Friday, March 20, 2009

സെമിത്തേരിയുടെ കാവലാള്‍



ശവക്കൂമ്പാരങ്ങള്‍ക്ക്‌ നടുവില്‍
ഏകനായി നില്‍ക്കുവാന്‍
ഒട്ടേറെ ധൈര്യം അവലംബിച്ചാണ്‌
അയാള്‍ കടന്നുവന്നത്‌.
ആദ്യരാത്രി ശ്വാസം വിടാന്‍
പോലും ഭയപ്പെട്ട്‌.
പകലിരുണ്ട്‌ നിശബ്ദതയിലേക്ക്‌
വഴുതുമ്പോള്‍ കൂട്ടിയിട്ട
പുഷ്‌പച്ചക്രങ്ങള്‍ക്കു
നടുവില്‍ ദുസ്സഹമായ
ഏകാന്തതയായിരുന്നു കൂട്ട്‌.
എന്നും പുതുമയുമായാണ്‌
ഓരോരുത്തരും എത്തിയത്‌.
വണ്ടി കയറി, കുന്നിന്‍മുകളില്‍
നിന്ന്‌ താഴ്‌വരയിലേക്ക്‌ പറന്ന്‌,
ശിഖരങ്ങളില്‍ കയര്‍ത്താലി കൊണ്ട്‌
ബന്ധം കൂടി, ജലാശയങ്ങളുടെ
ആഴങ്ങളില്‍ ശ്വാസത്തെ ഉപേക്ഷിച്ച്‌,
മറ്റുചിലര്‍ 'കീടത്തെ നശിപ്പിക്കാ'ന്‍
മരുന്ന്‌ കഴിച്ച്‌, തൊലി ചുളിഞ്ഞാണ്‌
ചിലര്‍ വിടപറഞ്ഞത്‌.
ജീവിതയോട്ടത്തിനിടെ ഹൃദയം
പണിമുടക്കിയെത്തിവരുമുണ്ട്‌.
എന്നാല്‍ ഒക്കെക്കും ഒരേ രൂപം.
തണുത്തുമരവിച്ച്‌, വഴങ്ങാന്‍
കൂട്ടാക്കാതെ, ചിലപ്പോള്‍ കണ്ണുകള്‍ തുറിച്ച്‌
ചിലപ്പോള്‍ പാതിയടഞ്ഞ്‌...
പിന്നിട്ട നാളുകളേക്കുറിച്ചാണയാള്‍
ഓരോ രാത്രിയും ചിന്തിച്ചുനീക്കിയത്‌.
ഒടുവിലാ ശവപ്പറമ്പില്‍ അവസാന
ശ്വാസത്തെ ഉപേക്ഷിച്ച്‌...
പുതിയ കാവല്‍ക്കാരനെയും
കാത്ത്‌ മഞ്ഞുംതണുപ്പുമേറ്റ്‌
ശവങ്ങളെ ഭയന്ന കാവല്‍ക്കാരന്‍....

Saturday, March 7, 2009

വാക്കു പാലിച്ച ഗുണ്ട


ചോരകാണാതെ ഉറക്കം വരില്ലെന്നായിരുന്നു
ആ തെരുവുഗുണ്ടയുടെ വീരവാദം.
ആളുകള്‍ ഭീതിയൊഴിയാതെ നോക്കിയ
ഗുണ്ടയൊടുവില്‍ ചോരകണ്ടു കണ്ണടച്ചു.
നെഞ്ചില്‍ ആരോ കുത്തിയിറക്കിയ
കത്തി മോര്‍ച്ചറിയിലെ ടേബിളില്‍ വച്ചാണ്‌
ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തത്‌.
അന്നു നാട്ടുകാര്‍ പറഞ്ഞു എത്ര
സത്യസന്ധനായിരുന്നു അയാള്‍.
പറഞ്ഞവാക്കു പാലിച്ചുകളഞ്ഞില്ലേ...

Thursday, February 12, 2009

പ്രാര്‍ഥനയില്‍ ഇവളെയും ഉള്‍പ്പെടുത്തൂ...


