Friday, November 9, 2012

ആതിഥേയരിലെ രാജാവ്



ഉദരത്തിലൂറിക്കൂടിയതു മുതല്‍
പ്രതീക്ഷയുടെ കടലുകളായവര്‍,
താരാട്ടുപാട്ടിന് ശാഠ്യം പിടിച്ചും
കുഞ്ഞരിപ്പല്ലുകളുടെ വരവറിയിച്ച്
മാറില്‍ കടിച്ചും 'അമ്മേ'യെന്നാദ്യ വിളിയില്‍
സ്വര്‍ഗം നല്‍കിയും വളര്‍ന്നയേഴു പേര്‍.
അന്നുറങ്ങാതെ തീര്‍ത്ത രാവുകളുടെ
കടമിന്നും വീട്ടിയിട്ടില്ല.
പിച്ചവയ്ക്കലിനിടെ വീഴാനാഞ്ഞ
നിങ്ങള്‍ക്കുമേല്‍ കരുതലൊരുക്കിയ
കരമിന്നും ആയുന്നുണ്ടൊരു താങ്ങാവാന്‍.
കാലത്തിന്റെ തോളേറിയ യാത്രയില്‍
ഞാനെന്ന* ലോകവും എന്നുള്ളിലെ
ലോകത്തെയും നിങ്ങള്‍ മറന്നിരിക്കാം.
എങ്കിലും ഒന്നുണ്ട് പറയാനെനിക്ക്,
ഭൂമിയോളം വലുതായൊരു ഗര്‍ഭപാത്രവും
ആതിഥേയരില്‍ രാജാവുമാണ് തെരുവെന്ന
പാഠമോതി തന്ന നിങ്ങള്‍ക്കു നന്ദി.

(* ഏഴു മക്കളെ പ്രസവിച്ചിട്ടും തെരുവിലിറക്കപ്പെട്ട
വൃദ്ധമാതാവിന് സമര്‍പ്പണം)

