Saturday, September 13, 2008

നാളെ ഞങ്ങള്‍ക്ക്‌ പുതിയ ബന്ധുക്കളെ ലഭിക്കും1.
ഇന്നെന്റെ വിവാഹമായിരുന്നു.
സുഹൃത്തുക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍
നാട്ടുകാര്‍ അങ്ങിനെ ഒരുപാട്‌പേര്‍.
ആഘോഷം കഴിഞ്ഞ്‌ എല്ലാവരും പിരിയുമ്പോള്‍
പാതിരാവായി. ഇന്നുമുതല്‍ ഞങ്ങള്‍ ഒന്നാവുകയാണ്‌.
2.
ഇന്ന്‌ ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം.
പഴയ വീടല്ലയിപ്പോള്‍. ആഡംബരം തുളുമ്പുന്ന
വലിയൊരു ബംഗ്ലാവിന്റെ മുറ്റം നിറയെ
അലങ്കാരദീപങ്ങളാണ്‌..ആളുകള്‍, ബഹളം...
പറയാന്‍ മറന്നൂ..ഞങ്ങള്‍ക്ക്‌ രണ്ടുമക്കളാണ്‌.
ഒരാണും ഒരു പെണ്ണും. രണ്ടുപേരും
ഉപരിപഠനാര്‍ഥം സ്റ്റേറ്റ്‌സില്‍.
ഇന്നവര്‍ രാവിലെ വിളിച്ചിരുന്നു.
ആശംസയറിയിക്കാന്‍. അടുത്തില്ലാത്തതിന്റെ
ദുഃഖവും പങ്കുവച്ചു. രാത്രി എല്ലാവരും പോയി.
3.
ഞങ്ങളൊറ്റയ്‌ക്കാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷമായി.
ഇന്ന്‌ ഞങ്ങളുടെ മക്കളുടെ വിവാഹമാണ്‌.
അകലെങ്ങളിലിരുന്നവര്‍ ഞങ്ങളുടെ
ആശീര്‍വാദം സ്വീകരിച്ചു. ഒറ്റയ്‌ക്കിരുന്നു ഞങ്ങള്‍
വല്ലാതെ മുഷിയുന്നു ഇപ്പോള്‍.
ഫോണിലും മെയിലിലും മക്കളോടും പേരമക്കളോടും
സംവദിക്കുന്നതാണ്‌ ഇപ്പോള്‍ ആകെയുള്ള രസം.
4.
ഇന്ന്‌ ഞങ്ങള്‍ രണ്ടുപേരും ഹോസ്‌പിറ്റല്‍ വരെ പോയി.
മധുരവും ഉപ്പുമൊക്കെ നിയന്ത്രിക്കാനാണ്‌
ഡോക്ടറുടെ നിര്‍ദേശം.
തളര്‍ച്ചയാണ്‌ ശരീരത്തിനെന്ന്‌ പ്രിയതമ ആദ്യമായി
പരാതി പറഞ്ഞിന്ന്‌.
വൈകീട്ട്‌ മൂത്തവനോടും പിന്നീട്‌ ഇളയവളേയും
വിവരമറിയിച്ചു.
5.
ഇന്ന്‌ അതും കഴിഞ്ഞിട്ട്‌ നാലുവര്‍ഷങ്ങള്‍ കൂടി
വിടവാങ്ങി. തനിച്ചായതിനാല്‍ എന്തെങ്കിലും മാര്‍ഗം
നോക്കാനാണിന്ന്‌ മക്കള്‍ അറിയിച്ചത്‌.
6.
ഇന്ന്‌ ഞങ്ങളുടെ 50ാം വിവാഹവാര്‍ഷികം.
ആരുമില്ലായിരുന്നു ആഘോഷങ്ങള്‍ക്ക്‌.
പറയാന്‍ മറന്നു നാളെ ഞങ്ങള്‍ക്ക്‌
പുതിയ ബന്ധുക്കളെ ലഭിക്കും.
ശുശ്രൂഷിക്കാന്‍ ആയമാര്‍, സമയത്തിന്‌ ആഹാരം,
സമയം പോക്കാന്‍ ഉപാധികള്‍ വേറെ..
മക്കളുടെ ഇഷ്ടത്തിന്‌ എതിരുനില്‍ക്കുന്നത്‌
ഞങ്ങള്‍ക്കു തീരെ ഇഷ്ടമില്ല.
സ്‌നേഹാലയമെന്നാണ്‌ പുതിയ വീടിന്റെ പേര്‌.
കൊണ്ടുപോവാന്‍ ഒന്നുമില്ല, ഓര്‍മകളല്ലാതെ.
എല്ലാവരെയും വിളിക്കണമെന്നുണ്ട്‌.
പക്ഷേ......................ചിത്രത്തിന്‌ കടപ്പാട്‌: ഗൂഗ്‌ള്‍