ആദ്യപ്രണയത്തെ അനുസ്‌മരിച്ച്‌ മാസങ്ങള്‍ക്കു മുമ്പ്‌ ബ്ലോഗില്‍ പോസ്‌റ്റിട്ട വേളയില്‍ ഞാന്‍ 9 വര്‍ഷങ്ങള്‍ക്ക്‌ പിറകിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയിലേക്കാണ്‌ തിരിച്ചുപോയത്‌. കൗമാരക്കാരന്റെ കൗതുകങ്ങള്‍ക്കുമപ്പുറമുള്ള പരിഭ്രമത്തോടെ ആദ്യ പ്രണയക്കുറിപ്പിന്റെ മറുപടി കാത്ത്‌ നിന്ന ആ പത്താംക്ലാസ്സുകാരനാവാന്‍ മനസ്‌ ഒരുപാട്‌ കൊതിച്ചുപോയിരുന്നു ആ വേളയില്‍. എന്നാല്‍ 8, 9 ക്ലാസ്സുകളില്‍ ഒപ്പം പഠിച്ച ആ സുന്ദരിക്കുട്ടി എന്റെ ഇഷ്ടത്തിന്‌ യെസ്‌ എന്ന മറുപടി തന്നിരുന്നില്ല. എങ്കിലും അവളെ കാണാന്‍ ആ പുഞ്ചിരി സ്വന്തമാക്കാന്‍ ഞാന്‍ ഒരുപാട്‌ കൊതിച്ചിരുന്നു.അവളെ യാത്രയാക്കാന്‍ ബസ്‌ സ്റ്റാന്റില്‍ കണ്ണിമ ചിമ്മാതെ നിന്നിരുന്ന കുസൃതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യപ്രണയത്തിന്റെ മധുരം മനസ്സ്‌ നിറച്ചിരുന്നു. ഒരിക്കലും കിട്ടാതെ പോയ ആ പ്രണയത്തിന്‌, പ്രണയിനിക്ക്‌ എന്റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു എന്നു ഞാനറിയുന്നത്‌ എന്റെ പ്രിയ സുഹൃത്ത്‌ ഇന്ന്‌ വിളിച്ചറിയിച്ച ആ ദുഃഖ വാര്‍ത്തയിലൂടെയാണ്‌. കാര്‍ന്നുതിന്നുന്ന അര്‍ബുദത്തിന്റെ ഇരയായി എന്റെ 'പ്രിയപ്പെട്ടവള്‍'(അങ്ങിനെ ഈ വേളയിലെങ്കിലും ഞാന്‍ വിശേഷിപ്പിക്കട്ടെ) മരണത്തോടു മല്ലടിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവളെക്കുറിച്ച്‌ എന്നോടൊരാള്‍ സംസാരിക്കുന്നത്‌. അവളുടെ നിസ്സഹായാവസ്ഥ കാതില്‍ പതിച്ച നിമിഷം ഹൃദയം ഒരു നിമിഷം നിലച്ചു, കണ്ണീര്‍ ഉരുണ്ടുകൂടി. കൗമാരത്തിന്റെ ബലഹീനതയായി മാത്രം കരുതാവുന്ന ഒരു പ്രണയത്തിന്‌, ആഗ്രഹത്തിന്‌ ഇത്രമാത്രം കരുത്തായിരുന്നു എന്ന്‌ ഇന്നുമാത്രമാണ്‌ ഞാനറിഞ്ഞത്‌. തുടര്‍ന്നുചോദിച്ചപ്പോഴാണ്‌ കേവലം ആറുമാസം മുമ്പാണ്‌ അവളുടെ വിവാഹം നടന്നതെന്ന വിവരവും അറിയുന്നത്‌.
എസ്‌.എസ്‌.എല്‍.സി പരീക്ഷ സമാഗതമാവുന്ന വേവലാതികള്‍ക്കപ്പുറം കൂട്ടൂകാരെ വിട്ടുപിരിയുന്നതിലുള്ള നൊമ്പരം നെഞ്ചില്‍ കൂടുകൂട്ടിയ വേളയില്‍ വര്‍ണാഭമായ ഓട്ടോഗ്രാഫില്‍ അവളെനിക്കു കുറിച്ചു തന്ന വാചകങ്ങള്‍ വടിവൊത്ത അക്ഷരങ്ങളായി വിരിയുന്നു ഇപ്പോഴും. സ്വപ്‌നങ്ങളൊക്കെ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ ദൈവം അനുഗ്രഹിക്കട്ടെ...എന്റെ പ്രണയത്തെ തുറന്നംഗീകരിച്ചിരുന്നില്ലെങ്കിലും ഉള്ളില്‍ എന്നോടു സ്‌നേഹം പുലര്‍ത്തിയിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ അക്ഷരക്കൂട്ടങ്ങള്‍. 2006 ആദ്യത്തില്‍ കട്ടപ്പന(എന്റെ ജന്മനഗരം)യില്‍ വച്ച്‌ ഏറെനാളുകള്‍ കൂടി കാണവെ അവള്‍ എനിക്കു കൈമാറിയ പുഞ്ചിരി കാഴ്‌ചയില്‍ മായാതെ, മറയാതെ...അന്ന്‌ വിശേഷങ്ങള്‍ തിരക്കണമെന്ന്‌ മനസ്‌ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്ന്‌ കിലോമീറ്ററുകള്‍ക്കപ്പുറം ഞാന്‍ അവളെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കൊതിച്ച്‌, സര്‍വശക്തനായ തമ്പുരാനേ, എത്രയും വേഗം നീയവളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരണേ എന്ന പ്രാര്‍ഥനാ നിരതമായ മനസ്സോടെ...