Friday, September 28, 2012

മരുഭൂവിലെ മെഴുകുതിരികള്‍


തേജസിന്റെ ഓണ്‍ലൈന്‍ ഡെസ്‌കില്‍ ജോലി നോക്കിയ(2009-2010)ഒന്നര വര്‍ഷം കൊണ്ട് സുഹൃത്തുക്കളായ പ്രവാസികളുടെ എണ്ണം അനവധിയാണ്. അവിവാഹിതരും കല്യാണം കഴിഞ്ഞയുടന്‍ ഭാര്യമാരെ പിരിഞ്ഞവരും ഭാര്യയും മക്കളും നാട്ടില്‍ കഴിയുന്ന മധ്യവയസ്‌കരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പത്രം സിറ്റി എഡിഷന്‍ പുറത്തിറങ്ങുന്ന പാതിരാവേറെ കഴിഞ്ഞ സമയത്താവും ഇവരിലധികവും ഓണ്‍ലൈനില്‍ എത്തുന്നത്. നാടുറക്കത്തിലാണ്ട ഈ വേളയില്‍ ഉണര്‍ന്നിരിക്കുന്ന എന്നപ്പോലുള്ളവര്‍ അവര്‍ക്കു പകരുന്ന ആശ്വാസം അളവറ്റതാണ്. ഗൃഹാതുരത വേട്ടയാടുന്ന മനസ്സ് തണുപ്പിക്കുകയാണ് സൗഹൃദസംഭാഷണത്തിന്റെ ലക്ഷ്യം.
ചിലര്‍ക്കു നാട്ടില്‍ പെയ്തു തകര്‍ക്കുന്ന മഴചിത്രങ്ങള്‍ വേണം. ചിലര്‍ക്ക് നാട്ടാരുടേയും കൂട്ടുകാരുടേയും വിശേഷങ്ങളറിയണം. ജിമെയിലും ഫേസ്ബുക്കും യാഹൂ മെസഞ്ചറും കൈമാറുന്ന സന്ദേശങ്ങള്‍ പോരാഞ്ഞവര്‍ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍നെറ്റ് കോളുകള്‍ മൊബൈലില്‍ വിളിച്ചുതീര്‍ക്കും. നാട്ടിലെ ബസ് സ്‌റ്റോപ്പ്, കളിയിടം, പഠിച്ച വിദ്യാലയം, ടൗണ്‍, ഗ്രാമീണ ഭംഗി, മണ്ണപ്പം ചുട്ടുകളിച്ച ഓര്‍മച്ചിത്രങ്ങള്‍, നാരങ്ങാ മിഠായി, ചക്ക, മാങ്ങ, പുളി എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നാടുമായി ബന്ധപ്പെട്ട എന്തും അവര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിക്കും, ചര്‍ച്ച ചെയ്യും. നാട്ടിലെത്താന്‍ പൂതിയാവുന്നെന്ന് സഹതപിക്കും. പ്രിയതമയെ പിരിഞ്ഞിരിക്കുന്ന ദുഃഖമകറ്റാന്‍ മാപ്പിളപ്പാട്ടുകളില്‍ നനഞ്ഞുകുതിരും. പോരുമ്പോള്‍ പകര്‍ത്തിയ ഭാര്യയുടെയും മക്കളുടെയും പടങ്ങളോട് റൂമില്‍ തനിച്ചിരിക്കുമ്പോള്‍ കിന്നരിക്കും. സൗകര്യമുള്ളവര്‍ വെബ്കാമിലൂടെ അവരെ കണ്ടെന്നിരിക്കും. ഇതിനൊന്നും ഭാഗ്യമില്ലാത്തവര്‍ ആഴ്ചകളുടെ ദൈര്‍ഘ്യം തോന്നിക്കുന്ന ദിവസങ്ങള്‍ കൊഴിയുന്നത് എണ്ണി കാത്തിരിക്കും.
വീട്ടുകാരെയും കൂട്ടുകാരെയും ആണ്ടുകളുടെ ഇടവേളകളില്‍ മാത്രം കാണാന്‍ കഴിയുന്ന, എന്നാല്‍ നാട്ടില്‍ നിന്നു മനസ്സിനെ മടക്കിക്കൊണ്ടുവരാന്‍ സാധിക്കാത്തവരുമാണവര്‍. നനവുള്ള മണ്ണില്‍ വേരാഴ്ത്തി നില്‍ക്കവെ പറിച്ചുമാറ്റുകയും ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയും ചെയ്യുന്ന മരങ്ങളായി മാറുന്നു പ്രവാസികള്‍.
വെറുതെയൊരു രസത്തിന് എല്ലാമുപേക്ഷിച്ച് നാടുവിട്ടവരല്ല ഇവരൊന്നും. കിട്ടുന്ന ശമ്പളത്തിന് കുടുംബം മുന്നോട്ടുകൊണ്ടുപോവാനാവാതെ വരുമ്പോള്‍ മണലാരണ്യത്തില്‍ അവസരം തേടിയതാണ്. ചിലര്‍ പെങ്ങന്‍മാരുടെ വിവാഹസ്വപ്‌നം പൂവണിയിക്കാന്‍. മറ്റുചിലര്‍ ബാങ്കും വട്ടപ്പലിശക്കാരും നോട്ടമിടുന്ന വീടും പറമ്പും മോചിപ്പിക്കാന്‍. ഇനിയും ചിലര്‍ നല്ലൊരു ജോലി തരപ്പെടുത്തി വിവാഹം കഴിക്കാന്‍. രണ്ടുമൂന്നുവര്‍ഷം ഗള്‍ഫില്‍ നിന്ന് കടമൊക്കെ വീട്ടി നാട്ടില്‍ സ്ഥിരമാവാം എന്നാണ് ഇവരുടെയൊക്കെ പ്രതീക്ഷ.
ഈ പ്രതീക്ഷയുമായാണ് പണ്ട് സെയ്ദാലിക്കയും ഗള്‍ഫിലെത്തിയത്. മൂന്ന് പെണ്‍മക്കളുടെ പഠനം, അവരുടെ വിവാഹം, മറ്റു മാമൂലുകള്‍ ഇവയെല്ലാം നിറവേറ്റുന്നതിന് ചോരയും നീരുമൊഴുക്കിയിട്ടും നാടെന്ന സെയ്ദാലിക്കയുടെ സ്വപ്‌നം ഇന്നു സഫലമായിട്ടില്ല. സെയ്ദാലിക്കയുടെ ജീവിതം പറയുമ്പോള്‍ ഭാര്യയെയും മൂന്നുവയസ്സുകാരി മകളെയും പിരിഞ്ഞു ജിദ്ദയില്‍ കഴിയുന്ന ഷെരീഫിന്റെ കണ്ഠമിടറി. ഇരുവരെയും ഗള്‍ഫിലെത്തിച്ച് രണ്ടുമാസമെങ്കിലും തന്റടുക്കല്‍ നിര്‍ത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട് അദ്ദേഹത്തിന്. നാട്ടില്‍ ഇഴഞ്ഞുനീങ്ങുന്ന വീട് പണി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്നും ആത്മവിശ്വാസത്തോടെ ഷെരീഫ് പറയുന്നു.
ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലാക്കിയാണ് മലപ്പുറംകാരനായ മജീദ് ലീവ് കഴിഞ്ഞ് ഗള്‍ഫിലെത്തുന്നത്. ഭാര്യയുടെ പ്രസവം കഴിഞ്ഞു, കുഞ്ഞിന് രണ്ടുമാസം പ്രായമാവുന്നു. ഇരുവരെയും കാണാനുള്ള പൂതി കൊടുത്തുവീട്ടാനുള്ള കടത്തിനു മുന്നില്‍ തല്‍ക്കാലം ഉപേക്ഷിക്കുകയാണവന്‍. ആഴ്ചയിലൊന്ന് വീട്ടില്‍ പോയി വരുമ്പോള്‍ ദാ വന്നു ദേ പോയിയെന്ന് കമന്റടിക്കുന്ന ഭാര്യയെകുറിച്ച് ഞാന്‍ പറയുമ്പോള്‍ നിന്നോട് ഞങ്ങള്‍ക്ക് അസൂയ മാത്രമേയുള്ളൂവെന്ന് പറയുന്ന റഷീദിനുമുണ്ട് ഭാര്യയും ഒരുവയസ്സുള്ള മകളും.
രണ്ടുതവണ നാട്ടിലെത്തിയിട്ടും ലീവ് തീരുന്നതിനു മുമ്പേ കല്യാണം കഴിക്കാനാവാതെ പോയ സങ്കടമാണ് കട്ടപ്പനക്കാരായ അജീഷിന്. ലീവ് തരപ്പെടുത്തി നാട്ടിലെത്തുമ്പോഴേക്കും തിരിച്ചുപോരാനുള്ള സമയമാവും. അതിനിടയില്‍ പെണ്ണുകാണണം, രണ്ടുകൂട്ടര്‍ക്കും പരസ്പരം ഇഷ്ടപ്പെടണം, കല്യാണത്തിയ്യതി കുറിക്കണം, ബന്ധുക്കളെയും നാട്ടുകാരെയും വിളിക്കണം... ഇതിനൊന്നുമുള്ള സാവകാശം കാണാതെ അവര്‍ വീണ്ടും ഗള്‍ഫിലേക്ക് വിമാനം കയറുകയാണ് ചെയ്യുന്നത്. വെള്ളത്തിന്റെയും ചൂടിന്റെയും ആക്രമണത്തില്‍ മുടികൊഴിഞ്ഞ് ചെറുപ്പത്തിലേ കഷണ്ടി ബാധിച്ച വിവാഹന്വേഷകരും നിരവധിയാണ്.
കുടുംബാംഗങ്ങളുടെ മരണമറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ പോവുന്നവരുണ്ട്. പിറവി മുതല്‍ സ്വപ്‌നം കണ്ടിരുന്ന മകളുടെയും മകന്റെയും വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഉപ്പമാരുമുണ്ട് അക്കൂട്ടത്തില്‍. ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസിയായി ചെലവഴിച്ച് ഒടുവില്‍ നാടണയാന്‍ അവസരം കിട്ടുമ്പോള്‍ ഈ ഭൂമുഖത്തു നിന്നു തന്നെ വിട്ടുപിരിയേണ്ടി വന്നവരെത്രയോ പേര്‍. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ജീവിച്ച് അവര്‍ക്കു വേണ്ടി സമ്പാദിച്ച് ഒടുവില്‍ ഒരു കറിവേപ്പില പോലെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട വൃദ്ധജന്മങ്ങളും ഇവര്‍ക്കിടയിലുണ്ട്. ആയുസ്സിന്റെ പകുതിയിലധികവും പ്രവാസജീവിതം നയിക്കേണ്ടിവന്നവര്‍, ഇന്നുമത് തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍, കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ കണക്കെടുത്താല്‍ തീര്‍ച്ചയായും അവര്‍ക്കു കരയാതിരിക്കാനാവില്ല.   
ഗള്‍ഫുകാരന്റെ പ്രൗഢിക്ക് നാട്ടിലിന്നും ഡിമാന്റാണ്. വരവില്‍ കവിഞ്ഞ് ചെലവഴിച്ച് ആ പ്രൗഢി നിലനിര്‍ത്താന്‍ പല കുടുംബങ്ങളും കിണഞ്ഞുശ്രമിക്കുന്നു. ആണൊരുത്തന്‍ നാട്ടിലില്ലാത്ത അവസരം മുതലെടുക്കുന്ന പെണ്‍പടകള്‍ പലനാട്ടിലും പേരുദോഷം കേള്‍പ്പിക്കുന്നു.
ദിര്‍ഹമും റിയാലും ദിനാറും താരതമ്യം ചെയ്ത് ഉണങ്ങിവരണ്ട കുബ്ബൂസ് പച്ചവെള്ളത്തില്‍ മുക്കികഴിക്കുന്ന ഉമ്മര്‍ക്കയെ പോലെയാണ് പല പ്രവാസികളുടേയും ജീവിതം. കുടുംബത്തിനു വേണ്ടി അവര്‍ മെഴുകുതിരി പോലെ എരിഞ്ഞടങ്ങിക്കൊണ്ടേയിരിക്കുന്നു.


