Tuesday, September 23, 2008

ഇനി ഞാന്‍ വരില്ല; ഒരു തവണ കൂടി


മേല്‍പ്പറഞ്ഞ തലവാചകം പക്ഷേ പുലര്‍ന്നില്ല എന്നു പറയുന്നതില്‍ അത്യധികം ദുഃഖമുണ്ട്‌. പുലര്‍ത്താന്‍ അനുവദിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ഭംഗി. നിഷേധിയുടെ രൂപമായിരുന്നു എനിക്കെന്ന്‌ പലരും പല അവസരങ്ങളില്‍ അഭിപ്രായപ്പെട്ടു. ചിലരത്‌ പത്താം ക്ലാസ്‌ തീരുന്ന വേളയില്‍ ആട്ടോഗ്രാഫില്‍ എഴുതി തന്നു. മറ്റുചിലര്‍ മുഖത്തുനോക്കി പറഞ്ഞു. വീട്ടില്‍ നിന്നു കിട്ടുന്ന മറുപടിക്കു പക്ഷേ ഭാഷയുണ്ടായിരുന്നില്ല...കാലിലും ചന്തിയിലും നീറുന്ന വേദനയല്ലാതെ.
എന്നാലും ഞാന്‍ പറയട്ടെ ഞാനൊരു സാമൂഹിക വിരുദ്ധനോ ദ്രോഹിയോ ആയിരുന്നില്ല. പഠനം പരീക്ഷക്കു തൊട്ടുമുമ്പ്‌ ചെയ്‌തുതീര്‍ക്കാനുള്ളതാണ്‌ എന്നതായിരുന്നു എനിക്കുണ്ടായിരുന്ന മനോഭാവം. ഇക്കാര്യം കൊണ്ടുതന്നെ പലപ്പോഴും പ്രോഗ്രസ്‌ കാര്‍ഡില്‍ ഒപ്പിടുക എന്ന ക്രൂരകൃത്യം പത്തില്‍ വച്ച്‌ എനിക്കു തന്നെ ചെയ്യേണ്ടിവന്നു. അതി വിദഗ്‌ധമായി തന്നെ ആ ജോലി നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനപുളകിതനുമായി. കള്ളത്തരം എന്നെങ്കിലുമൊരിക്കല്‍ പുറത്തുവരുമെന്ന വാക്കുകള്‍ ഞാന്‍ വിശ്വാസം പുലര്‍ത്തിയിരുന്നില്ലെങ്കിലും അവിചാരിതമായി ബാഗില്‍ നിന്നു കിട്ടിയ 'അച്ഛനൊപ്പിട്ട' പ്രോഗ്രസ്‌ കാര്‍ഡ്‌ കണ്ട്‌ വീട്ടുകാര്‍ അദ്‌ഭുതപ്പെടുകയും. വിഷണ്ണരാവുകയും ചെയ്‌തു. തുടകളേറ്റു വാങ്ങിയ അടികള്‍ക്ക്‌ വിഘ്‌നങ്ങളില്ലാതിരിക്കാന്‍ ഞാന്‍ അന്നു മുതല്‍ ശ്രദ്ധാലുവായിരുന്നു.
ജയിക്കുമെന്ന്‌ ഉറപ്പില്ലാതിരുന്ന സമയത്താണ്‌ പത്താംതരം പരീക്ഷ എഴുതുന്നത്‌. തീവ്രയത്‌ന പരിശീലനമായിരുന്ന പൊതുപരീക്ഷക്കു മുമ്പ്‌ സ്‌കൂള്‍ അധികൃതര്‍ വച്ചു നീട്ടിയത്‌. ആ സായന്തനക്ലാസ്സുകളില്‍ കിട്ടുന്ന ഉള്ളിവട, പരിപ്പുവട, ബോണ്ട, ചായ തുടങ്ങിയവയിലും പിന്നെ സുന്ദരി പെണ്‍കുട്ടികളിലുമായിരുന്നു ശ്രദ്ധയെങ്കിലും പരീക്ഷാ ഫലം വന്നപ്പോള്‍ ഞാന്‍ ഭാഗ്യമുള്ളവനായി. ജയിച്ചതിന്‌ ക്രെഡിറ്റ്‌ പടച്ചതമ്പുരാന്‌ കൊടുത്ത്‌ ഞാനും, വിശ്വാസം വരാതെ വീട്ടുകാരും. മാര്‍ക്ക്‌ കൂടിയതിനാല്‍ സ്‌കൂളില്‍ അഡ്‌മിഷന്‍ തരാനാവില്ലെന്ന്‌ സ്‌കൂളധികൃതര്‍ പറയാന്‍ കൂട്ടാക്കിയില്ലെങ്കിലും അതു മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നു എന്നു ഞാന്‍ പറയട്ടെ.
അങ്ങിനെയാണ്‌ മാസം തോറും 140 രൂപാ വച്ചു കൊടുത്ത്‌ പാരലല്‍ കോളജെന്ന ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കാലെടുത്തു കുത്തുന്നത്‌. കോളജിന്‌ പേരു നേടിക്കൊടുക്കാന്‍ പ്രയത്‌നിക്കുന്ന പ്രിന്‍സിപ്പലും ചോരത്തിളപ്പുള്ള അധ്യാപകരും കൂടിയായപ്പോള്‍ ഞാനടക്കമുള്ള സ്വാതന്ത്ര്യവാദികള്‍ കൂടുതല്‍ ദുരിതത്തിലായി. എങ്കിലും ആഴ്‌ചയില്‍ ഒരു ദിനമെങ്കിലും സിനിമ കാണണമെന്ന ആഗ്രഹത്തെ പൂര്‍ത്തികരിക്കുകയായിരുന്നു അവിടെ രൂപംകൊണ്ട ഞാനടങ്ങിയ ഗ്രൂപ്പിന്റെ പ്രവര്‍ത്തന ശൈലി. അതുകൊണ്ടു തന്നെ കാരണംകൂടാതെ ക്ലാസ്‌ കട്ടുചെയ്യുന്നതിനാല്‍ പേരന്റ്‌സിനെ കൂട്ടിവന്നു ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന പ്രഖ്യാപനമാവും അടുത്ത ദിവസം കിട്ടുക. ആദ്യമൊക്കെ വീട്ടില്‍ നിന്ന്‌ ഇക്കാര്യത്തില്‍ നല്ല സഹകരണമായിരുന്നെങ്കിലും പതിയെപ്പതിയെ അത്തച്ചിക്കു(അച്ഛനെ ഞാന്‍ വിളിക്കുന്നത്‌ അങ്ങിനെയാണ്‌) മടുത്തുത്തുടങ്ങി കോളജില്‍ വരവ്‌. രണ്ടുവര്‍ഷത്തെ ഹാജര്‍ പരിശോധിച്ചാല്‍ രണ്ടിലാര്‍ക്കാണ്‌ കൂടുതല്‍ എന്ന കണ്‍ഫ്യൂഷന്‍ വര്‍ധിച്ചു വന്നതോടെയാണ്‌ അപ്രതീക്ഷിതമായി വീട്ടില്‍ നിന്ന്‌ അത്തച്ചിയുടെ പ്രസ്‌താവന. ഇനി വരില്ല; ഒരുതവണകൂടി. വേണമെങ്കില്‍ പഠിക്കുക. കോളജില്‍ പോവുക.
ആ വാക്കു പാലിക്കാന്‍ വേണ്ടി എന്തുത്യാഗവും സഹിക്കാം എന്ന പ്രതിജ്ഞ എടുത്തിട്ടായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ എന്നെ സമീപിച്ചതും അകന്നതും.
എന്നാല്‍ പ്രതിജ്ഞ നിറവേറ്റാന്‍ എന്നെ അധികൃതര്‍ സമ്മതിച്ചില്ല. കമ്പനികൂടി സിനിമക്കു പോവാനിറങ്ങി ചെന്നുപെട്ടത്‌ വൈസ്‌ പ്രിന്‍സിപ്പളിന്റെ മുമ്പില്‍. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും നിസ്സഹായനായ ഞാന്‍ മുഖം ചുളിച്ച്‌ മനസ്സിലാവാത്ത ഭാവത്തില്‍ നിന്നു.