Thursday, February 5, 2009

പറയാതെ പോയത്‌

2009 ജനുവരി 26 എം.ഇ.എസ്‌ കോളജിലേക്കുള്ള എന്റെ വരവിനു പിന്നില്‍ പല ഉദ്ദേശ്യങ്ങളായിരുന്നു. വീട്ടില്‍ നിന്ന്‌ രാവിലെ നെടുങ്കണ്ടത്തിനു പുറപ്പെടുകയും തൂക്കുപാലത്തില്‍ നിന്നു നിസാമിനെയും കൂട്ടി റെസ്‌്‌ലിയുടെ കടയിലെത്തുമ്പോള്‍ സമയം 11 കഴിഞ്ഞു. എവിടെയാണു നീ, ഞങ്ങള്‍ക്കു പോവണമെന്ന തിരക്കിട്ട സംസാരത്തിനു തിരികൊളുത്തുകയായിരുന്നു റെന്‍സിന്റെ മിസ്‌ഡ്‌ കോളിനു തിരിച്ചുവിളിച്ചപ്പോള്‍ കിട്ടിയ മറുപടി. നിസാമിനൊപ്പം വട്ടപ്പാറയില്‍ ബസ്സിറങ്ങി കോളജിലേക്കുള്ള വീതികുറഞ്ഞ പണ്ടെങ്ങോ ടാറിട്ടിരുന്നു എന്നു ദ്യോതിപ്പിക്കുന്ന റോഡിലൂടെ നടക്കുമ്പോള്‍ അറിയാതെ നാലു വര്‍ഷം പിന്നിലേക്ക്‌ ഞാന്‍ സഞ്ചരിച്ചു തുടങ്ങിയിരുന്നു. അവധിദിനമായതിനാലാവാം വഴിയില്‍ ആരെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അലുമ്‌നിയില്‍ പങ്കെടുക്കാനായി എത്തുന്ന ചില പെണ്‍കുട്ടികള്‍ ഞങ്ങളുടെ പിന്നിലായി വരുന്നുണ്ട്‌. കോളജിനോടടുക്കുന്ന വഴിയില്‍ ഏലത്തിനിടാന്‍ ഇറക്കിയിരിക്കുന്ന ചാണകമല കണ്ടതും നിസ്സാം പറഞ്ഞു. ഈ സാധനം ഇവിടെ നിന്നൊരിക്കലും മാറില്ല(കോളജില്‍ ആദ്യമായി വരുമ്പോഴും അവസാനമായി പടിയിറങ്ങുമ്പോഴും മുടങ്ങാതെ റോഡിലൊരു തടസ്സമായി ഉള്ളതാണിത്‌). പ്രവര്‍ത്തി ദിനങ്ങളില്‍ സ്ഥിരമായി സന്ധിക്കാറുള്ള പള്ളിയിലേക്കു കയറുമ്പോള്‍ മനസ്‌ എന്തിനെന്നറിയാതെ തുടിച്ചുകൊണ്ടിരുന്നു. ചൂളമരങ്ങളുടെ ഇലകള്‍ മുറ്റത്ത്‌ നിരന്നുകിടക്കുന്നു. മുറ്റത്തെ മോടിപിടിപ്പിച്ചിരുന്ന ചെടികളൊക്കെ അപ്രത്യക്ഷമാണ്‌. ആരും പള്ളിയില്‍ എത്തുന്നില്ലേ എന്നായിരുന്നു ഞങ്ങളുടെ സന്ദേഹം. അവിടെ ഞങ്ങളെ കാത്ത്‌ നജ്‌മുദ്ദീനും റസ്‌്‌ലിയുമൊക്കെ നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍....തമാശകളിലൂടെ വിശേഷങ്ങള്‍ തിരക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുകൂടലുകള്‍ക്ക്‌ എത്രയും പെട്ടെന്ന്‌ സാക്ഷ്യം വഹിക്കാന്‍ മനസ്‌ അതിയായി ആഗ്രഹിച്ചു.
കോളജില്‍ നിന്നു പടിയിറങ്ങുന്ന 2004-05 വര്‍ഷങ്ങളില്‍ കഴിച്ചു കൂട്ടിയ ക്ലാസ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ റെന്‍സും ഷാജഹാനും രാജിയും(കുപ്പി) വെടി പറഞ്ഞു നില്‍ക്കുകയായിരുന്നു. കോളജില്‍ നിന്നിറങ്ങിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയാണ്‌, എടുത്തുപറയത്തക്ക മാറ്റം ആര്‍ക്കും പറയാനില്ല. എത്തിയതേ കളിയാക്കലുകളാണ്‌ എല്ലാവരുടെയും വായില്‍ നിന്നുതിര്‍ന്നത്‌. പഴയ പരീക്കുട്ടിയും ഷഷിയും കുപ്പിയുമൊക്കെ കഥ പറയുമ്പോള്‍ ആരൊക്കെയാണ്‌ വന്നിരിക്കുന്നതെന്നറിയാനായിരുന്നു എനിക്കാകാംക്ഷ. പുതുമണവാളനായ സിറാജും അധ്യാപ(ഹ)കനായിത്തീര്‍ന്ന അനുരാജും വായിനോട്ടം കഴിഞ്ഞ്‌ എത്തിയതും അതേ സമയത്താണ്‌. അനുവിനെ കറുമ്പനെന്നു വിളിച്ചതിനു അവന്‍ പ്രതികാരം വീട്ടിയത്‌ തകര്‍ന്നു പോയ എന്റെ പഴയ പ്രണയം പൊടിതട്ടി മറ്റുള്ളവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചാണ്‌. ഗ്രൗണ്ടില്‍ എന്‍.സി.സി കേഡറ്റുകള്‍ പരേഡിന്റെ ട്രെയിനിങ്ങിലാണ്‌. എന്‍.സി.സിയില്‍ ചേര്‍ന്ന്‌ ആദ്യമായി പരേഡ്‌ ചവിട്ടുമ്പോള്‍ മറ്റൊരു സൈഡില്‍ മിക്‌സഡായ എന്‍.എസ്‌.എസുകാര്‍ നില്‍ക്കുന്ന കാഴ്‌ച കണ്ട അന്നുതന്നെ യുനിഫോം ഊരിക്കൊടുത്ത കഥ അവരോടു പറയുമ്പോള്‍ വീണ്ടും പഴയകാല രസങ്ങളിലേക്ക്‌ ഞങ്ങള്‍ ഊളിയിട്ടു. ശകാരങ്ങള്‍ കേള്‍ക്കാന്‍ മാത്രം കേറിയിരുന്ന പ്രിന്‍സിപ്പലിന്റെ റൂമില്‍ കയറുമ്പോള്‍ നവ്യാനുഭവമായിരുന്നു നുകര്‍ന്നത്‌. റഷീദ്‌ സാറിനു മുമ്പില്‍ ഇരിന്നത്‌ ബി.