Friday, August 5, 2011

പുല്‍പ്പായയുടെ മണമുള്ള നോമ്പ്



രസാവഹമാണ് ബാല്യത്തിലെ ചില നോമ്പുകളുടെ ഓര്‍മ. വിശപ്പിന്റെ വിളികള്‍ക്ക് അറിയാതെ ചെവികൊടുത്തുപോയ അനുഭവങ്ങള്‍. എന്നാല്‍ നോമ്പെടുത്ത ക്രെഡിറ്റ് വീട്ടുകാര്‍ക്കു മുമ്പില്‍ നഷ്ടമാവുന്നത് അസഹ്യമാണ്. അതിനാല്‍ നോമ്പ് തുറയ്ക്ക് ഉണ്ടാക്കി വച്ച വിഭവങ്ങളില്‍ നിന്ന് അപൂര്‍വമായി അല്‍പ്പമെടുത്ത് രുചിച്ചുനോക്കും, വീട്ടുകാര്‍ കാണാതെ. എന്നാല്‍ അതിനിടയ്ക്കു സൈനുവിന്റെ(ജ്യേഷ്ഠന്‍) കള്ളത്തരം വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. സൈനുദ്ദീന്‍ എന്നാണ് ജ്യേഷ്ഠന്റെ പൂര്‍ണനാമം. അതു ചുരുക്കി സൈനുവായി. സ്‌നേഹത്തോടെ തന്നെ അവനെ എടാ എന്നും വിളിക്കും. തെക്കന്‍ മുസ്്‌ലിംകളായ ഞങ്ങള്‍ അണ്ണച്ചി എന്നാണ് മൂത്തവരെ വിളിക്കുന്നത്.(വടക്കോട്ട് കാക്ക, ഇക്ക എന്നൊക്കെ വിളിക്കും)ഇടക്കാലത്ത് സൈനുവിനെ അണ്ണച്ചി എന്നു വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്നോളം വളര്‍ന്ന അനുജന്റെ ആ വിളി കേള്‍ക്കുമ്പോള്‍ ജ്യേഷ്ഠന് ഒരു നാണക്കേട്. അവന്റെ അഭ്യര്‍ഥന മാനിച്ചാണ് പിന്നീട് പേരുവിളിക്കാന്‍ തുടങ്ങിയത്. ആറു രൂപയ്ക്ക് അന്നു കിട്ടിയിരുന്ന സ്വീറ്റ് ബ്രെഡിന്റെ ചെറിയ പായ്ക്കറ്റായിരുന്നു അവന്റെ ഫേവറൈറ്റ്. നോമ്പെടുത്ത് വൈകുന്നേരമാവുമ്പോഴേക്കും ഞാന്‍ വാടിത്തളരുമ്പോള്‍ സൈനു സന്തോഷവാനും ആരോഗ്യവാനും ആയി കാണപ്പെട്ടതിന്റെ രഹസ്യം കണ്ടുപിടിക്കണമെന്ന വാശി ഉടലെടുത്തത് അങ്ങനെയൊരു ദിവസമാണ്. അപ്രതീക്ഷിതമായിട്ടാണ് ആ കാഴ്ച ശ്രദ്ധയില്‍പ്പെടുന്നതും.

ആസ്ബസ്‌റ്റോസ് പാകിയ വീടിന്റെ മുകളിലേക്ക് പിന്നാമ്പുറത്തെ മണ്‍തിട്ടയില്‍ നിന്ന് അധികം ശ്രമം കൂടാതെ കയറാന്‍ കഴിയും. എന്തിനോ വേണ്ടി പറമ്പിലേക്കു പോയപ്പോഴാണ് വീടിന്റെ മുകളില്‍ നിന്ന് അനക്കം കേള്‍ക്കുന്നത്. ബ്രെഡിന്റെ പായ്ക്കറ്റ് പൊട്ടിക്കാനുള്ള അവന്റെ തീവ്രശ്രമത്തില്‍ നിന്ന് ഉണ്ടായ ശബ്ദം എന്നെ തിരിച്ചുനിര്‍ത്തിയത് ഒരു രഹസ്യം പരസ്യമാവുന്ന അവസരത്തിലേക്കും. നോമ്പിന്റെ ക്ഷീണത്തെ അതിജീവിച്ച അവന്റെ കള്ളത്തീറ്റ കണ്ടുപിടിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം വിവരണാതീതം.

