Friday, September 28, 2012

മരുഭൂവിലെ മെഴുകുതിരികള്‍


തേജസിന്റെ ഓണ്‍ലൈന്‍ ഡെസ്‌കില്‍ ജോലി നോക്കിയ(2009-2010)ഒന്നര വര്‍ഷം കൊണ്ട് സുഹൃത്തുക്കളായ പ്രവാസികളുടെ എണ്ണം അനവധിയാണ്. അവിവാഹിതരും കല്യാണം കഴിഞ്ഞയുടന്‍ ഭാര്യമാരെ പിരിഞ്ഞവരും ഭാര്യയും മക്കളും നാട്ടില്‍ കഴിയുന്ന മധ്യവയസ്‌കരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പത്രം സിറ്റി എഡിഷന്‍ പുറത്തിറങ്ങുന്ന പാതിരാവേറെ കഴിഞ്ഞ സമയത്താവും ഇവരിലധികവും ഓണ്‍ലൈനില്‍ എത്തുന്നത്. നാടുറക്കത്തിലാണ്ട ഈ വേളയില്‍ ഉണര്‍ന്നിരിക്കുന്ന എന്നപ്പോലുള്ളവര്‍ അവര്‍ക്കു പകരുന്ന ആശ്വാസം അളവറ്റതാണ്. ഗൃഹാതുരത വേട്ടയാടുന്ന മനസ്സ് തണുപ്പിക്കുകയാണ് സൗഹൃദസംഭാഷണത്തിന്റെ ലക്ഷ്യം.
ചിലര്‍ക്കു നാട്ടില്‍ പെയ്തു തകര്‍ക്കുന്ന മഴചിത്രങ്ങള്‍ വേണം. ചിലര്‍ക്ക് നാട്ടാരുടേയും കൂട്ടുകാരുടേയും വിശേഷങ്ങളറിയണം. ജിമെയിലും ഫേസ്ബുക്കും യാഹൂ മെസഞ്ചറും കൈമാറുന്ന സന്ദേശങ്ങള്‍ പോരാഞ്ഞവര്‍ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍നെറ്റ് കോളുകള്‍ മൊബൈലില്‍ വിളിച്ചുതീര്‍ക്കും. നാട്ടിലെ ബസ് സ്‌റ്റോപ്പ്, കളിയിടം, പഠിച്ച വിദ്യാലയം, ടൗണ്‍, ഗ്രാമീണ ഭംഗി, മണ്ണപ്പം ചുട്ടുകളിച്ച ഓര്‍മച്ചിത്രങ്ങള്‍, നാരങ്ങാ മിഠായി, ചക്ക, മാങ്ങ, പുളി എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നാടുമായി ബന്ധപ്പെട്ട എന്തും അവര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിക്കും, ചര്‍ച്ച ചെയ്യും. നാട്ടിലെത്താന്‍ പൂതിയാവുന്നെന്ന് സഹതപിക്കും. പ്രിയതമയെ പിരിഞ്ഞിരിക്കുന്ന ദുഃഖമകറ്റാന്‍ മാപ്പിളപ്പാട്ടുകളില്‍ നനഞ്ഞുകുതിരും. പോരുമ്പോള്‍ പകര്‍ത്തിയ ഭാര്യയുടെയും മക്കളുടെയും പടങ്ങളോട് റൂമില്‍ തനിച്ചിരിക്കുമ്പോള്‍ കിന്നരിക്കും. സൗകര്യമുള്ളവര്‍ വെബ്കാമിലൂടെ അവരെ കണ്ടെന്നിരിക്കും. ഇതിനൊന്നും ഭാഗ്യമില്ലാത്തവര്‍ ആഴ്ചകളുടെ ദൈര്‍ഘ്യം തോന്നിക്കുന്ന ദിവസങ്ങള്‍ കൊഴിയുന്നത് എണ്ണി കാത്തിരിക്കും.
വീട്ടുകാരെയും കൂട്ടുകാരെയും ആണ്ടുകളുടെ ഇടവേളകളില്‍ മാത്രം കാണാന്‍ കഴിയുന്ന, എന്നാല്‍ നാട്ടില്‍ നിന്നു മനസ്സിനെ മടക്കിക്കൊണ്ടുവരാന്‍ സാധിക്കാത്തവരുമാണവര്‍. നനവുള്ള മണ്ണില്‍ വേരാഴ്ത്തി നില്‍ക്കവെ പറിച്ചുമാറ്റുകയും ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയും ചെയ്യുന്ന മരങ്ങളായി മാറുന്നു പ്രവാസികള്‍.
