Wednesday, March 21, 2012

പരസ്യരഹിത വ്യാപാരം


വെട്ടിവെട്ടി തേഞ്ഞുപോയ പുളിമുട്ടിയും
ഇരുമ്പുകൊളുത്തില്‍ തൂങ്ങിയാടുന്ന ഇറച്ചിയും
കടയുടെ മുമ്പില്‍ കണ്ണുതുറിച്ചിരിക്കുന്ന പോത്ത് തലയും
കണ്ടാണവള്‍ പണ്ട് സ്‌കൂളിലേക്ക് പോയിരുന്നത്.
ഇന്നവിടെ പുത്തനൊരു മാളികയാണ്.
പഴയ വ്യാപാരം തന്നെയാണ് മാളികയിലും.
ആഡംബരകാറുകളിലാണ് കസ്റ്റമേഴ്‌സിന്റെ പോക്കുവരവുകള്‍.
പുളിമുട്ടിയും ഇരുമ്പുകൊളുത്തും പോത്ത് തലയുമില്ലാത്ത
പരസ്യരഹിത "മാംസവ്യാപാരം".

Monday, March 5, 2012

പരദൂഷണം


അവനവനിലേക്കുമാവാം ചൂണ്ടുവിരല്‍

Monday, February 20, 2012

നാശം പിടിച്ച മൊബൈല്‍ സേവന ദാതാക്കള്‍

ഓച്ചിറയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രമധ്യേ ബസ്സില്‍ വച്ചു പറ്റിയൊരു അബദ്ധത്തെക്കുറിച്ച് പറയാതെ വയ്യ. അതുവഴിയുള്ള ആദ്യയാത്രയായതിനാല്‍ സ്ഥലങ്ങളൊക്കെ കൗതുകപൂര്‍വം നോക്കിയാണ് എന്റെ ഇരിപ്പ്. ജനാലയുടെ സൈഡിലിരിക്കുന്ന മധ്യവയസ്‌കനെ പരിചയപ്പെടാനും ഇതിനിടയില്‍ സമയം കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന മകന്റെ അരികിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പനി മൂര്‍ച്ഛിച്ച് അരയ്ക്കു കീഴ്‌പോട്ടു തളര്‍ന്ന 11കാരന്റെ ചികില്‍സയുടെ ഭാഗമായ സ്‌കാനിങ്ങുകള്‍ക്കു വേണ്ടി പണം സ്വരൂപിക്കാന്‍ ഓച്ചിറയ്ക്കു പോയതായിരുന്നു ആ പിതാവ്.

കൂലിപ്പണിക്കാരനായ അദ്ദേഹവും ഭാര്യയുമാണ് ആഴ്ചകളായി മകനൊപ്പം ആശുപത്രിയിലുള്ളത്. തലേദിവസം രാത്രിയില്‍ ഓച്ചിറയിലേക്കു വന്ന് രാവിലെ എവിടെ നിന്നോ പണം കടംവാങ്ങി കോട്ടയത്തേക്കു പോവുമ്പോള്‍ ദിവസങ്ങളായുള്ള ഉറക്കക്ഷീണം അദ്ദേഹം തളര്‍ത്തിയിരുന്നു. കുറേനേരം സംസാരിച്ച ശേഷം ഉറക്കത്തിലാണ്ട അദ്ദേഹത്തിന്റെ അവസ്ഥയില്‍ എനിക്കു വേദന തോന്നി. കേവലമൊരു പനിയില്‍ ശരീരം തളര്‍ന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മനുഷ്യനെത്ര നിസ്സഹായനെന്ന് ഒരിക്കല്‍ കൂടി മനസ്സിനെ ബോധ്യപ്പെടുത്തിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ചിലച്ചു തുടങ്ങിയത്. ബെല്ല് അടിച്ചിട്ടും ഉറക്ക ക്ഷീണത്തില്‍ മുങ്ങിയ അദ്ദേഹമത് അറിയുന്നുണ്ടായിരുന്നില്ല.