കോമില്‍ പഠിക്കുന്ന സ്ഥിരമായി വൈകിവരുകയും നേരത്തേ പോവുകയും ചെയ്‌തിരുന്ന വിദ്യാര്‍ഥിയായിട്ടാണ്‌. വിശേഷങ്ങള്‍ തിരക്കുകയും അലുമ്‌നിയില്‍ പങ്കാളിത്തം എങ്ങനെയിരിക്കുമെന്നൊക്കെ സാറിനോടു ചോദിച്ച്‌ 10 മിനിറ്റിലേറെ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. 2 മണിയോടെ ഓഡിറ്റോറിയത്തിലേക്കു നീങ്ങുമ്പോള്‍ മുറ്റത്ത്‌ അവിടവിടെ കൂട്ടംകൂടി നില്‍ക്കുന്ന പല പഴയ ബാച്ചുകാരെയും കാണാമായിരുന്നു. അവരില്‍ പരിചിതരോടു ഹായ്‌ പറഞ്ഞു ഓഡിറ്റോറിയത്തില്‍ കയറുമ്പോള്‍ നിരന്നുകിടക്കുന്ന കസേരകളില്‍ മിക്കവയും അലങ്കരിച്ച്‌ ഉപവിഷ്ടരായ യുവതീ യുവാക്കള്‍. പകുതിയിലേറെയും കാലിയാണു കസേരകള്‍. പതിയെപ്പതിയെ അവ നിറഞ്ഞുതുടങ്ങുമ്പോള്‍ റഷീദ്‌ സാറും ജോണിക്കുട്ടി സാറും അലുമ്‌നി ഭാരവാഹികളും സംസാരിച്ചു കഴിഞ്ഞിരുന്നു. പോയ 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ജില്ലയിലെ അവസ്ഥയും കോളജിന്റെ രൂപപ്പെടലും ജോണിക്കുട്ടി സാര്‍ അവതരിപ്പിക്കുമ്പോള്‍ അന്നുവരെ കേള്‍ക്കാത്ത, ഇഷ്ടകലാലയത്തിന്റെ പിറവിക്കുപിന്നിലെ കഷ്ടപ്പാടുകളും അതിനു വേണ്ടി ആത്മസംതൃപ്‌തിയോടെ പണിയെടുത്തവരെയും കുറിച്ച്‌ കൗതുകത്തോടെ കേട്ടിരുന്നു. വിദ്യാഭ്യാസത്തിന്‌ മറ്റു ജില്ലകള്‍ തേടിപ്പോവേണ്ടിയിരുന്ന ഗതികേടില്‍ നിന്നു രക്ഷകനായി എം.ഇ.എസ്‌ പിറവിയെടുത്തപ്പോള്‍ ജസ്‌റ്റ്‌ പാസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ റെഗുലര്‍ കോളജില്‍ പ്രവേശനസൗകര്യമൊരുക്കി അധികൃതര്‍ വിദ്യയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു കാത്തിരുന്നു. മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകന്റെ മക്കള്‍ക്കു വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത്‌ കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ കലാലയത്തിന്റെ പോയ കാല രൂപമാണീ ഓഡിറ്റോറിയമെന്നു ജോണിക്കുട്ടി സാറിന്റെ വാക്കുകള്‍ സ്‌പീക്കറിലൂടെ ഒഴുകിയെത്തുമ്പോള്‍ കോളജിന്റെ ഇന്നത്തെ പ്രൗഡിയായിരുന്നു ഉള്ളില്‍. കോളജിലേക്കുള്ള വഴിയിലും കാംപസിലും റോയി സാറിന്റെ പരിശ്രമഫലമായി തലയുയര്‍ത്തി നില്‍ക്കുന്ന വാകമരങ്ങളും ഓഫിസിനു മുമ്പിലെത്തെ അമീബാ പോണ്ടും പൂന്തോട്ടവും നീളന്‍ വരാന്തകളും ബഹുനിലകെട്ടിടങ്ങളും സുരക്ഷയൊരുക്കുന്ന മതിലുകളുമൊക്കെയുള്ള കോളജിനെക്കുറിച്ച്‌ മനസ്‌ അഭിമാനം കൊണ്ടു. കോഴ്‌സുകളുടെ എണ്ണം കൂടുകയും കൂടുതല്‍ ജില്ലകളില്‍ നിന്നു വിദ്യാര്‍ഥികള്‍ വട്ടപ്പാറയിലേക്കെത്തുകയും ചെയ്യുന്ന ഒരു മാറ്റത്തിന്‌ എത്ര വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടാവുമെന്നും വെറുതെ കണക്കു കൂട്ടി നോക്കി. അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ ജോണിക്കുട്ടി സാര്‍ ക്ഷണിച്ചു സംസാരം അവസാനിപ്പിച്ചതേ നിസാം ചാടിവീണു. എസ്‌.എസ്‌.എല്‍.സിക്കു 210 മാര്‍ക്ക്‌ വാങ്ങി കോളജില്‍ പ്രീഡിഗ്രിക്കു കോളജിലെത്തിയ അനുഭവത്തെ വെളിപ്പെടുത്തിയായിരുന്നു അവന്‍ സംസാരത്തിലേക്കു കടന്നത്‌. സഹപാഠികളായിരുന്നവരില്‍ പലരും എത്താതിരുന്നതിനു കാരണം ഇന്ത്യയുടെ ജനസംഖ്യാ വര്‍ധനവിന്‌ തങ്ങളുടേതായ പങ്ക്‌ വഹിക്കുകയാണെന്ന അവന്റെ തുറന്നടിയില്‍ സദസ്‌ പൊട്ടിച്ചിരിച്ചു. തുടര്‍ന്ന്‌ ഓരോരുത്തരും തങ്ങളുടെ ജീവിത വഴികളില്‍ കോളജും അധ്യാപകരും എങ്ങനെ വഴികാട്ടികളായി എന്നു വിവരിച്ചു. പലപ്പോഴും ചിരിയുടെ മാലപ്പടക്കങ്ങള്‍ക്കാണ്‌ അത്‌ വഴിമരുന്നിട്ടത്‌. ഇവിടെ നിക്ഷേപിച്ചതിനു പലിശ ഏറ്റുവാങ്ങുകയാണ്‌ അധ്യാപന ജോലിയിലൂടെയെന്നു പറഞ്ഞ അനുരാജിന്റെ വാക്കുകള്‍ പലരെയും വേദനിപ്പിച്ചു. ഗസ്റ്റ്‌ ലക്‌ചര്‍മാരെ വകവയ്‌ക്കാതെ എതിര്‍ത്തുസംസാരിച്ചും ക്ലാസ്സില്‍ കയറാതെയും കയറി ബഹളം വയ്‌ക്കുകയും ചെയ്‌ത പഴയകാലത്തെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഇടവരുത്തുകയായിരുന്നു