13 comments:

 1. സ്‌നേഹാലയമെന്നാണ്‌ പുതിയ വീടിന്റെ പേര്‌.
  കൊണ്ടുപോവാന്‍ ഒന്നുമില്ല, ഓര്‍മകളല്ലാതെ.
  എല്ലാവരെയും വിളിക്കണമെന്നുണ്ട്‌.
  പക്ഷേ......................

  ReplyDelete
 2. എന്താ പറയാ മാഷേ. എല്ലാം ശരിയാകുമെന്ന് ആശീർവദിക്കാൻ കഴിയുന്നില്ല. ഒരു നൊമ്പരമാകുന്നു ഈ വരികൾ.

  ReplyDelete
 3. നിഷാദിന്റെ കഥ, അതു പറയാതിരിക്കാന്‍ വയ്യ.വലിയ കാര്യങ്ങളെ ചെറിയ വാക്കുകളില്‍ ഒതുക്കി ഞങ്ങളെ നീ കരയിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.പുതിയ കഥ വായിക്കണം എന്നു പറയുമ്പോള്‍ നാം പരസ്‌പരം ചിരിക്കാറുണ്ടെങ്കിലും ഒട്ടു ലാഘവത്തോടെയല്ലാ ഞാന്‍ അവ വായിക്കാറുള്ളത്‌.വായനാ സുഖമുള്ള ശൈലിയാണ്‌ നിഷാദിന്റേത്‌.

  നാളെ ഞങ്ങള്‍ക്ക്‌ പുതിയ ബന്ധുക്കളെ ലഭിക്കുമെന്ന്‌ കഥ,അതു കൊള്ളാം. നമ്മുടെ ചുറ്റിലും കാണുന്ന ഒരു പ്ലോട്ട്‌.അത്‌ ഒട്ടും പുതിയതല്ല,പോസ്‌റ്റ്‌ ലിബറലൈസ്‌ഡ്‌ സമൂഹത്തില്‍ ഇതൊക്കെ സര്‍വസാധാരണം.എന്നാല്‍ കഥയെ ക്രാഫ്‌റ്റ്‌ ചെയ്‌ത രീതി വളരെ നന്നായിട്ടുണ്ട്‌. great going nishaad.

  ReplyDelete
 4. നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ...

  തികച്ചും വസ്തവമായ ജീവിതത്തിന്റെ പതിപ്പ്‌.എല്ലാവർക്കും ജിവിതത്തിന്റെ തിരക്കുമാത്രം.സ്നേഹത്തിന്റെ സ്പന്ദനവും സ്പർശനവും സാമീപ്യവും ചില ഫോൺകോളുകളീൽ മത്രം ഒതുങ്ങുന്നു. ആർക്കോവേണ്ടീ എന്തിനോവേണ്ടി ജീവിതം ജീവിച്ചുതീർക്കുന്ന മനുഷ്യജന്മങ്ങളായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.

  ഇത്‌ ജന്മസാഫല്യമോ ? അതൊ ജന്മ ശാപമോ ?

  ReplyDelete
 5. നാളെയാ മക്കളും ഇതുപോലെക്കെത്തന്നെയാവുമോ..? ഒരു പക്ഷേ പേരു മറ്റ്‌ വല്ലതുമാവാം അല്ലേ... സ്‌നേഹാലയത്തിനു പകരം ലൗ ഷോര്‍ എന്നോ മറ്റോ... അങ്ങനെയാവാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം... പക്ഷേ മുകളിലിരിക്കുന്നവന്റെ ഇടപെടലുകളെ ആര്‍ക്കു തടുക്കാനാവും

  ReplyDelete
 6. എന്താ പറയുക. എനിക്ക് വാക്കുകളില്ല. നന്നായിരിക്കുന്നു.പിന്നെ ഈ വേഡ് വെരിഫികേഷന്‍ ഒന്ന് എടുത്തു മായിറ്റിയാല്‍ നന്നായിരിക്കും.

  ReplyDelete
 7. പഴുത്തില വീഴുമ്പോ പച്ചില ചിരിക്കും

  അത്രയേ പറയാനുള്ളൂ......