ആശുപത്രിയില്‍ കഴിയുന്ന മകന്റെ അവസ്ഥ അറിയിക്കാനോ എവിടെയെത്തിയെന്നു തിരക്കാനോ അയാളുടെ ഭാര്യയാവും ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ എന്നായിരുന്നു എന്റെ ചിന്ത. അതുകൊണ്ടു തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാനദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. കൂടുതല്‍ ശക്തമായി തൊട്ടുവിളിച്ചപ്പോഴാണ് അദ്ദേഹമുണര്‍ന്നത്. മൊബൈല്‍ ഉദ്വേഗത്തോടെ കാതില്‍ ചേര്‍ത്ത അദ്ദേഹത്തിന്റെ മുഖം വെറുപ്പില്‍ പൊതിഞ്ഞപ്പോള്‍ ഞാന്‍ കാര്യം തിരക്കി. റിങ് ടോണ്‍ തിരഞ്ഞെടുക്കാന്‍ മൊബൈല്‍ സേവനദാതാവില്‍ നിന്നുള്ള വിളിയായിരുന്നേ്രത അത്. ആശുപത്രിയില്‍ നിന്നാണെന്നോര്‍ത്താണ് വിളിച്ചുണര്‍ത്തിയതെന്ന എന്റെ ഖേദപ്രകടനത്തെ സാരമില്ലെന്നു പറഞ്ഞദ്ദേഹം തള്ളി. പാവം ദിവസങ്ങളായി മുടങ്ങിയ ഉറക്കം കൊതുകുകടി കൊള്ളാതെ ബസ്സിലിരുന്ന് ഇത്തിരി നേരം മയങ്ങാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഇല്ലാതാക്കിയ ഇച്ഛാഭംഗത്തോടെയായിരുന്നു പിന്നീടുള്ള എന്റെ യാത്ര.

മൊബൈല്‍ സേവന ദാതാക്കള്‍ നേരവും കാലവും നോക്കാതെ ഓഫറുകളറിയിച്ച് വിളിച്ചുകൊണ്ടേയിരിക്കുകയാണ്. അത്യാവശ്യ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴോ മരണവീട്ടിലോ ആശുപത്രിയിലോ യാത്രയിലോ ഒക്കെയായിരിക്കുമ്പോഴായിരിക്കും കിന്നാരവര്‍ത്തമാനവുമായി കമ്പനികളുടെ കോളെത്തുന്നത്. ഈ ശല്യം പിടിച്ച ഏര്‍പ്പാട് മുഴുവനോടെ അങ്ങു നിര്‍ത്തിയാലെന്താണു കുഴപ്പം.

Sunday, January 29, 2012

അഭിനയം


ചായം പൂശിയും വേഷം കെട്ടിയും
തിരശ്ശീലയില്‍ ആടിയത് പല ജീവിതങ്ങള്‍.
ഒടുവില്‍ നഷ്ടമായ സ്വന്തം ജീവിതം
തിരിച്ചുപിടിക്കാനാവാതെയവര്‍
അഭിനയത്തിനവസരമില്ലാത്ത പരലോകം പൂകി.