അവന്‍ തനിക്കു ലഭിച്ച കുറച്ചു സമയത്തിലൂടെ. പരാമര്‍ശിക്കപ്പെട്ട ആ ഗസ്‌റ്റ്‌ ലക്‌ചേഴ്‌സില്‍ ആരും അവിടെ ഇല്ലായിരുന്നെങ്കിലും അവരോടുള്ള മാപ്പുപറച്ചിലായിരുന്നു അനുരാജിലൂടെ ഒത്തുകൂടിയവര്‍ക്ക്‌ സാധ്യമായത്‌. സ്റ്റേജില്‍ കയറി എന്തെങ്കിലും പറയണമെന്നാഗ്രഹിച്ചിരുന്നെങ്കിലം സ്വതസിദ്ധമായ മടി അതില്‍ നിന്നു എന്നെ പിറകോട്ടു വലിച്ചു. ഇരുന്നിടത്തു നിന്ന്‌ എഴുന്നേല്‍ക്കാന്‍ മനസ്‌ ആഗ്രഹിച്ചപ്പോഴൊക്കെ കാലുകള്‍ നിലത്തിറങ്ങിയതുപോലെയാണ്‌ അനുഭവപ്പെട്ടത്‌. സംസാരിക്കാന്‍ റഷീദ്‌ ആംഗ്യംകാട്ടിയപ്പോഴും എനിക്കതിനു കഴിഞ്ഞിരുന്നില്ല എന്നതാണ്‌ സത്യം. ഇതിനിടയില്‍ കിട്ടിയ ചായയും ബിസ്‌ക്കറ്റും കഴിച്ചതിനു ശേഷം 2009-2010 വര്‍ഷത്തെ അലുമ്‌നി ഭാരവാഹികളെയും വേദിയില്‍ പ്രഖ്യാപിച്ചു. പുറത്തിറങ്ങുമ്പോള്‍ എന്താണ്‌ ഒന്നും പറയാതിരുന്നതെന്ന റഷീദ്‌ സാറിന്റെ സ്‌നേഹപൂര്‍ണമായ ചോദ്യത്തിന്‌ പ്രത്യേകിച്ച്‌ അനുഭവങ്ങളൊന്നും പങ്കുവയ്‌ക്കാനില്ലെന്ന നുണയാണ്‌ ഞാന്‍ മറുപടി കൊടുത്തത്‌. മനസ്സില്‍ മായാതെ നില്‍ക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചതില്‍ ഈ കലാലയം, ഇവിടുത്തെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മരച്ചുവടുകള്‍, വഴിത്താരകള്‍ വഹിച്ച പങ്ക്‌ ഏറെയാണ്‌. ആദ്യമായി ഇവിടെ നിന്നാണ്‌ എനിക്കൊരു പ്രണയിനിയെ ലഭിക്കുന്നത്‌. ഇവിടെയാണ്‌ എന്‍.എസ്‌.എസ്‌ ദശദിന ക്യാംപില്‍ പങ്കെടുത്ത്‌ കവിത ചൊല്ലിയതും സഹോദരതുല്യരായി കൂട്ടുകാരെ സമ്പാദിച്ചതും. ഇവിടെ നിന്നാണ്‌ എന്റെ ഗുണങ്ങളും പോരായ്‌മകളും ഫീഡ്‌ബാക്കായി സുഹൃത്തുക്കള്‍ എഴുതിത്തന്നത്‌. എന്റെ ഓരോ ദിനങ്ങളും ഇവിടെയാണ്‌ വിരിഞ്ഞത്‌. മേരിക്കുട്ടി ടീച്ചറിന്റെ മാതൃതുല്യമായ പെരുമാറ്റം ഇവിടെയാണ്‌ ഞാന്‍ അനുഭവിച്ചത്‌. മാത്യു സാറിന്റെ ഉപദേശങ്ങള്‍ ഇവിടെ നിന്നാണ്‌ എനിക്കു ലഭിച്ചത്‌. ജ്യേഷ്ടസഹോദരരെപ്പോലെ റോയ്‌ സാറും ഉണ്ണികൃഷ്‌ണന്‍ സാറും അബൂബക്കര്‍ സാറും റസാഖ്‌ സാറും ജോസ്‌കുട്ടി സാറും അലിയാര്‍ സാറും റെജിസാറും ശ്രീദേവി ടീച്ചറും ബീനടീച്ചറുമൊക്കെ എന്നോട്‌ ഇടപഴകിയതും ഇവിടെയാണ്‌. എന്‍.എസ്‌.എസ്‌ ക്യാംപിലെ ഭക്ഷണ വിളമ്പലുകളില്‍ പിശുക്കു കാണിച്ചതും പണിയെടുത്തതും ഒരുമിച്ചു കിടന്നുറങ്ങിയതും ഇതേ കലാലയത്തിലാണ്‌. രാത്രി മുഴുവന്‍ നീളുന്ന കഥ പറച്ചിലുകളില്‍ ഭാവിയെ സംബന്ധിക്കുന്ന സ്വപ്‌നങ്ങളായിരുന്നു കടന്നുവന്നിരുന്നത്‌. പരീക്ഷയില്‍ മാര്‍ക്ക്‌ കുറയുന്നതിന്റെ ആകുലത, ഇന്റേണല്‍ മാര്‍ക്കിലെ ഏറ്റക്കുറച്ചിലുകള്‍ പ്രൊജക്ട്‌ വര്‍ക്ക്‌ ചെയ്യുന്നതിലെ സാങ്കേതികത അയലത്തെ ക്ലാസ്സിലെ പെണ്‍കുട്ടിയോട്‌ ഇഷ്ടം തുറന്നുപറയാനുണ്ടായ വെമ്പല്‍ അങ്ങിനെ...അങ്ങിനെ...എന്റെ ഓര്‍മകളുടെ പട്ടിക നീണ്ടു പോവുന്നു. സഹപാഠികളോടു തോന്നിയിരുന്ന നീരസങ്ങള്‍ വിടപറയുന്നത്‌ മൂന്നുവര്‍ഷത്തെ കൂടലുകള്‍ വിടപറഞ്ഞപ്പോള്‍ മാത്രമായിപ്പോയ ദുരവസ്ഥയില്‍ ദുഃഖിച്ചും അതിന്റെ കേടു തീര്‍ക്കാന്‍ മണിക്കൂറുകളോളം സംസാരിച്ചും ഞാന്‍ ടിന്റുവിനോടു അടുപ്പം സ്ഥാപിച്ചു. കൂട്ടുകാരിയുടെ പേരു പറഞ്ഞു കളിയാക്കിയതിന്‌ റാണിയോടും ഷാജിതയോടും രഞ്‌ജിനിയോടും വഴക്കിട്ടു. സ്ഥിരമായി കുപ്പിയുമായി ക്ലാസില്‍ വരുന്ന രാജിയെ കുപ്പിരാജിയെന്നും മെലിഞ്ഞ ശരീര പ്രകൃതിയുള്ള മറ്റൊരു രാജിയെ കാറ്റെന്നും തടിയുള്ളതിനാല്‍ രഞ്‌ജിനിയെ ചക്കയെന്നും പേരുചൊല്ലി വിളിച്ചു. ശ വഴങ്ങാത്ത റെന്‍സിനെ ഷഷിയെന്നും ഷാജഹാനെ പരീക്കുട്ടിയെന്നും ഷാജിതയെ കറുത്തമ്മയെന്നും അനിലിനെ കണാരനെന്നും നിഖിലിനെ നീലനെന്നും അനീഷിനെ ഡമ്മിയെന്നും വിശേഷിപ്പിച്ചു.അങ്ങനെ മിക്കവരും അറിയപ്പെട്ടത്‌ ഓമനപ്പേരുകളിലാണ്‌. അന്‍വറിന്റെ ബഡായിയും നിസാറിന്റെ പരുപരുത്ത സൗണ്ടും റ്റിജോയുടെ ആര്‍.