തേജസ് ബഹ്‌റയിന്‍ എഡിഷന്‍ ഉദ്ഘാടന സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.(27-09-12)


Tuesday, September 18, 2012

ഒരു പേരിലെ ഇത്തിരിക്കാര്യം

ആശുപത്രി രജിസ്റ്ററില്‍ ചേര്‍ക്കാന്‍ നേരത്താണ് അമ്മച്ചിയുടെ നാവില്‍ നിന്ന് നിഷാദ് എന്ന പേരുയര്‍ന്നത്. അന്നുമുതല്‍ ഈയുള്ളവന്റെ പേര് അങ്ങനെയായി. മൂത്ത സഹോദരങ്ങളുടെ പേരിടലും അമ്മച്ചി സ്വയമങ്ങു നിര്‍വഹിച്ചതാണ്. സബീനയും സൈനുദ്ദീനും. അവ രണ്ടും 'സ'യില്‍ തുടങ്ങുമ്പോള്‍ ഒടുക്കത്തെ കണ്‍മണിയായ എന്റെ പേരു വേറിട്ടുനിന്നു. പേരിട്ടത് സ്വഭാവമറിയാതെയാണെങ്കിലും ഞാന്‍ പലപ്പോഴും നിഷാദനും നിഷേധിയുമായി മാറി. നിരവധി നിഷാദുമാരെ സ്‌കൂളിലും കോളജിലും നാട്ടിലുമൊക്കെ കാണാനും അവരുടെ കൂട്ടുകാരനായി മാറാനും കഴിഞ്ഞിരുന്നു.