Friday, November 25, 2011

മേല്‍വിലാസം നഷ്ടമായ കത്തുകള്‍


ആകാശത്തിന്റെ നീലിമ വിതറുന്ന കവറില്‍ മനോഹരമായ കൂട്ടക്ഷരത്തിന്റെ അകമ്പടിയോടെ ആംഗലേയ ഭാഷയിലെഴുതിയതാണ് എന്നെ തേടിയെത്തിയ ആദ്യത്തെ കത്തെന്നാണ് ഓര്‍മ. കര്‍ണാടകയില്‍ നിന്നു കട്ടപ്പനയിലെ വിലാസത്തില്‍ വന്ന ആ കത്തെഴുതിയത് എന്നുമെനിക്ക് പ്രിയപ്പെട്ടവനായ ഇംഗ്ലീഷ് അധ്യാപകന്‍ ബെന്നി മാത്യൂസ് ആയിരുന്നു. വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പകര്‍ത്തിയ എന്റെ കത്തുകള്‍ അദ്ദേഹത്തെ തേടി മുറതെറ്റാതെ യാത്രയാവും. എന്നാല്‍ അവയ്ക്കു മറുപടിയെഴുതാന്‍ അദ്ദേഹം താമസം വരുത്തുകയും അതിനു ഖേദംപ്രകടിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിനു ശീലമായിരുന്നു. ഒടുവിലൊരു നാള്‍ അതു നിലച്ചു. ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്നു മാറ്റംവാങ്ങിയ അദ്ദേഹത്തിന്റെ പുതിയ വിലാസം നഷ്ടമായതായിരുന്നു കാരണം.
എനിക്കേറെ പ്രിയപ്പെട്ട കത്തുകളുടെ വരവും അതേ, കര്‍ണാടകയില്‍ നിന്നായത് മറ്റൊരദ്ഭൂതം. മഷാറ ഹുസയ്‌നെന്ന് ഫ്രം അഡ്രസ് എഴുതി ഒരുനാള്‍ ആ കത്ത് എന്നെ തേടിയെത്തി. ആദ്യമായി കേള്‍ക്കുന്ന ആ പേരിന്റെ ഉടമയാരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് കത്തുപൊട്ടിച്ചത്. പ്ലസ്ടുവിന് കൂടെ പഠിച്ച കൂട്ടുകാരി നാളുകള്‍ക്കു ശേഷം നഴ്‌സിങ് പഠനസ്ഥലത്തുനിന്ന് അയച്ച കത്ത് തിരിച്ചറിയുമ്പോള്‍ ആകാംക്ഷ സന്തോഷത്തിനു വഴിമാറി.
കറുപ്പും ചുവപ്പും മഷികള്‍ സമാസമം കൂട്ടിച്ചേര്‍ത്ത മുന്തിരി നിറത്തിലായിരുന്നു വര്‍ഷങ്ങളായി സൂക്ഷിച്ചുപോരുന്ന ഹീറോ പെന്‍ ഉപയോഗിച്ച് ഞാനവള്‍ക്ക് കത്തെഴുതിയിരുന്നത്. അറിവിനൊപ്പം അളവറ്റ സ്‌നേഹം പകര്‍ന്നു നല്‍കിയ അധ്യാപകരും സൗഹൃദലോകത്തിന്റെ വിശാലത പ്രകടമാക്കിയ സുഹൃത്തുക്കളും സംഗമിച്ച സെന്റ് സെബാസ്റ്റ്യന്‍സ് പാരലല്‍ കോളജിലെ പോയകാല ജീവിതത്തിന്റെ ഓര്‍മകള്‍ ഓരോ മാസങ്ങളിലും ഞാനവള്‍ക്കായി കത്തില്‍ വാരിവിതറി. അതിനായി അവളും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടെന്ന് മറുപടിക്കത്തുകളില്‍ അവരെഴുതിയറിയിച്ചുകൊണ്ടേയിരുന്നു. നൂറുകണക്കിന് മൈലുകള്‍ക്കപ്പുറം എന്റെ അക്ഷരങ്ങള്‍ക്കായി കാത്തിരിക്കുന്ന ആ സൗഹൃദപ്പറ്റത്തിനു വേണ്ടി എന്റെ മഷിക്കുപ്പിയിലെ അളവ് കുറയുകയും എഴുതിയെഴുതി നിബ്ബിന്റെ മൂര്‍ച്ച കൂടുകയും ചെയ്തു.
ഓരോ കത്തെഴുതുമ്പോഴും ഓര്‍മകള്‍ പീലിവിടര്‍ത്തിയാടിത്തുടങ്ങും. അവ പകര്‍ത്തിവയ്ക്കാന്‍ ഞാനേറെ വിഷമിച്ചു. സുഹൃത്തുക്കളുടെ കുറുമ്പും പഠന വൈഷമ്യവും കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും പഴയ സഹപാഠികളുടെ കല്യാണ വാര്‍ത്തകളും അന്തമില്ലാതെ കത്തുകളില്‍ പരന്നൊഴുകി. അവളയക്കുന്ന കത്തിന്റെ ചുവട്ടില്‍ തമ്മില്‍ കാണാതെ, വീട്ടുവിശേഷങ്ങള്‍ തിരക്കിയും സ്വയം പരിചയപ്പെടുത്തിയും അവളുടെ കൂട്ടുകാരി എനിക്കായി വാക്കുകള്‍ കോറിയിട്ടു...