പോയകാലത്തെ നോമ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പുതിയ പുല്‍പ്പായയുടെ വശ്യമായ മണമാണ് തുളച്ചുകയറുന്നത്. റമദാനു മുന്നോടിയായി പള്ളികള്‍ ചായമണിഞ്ഞ് കൂടുതല്‍ മനോഹരമാകും. നമസ്‌കാരത്തിനായി പുതിയ പുല്‍പ്പായകള്‍കൂടി വിരിക്കുന്നതോടെ പുതുമ പൂര്‍ണമാവും. രാത്രിനമസ്‌കാരത്തിനായി പള്ളിയിലെത്തുമ്പോള്‍ സമപ്രായക്കാരായ നിരവധി കുട്ടികളുണ്ടാവും. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്, കുസൃതിയുടെ കാര്യത്തില്‍. പോരുമ്പോള്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന നാണയത്തുട്ടുകള്‍ ചെലവഴിക്കാനുള്ള ഓട്ടം പള്ളിയില്‍ നമസ്‌കാരം മുന്നേറുന്ന അവസരത്തിലായിരിക്കും. പള്ളിയില്‍ നിന്ന് 250 മീറ്ററകലെയുള്ള ഐസ് പ്ലാന്റില്‍ നിന്ന് മുതുതണുപ്പത്ത് ഐസ് വാങ്ങി തിന്നത് അതുകൊണ്ടുതന്നെയാണ്. കളിയും ചിരിയും നിയന്ത്രണം വിടുമ്പോള്‍ മുതിര്‍ന്നവര്‍ ആരെങ്കിലും എത്തി എല്ലാറ്റിനെയും പള്ളിക്കുള്ളിലേക്ക് ഓടിക്കും. നിസ്‌കാരം കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടക്കം. അന്ന് കട്ടപ്പന(ഇടുക്കി ജില്ലയിലെ അനുദിനം വളരുന്ന ടൗണ്‍) അത്രയൊന്നും വികസിച്ചിട്ടില്ല. രാത്രിബസ്സുകളും കുറവാണ്. കട്ടപ്പനയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരമുണ്ട് വീട്ടിലേക്ക്. ബസ് കാത്ത് സെന്‍ട്രല്‍ ജങ്ഷനില്‍ നില്‍ക്കുമ്പോഴും ഉണ്ടാവും രസിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ കാഴ്ച. ജൂനിയര്‍ ജയന്‍ എന്നറിയപ്പെടുന്ന ഒരു റൗഡി ഉണ്ടാവും ആ സമയം ടൗണില്‍. ജയനെ അനുകരിക്കാനുള്ള അയാളുടെ കഴിവോ കഴിവുകേടോ എന്താണെന്നറിയില്ല, അതയാളെ ജൂനിയര്‍ ജയന്‍ എന്ന വിളിപ്പേരിനുടമയാക്കി എന്നുമാത്രമറിയാം. കുട്ടികളായ ഞങ്ങളോട് എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞിരുന്നു അയാള്‍.

രാത്രി വീട്ടിലെത്തിയ പാടെ ഉറക്കത്തിലേക്ക്. രാവിലെ ഇടയത്താഴമൊക്കെ ഉണ്ടാക്കി വച്ച്, അതു കഴിക്കാന്‍ ഞങ്ങളെ എണീപ്പിക്കാനുള്ള പെടാപ്പാടാണ് അമ്മച്ചിക്ക്. ഉം ഉം ഉം എന്ന മൂളല്‍ മാത്രമാവും ഞങ്ങളുടെ പ്രതികരണം. വിളിച്ചുവിളിച്ച് അമ്മച്ചി മടുക്കുമ്പോഴേക്കും കണ്ണുംതിരുമ്മി ഉറക്കപ്പിച്ചോടെ ഞങ്ങള്‍ മക്കള്‍ മൂവരുടെയും ജാഥ അടുക്കളയിലേക്ക്്. ചൂടുപാറുന്ന ചോറ്, പപ്പടവും കറിയുമൊക്കെ കൂട്ടി കഴിച്ച ശേഷം വീണ്ടുമൊരു പതിവുറക്കമുണ്ടാവും.