ഇന്നിപ്പോള്‍ മക്കള്‍ക്കു പേരിടുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാണ്. മറ്റാര്‍ക്കും ഇടാനിടയില്ലാത്ത, നാട്ടില്‍ പ്രചാരം നേടിയിട്ടില്ലാത്ത പേരുകളാണ് പുതുതലമുറക്കാരുടേത്. പേരിടുമ്പോള്‍ ശ്രദ്ധിക്കാത്തതിന്റെ ദൂഷ്യം അടുത്തിടെ ചൈനയില്‍ നിന്നുയര്‍ന്ന കഥ വ്യക്തമാക്കുന്നു. യുവതിയുവാക്കള്‍ക്കെല്ലാം സമാനമായ പേരു വന്നതിനാല്‍ വലഞ്ഞത് നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും മാത്രമല്ല. രേഖകളില്‍ ഒരേപേരു കാരണം അധികൃതരും ബുദ്ധിമുട്ടിലായി. നമുക്കു പറയാന്‍ അത്തരം കഥകളൊന്നുമില്ലെങ്കിലും പുതുതലമുറയുടെ ജാഗ്രത നവനാമങ്ങള്‍ സമൂഹത്തില്‍ വ്യാപകമാവുന്നതിന് ഇടയാക്കിയിട്ടുണ്ട്.

പറഞ്ഞുവരുന്നത് പേരുമാഹാത്മ്യത്തെക്കുറിച്ചല്ല. അച്ഛനും അമ്മയും ചേര്‍ന്ന് മക്കള്‍ക്കിടുന്ന പേര് ഒരു നിമിഷം കൊണ്ട് മാറ്റിനല്‍കുന്ന വിരുതന്‍മാരെക്കുറിച്ചാണ്. ഇതെഴുതാന്‍ പ്രേരകമായതാവട്ടെ അങ്ങനെയൊരു ഇരട്ടപ്പേരു വിളി കഴിഞ്ഞദിവസം ബസ്സിലിരിക്കുമ്പോള്‍ കേള്‍ക്കാനിടയായതും. കട്ടപ്പനയില്‍ നിന്നു കോട്ടയത്തേക്കു വരുമ്പോഴായിരുന്നു അത്. ആളെക്കയറ്റാനോ ഇറക്കാനോ ബസ് ഏതോ ഒരു സ്‌റ്റോപ്പില്‍ നിര്‍ത്തി. ബസ്സിലുണ്ടായിരുന്ന കുറച്ചുവിദ്യാര്‍ഥികള്‍ ആ ജങ്ഷനില്‍ നില്‍ക്കുന്ന തങ്ങളുടെ കൂട്ടുകാരനെ കാണുന്നത് അപ്പോഴാണ്. പാമ്പേ എന്ന് കോറസ്. വിളികേട്ട പയ്യന്‍ ബസ്സിനുള്ളിലേക്ക് നോക്കുന്നു. എന്താ ഇവിടെ? നാളെ വരില്ലേ? ചോദ്യങ്ങളുന്നയിച്ച് മറുപടിയും കിട്ടുമ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങിയിരുന്നു.
എന്തായിരുന്നിരിക്കാം ആ കൗമാരക്കാരന്റെ പേര്. നാലാളുകേള്‍ക്കെ പാമ്പേയെന്നു വിളിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എന്തായാലും സന്തോഷം ഉണ്ടാവാനിടയില്ല. കൂട്ടുകാരായതു കൊണ്ടു ഇരട്ടപ്പേരു വിളിക്കുമ്പോള്‍ അയാള്‍ വിളി കേട്ടെന്നു വരാം. ഒരു പക്ഷേ കൂട്ടുകാരെ അയാളും മറ്റെന്തെങ്കിലുമൊക്കെ ഇരട്ടപ്പേരു വിളിച്ചെന്നുമിരിക്കാം. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഇരട്ടപ്പേരിട്ട് അഭിമാനിക്കുന്ന ഈ പ്രവണത ആശാസ്യമാണോ?

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ വിളിപ്പേരിടല്‍ രീതി. നോട്ടത്തിലെ പ്രത്യേകത മൂലം കുറുക്കനെന്നും തൊലിയുടെ നിറം കറുത്തുപോയതിനാല്‍ അസ്ഥികറമ്പനെന്നും ഉയരം കൂടിയതിനാല്‍ കാലനെന്നും വിളിപ്പേരു കേള്‍ക്കേണ്ടി വരുന്നവരെത്രയോ പേര്‍. ഇരട്ടപ്പേരു പറഞ്ഞാലെ ആളെ തിരിച്ചറിയൂ എന്ന ഗതികേടാണ് പലനാട്ടിലും ചിലര്‍ക്കു വന്നുചേര്‍ന്നിരിക്കുന്നത്. വിളിക്കാന്‍ ഒരു രസമാണ്, അതുകേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും. പക്ഷേ ഉള്ളുനോവുന്നത് ആ പേരിന്റെ ഉടയോനായിരിക്കും. അച്ഛനും അമ്മയ്ക്കും മുമ്പാകെ നാട്ടുകാര്‍ മക്കളെ ഇരട്ടപ്പേരിട്ടു വിളിക്കുമ്പോള്‍ അവരുടെ മനസ്സും നോവുമെന്നുറപ്പ്. ഇതു തിരിച്ചുമാവാം.
മറ്റുള്ളവര്‍ പേരുവിളിച്ചു സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ക്കു സന്തോഷമുണ്ടാവുമെന്ന് എവിടെയൊക്കെയോ കേട്ടു, വായിച്ചു. അത് അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ആരെയും ഇരട്ടപ്പേരു വിളിക്കാനോ ആര്‍ക്കും ചാര്‍ത്തിക്കൊടുക്കാനോ ഞാന്‍ തുനിഞ്ഞിട്ടില്ല.