ക്രിസ്മസ് ആശംസ നേര്‍ന്ന് ആറു കിലോമീറ്ററുകള്‍ക്കകലെ നിന്ന് മറ്റൊരു സുഹൃത്തിന്റെ കത്തൊരുനാള്‍ ചാരെയെത്തി. ഐശ്വര്യദായകമായ പുതുവര്‍ഷം നേര്‍ന്ന് എറണാകുളത്തുനിന്ന് ഇന്നുമെനിക്ക് നിര്‍വചിക്കാന്‍ കഴിയാതെ പോയ ബന്ധത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് 'അരയന്ന'മെഴുതിയ വര്‍ണാഭമായ ആശംസാ കാര്‍ഡായിരുന്നു മറ്റൊന്ന്്. ഫ്രം അഡ്രസ് വയ്ക്കാതെയയച്ച കാര്‍ഡിന്റെ പിറകിലെ പോസ്‌റ്റോഫിസ് മുദ്ര നോക്കി ഉടമയെ തിരിച്ചറിഞ്ഞ കുസൃതി പകര്‍ന്ന സന്തോഷം പറയാന്‍ വയ്യ.
വായനയില്‍ ലഹരി പകരുന്ന കത്തുകളെനിക്കാരും അയച്ചിട്ടില്ല. എന്നാല്‍ അവയെന്നെ എന്നും പ്രേരിപ്പിച്ചിരുന്നു. പ്രിയപ്പെട്ട സുഹൃത്തും മലയാളം അധ്യാപകനുമായ റോമി വെള്ളാമ്മേലിന് അദ്ദേഹത്തിന്റെ സുഹൃത്തയച്ച കത്തുകളായിരുന്നു അവ. അക്ഷരങ്ങളാവുന്ന അരുവികളാല്‍ അവ നിറഞ്ഞുതുളുമ്പി.  ആ കത്തുകളില്‍ ആര്‍ത്തിയോടെ പലവുരു കണ്ണോടിക്കുമ്പോള്‍ അത്തരമൊരാള്‍ എനിക്ക് കത്തയക്കാന്‍ ഇല്ലാതെ പോയതിന്റെ നോവിലലിഞ്ഞു ഞാന്‍ ഇല്ലാതായി.
പ്ലസ് ടൂ കഴിഞ്ഞ് വട്ടപ്പാറ എം.ഇ.എസ് കോളജില്‍ പഠനം തുടരുമ്പോള്‍ പ്ലസ്ടുവിലെ മലയാളം അധ്യാപിക, അയല്‍ക്കാരനും എന്റെ ജൂനിയറുമായ പയ്യന്‍ വശം എനിക്കായി കുറിമാനങ്ങള്‍ തന്നയച്ചു. ഹസ് ജോര്‍ജ് കുട്ടിച്ചായനെക്കുറിച്ച് വാതോരാതെ പറഞ്ഞ കത്തില്‍ ഭാവി വര്‍ണാഭമാക്കാന്‍ ഉഴപ്പരുതെന്ന് ഏട്ടത്തിയമ്മയായ ആ പ്രിയ അധ്യാപികയെന്നെ സ്‌നേഹപൂര്‍വം ഉപദേശിച്ചു.
എന്നെ തേടി പലദിക്കുകളില്‍ നിന്നും വന്ന കത്തുകളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇവിടെ വിരാമമാവുകയാണ്. അതിനുശേഷം എന്റെ വിലാസം ആരുടെയൊക്കെയോ ഡയറിത്താളുകളില്‍ ഇരുന്നു മരിച്ചുവീണിരിക്കാം. എന്നാല്‍ പിന്നീടും ഞാനൊരു കത്തെഴുതി. ഒന്നരവര്‍ഷം മുമ്പായിരുന്നു അത്. ഓര്‍ക്കുട്ടിലൂടെ ലഭിച്ച് സങ്കീര്‍ണമായി തീര്‍ന്ന ഒരു സൗഹൃദബന്ധത്തിനുടമയെ തേടിയായിരുന്നു ആ കത്ത് പറന്നത്.
എസ്.എം.എസ്സുകളിലൂടെയും മെയിലുകളിലൂടെയും ബന്ധം പുതുക്കിയും വിശേഷം തിരക്കിയും ചില പഴയ സുഹൃത്തുക്കളിന്നും സജീവമാണ്. ബ്ലോഗെഴുത്തിലൂടെയും ഫേസ്ബുക്കിലൂടെയും കുറേ പുതുസുഹൃത്തുക്കളും എന്റെ ലോകത്തേക്കു വിരുന്നുവന്നിട്ടുമുണ്ട്. എങ്കിലും പാതിവഴിയില്‍ നഷ്ടമായ കത്തെഴുത്തുകള്‍ ഹൃദയത്തില്‍ ശൂന്യത നിറച്ചുകൊണ്ടേയിരിക്കുന്നു. അലമാരയില്‍ ഭദ്രമായി സ്വരുക്കൂട്ടി വച്ച പഴയ കത്തുകളുടെ ശേഖരം കാണുമ്പോഴൊക്കെ നിലച്ചുപോയ കത്തെഴുത്തുകളുടെ വേദനയേറിവരും. മുന്തിരി നിറം ചാലിച്ച് സുഹൃത്തുക്കള്‍ക്ക് കത്തെഴുതാന്‍ ആശയിന്നും ശേഷിക്കുന്നുണ്ട്. പക്ഷേ നഷ്ടപ്പെട്ട മേല്‍വിലാസങ്ങളും തിരക്കിലലിഞ്ഞുചേര്‍ന്ന സുഹൃത്തുക്കളും അതിനുള്ള സാധ്യത അതിവിദൂരമാക്കുകയാണ്.