എം.പിയും ക്ലാസിലെ ചര്‍ച്ചാ വിഷയങ്ങള്‍. കെ.എസ്‌.യു നേതാവായ ചെറിയാനും എസ്‌.എഫ്‌.ഐക്കാരായ നിസാറും നിഷാദും സംഘവും ഒരുമിച്ചു നടക്കുന്നത്‌ കൗതുകമായിരുന്നു. വാചക, വെള്ളമടി കമ്പനികളും അപൂര്‍മായിരുന്നില്ല. കോളജില്‍ വെള്ളമടിച്ചതിനു മധ്യസ്ഥം പറയാനെത്തിയ അമ്മാവന്റെ മകന്‌ വെള്ളം പടിയായി കൊടുക്കേണ്ടി വന്ന ദീപുവിന്റെയും അനൂപിന്റെയും ഗതികേട്‌ ഞങ്ങളെ ചിരിപ്പിച്ചു. സിറാജിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ച റംല കാരണം പറഞ്ഞത്‌ താനവനെ എടുത്തോണ്ടു നടക്കേണ്ടി വരുമെന്നായിരുന്നു എന്നത്‌ പരസ്യമാവാത്ത രഹസ്യമായിരുന്നു. കലാലയ രസങ്ങള്‍ക്കിടെ ജസ്‌റ്റിന്‍ നേരിട്ട രോഗം ഞങ്ങളെ ദുഃത്തിലാഴ്‌ത്തി. അതിനിടയില്‍ തന്നെയായിരുന്നു ജോസ്‌ കുട്ടി സാറിന്റെ ഭാര്യ അപകടത്തില്‍ മരിക്കുന്നതും. വിവാഹം കഴിഞ്ഞിട്ട്‌ അധികമാവാത്ത സാറിന്റെ ദുരവസ്ഥ ഞങ്ങളെ കരയിപ്പിച്ചു.
കിടപ്പിലായ ജസ്റ്റിനെ കാണാനായി ബൈക്കില്‍ പോയി മടങ്ങുന്നതിനിടയില്‍ വീണ നിഖിലിനും അനൂപിനും തുടര്‍ച്ചയായി അടുത്ത ആഴ്‌ചയില്‍ നിഖിലിനെ വീണ്ടും വീഴിച്ചതും ജന്മസിദ്ധ പെയിന്റിങ്‌ കളഞ്ഞതും അന്‍വറിന്റെ സാഹസിക ബൈക്കോടിക്കലായിരുന്നു. വാശിയേറിയ ഇലക്‌്‌ഷനില്‍ എം.എസ്‌.എഫ്‌, കെ.എസ്‌.യു സ്ഥാനാര്‍ഥികള്‍ക്ക്‌ കുത്തിയ വോട്ടുകള്‍ മുഴുവന്‍ പാഴായ വിഷമത്തിനിടയിലും തല്ലാനോടിച്ച പോലിസിന്റെ വീരകൃത്യം എന്നെ, ഞങ്ങളെ ചിരിപ്പിച്ചു. ബദല്‍ സംഘടനാ പ്രവര്‍ത്തകനായി അല്‍പ്പ സ്വല്‍പ്പം ശ്രദ്ധനേടാന്‍ കഴിഞ്ഞു എന്നു രഹസ്യമായി വിശ്വസിച്ചിരുന്നു അന്നും ഇന്നും. നേതാവാകാന്‍ ആഗ്രഹിക്കുന്നു എന്നു ക്യാംപില്‍ വച്ച്‌ മേരിക്കുട്ടി ടീച്ചറിനോടു പറഞ്ഞതിനു ഫലമായി പൈനാവില്‍ നടക്കുന്ന സ്റ്റുഡന്റ്‌സ്‌ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാക്കിത്തരികയും റഷീദ്‌ സാറിനൊപ്പം പൈനാവില്‍ പോവുകയും ചെയ്‌ത അനുഭവം മികച്ചതായിരുന്നു. അനുരാജിനെ സ്‌റ്റുഡന്റ്‌സ്‌ മാഗസിന്‍ എഡിറ്ററായി വിജയിപ്പിച്ച ക്രെഡിറ്റില്‍ ചെറിയ പങ്കാളിത്തം വഹിച്ചു എന്ന അഭിമാനത്തില്‍ പ്രണയവും നൈരാശ്യവും തുളുമ്പുന്ന കവിതകള്‍ എഴുതിക്കൊടുത്തെങ്കില്‍ ആ മാഗസിന്‍ പുറത്തിറങ്ങിയില്ല എന്ന നിരാശ വിട്ടുമാറാതെ.... കൈയെഴുത്തു മാഗസിനിലേക്കു സൃഷ്ടികള്‍ സ്വന്തവും അല്ലാത്തതുമായവ പകര്‍ത്തിക്കൊടുത്ത്‌ ഭാഗവാക്കാവാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊണ്ട്‌...ഒടുവില്‍ മൂന്നുവര്‍ഷക്കാലത്തെ കാംപസ്‌ ജീവിതത്തിനു പരിസമാപ്‌തിക്കുറിച്ച്‌ ഓട്ടോഗ്രാഫുകളില്‍ ആകുലതകളും ആഗ്രഹങ്ങളും ആശംസകളും ചാര്‍ത്തി ഇനിയും കാണണം വിവാഹം അറിയിക്കാന്‍ മറക്കരുത്‌ തുടങ്ങി വാഗ്‌ദാനങ്ങളും നല്‍കി വിടപറയുമ്പോള്‍...ഒത്തുകൂടലുകള്‍ എത്രമാത്രം സാധ്യമാവും എന്നു അറിഞ്ഞിരുന്നില്ല. എന്നാല്‍ ഓരോ ജനുവരി 26കളിലും ആത്മവിശ്വാസത്തോടെ പൂര്‍വവിദ്യാര്‍ഥിയെന്ന അഹങ്കാരത്തോടെ ഈ കലാലയത്തിലേക്ക്‌ കടന്നുവരാമെന്നുള്ള സാധ്യത എന്നെ ആഹ്ലാദവാനാക്കുന്നു. അതില്‍ ഓരോരുത്തരും പങ്കാളികളാവണമെന്ന അഭ്യര്‍ഥനയോടെ അലുമ്‌നിയില്‍ സംസാരിക്കാനാവാതെ പോയതിലുള്ള വിഷമത്തെ ഈ വാക്കുകളിലൂടെ ഞാന്‍ മറികടക്കട്ടെ... ജയേഷ്, ഫ്രാന്‍സിസ്, അനില്‍, അനീഷ്, ഷാജഹാന്‍, റെന്‍സ്, സിറാജ്, ഷിന്‍സ്, നിസാര്‍, നിഷാദ്, ചെറിയാന്‍, റെസിലി, റ്റിജോ, അന്‍വര്‍ ഷാ, ജസ്റ്റിന്‍, സ്റ്റാലിന്‍, രഞ്ജിനി, രാജി, രാജി, റാണി, സ്മൃതി, സന്ധ്യ, ടിന്റു, ഷാജിത, മെര്‍ളിന്‍, അനൂപ്, സനില്‍, ബിബിന്‍, നിഖില്‍, നൗഫല്‍...  ബി.കോമില്‍ എന്നോടൊപ്പം പഠിച്ച എല്ലാവരെയും പേരെടുത്തു പറഞ്ഞ്‌ നിര്‍ത്തട്ടെ പ്രാര്‍ഥനയോടെ നിഷാദ്‌

