Thursday, May 7, 2009

കാണാതിരിക്കരുത്‌ ഈ അമ്മയുടെ കരച്ചില്‍



ഒരുവന്റെ ജീവിതത്തില്‍ പണത്തിനുള്ള സ്ഥാനം എത്രമാത്രമാണ്‌?. സ്വന്തം ജീവനോളം എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ അവനവന്‍ മാത്രമുള്ള ഒരു ലോകം എത്ര ദുസ്സഹമായിരിക്കും. ആലോചിച്ചു നോക്കൂ. വീട്‌, വീട്ടുകാര്‍, അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്‌, സഹോദരന്‍, സഹോദരി, നാട്ടുകാര്‍.....ബന്ധങ്ങള്‍ പലവഴികളിലൂടെ നമ്മെ നാമാക്കി, ഒരു വ്യക്തിയായി മാറ്റുകയാണ്‌. ആ വഴികളിലൂടെ നമുക്ക്‌ ലഭിക്കുന്നത്‌ ഒരു വ്യക്തിത്വമാണ്‌. കേവലമൊരു പേരില്‍ ഒതുങ്ങിക്കൂടാതെ അത്‌ മറ്റുള്ളവരോടുള്ള സഹകരണത്തിലൂടെ വ്യാപിക്കുകയാണ്‌. പണത്തെ സ്വന്തം ജീവനോളം പ്രണയിക്കുമ്പോള്‍, ആഗ്രഹിക്കുമ്പോള്‍ ഇല്ലാതാവുന്നത്‌ ഈ ബന്ധങ്ങളാണ്‌. തുടര്‍ന്ന്‌ നാം നാം മാത്രമായി ചുരുങ്ങും.
മുകളില്‍ കാണുന്ന ചിത്രം ഇത്തരമൊരു പുനര്‍വിചിന്തനത്തിനു പാത്രമായി തീരേണ്ടതാണ്‌. എല്ലാറ്റിനുമൊടുവില്‍ പശ്ചാത്തപിച്ച്‌ മടങ്ങിവരാത്ത മകളുടെ കുഴിമാടത്തില്‍ അലമുറയിടുന്ന ഈ അമ്മ നമുക്കൊക്കെ ഒരു പാഠമാവണം. സമ്പത്തിന്‌ അമിത പ്രാധാന്യം നല്‍കുന്ന, ദരിദ്രരെ പുച്ഛിക്കുന്ന പുതുസമൂഹത്തിന്റെ പഠിപ്പിനെ സഹവര്‍ത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോവാന്‍ തക്ക ഒരു മാറ്റമാവണം അതിലൂടെ ഉണ്ടാവാണ്ടേത്‌.
കടം വാങ്ങിയ പണം പലിശ കയറി തിരിച്ചു കൊടുക്കാനാവാത്ത അവസ്ഥയിലാണ്‌ കൊല്ലം ജില്ലക്കാരിയായ ഈ അമ്മ, കടം നല്‍കിയ സ്‌ത്രീയെ വകവരുത്തിയതും പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വന്തം കുരുന്നിനെ കുളത്തിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ആത്മഹത്യക്കും ശ്രമിച്ചതും. പക്ഷേ അമ്മയുടെ ഹൃദയം ചെയ്‌തുപോയ തെറ്റിനെയോര്‍ത്ത്‌ എത്ര പരിതപിച്ചാലും മകളെ തിരികെ കിട്ടില്ല. നാട്ടാരുടെയും നിയമത്തിന്റെയും മുന്നില്‍ മകളെ കൊന്നവളെന്ന ദുഷ്‌പ്പേരും. പണം ദൈവം നല്‍കുന്നതാണ്‌. അതില്ലാത്തതില്‍ ദുഃഖിക്കേണ്ടതില്ല. ജീവിക്കുക, മാന്യമായി. ഏതു സാഹചര്യത്തിലും.

3 comments:

  1. ഒന്നും പറയാനില്ല. നമ്മുടെ നാട്ടില്‍ ഇനിയും നടക്കും സമാനമായ സംഭവങ്ങള്‍...

    ReplyDelete
  2. ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു ചെയ്യാന്‍ പലപ്പോഴും മിനക്കെടാറില്ല അഥവാ ശ്രദ്ധിക്കാറില്ല. എല്ലാം കഴിയുമ്പോള്‍ അതിനെക്കുറിച്ചു വിലപിക്കാന്‍, അല്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ നമുക്കു മടിയുമുണ്ടാകാറില്ല. മിക്കപ്പോഴും മാധ്യമങ്ങളില്‍ക്കൂടിയോ അല്ലാതെയോ നാമറിയുന്നതു അപ്പടി സത്യമായിക്കൊള്ളണമെന്നില്ല. കൂടെ പലതും കൂട്ടിച്ചേര്‍ത്തുവായിക്കേണ്ടതായി വരും. സാമ്പത്തികസ്ഥിരത തീരെയില്ലാത്ത കുടുംബങ്ങളില്‍ ഒരു വല്ലാത്ത അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്‌. ഇങ്ങനെയുള്ള സംഭവങ്ങളുടെ പിന്നിലും നാമറിയാത്ത എന്തെങ്കിലുമുണ്ടാവും. ചുറ്റും നടക്കുന്നതൊന്നും തങ്ങളുടെ കുടുംബത്തിലല്ല, അതുകൊണ്ടുതന്നെ അതിനെക്കുറിച്ച്‌ അന്വേഷിക്കേണ്ടതിണ്റ്റെ ആവശ്യമില്ല, ഈ കാര്യങ്ങളോട്‌ തനിക്കു യാതൊരു പ്രതിബദ്ധതയുമില്ല- എന്നിങ്ങനെയുള്ള ചിന്തകള്‍ മാത്രം മനുഷ്യനെ നയിക്കുമ്പോള്‍ കുറഞ്ഞപക്ഷം അറിയാത്തതിനെക്കുറിച്ച്‌ പ്രചരിപ്പിക്കുന്നതെങ്കിലും നാം നിറുത്തേണ്ടതാണ്‌.

    ReplyDelete
  3. ഛേ! വായിക്കണ്ടായിരുന്നു
    :(
    ഒരു വിഷമം

    ReplyDelete