സ്‌കൂളിലെത്തിയാല്‍ തുപ്പാനുള്ള ഓട്ടമാണ് ഓരോ അഞ്ചുമിനിറ്റിലും. അനുമതി വാങ്ങാതെ ക്ലാസില്‍ നിന്ന് തുപ്പാന്‍ എണീറ്റുപോവാനുള്ള അനുമതി അധ്യാപകര്‍ തരുകയും ചെയ്തിരുന്നു.ആ അനുമതി ചൂഷണം ചെയ്യുകയായിരുന്നു അതിക്രമിച്ചു വരുന്ന ഓരോ തുപ്പലോട്ടങ്ങളും. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഠനകാലയളവില്‍ ഒന്നാം ക്ലാസ് മുതല്‍ പത്തുവരെ പേരിനു പോലുമൊരു മുസ്്‌ലിം പയ്യന്‍ എന്റെ ക്ലാസിലുണ്ടായിരുന്നില്ല എന്നത് അത്തരം ആനുകൂല്യങ്ങള്‍ തനിച്ച് ആസ്വദിക്കാന്‍ എന്നെ പ്രാപ്തനാക്കി. പെരുന്നാളിന് പുത്തനുടുപ്പുമിട്ട് പള്ളിയിലേക്കൊരു വരവുണ്ട്. കീശ നിറച്ച് പെരുന്നാള്‍പ്പടിയും.
ബന്ധുക്കളൊക്കെ വീട്ടിലെത്തും. വിശേഷവര്‍ത്തമാനങ്ങളുടെയും സന്തോഷം പങ്കിടലുകളുടെയും സന്ദര്‍ഭങ്ങളാണ് പിന്നീട്. പെരുന്നാള്‍ സമ്മാനമായി മാമിമാരുടെ സ്‌നേഹചുംബനങ്ങളുടെ വക വേറെയും.  അത്തച്ചി, അമ്മച്ചി, അക്കച്ചി(സബീന), സൈനു...പിന്നെ ഞാന്‍ അഞ്ചംഗ കുടുംബം ഇന്ന് വിപുലമായിരിക്കുന്നു. അക്കച്ചിക്ക് രണ്ടുകുട്ടികള്‍. സുഹൈബും ഫാത്വിമയും. സൈനുവിന്റെ കുട്ടി ആദില്‍ രണ്ടുമാസം പിന്നിട്ടു.


അഞ്ചുവര്‍ഷമായി വീട്ടില്‍ നിന്നകലെയാണ് റമദാന്‍ വരവറിയിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി നോമ്പുകളെനിക്ക് കൂട്ടുനില്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോവാനുള്ള പൂതി വല്ലാതെ നെഞ്ചില്‍ നിറയും. കാരണമില്ലാതെ മനസ് അസ്വസ്ഥമാവുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ലീവ് തരപ്പെടുത്തി കട്ടപ്പനയ്ക്ക് വണ്ടികയറും. നാടെത്തുമ്പോള്‍ സന്തോഷമാണ്. ഈ മാസമിനി പെരുന്നാളിനേ നാട്ടിലേക്കുള്ളു. പെരുന്നാളിന്റെ സന്തോഷം പങ്കിടാന്‍ ഇപ്പോഴേ കൊതിയായിത്തുടങ്ങിയെനിക്ക്.

3 comments:

  1. വുളു എടുക്കുമ്പോള്‍ ഹൗളില്‍ നിന്നും വെള്ളം കുടിച്ചകാര്യം എഴുതാന്‍ വിട്ടോ

    ReplyDelete
  2. കട്ടപ്പനയിലെ പള്ളിയില്‍ ഹൗള്‌ ഇല്ല സഹോദരാ... ;) പൈപ്പില്‍ നിന്ന്‌ കുടിച്ചിട്ടില്ല. പക്ഷേ, സ്‌കൂളിലെത്തുമ്പോള്‍ നോമ്പാണെന്നോര്‍മിക്കാതെ ഐസ്‌ വാങ്ങിത്തിന്നിട്ടുണ്ട്‌.

    ReplyDelete