ഉറക്കത്തിലാണ്ട അദ്ദേഹത്തിന്റെ അവസ്ഥയില്‍ എനിക്കു വേദന തോന്നി. കേവലമൊരു പനിയില്‍ ശരീരം തളര്‍ന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മനുഷ്യനെത്ര നിസ്സഹായനെന്ന് ഒരിക്കല്‍ കൂടി മനസ്സിനെ ബോധ്യപ്പെടുത്തിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ചിലച്ചു തുടങ്ങിയത്. ബെല്ല് അടിച്ചിട്ടും ഉറക്ക ക്ഷീണത്തില്‍ മുങ്ങിയ അദ്ദേഹമത് അറിയുന്നുണ്ടായിരുന്നില്ല.

ആശുപത്രിയില്‍ കഴിയുന്ന മകന്റെ അവസ്ഥ അറിയിക്കാനോ എവിടെയെത്തിയെന്നു തിരക്കാനോ അയാളുടെ ഭാര്യയാവും ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ എന്നായിരുന്നു എന്റെ ചിന്ത. അതുകൊണ്ടു തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാനദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. കൂടുതല്‍ ശക്തമായി തൊട്ടുവിളിച്ചപ്പോഴാണ് അദ്ദേഹമുണര്‍ന്നത്. മൊബൈല്‍ ഉദ്വേഗത്തോടെ കാതില്‍ ചേര്‍ത്ത അദ്ദേഹത്തിന്റെ മുഖം വെറുപ്പില്‍ പൊതിഞ്ഞപ്പോള്‍ ഞാന്‍ കാര്യം തിരക്കി. റിങ് ടോണ്‍ തിരഞ്ഞെടുക്കാന്‍ മൊബൈല്‍ സേവനദാതാവില്‍ നിന്നുള്ള വിളിയായിരുന്നേ്രത അത്. ആശുപത്രിയില്‍ നിന്നാണെന്നോര്‍ത്താണ് വിളിച്ചുണര്‍ത്തിയതെന്ന എന്റെ ഖേദപ്രകടനത്തെ സാരമില്ലെന്നു പറഞ്ഞദ്ദേഹം തള്ളി. പാവം ദിവസങ്ങളായി മുടങ്ങിയ ഉറക്കം കൊതുകുകടി കൊള്ളാതെ ബസ്സിലിരുന്ന് ഇത്തിരി നേരം മയങ്ങാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഇല്ലാതാക്കിയ ഇച്ഛാഭംഗത്തോടെയായിരുന്നു പിന്നീടുള്ള എന്റെ യാത്ര.

മൊബൈല്‍ സേവന ദാതാക്കള്‍ നേരവും കാലവും നോക്കാതെ ഓഫറുകളറിയിച്ച് വിളിച്ചുകൊണ്ടേയിരിക്കുകയാണ്. അത്യാവശ്യ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴോ മരണവീട്ടിലോ ആശുപത്രിയിലോ യാത്രയിലോ ഒക്കെയായിരിക്കുമ്പോഴായിരിക്കും കിന്നാരവര്‍ത്തമാനവുമായി കമ്പനികളുടെ കോളെത്തുന്നത്. ഈ ശല്യം പിടിച്ച ഏര്‍പ്പാട് മുഴുവനോടെ അങ്ങു നിര്‍ത്തിയാലെന്താണു കുഴപ്പം.

2 comments:

  1. Yes you are true.it touches our heart.

    ReplyDelete
  2. മുമ്പ് എനിക്കും വരുമായിരുന്നു ഇത്തരം പ്രയോജനമില്ലാത്ത കോളുകള്‍. ഒരിക്കല്‍ ഞാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് ഇത്തരം കോളുകള്‍ എനിക്ക് ആവശ്യമില്ലെന്നും ഇനി ഇത് ആവര്‍ത്തിച്ചാല്‍ നിങ്ങളുടെ സേവനം വേണ്ടെന്നു വയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുമെന്നും കര്‍ശനമായി പറഞ്ഞു. ഇപ്പോള്‍ ഒരു ശല്യവുമില്ല... ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്!!!

    ReplyDelete