Friday, November 14, 2008

ആദ്യപ്രണയം ഒരോര്‍മ




ആദ്യമായി എന്നില്‍ പ്രണയമെന്ന മൂന്നക്ഷരത്തിന്റെ അസ്വസ്ഥതയും മധുരവും നിറയുന്നത്‌ പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌. 2000ലെ ഡിസംബര്‍ മാസമായിരുന്നു അത്‌. വിശാലമായ മൈതാനത്തിന്റെ ഒരു മൂലയില്‍ കൂട്ടുകാരോടൊത്തു സൊറ പറഞ്ഞിരിക്കുമ്പോഴാണ്‌ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയ പെണ്‍കുട്ടികളിലൊരാള്‍ എന്നെ ശ്ര ദ്ധിക്കുന്നതു കാണുന്നത്‌. അന്നുവരെ തോന്നാതിരുന്ന ഒരു വികാരത്തിന്റെ തുടക്കമായിരുന്നു അന്നത്തെ നിമിഷം എനിക്കു സമ്മാനിച്ചത്‌. ഒമ്പതാം ക്ലാസ്സില്‍ ഞങ്ങളൊരുമിച്ചായിരുന്നെങ്കിലും അങ്ങിനെയൊരു ചിന്ത എന്റെ മനസ്സില്‍ രൂപപ്പെട്ടിരുന്നില്ല. ഡിവിഷന്‍ വെട്ടിക്കുറച്ചതു മൂലമുണ്ടായ വേര്‍പെടുത്തലാവാം ഒരു പക്ഷേ എന്നെ അങ്ങിനെ ചിന്തിപ്പിച്ചത്‌. അപ്രതീക്ഷിതമായി തോന്നിയ ഇഷ്ടം അവളെ അറിയിക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ഒടുവില്‍ അതിനുള്ള വഴിയും തെളിഞ്ഞു. സുഹൃത്തിന്റെ കാമുകി മുഖാന്തരം ഒരു കത്തുകൊടുക്കുക. ക്രിസ്‌മസ്‌ അടുത്തുവരുന്നതിനാല്‍ കാര്‍ഡുകള്‍ കൈമാറുന്ന തിരക്കിലായിരുന്നു എല്ലാവരും.
ആദ്യഘട്ടമെന്ന നിലക്ക്‌ മനോഹരമായ ഒരു കാര്‍ഡ്‌ അവള്‍ക്കായി വാങ്ങി. അക്ഷരങ്ങളിലേക്ക്‌ ഇഷ്ടത്തെ കുടിയിരുത്തി അവള്‍ക്കു കൊടുത്തുവിട്ടത്‌ അധികരിക്കുന്ന നെഞ്ചിടിപ്പോടെയാണ്‌. കൈയില്‍ കിട്ടിയ കാര്‍ഡ്‌ കീറിയെറിയുക എന്നതായിരുന്നു ആദ്യപ്രതികരണം. എന്നാല്‍ നിരാശനാവാതെ നാലുമണിയുടെ ബെല്ലുമുഴങ്ങിയതും അവള്‍ ബസ്‌കയറാന്‍ വരുന്ന വഴിയില്‍ പ്രതീക്ഷയോടെ ഞാന്‍ കാത്തുനിന്നു. എന്നെ അഭിമുഖീകരിക്കാനുള്ള മടി നല്ലവണ്ണം ഞാനാമുഖത്ത്‌ വായിച്ചു. നാണിച്ച ചിരിയോടെ കൂട്ടുകാരികള്‍ക്കു വേണ്ടി കാത്തുനിന്ന ശേഷമാണ്‌ അവള്‍ സ്‌കൂള്‍ മുറ്റത്തുനിന്നു റോഡിലേക്കിറങ്ങിയത്‌. പക്ഷേ പരിഭ്രമത്താല്‍ മറുപടി തേടാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. അവള്‍ കയറിയ ബസ്‌ കണ്ണില്‍ നിന്നു മറഞ്ഞതിനു ശേഷമാണ്‌ എനിക്കവിടെ നിന്നു ചലിക്കാന്‍ കഴിഞ്ഞത്‌.
തുടര്‍ന്നങ്ങോട്ടുള്ള എന്റെ ദിനങ്ങള്‍ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വിത്തു പാകിയാണ്‌ യാത്രയായത്‌. മനസ്സില്‍ നിറയെ അവള്‍. സംസാരം മുഴുവന്‍ അവളെക്കുറിച്ച്‌. ചിന്തകള്‍ നിറയെ അവള്‍. എന്നാല്‍ ഒരിക്കലും അവളുടെ ഇഷ്ടത്തെ ഞാന്‍ നേരിട്ടു ചോദിച്ചില്ലാ എന്നതാണ്‌ സത്യം. രണ്ടു തവണ കൂടി എന്റെ ഇഷ്ടത്തെ കുറിമാനമായി ഞാനവള്‍ക്കു കൈമാറി. അതിലൊന്ന്‌ അവിചാരിതമായി എത്തിപ്പെട്ടത്‌ അവളുടെ ക്ലാസ്‌ ടീച്ചറിന്റെ കൈയിലും. ടീച്ചറിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതില്‍ വന്നുപെട്ട ഗതികേട്‌ എന്നെ അസ്വസ്ഥനാക്കിയിരുന്നില്ല. അവളതിനൊന്നും മറുപടി തന്നതുമില്ല; പക്ഷേ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ ക്ലാസിനു മുമ്പിലൂടെയുള്ള എന്റെ റൗണ്ട്‌സ്‌ മുടക്കം കൂടാതെ നടന്നു. ചിലപ്പോള്‍ അവള്‍ ചിരിച്ചു. ചിലപ്പോള്‍ കണ്ടില്ലെന്നു നടിച്ചു. ചിലപ്പോള്‍ അവളെ കൂട്ടുകാരികള്‍ എന്റെ മുമ്പിലേക്ക്‌ തള്ളിവിട്ടു. അങ്ങിനെ മാര്‍ച്ച്‌ മാസവും എത്തി. ഒത്തുകൂടലുകള്‍ക്ക്‌ പരിസമാപ്‌തിയായെന്ന മുന്നറിയിപ്പായിരുന്നു ആ മാസം. നിറക്കൂട്ടുകള്‍ നിറഞ്ഞ ചുവപ്പ്‌ കവറുള്ള ഓട്ടോഗ്രാഫായിരുന്നു ഞാന്‍ ഓര്‍മകളുടെ കൂട്ടിവയ്‌ക്കലുകള്‍ക്ക്‌ വാങ്ങിയത്‌. നേരിട്ടല്ലെങ്കിലും അവളുടെ അക്ഷരങ്ങള്‍ക്കു വേണ്ടി ഓട്ടോഗ്രാഫ്‌ കൈമാറിയിട്ട്‌ ഞാന്‍ ദൂരെ നിന്നു നോക്കി. പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു അപ്പോഴാ മുഖത്ത്‌.
തിരികെകിട്ടിയ ഓട്ടോഗ്രാഫില്‍ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്നു സ്‌നേഹപൂര്‍വമുള്ള ആശംസ........ഹൃദയത്തില്‍ വീണ്ടും പ്രതീക്ഷയുടെ പൂത്തിരികള്‍ കത്തി. പരീക്ഷാച്ചൂടില്‍ നിന്നു റിസല്‍റ്റിന്റെ ആവലാതിയിലേക്കു കൂപ്പുകുത്തുന്ന ദിവസങ്ങളായിരുന്നു പിന്നീട്‌. എങ്കിലും കടന്നുപോവുന്ന ബസ്സിലൊക്കെയും കണ്ണുകള്‍ അവളെ പരതിക്കൊണ്ടേയിരുന്നു. എപ്പോഴെങ്കിലും കാണാനാവുമെന്ന പ്രതീക്ഷയോടെ. വള്ളിച്ചെടികളും പൂക്കളുമൊക്കെ അവളായി കരുതി ഞാന്‍ സംസാരിച്ചു. ചിലപ്പോള്‍ കണ്ണാടിക്കു മുമ്പില്‍ ഞാന്‍ നെടുനീളന്‍ സംസാരത്തിന്റെ കെട്ടഴിച്ചു വിട്ടു. അവള്‍ നിശ്ശബ്ദം ഒക്കെയും ശ്രവിച്ചു. ചില രാവുകളില്‍ ഉറക്കം വരാതെ ഞാന്‍ കിടക്കിയില്‍ സമയം ചിലവഴിച്ചു. കൈയില്‍ കിട്ടുന്ന കല്ലുകള്‍ കൊണ്ട്‌ പാറകളിലും മറ്റും അവളുടെ പേരുകള്‍ കോറിയിട്ടു. ബുക്കുകളില്‍ പേരിനോടു ചേര്‍ത്തും അല്ലാതെയും തിരിച്ചും മറിച്ചും അവളുടെ പേരുകള്‍ നിറഞ്ഞു. പക്ഷേ വിധി മറ്റൊന്നായിരുന്നു. പ്ലസ്‌ വണ്ണിനു ഞാന്‍ ചേര്‍ന്ന കലാലയത്തില്‍ തന്നെ അവളുമെത്തി. എന്നാല്‍ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്ന്‌ നീലനക്ഷത്രങ്ങള്‍ നിറഞ്ഞ ഓട്ടോഗ്രാഫിലെ താളില്‍ അവള്‍ കുറിച്ച വരികള്‍ മാത്രം സത്യമായില്ല. എനിക്കു മുന്നില്‍ അവള്‍ കൂടുതല്‍ സുന്ദരനായ കാമുകനുമൊത്ത്‌ രണ്ട്‌ വര്‍ഷം ചെലവഴിച്ചു. സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടിയ ഞാന്‍ പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും നെയ്‌തുതുടങ്ങി. പിന്നെയും മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഞാനവളെ നേര്‍ക്കുനേര്‍ കണ്ടു. ഒരു വേള കാഴ്‌ച കോര്‍ത്തു വലിച്ചു. തുടര്‍ന്ന്‌ വിശാലമായ ഒരു പുഞ്ചിരി സമ്മാനിച്ചവള്‍ എന്നെകടന്നു പോയി. അവളോടു തോന്നിയിരുന്ന നീരസം ആ നിമിഷം ഞാന്‍ മറന്നു. അവളുടെ പിന്നാലെ ചെന്ന്‌ വിശേഷങ്ങള്‍ ചോദിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായെങ്കിലും മനപ്പൂര്‍വം ഉപേക്ഷിച്ചു. പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. ഇടയ്‌ക്കെപ്പോഴോ കേട്ടു നഴ്‌സിങ്‌ പഠിക്കാന്‍ ബാംഗ്ലൂരില്‍ ആണെന്ന്‌. പിന്നീടിതു വരെ ഞാനവളെ കണ്ടിട്ടില്ല; എങ്കിലും എന്റെ മനസ്സില്‍ അവള്‍ നിറഞ്ഞുനില്‍ക്കുന്നു. സഫലമായില്ലെങ്കിലും ആദ്യപ്രണയത്തിന്റെ മരിക്കാത്ത ഓര്‍മയായി. അവള്‍ക്ക്‌ സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടാവട്ടെ എന്ന പ്രാര്‍ഥന കൈവിടാതെ....