Saturday, October 22, 2011

മരണം ഇങ്ങിനെയുമാണ്


വാര്‍ത്തകള്‍ക്കു ക്ഷാമമുള്ളൊരു ദിവസമാണ്
ഘോഷയാത്രയിലേക്ക് ലോറിപാഞ്ഞുകയറിയത്.
അഞ്ചെട്ടെണ്ണം പോയെന്നു കേട്ടാദ്യം,
പിന്നീടെണ്ണം കുതിച്ചുകയറി.
ഫോണ്‍ കറക്കി ജില്ലാ ബ്യൂറോയില്‍ ഒരു കെട്ട്
നിര്‍ദേശം നല്‍കിയ ശേഷമാണ് ന്യൂസ് എഡിറ്ററൊന്നു
സമാധാനത്തോടെ സീറ്റിലേക്കു ചാഞ്ഞത്.
ഒന്നാംപേജ് ലീഡായി, അനുബന്ധവാര്‍ത്തകളേറെയായി.
അഞ്ചെട്ടു സഹതാപ ചിത്രങ്ങള്‍ ഇതിനു പുറമെ.
എല്ലാമായപ്പോള്‍ ലേഔട്ടിന്റെ തിരക്ക്് ഡെസ്‌കില്‍.
നാളെയിറങ്ങുന്ന പത്രങ്ങളോരോന്നിനെയും
കവച്ചുവയ്ക്കുന്ന പ്രകടനം സ്വപ്‌നം കണ്ട്
രാവേറെ വൈകി ന്യൂസ് എഡിറ്റര്‍ കിടപ്പറ പൂകി.