വെറുതെയൊരു രസത്തിന് എല്ലാമുപേക്ഷിച്ച് നാടുവിട്ടവരല്ല ഇവരൊന്നും. കിട്ടുന്ന ശമ്പളത്തിന് കുടുംബം മുന്നോട്ടുകൊണ്ടുപോവാനാവാതെ വരുമ്പോള്‍ മണലാരണ്യത്തില്‍ അവസരം തേടിയതാണ്. ചിലര്‍ പെങ്ങന്‍മാരുടെ വിവാഹസ്വപ്‌നം പൂവണിയിക്കാന്‍. മറ്റുചിലര്‍ ബാങ്കും വട്ടപ്പലിശക്കാരും നോട്ടമിടുന്ന വീടും പറമ്പും മോചിപ്പിക്കാന്‍. ഇനിയും ചിലര്‍ നല്ലൊരു ജോലി തരപ്പെടുത്തി വിവാഹം കഴിക്കാന്‍. രണ്ടുമൂന്നുവര്‍ഷം ഗള്‍ഫില്‍ നിന്ന് കടമൊക്കെ വീട്ടി നാട്ടില്‍ സ്ഥിരമാവാം എന്നാണ് ഇവരുടെയൊക്കെ പ്രതീക്ഷ.
ഈ പ്രതീക്ഷയുമായാണ് പണ്ട് സെയ്ദാലിക്കയും ഗള്‍ഫിലെത്തിയത്. മൂന്ന് പെണ്‍മക്കളുടെ പഠനം, അവരുടെ വിവാഹം, മറ്റു മാമൂലുകള്‍ ഇവയെല്ലാം നിറവേറ്റുന്നതിന് ചോരയും നീരുമൊഴുക്കിയിട്ടും നാടെന്ന സെയ്ദാലിക്കയുടെ സ്വപ്‌നം ഇന്നു സഫലമായിട്ടില്ല. സെയ്ദാലിക്കയുടെ ജീവിതം പറയുമ്പോള്‍ ഭാര്യയെയും മൂന്നുവയസ്സുകാരി മകളെയും പിരിഞ്ഞു ജിദ്ദയില്‍ കഴിയുന്ന ഷെരീഫിന്റെ കണ്ഠമിടറി. ഇരുവരെയും ഗള്‍ഫിലെത്തിച്ച് രണ്ടുമാസമെങ്കിലും തന്റടുക്കല്‍ നിര്‍ത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട് അദ്ദേഹത്തിന്. നാട്ടില്‍ ഇഴഞ്ഞുനീങ്ങുന്ന വീട് പണി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്നും ആത്മവിശ്വാസത്തോടെ ഷെരീഫ് പറയുന്നു.
ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലാക്കിയാണ് മലപ്പുറംകാരനായ മജീദ് ലീവ് കഴിഞ്ഞ് ഗള്‍ഫിലെത്തുന്നത്. ഭാര്യയുടെ പ്രസവം കഴിഞ്ഞു, കുഞ്ഞിന് രണ്ടുമാസം പ്രായമാവുന്നു. ഇരുവരെയും കാണാനുള്ള പൂതി കൊടുത്തുവീട്ടാനുള്ള കടത്തിനു മുന്നില്‍ തല്‍ക്കാലം ഉപേക്ഷിക്കുകയാണവന്‍. ആഴ്ചയിലൊന്ന് വീട്ടില്‍ പോയി വരുമ്പോള്‍ ദാ വന്നു ദേ പോയിയെന്ന് കമന്റടിക്കുന്ന ഭാര്യയെകുറിച്ച് ഞാന്‍ പറയുമ്പോള്‍ നിന്നോട് ഞങ്ങള്‍ക്ക് അസൂയ മാത്രമേയുള്ളൂവെന്ന് പറയുന്ന റഷീദിനുമുണ്ട് ഭാര്യയും ഒരുവയസ്സുള്ള മകളും.