  ReplyDelete
 8. ഈ സ്നേഹാലയങ്ങള്‍ ഒരു സഹായം തന്നെയാണ് സ്പന്ദനം.

  ബന്ധുക്കള്‍ രക്തബന്ധുക്കള്‍ തന്നെ ആകണമെന്നു ശഠിക്കണ്ട...

  സ്നേഹം രക്തബന്ധുക്കളില്‍ നിന്നേ ലഭിക്കൂ എന്ന മിഥ്യാധാരണയും വേണ്ട.

  ReplyDelete
 9. പൂചേടെയാണോ പുലീടെ യാണൊ ആ വാല് വായനക്ക് ശല്യമാണ്. കഥ നന്നായി നമ്മളെന്തിനെക്കയോ ഓട്ടത്തിലല്ലേ..നമ്മളും വയസ്സാകുമെന്നോര്‍ക്കാന്‍ സമയമെവിടെ?

  ReplyDelete
 10. അനൂപ്‌ തിരുവല്ല:
  നന്ദി
  നരിക്കുന്നന്‍:
  കുടുംബബന്ധങ്ങളുടെ മൂല്യം തകര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ മാഷ്‌ പറഞ്ഞതുപോലെ ഒക്കെയും ശരിയാകുമെന്ന്‌ ആശിക്കുക മാത്രം ചെയ്യാം.
  saritha:
  ആഡംബരങ്ങള്‍ ആവശ്യമായി രൂപാന്തരപ്പെടുകയാണ്‌ ഓരോ ദിനം കൊഴിയുമ്പോഴും. അപ്പോള്‍ പഴയ കഥകള്‍ പുതിയ രീതിയില്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും.
  pin:
  തിരക്കുകള്‍ ഒരു പരിധി വരെ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നു. പക്ഷേ..ബാക്കി നമ്മുടെ അശ്രദ്ധ മാത്രമാണ്‌.
  രജന:
  അങ്ങനെയാവാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം പ്രവര്‍ത്തിക്കുകയും.
  കുഞ്ഞിമണി:
  നന്ദി: വേഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിരിക്കുന്നു.
  രജീഷ്‌:
  സത്യമാണത്‌. കാലങ്ങളായി തുടര്‍ന്നു വരുന്ന
  യാഥാര്‍ഥ്യം.
  ഗീതാഗീതികള്‍:
  സ്‌ത്യമായിരിക്കാം. രക്തബന്ധക്കളേക്കാള്‍ സ്‌നേഹവും കരുതലും അവരില്‍ നിന്നു ലഭിക്കുകയുമാവാം. എന്നാല്‍ നമ്മുടെ മഹത്തായ സംസ്‌കാരത്തിനു മേല്‍
  വിരിയുന്ന അശാന്തിയുടെ പൂക്കളാണിവ. ഉപേക്ഷിക്കപ്പെടുന്നവര്‍ അത്തരം കേന്ദ്രങ്ങളില്‍ സുഖമായി കഴിയട്ടെ. ജന്മംകൊടുത്ത മക്കളുടെ ആട്ടുംതുപ്പുമേറ്റ്‌ കഴിയുന്നതിലും നല്ലതല്ലേ അത്‌.
  magic bose:
  എനിക്കും തോന്നിയിരുന്നു അത്‌. പക്ഷേ പേജിന്‌ കൂടുതല്‍ രസം പകരുന്നതു കൊണ്ടാണ്‌ ലേ ഔട്ട്‌ മാറ്റാത്തത്‌.
  ഓര്‍മ ഉണ്ടായാല്‍ നന്ന്‌ എന്നുമാത്രം ചിന്തിക്കാം നമുക്ക്‌.

  ReplyDelete
 11. സ്നേഹം മാത്രം ഇന്‍സ്റ്റന്‍റായി കിട്ടാത്ത കാലം. ജീവിതത്തിന്‍റെ ഈ പുത്തന്‍ ശാസ്ത്രം, കൈമോശം വന്ന സ്നേഹത്തിന്‍റെ അടയാളങ്ങളാണ്. അതുകൊണ്ടാണല്ലോ ചങ്ങാതീ, കാലം പല ഓമനപ്പേരുകളിട്ടു മുഴത്തിനുമുഴം വൃദ്ധസദനങ്ങള്‍ നിര്‍മ്മിക്കുന്നത്‌?

  ReplyDelete