Wednesday, October 19, 2011

കണ്ണീര്‍ലാവ



എനിക്കാദ്യം നഷ്ടമായത് വാല്‍സല്യം പകര്‍ന്നു തന്ന മുത്തശ്ശിയെ, പിന്നീട് താങ്ങും തണലും പകര്‍ന്ന പിതാവിനെ... രാജ്യത്തെ ഞെട്ടിച്ച രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്റെ ജീവിതത്തെ ബാധിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ ഭാവി പ്രധാനമന്ത്രിയുമായ രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണിവ. പത്രത്താളുകളില്‍ മഷിപുരണ്ട് കിടന്ന ഈ വാചകങ്ങള്‍ അന്നു കാണുമ്പോള്‍ അതുവരെ ശ്രദ്ധയില്‍പ്പെടാത്ത ചരിത്രത്തിന്റെ മറ്റൊരു മുഖമാണ് മനസ്സില്‍ തെളിഞ്ഞത്.
ഇന്നു ചെയ്യാത്ത തെറ്റിനു കൊലക്കയര്‍ വിധിക്കപ്പെട്ട മകനെ രക്ഷിക്കാനാവാതെ വിലപിക്കുന്ന വൃദ്ധമാതാവിന്റെ വേദനയെന്നെ തള്ളിയിട്ടത് നിസ്സഹായതയുടെ ആഴങ്ങളിലേക്കാണ്. 9 വാള്‍ട്ടിന്റെ രണ്ടു ബാറ്ററി വാങ്ങിയ കുറ്റത്തിനു വധശിക്ഷ കാത്തുകഴിയുന്ന പേരറിവാളനെന്ന നാല്‍പ്പതുകാരന്റെ മാതാവാണവര്‍, അര്‍പുതം അമ്മാള്‍. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)കോഴിക്കോട് സംഘടിപ്പിച്ച വധശിക്ഷാ വിരുദ്ധ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അര്‍പുതം അമ്മാള്‍ പങ്കുവച്ച അനുഭവങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ പൊള്ളത്തരങ്ങളാണ് ചൂണ്ടിക്കാട്ടിയത്. പേരറിവാളനെയന്വേഷിച്ച് വീട്ടിലെത്തിയ അന്വേഷണദ്യോഗസ്ഥര്‍ ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കാമെന്നായിരുന്നു അവന്റെ മാതാപിതാക്കളായ കുയില്‍ദാസനും അര്‍പുതം അമ്മാളിനും നല്‍കിയ ഉറപ്പ്. അതു ലംഘിക്കപ്പെട്ടുവെന്നു മാത്രമല്ല, തൂക്കുകയറിലേക്കവനെ യാത്രയാക്കാന്‍ തെളിവുകള്‍ കെട്ടിച്ചമക്കുകയും വ്യാജ കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. പേരളിവാളനു മേല്‍ ചുമത്തിയ കൊലക്കുറ്റം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പകര്‍ന്ന അവിശ്വസനീയതക്കു കാരണം പേരറിവാളനെന്ന ചെറുപ്പക്കാരന്റെ സത്യസന്ധതയുടെ പത്തരമാറ്റായിരുന്നു. അഞ്ചു മുതല്‍ പത്താംതരം വരെ എന്‍.സി.സി കേഡറ്റായിരുന്ന പേരറിവാളന്റെ മിടുക്കിനു തക്ക റാങ്കുകള്‍ നല്‍കാനാവാതെ അവന്റെ അധ്യാപകര്‍ പകച്ചുപോയതിനെക്കുറിച്ചു പറയുമ്പോള്‍ ആ മാതാവിനു കണ്ഠമിടറിയിരുന്നു. നീതിയെന്ന വാക്കിന് വിലകല്‍പ്പിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ ക്രൂരതയുടെ ഇരയായി 19ാമത്തെ വയസ്സിലാണ് പേരറിവാളന്‍ തടവറ ജീവിതം തുടങ്ങുന്നത്. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയ അറിവ് തന്റെ മാതാപിതാക്കളുടെ മൂന്നുമക്കളില്‍ ഇളയവനായിരുന്നു. ഹതഭാഗ്യവാനായ ആ ചെറുപ്പക്കാരന്റെ ജീവിതം 21 വര്‍ഷമായി തടവറയിലാണ്. അച്ഛനും അമ്മയും രാജ്യത്തിനു നല്‍കാന്‍ കൊതിച്ച ആ മകന്റെ സേവനം ഒരു തരത്തില്‍ ഇന്നു പുലരുന്നുണ്ട്. വിദ്യനേടാത്ത തടവുപുള്ളികളെ അക്ഷരാഭ്യാസം പഠിപ്പിക്കാനും കുറച്ചെങ്കിലും പഠിച്ചവരെ ഉയര്‍ത്തിക്കൊണ്ടുവരാനും പേരറിവാളനെന്ന 'കൊലയാളി' സജീവമായി പ്രവര്‍ത്തിക്കുന്നു. 