Wednesday, September 5, 2012

ഓര്‍മകളില്‍ ഉറങ്ങിയും ഓര്‍മിപ്പിച്ചും എന്റെയധ്യാപകര്‍


മണലില്‍ അക്ഷരമെഴുതിപ്പഠിക്കുമ്പോഴായിരിക്കും കളരിയുടെ മുറ്റത്ത് കശുമാമ്പഴം വീഴുന്നത്. പിന്നെ ഞങ്ങള്‍ കുട്ടികള്‍ ഒരോട്ടമാണ്. പഴം കുട്ടികള്‍ക്ക്, അണ്ടി ആശാനുള്ളതാണ്. അതായിരുന്നു നിയമം. ഒരു കൈയുടെ സ്വാധീനം നഷ്ടമായ ആ ആശാന്‍ എന്റെ അത്തച്ഛിയെ കളരിയില്‍ പഠിപ്പിച്ചിരുന്നു. മണലില്‍ അക്ഷരങ്ങള്‍ എഴുതിയ ശേഷം ആശാന്‍ ഉറക്കെ ചോദിക്കും. എഴുതിയോ? ഞങ്ങള്‍ മറുപടി പറയും- എഴുതി. വായിച്ചോ? വായിച്ചു.
എന്നാല്‍ മായീര് ആശാന്റെ മറുപടി. തെറ്റുകണ്ടാല്‍ ആശാന്‍ ഒറ്റക്കൈ കൊണ്ട് ഒരു പ്രയോഗമുണ്ട് തുടയില്‍. അധികകാലമുണ്ടായിരുന്നില്ല കളരിയിലെ പഠനം. അടുത്തുതന്നെയുള്ള അങ്കണവാടിയിലേക്ക് പഠനം പറിച്ചുനടപ്പെട്ടു.

അയല്‍വാസി തന്നെയായ പത്മജടീച്ചര്‍ ആയിരുന്നു അങ്കണവാടിയിടെ ഞങ്ങളുടെ കുസൃതികള്‍ക്ക് ഇരയായത്. പണ്ട് താമസിച്ചിരുന്ന പാറക്കടവിലെ ഒരു പാറപ്പുറത്തായിരുന്നു അങ്കണവാടി. കള്ളിമുള്‍ച്ചെടിക്കൂട്ടങ്ങള്‍ പാറയില്‍ സമൃദ്ധമായിരുന്നു. ഭംഗിയാര്‍ന്ന പൂക്കള്‍ പറിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും മുള്‍ച്ചെടിയുടെ കുറുമ്പിന് ഞങ്ങള്‍ ഇരയായി. ചുട്ടുപഴുത്ത പാറയില്‍ മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന ഗന്ധം ഇന്നും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാറക്കടവില്‍ നിന്ന് അത്തച്ചിയുടെ കൈപ്പിടിച്ച് സ്‌കൂളിലേക്ക് പോവുമ്പോള്‍ കൗതുകത്തോടെ നാലുപാടും നോക്കി. വീട്ടില്‍ നിന്നു മൂന്നുകിലോമീറ്റര്‍ ദൂരമുണ്ടാവും സ്‌കൂളിലേക്ക്. പിന്നീട് കൂട്ടുകാരോടൊപ്പമായിരുന്നു വരവ് പോക്ക്. പാടവരമ്പുകളിലൂടെ കുറുക്കുവഴികളുണ്ടാക്കി, തുമ്പിയോടും പറവകളോടും കിന്നാരം പറഞ്ഞു. മാവില്‍ കല്ലെറിഞ്ഞു. കൊക്കോപ്പഴം മോഷ്ടിച്ചു. പരീക്ഷയുടെ മാര്‍ക്ക് അധ്യാപകര്‍ സ്ലേറ്റില്‍ എഴുതിത്തരും. പോരുന്ന വഴിയിലുള്ള പാരലല്‍ കോളജിലെ ചേട്ടന്‍മാര്‍ ഒരുദിവസം കൂട്ടുകാരന്റെ സ്ലേറ്റിലെ മാര്‍ക്ക് തിരുത്തിയെഴുതി.

ലോവര്‍ പ്രൈമറി സ്‌കൂളിന്റെ മുറ്റത്ത് നിറയെ പൂച്ചെടികള്‍. ഓറഞ്ച് നിറമാര്‍ന്ന ഒരുതരം പൂവും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരം പൂവ് പറിച്ച് ക്രീം നിറമുള്ള യൂനിഫോം ഷര്‍ട്ടിന്റെ പോക്കറ്റിനു മേല്‍ ഒരു മുദ്രപതിപ്പിക്കും. വെയിലേറ്റു വിണ്ടുകീറിയ സ്‌കൂളിന്റെ മുറ്റത്ത് വാശിയേറിയ കബഡി മല്‍സരവും ഉണ്ടാവും. മഴയാണേല്‍ തിണ്ണയില്‍ നിന്നു ചളിവെള്ളത്തിലേക്ക് ഒരുന്തിയിടല്‍ ഏതുനിമിഷവും പ്രതീക്ഷിക്കാം. വരാന്തയിലൂടെ ഓട്ടപ്പിടിത്തം. സ്ലേറ്റിലെ എഴുത്ത് മായ്ക്കാനുള്ള പച്ചിലച്ചെടികളുടെ തുണ്ടുകള്‍ കൂട്ടുകാര്‍ തമ്മില്‍ കൈമാറും. ഉണ്ടക്കണ്ണനായ വര്‍ക്കിസാറായിരുന്നു അന്നു പ്രിന്‍സിപ്പല്‍.