രണ്ടുതവണ നാട്ടിലെത്തിയിട്ടും ലീവ് തീരുന്നതിനു മുമ്പേ കല്യാണം കഴിക്കാനാവാതെ പോയ സങ്കടമാണ് കട്ടപ്പനക്കാരായ അജീഷിന്. ലീവ് തരപ്പെടുത്തി നാട്ടിലെത്തുമ്പോഴേക്കും തിരിച്ചുപോരാനുള്ള സമയമാവും. അതിനിടയില്‍ പെണ്ണുകാണണം, രണ്ടുകൂട്ടര്‍ക്കും പരസ്പരം ഇഷ്ടപ്പെടണം, കല്യാണത്തിയ്യതി കുറിക്കണം, ബന്ധുക്കളെയും നാട്ടുകാരെയും വിളിക്കണം... ഇതിനൊന്നുമുള്ള സാവകാശം കാണാതെ അവര്‍ വീണ്ടും ഗള്‍ഫിലേക്ക് വിമാനം കയറുകയാണ് ചെയ്യുന്നത്. വെള്ളത്തിന്റെയും ചൂടിന്റെയും ആക്രമണത്തില്‍ മുടികൊഴിഞ്ഞ് ചെറുപ്പത്തിലേ കഷണ്ടി ബാധിച്ച വിവാഹന്വേഷകരും നിരവധിയാണ്.
കുടുംബാംഗങ്ങളുടെ മരണമറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ പോവുന്നവരുണ്ട്. പിറവി മുതല്‍ സ്വപ്‌നം കണ്ടിരുന്ന മകളുടെയും മകന്റെയും വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഉപ്പമാരുമുണ്ട് അക്കൂട്ടത്തില്‍. ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസിയായി ചെലവഴിച്ച് ഒടുവില്‍ നാടണയാന്‍ അവസരം കിട്ടുമ്പോള്‍ ഈ ഭൂമുഖത്തു നിന്നു തന്നെ വിട്ടുപിരിയേണ്ടി വന്നവരെത്രയോ പേര്‍. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ജീവിച്ച് അവര്‍ക്കു വേണ്ടി സമ്പാദിച്ച് ഒടുവില്‍ ഒരു കറിവേപ്പില പോലെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട വൃദ്ധജന്മങ്ങളും ഇവര്‍ക്കിടയിലുണ്ട്. ആയുസ്സിന്റെ പകുതിയിലധികവും പ്രവാസജീവിതം നയിക്കേണ്ടിവന്നവര്‍, ഇന്നുമത് തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍, കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ കണക്കെടുത്താല്‍ തീര്‍ച്ചയായും അവര്‍ക്കു കരയാതിരിക്കാനാവില്ല.   
ഗള്‍ഫുകാരന്റെ പ്രൗഢിക്ക് നാട്ടിലിന്നും ഡിമാന്റാണ്. വരവില്‍ കവിഞ്ഞ് ചെലവഴിച്ച് ആ പ്രൗഢി നിലനിര്‍ത്താന്‍ പല കുടുംബങ്ങളും കിണഞ്ഞുശ്രമിക്കുന്നു. ആണൊരുത്തന്‍ നാട്ടിലില്ലാത്ത അവസരം മുതലെടുക്കുന്ന പെണ്‍പടകള്‍ പലനാട്ടിലും പേരുദോഷം കേള്‍പ്പിക്കുന്നു.
ദിര്‍ഹമും റിയാലും ദിനാറും താരതമ്യം ചെയ്ത് ഉണങ്ങിവരണ്ട കുബ്ബൂസ് പച്ചവെള്ളത്തില്‍ മുക്കികഴിക്കുന്ന ഉമ്മര്‍ക്കയെ പോലെയാണ് പല പ്രവാസികളുടേയും ജീവിതം. കുടുംബത്തിനു വേണ്ടി അവര്‍ മെഴുകുതിരി പോലെ എരിഞ്ഞടങ്ങിക്കൊണ്ടേയിരിക്കുന്നു.


തേജസ് ബഹ്‌റയിന്‍ എഡിഷന്‍ ഉദ്ഘാടന സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.(27-09-12)


No comments:

Post a Comment