ഉദ്യോഗസ്ഥരുടെ ക്രൂരത മൂലം കൗമാരം പിന്നിട്ടിട്ടില്ലാത്ത പേരറിവാളനു നഷ്ടമായത് അവന്റെ സ്‌നേഹവീടാണ്, വാല്‍സല്യം ചൊരിയുന്ന മാതാപിതാക്കളുടെ സാന്നിധ്യമാണ്, കൂട്ടുകാരെയും ബന്ധുക്കളെയും നാട്ടുകാരെയുമാണ്. കണ്ണീര്‍തടാകമായി മാറിയ തടവറയ്ക്കുള്ളില്‍ അവന്റെ കൗമാരവും യൗവനവും പെയ്തിറങ്ങിയതിനു ന്യായീകരണമേതുമില്ല. നീതിയും നിയമവും നടപ്പാക്കാന്‍ അധികാരപ്പെട്ടവര്‍ പേരറിവാളനെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിനു മാത്രമല്ല സമാധാനം പറയേണ്ടി വരിക. ഇരുമ്പഴികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളായ ആയിരങ്ങളുടെ കണ്ണീരിനും ഉറ്റയവരുടെ ഹൃദയവൃഥകള്‍ക്കും മറുപടി നല്‍കിയേ മതിയാവൂ. പക്ഷേ, എങ്ങിനെയതു സാധ്യമാവും എന്നതിനു മാത്രം ഉത്തരമില്ല. അര്‍പുതം അമ്മാളെന്ന വന്ദ്യവയോധികയുടെ കണ്ണീരെന്റെ നെഞ്ചിലൂടെ ലാവയായി ഒഴുകുന്നു, കരച്ചില്‍ ചീളുകള്‍ കര്‍ണപുടങ്ങളെ തുളച്ചുകീറുന്നു. നളിനിയെന്ന പ്രധാനപ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കുകയും ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 18ാം പ്രതി മാത്രമായ പേരറിവാളനു തൂക്കുകയര്‍ ഉറപ്പാക്കുകയും ചെയ്തതിന്റെ നീതിയെന്തെന്ന് അര്‍പുതം അമ്മാളിനറിയില്ല.
അവര്‍ തൊടുത്തുവിട്ട ഒരു ചോദ്യം വേട്ടയാടുന്നത് നാമേവരെയുമാണ്. പട്ടിയെയും ആടിനെയും കൊന്നാല്‍ കേസെടുക്കുന്ന ഈ നാട്ടില്‍ നിരപരാധിയായ എന്റെ മകനു കൊല്ലക്കയര്‍ സമ്മാനിക്കുന്നതിനെ എതിര്‍ക്കാത്തതെന്തേ? പട്ടിയുടെ വില പോലും പേരറിവാളന്റെ ജീവനില്ലെന്നാണോ...  അര്‍പുതം അമ്മാളിന്റെ ചോദ്യശ്ശരമേറ്റു മനസ്സുമുറിയുന്നവര്‍ അറിയുക, ഈ അമ്മയുടെ കണ്ണീരിനു നിങ്ങളെ എരിച്ചുകളയാന്‍ തക്ക കരുത്തുണ്ട്. പേരറിവാളനെപ്പോലെ തടവറയില്‍കഴിയുന്നവര്‍ക്കു വേണ്ടി തന്നലാവതു ചെയ്യാന്‍ അവരെപ്പോഴും തയ്യാറാണ്. ആ സന്നദ്ധത ഇന്നത്തെ പരിപാടിയില്‍ അവരുറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 21 വര്‍ഷമായി അവര്‍ സ്വയമെരിഞ്ഞുതീരുന്ന അഗ്നിനാമ്പുകളില്‍ വീണ് (അ)നീതിപീഠങ്ങള്‍ വെണ്ണീറാവുന്ന കാഴ്ച ഒരുപക്ഷേ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ആ സുദിനം എന്നാവും? മറുപടിയില്ലാത്ത ചോദ്യം ബാക്കിയാവുന്നു.