എട്ടിലും ഒമ്പതിലും ക്ലാസ് ടീച്ചറായിരുന്ന ലിസന്‍ ടീച്ചര്‍, പത്തില്‍ ആ ചുമതല നിര്‍വഹിച്ച ബ്രിജിത് ടീച്ചര്‍, പിന്നെ ജോര്‍ജ് തോമസ് സര്‍, അഗസ്റ്റിന്‍ സര്‍, മണിടീച്ചര്‍... ഒമ്പതില്‍ കൂടെപ്പഠിച്ച പെണ്‍കുട്ടിക്കു നല്‍കിയ പ്രണയാഭ്യര്‍ഥന ലിസന്‍ ടീച്ചറിന്റെ കൈയില്‍ കിട്ടിയപ്പോഴുണ്ടായ ചമ്മല്‍, ടീച്ചറിന്റെ കണ്‍മുമ്പില്‍ ചെന്നുചാടാതിരിക്കാനെടുത്ത ജാഗ്രത, പത്തില്‍ സഹപാഠിയായിരുന്ന ദീപേഷിന് ലീവ് ലെറ്റര്‍ എഴുതിയതിന് ബ്രിജിത് ടീച്ചര്‍ നല്‍കിയ ചൂരല്‍ക്കഷായം, കത്തിന്റെ കള്ളത്തരം പൊളിയും വരെ ടീച്ചര്‍ വിശ്വസിച്ചിരുന്നതാവട്ടെ കോളജ് വിദ്യാര്‍ഥികളാരോ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നുവത്രേ.(പാവം ഞാന്‍) 

പ്ലസ് ടു പഠിച്ചത് പാരലല്‍കോളജിലായിരുന്നു. ജോയി വെട്ടിക്കുഴി സാറിന്റെ ഉടമസ്ഥതയിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് കോളജ്. മലയാളം അധ്യാപികയായിരുന്ന മഞ്ജു ടീച്ചര്‍, ഇംഗ്ലീഷ് പഠിപ്പിച്ച ബെന്നി മാത്യൂസ് സാര്‍, ജോയി മാത്യു സാര്‍. അക്കൗണ്ടന്‍സി മാഷായിരുന്ന ഷിബു സര്‍, സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകന്‍ രാജേഷ് സാര്‍, അശ്വതി ടീച്ചര്‍...
മഞ്ജു ടീച്ചറായിരുന്നു മലയാളവുമായി എന്നെയേറെ അടുപ്പിച്ചത്. ഏട്ടത്തിയമ്മയുടെ സ്‌നേഹവും കരുതലുമാണ് അവര്‍ പുലര്‍ത്തിയത്. ജോയി മാത്യു സാര്‍ കര്‍ക്കശക്കാരനായിരുന്നെങ്കിലും ബെന്നി മാത്യൂസ് സാര്‍ ആ വിടവ് കൂടി നികത്തി. മരംകൊത്തിയെന്ന ഇരട്ടപ്പേരു പോലും സ്വീകരിച്ച അദ്ദേഹത്തോടുള്ള ഇഷ്ടം മൂത്ത് ഞാന്‍ ഇംഗ്ലീഷ് ഭാഷയിലും അനുരക്തനായി. അന്നേവരെ ഇംഗ്ലീഷിനു പാസ് മാര്‍ക്ക് വാങ്ങാത്ത ഞാന്‍ ക്ലാസ് ടെസ്റ്റില്‍ 60ല്‍ 41 മാര്‍ക്ക് വാങ്ങി ചരിത്രമെഴുതി. അതിനിടെ ജോലിയുപേക്ഷിച്ച് ബെന്നി മാത്യൂസ് സാര്‍ കര്‍ണാടകയിലേക്കു പോയി. വൈകാതെ അദ്ദേഹത്തെ തേടി എന്റെ കത്തുപറന്നു. മറുപടിക്കത്തുകളെഴുതി അദ്ദേഹം എന്റെ സ്‌നേഹത്തിന്റെ മാറ്റുകൂട്ടി.