എന്നാല്‍ പിറ്റേദിവസം രാവിലെ ക്ലാസിലെത്തിയെങ്കിലും 'പ്രിന്‍സി'യെ കാണാനുള്ള ഉത്തരവായിരുന്നു എന്നെ കാത്തിരുന്നത്‌. തലേദിവസം കണ്ട സിനിമക്കു മാപ്പുതരില്ലെന്നും പേരന്റ്‌സിനെ വിളിച്ചുകൊണ്ടുവന്നിട്ട്‌ ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നുമുള്ള പതിവ്‌ പരിഹാരവാക്കുകള്‍ പൂര്‍ത്തിയാവുന്നതിനു മുമ്പ്‌ ഓഫിസില്‍ നിന്ന്‌ ഇറങ്ങിനടന്നിരുന്നു ഞാന്‍. വിഷണ്ണനായി വീട്ടില്‍ നിന്ന്‌ കിട്ടിയ പരിഹാരവാചകം ഓര്‍ത്തെടുത്ത്‌ കോളജിനു മുമ്പിലെ ചായക്കടയില്‍ വിഷണ്ണനായി ഇരിക്കുമ്പോളാണ്‌ ഇതേ കാരണത്താല്‍ ഇറക്കിവിട്ട ആത്മസുഹൃത്തും സര്‍വോപരി അയല്‍ക്കാരനുമായ സഹപാഠി സമീപസ്ഥനാവുന്നത്‌. ഒരു കമ്പനി കിട്ടിയ സന്തോഷത്തില്‍ സമീപത്തെ തെങ്ങിന്‍തോട്ടത്തില്‍ നാലുമണി വരെ ചെലവഴിച്ച്‌ വീട്ടിലെത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ എന്നെ കാത്തിരിക്കുകയാണ്‌. എന്തേ വൈകിയതെന്ന ചോദ്യത്തിന്‌ ക്ലാസുണ്ടായിരു.......എന്റെ വാചകം പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പ്‌ -ഞാന്‍ കോളജില്‍ വന്നിരുന്നു അവര്‍ എല്ലാം പറഞ്ഞു എന്ന മറുപടിയാണ്‌ അത്തച്ചി തന്നത്‌. ചമ്മല്‍ അടക്കാനാവാതെ ഞാന്‍ റൂമിലേക്ക്‌ കയറി. അത്തച്ചിയുടെ വാക്കുകള്‍ പാലിക്കാന്‍ കഴിഞ്ഞില്ലല്ലോ..എന്ന ദുഃഖമായിരുന്നു അപ്പോള്‍.

പിന്‍കുറിപ്പ്‌: അന്നത്തെ സംഭവത്തില്‍ പിന്നെ ഞാന്‍ ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ സിനിമക്കു പോയില്ല. എന്തിനധികം എന്റെ തന്നെ വിശ്വാസത്തെ ഞെട്ടിച്ച്‌ പ്ലസ്‌ ടു നല്ലമാര്‍ക്കില്‍ പാസ്സാവുകയും ചെയ്‌തു.

1 comment:

  1. നല്ല ഭംഗിയുള്ള എഴുത്ത്. മനസ്സിന്റെ എവിടെയൊക്കെയോ ടച്ച്‌ ചെയ്യുന്നു. എല്ലാ പോസ്റ്റും വായിച്ചിട്ടില്ല. കൂടുതല്‍ അഭിപ്രായങ്ങള്‍ പിന്നീട് അറിയിക്കാം.

    ReplyDelete