Saturday, November 8, 2008

തീവ്രവാദി!

നാവ്‌ മടിച്ചു-പേര്‌ പറയാന്‍!
കാല്‌ ചലനം നിര്‍ത്തി-പള്ളിയില്‍ പോവാന്‍!
താടി ഞാന്‍ നീട്ടിയില്ല!
വിശുദ്ധ ഖുര്‍ആന്‍ തട്ടിന്‍പുറത്തുപേക്ഷിച്ചു!
മുണ്ട്‌ ഇടത്തോട്ടുടുക്കുന്നത്‌ മനപ്പൂര്‍വം മറന്നു!
നെറ്റിയിലെ നിസ്‌കാരതഴമ്പ്‌ കളയാന്‍
മരുന്നുകള്‍ പലതും തേടി!
സഹോദരന്‌ സലാം പറയുന്നത്‌ ഒഴിവാക്കി!
വെറുതെയെന്തിന്‌ തീവ്രവാദിയെന്ന
വിശേഷണം തേടണം? വെറുതെയെന്തിന്‌
അഴികള്‍ എണ്ണണം? വെറുതെയെന്തിന്‌
രാജ്യദ്രോഹിയാവണം?
ചോദ്യങ്ങളിനിയും ബാക്കി..
ഉത്തരം പക്ഷേ
കിട്ടേണ്ടതില്ല; കാരണം എന്നേ ഞാന്‍
മുദ്ര ചാര്‍ത്തപ്പെട്ട തീവ്രവാദിയാണ്‌.