എം.ഇ.എസ് കോളജിലെത്തുമ്പോഴേക്കും അതുവരെയുള്ള സൗഹൃദക്കൂട്ടങ്ങളൊക്കെ ചിതറിമാറി. അബുബക്കര്‍ സാര്‍, ലീന ടീച്ചര്‍, ജോസ് കുട്ടി സാര്‍, അബ്ദുര്‍റസാഖ് സാര്‍, മേരിക്കുട്ടി ടീച്ചര്‍, ഉണ്ണികൃഷ്ണന്‍ സാര്‍, അലിയാര്‍ സാര്‍, എന്‍.എസ്.എസിന്റെ ചുമതലയുണ്ടായിരുന്ന എം ജെ മാത്യുസാര്‍, സ്‌നേഹത്താല്‍ ഉപദേശങ്ങള്‍ പൊതിഞ്ഞു നല്‍കിയ പ്രിന്‍സിപ്പല്‍ റഷീദ് സാര്‍...
ഓര്‍മകളില്‍ ഉറങ്ങുന്നവരാണ് കൂടുതലെന്നു തോന്നുന്നു. പലരുടെയും പേരും അവര്‍ നല്‍കിയ അടിയുടെ ചൂടും മറന്നു. അവര്‍ പകര്‍ന്നുതന്ന അറിവിന്റെ ഒരണുവെങ്കിലും എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്, തീര്‍ച്ച. ഈ അധ്യാപക ദിനത്തില്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ക്കു മുമ്പില്‍ നിറഞ്ഞ സ്‌നേഹത്തോടെ പലപ്പോഴും നിഷേധിയായിരുന്ന പ്രിയ ശിഷ്യന്‍.

Wednesday, August 8, 2012

മാറ്റിവച്ച വൃക്കയും തകരാറിലായി; വിധിയില്‍ പകച്ചു ജസ്റ്റിന്‍


ഇടുക്കി: വൃക്കരോഗത്തിന്റെ തീക്ഷ്ണതയും അതിന്റെ വേദനയും ചെറുപ്പത്തിലെ അറിഞ്ഞുതുടങ്ങിയതാണ് ജസ്റ്റിന്‍. ഏഴില്‍ പഠിക്കുമ്പോഴാണ് കുഞ്ഞുജസ്റ്റിനെ വൃക്കരോഗം ബാധിക്കുന്നത്. 2004ല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജില്‍ ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍ രോഗം അതിന്റെ തീക്ഷ്ണത പ്രാപിച്ചു. മുഖം നീരുവന്നു വീര്‍ത്തു. ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവൃക്കകളും പ്രവര്‍ത്തനം മുടക്കി കഴിഞ്ഞിരുന്നു.

ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലാണ് ജസ്റ്റിന്റെ വീട്. സാമ്പത്തിക ഞെരുക്കമുള്ള കുടുംബം ചികില്‍സാച്ചെലവിനായി കടംവാങ്ങിയും മറ്റും ആറുലക്ഷം രൂപ സമാഹരിച്ചു. വൃദ്ധയായ മാതാവ് വൃക്കകളിലൊന്നു മകനു നല്‍കി. തുടര്‍ച്ചയായ ഡയാലിസിസിനു ശേഷം മാറ്റിവച്ച വൃക്ക ജസ്റ്റിന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മരുന്നുകളും ആശുപത്രിവാസവും തളര്‍ത്തിയ ശരീരവുമായി ജസ്റ്റിന്‍ കോളജില്‍ മടങ്ങിയെത്തി. പതറാത്ത മനസ്സുമായി ബിരുദപഠനം പൂര്‍ത്തിയാക്കി വൈകാതെ തന്നെ സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറുകയും ചെയ്തു. ചെന്നൈയിലും എറണാകുളത്തുമുള്ള കമ്പനികളില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് വീണ്ടും രോഗം മൂര്‍ച്ഛിക്കുന്നത്.
കൊച്ചിയിലെ പി.വി.എസ് ആശുപത്രിയില്‍ ആയിരുന്നു 2004ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇവിടെയെത്തി മാസംതോറും പരിശോധനയ്ക്കു വിധേയനാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട്  ആശുപത്രിയിലെത്തുമ്പോഴാണ് മാറ്റിവച്ച വൃക്കയുടെ പ്രവര്‍ത്തനവും നിലച്ചതായി അറിയുന്നത്.
ആഴ്ചയില്‍ മൂന്നു വീതം ഡയാലിസിസ്, രക്തം കുറവായതിനാല്‍ അതിനുള്ള ഇന്‍ജക്ഷന്‍ എന്നിവ വേണം. കൈ ഞരമ്പുകളിലൂടെ രക്തം കയറ്റാന്‍ കഴിയാത്തതു കൊണ്ട് നെഞ്ചിലൂടെ ട്യൂബ് ഇട്ടാണ് ഡയാലിസിസ് നടത്തുന്നത്. ഓരോ പ്രാവശ്യവും രണ്ടായിരം രൂപയാണ് ചെലവ്. ചികില്‍സയിനത്തില്‍ ഇതിനകം ഒന്നരലക്ഷം രൂപ ചെലവായിക്കഴിഞ്ഞു. എട്ടുലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കും മരുന്നിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവ് പ്രതീക്ഷിക്കുന്നത്. വൃക്ക നല്‍കാന്‍ ബന്ധുവായ സ്ത്രീ സന്നദ്ധയാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയായി. ഇനി ശസ്ത്രക്രിയയ്ക്കാവശ്യമായ പണം കണെ്ടത്തണം. ഈ പണമത്രയും കണെ്ടത്താനാവില്ലെങ്കിലും ആകെയുള്ള കിടപ്പാടം വില്‍ക്കാനാണ് തീരുമാനം. 70 പിന്നിട്ട അച്ഛനും 60 കഴിഞ്ഞ അമ്മയുമാണ് ജസ്റ്റിനുള്ളത്. വിധിയോടു പൊരുതാന്‍ 31കാരനായ ജസ്റ്റിനും സന്നദ്ധനാണ്.


ഇതിനായി ഫെഡറല്‍ ബാങ്കിന്റെ കലൂര്‍ ശാഖയില്‍ ജസ്റ്റിന്‍ സ്റ്റീഫന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 14210100048049




Monday, June 4, 2012

ഓര്‍മയില്‍ ജീവിച്ചുമരിക്കുന്ന പോയകാലം


പുതിയ അധ്യയന വര്‍ഷം തുടങ്ങി. പുത്തന്‍ ബാഗും അടിപൊളി വസ്ത്രങ്ങളും ധരിച്ച് കുരുന്നുകള്‍. വിദ്യാലയങ്ങള്‍ പൂന്തോട്ടവും കുരുന്നുകള്‍ ചിത്രശലഭങ്ങളും ആയി മാറുന്ന കാഴ്ച. എല്ലാം കാണുമ്പോള്‍ എന്റെ ബാല്യം ഓര്‍മകള്‍ ഉണരുകയാണ്.
സ്‌കൂള്‍ മുറ്റത്തു കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ മഷി കുടഞ്ഞ് വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന ചേട്ടന്മാരെ കൗതുകത്തോടെ വീക്ഷിച്ചിരുന്ന ബാല്യം. നേരത്തേ എത്തിയില്ലെങ്കില്‍ നഷ്ടമാവുന്ന ക്ലാസിലെ പതിവ് ഇരിപ്പിടം. ക്ലാസ് മുറിയിലേക്ക് തണുപ്പിനൊപ്പം പാറിവരുന്ന മഴത്തുള്ളികള്‍. തണുത്തുറഞ്ഞ സിമന്റ് തറയിലും വരാന്തയിലും മുറ്റത്തെ ചളിവെള്ളത്തില്‍ നിന്നുള്ള അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ട് നടന്നകലുന്ന കുഞ്ഞുകാലടികള്‍.
വരാന്തയില്‍ നിന്ന് ഊഴമനുസരിച്ച് കൂട്ടുകാരെ മഴയിലേക്ക് തള്ളിവിട്ടിരുന്ന കുസൃതി, തണുത്ത് മരവിച്ച കൈവെള്ളയില്‍ ചൂരല്‍ പ്രഹരമേല്‍ക്കുമ്പോള്‍ കിട്ടിയ ചൂട്, ചോറ്റുപാത്രത്തിന്റെ വക്ക് ഡസ്‌കിലും ബെഞ്ചിലും ഇടിച്ചിടിച്ച് തുറന്ന ശേഷം ചമ്മന്തിയും മുട്ടപൊരിച്ചതും കൂട്ടിയുള്ള ഊണ്, പാത്രം കഴുകാനുള്ള പൈപ്പിന്‍ ചുവട്ടിലെ തിരക്ക്, മൂത്രപ്പുരയിലെ മടുപ്പിക്കുന്ന ഗന്ധം, സ്ലേറ്റിലെ എഴുത്തുകള്‍ മായിക്കാന്‍ കൊണ്ടുവരുന്ന ഉള്ളില്‍ നിറയെ വെള്ളമുള്ള പച്ചകളുടെ  ശേഖരം, കൂട്ടുകാരുടെ കെട്ടുകഥകള്‍, അലുമിനീയത്തില്‍ തീര്‍ത്ത പുസ്തക പെട്ടി, കൈപ്പിടിച്ചു സ്‌കൂളിലേക്കും വീട്ടിലേക്കും കൂട്ടിയിരുന്ന ജ്യേഷ്ഠന്‍, സൊറ പറഞ്ഞ് ഒപ്പം നടന്നിരുന്ന ചങ്ങാതിമാര്‍, വഴിവക്കിലെ കൊക്കോ മരങ്ങളും മാവുകളും, വയലും തുമ്പികളും കൊക്കുകളും, കുളവും ആമ്പലും താമരയും...
നഷ്ടമായത് വര്‍ണാഭമായ ബാല്യമാണ്. നമുക്കൊപ്പമോ അതിലും വേഗത്തിലോ മാറുന്ന പ്രകൃതി പോയകാലത്തിന്റെ മുദ്രകള്‍ പോലും അപഹരിച്ചുകളയുന്നു. ഓര്‍മയില്‍ ജീവിച്ചു മരിക്കട്ടെ പോയകാലം.

Wednesday, March 21, 2012

പരസ്യരഹിത വ്യാപാരം


വെട്ടിവെട്ടി തേഞ്ഞുപോയ പുളിമുട്ടിയും
ഇരുമ്പുകൊളുത്തില്‍ തൂങ്ങിയാടുന്ന ഇറച്ചിയും
കടയുടെ മുമ്പില്‍ കണ്ണുതുറിച്ചിരിക്കുന്ന പോത്ത് തലയും
കണ്ടാണവള്‍ പണ്ട് സ്‌കൂളിലേക്ക് പോയിരുന്നത്.
ഇന്നവിടെ പുത്തനൊരു മാളികയാണ്.
പഴയ വ്യാപാരം തന്നെയാണ് മാളികയിലും.
ആഡംബരകാറുകളിലാണ് കസ്റ്റമേഴ്‌സിന്റെ പോക്കുവരവുകള്‍.
പുളിമുട്ടിയും ഇരുമ്പുകൊളുത്തും പോത്ത് തലയുമില്ലാത്ത
പരസ്യരഹിത "മാംസവ്യാപാരം".