Thursday, February 3, 2011

തെരുവുകളില്‍ ചരിത്രമെഴുതുന്ന പ്രക്ഷോഭകര്‍


സഹനത്തിന് അതിരുകളില്ലെന്നോ സുഹൃത്തേ?
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി.
മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം അതിനാലാണ്
ഞങ്ങള്‍ പട്ടുമെത്തയുപേക്ഷിച്ച്
കുട്ടികളെയും പേറി തെരുവിലിറങ്ങിയത്.
സര്‍ക്കാര്‍ വിലക്കുവാങ്ങുന്ന കുറ്റവാളികള്‍ക്ക്
ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തടയാനാവില്ല.
പ്രക്ഷോഭവഴിയില്‍ പിടഞ്ഞുതീരുന്ന ജീവനുകള്‍
സമരജ്വാലക്ക് എരിവു പകരുന്നതു നിങ്ങള്‍
കാണുന്നില്ലേ? മാറ്റത്തിന്റെ കാഹളമാണ്
അവിടെ മുഴങ്ങിക്കേള്‍ക്കുന്നത്.
ആ വഴിയില്‍ പൊഴിയുന്ന ചുടുനിണവും
ഞങ്ങള്‍ക്ക് ഊര്‍ജം ചൊരിയുന്നു.
ഖാലിദ് സയിദിന്റെ* ജീവന്‍ നിര്‍ദയമൂറ്റിയെടുക്കുമ്പോള്‍
നിങ്ങള്‍ അറിഞ്ഞിരിക്കില്ല ജനാധിപത്യത്തിന്റെ
മഹത്വം ലക്ഷങ്ങളിലേക്ക് പകരാനതുപകരിക്കുമെന്ന്്.
എല്‍സയിദ് ബിലാലും* മുസ്തഫ അത്തേയയും*
പോലിസ് ബുട്ടുകള്‍ക്കടിയില്‍ പിടഞ്ഞുതീരുമ്പോള്‍
ജനലക്ഷങ്ങള്‍ ഉണര്‍ന്നെണീക്കുകയായിരുന്നു
ഒന്നിനു പിറകെയൊന്നായി നൂറുകണക്കിന്
രക്തസാക്ഷികള്‍ സ്വാതന്ത്ര്യത്തിന് വെളിച്ചമേകാന്‍
പ്രക്ഷോഭവഴിയില്‍ ഞങ്ങള്‍ക്കു മുമ്പേ നടന്നു.
രാപകലറിയാതെ ജനസഞ്ചയത്താല്‍ വീര്‍പ്പുമുട്ടുന്ന
ലിബറേഷന്‍ സ്‌ക്വയറും അലക്‌സാണ്ട്രിയയുമൊക്കെ
തുല്യതയില്ലാത്ത ചരിത്രമെഴുതുന്നു.
മാറ്റത്തിന്റെ ഊക്കുപകര്‍ന്ന തുണീസ്യ,
മാതൃകകാട്ടുന്ന മിസ്ര്‍ ആ കാറ്റുമണക്കുന്ന
ജോര്‍ദാനും യെമനും....
ഈജിപ്തിലേക്ക് നോക്കുന്ന ലോകമേ
പ്രതീക്ഷ കൈവിടേണ്ട, നിങ്ങള്‍ക്കു കേള്‍ക്കുവാന്‍
ശുഭവാര്‍ത്തയൊരുക്കുന്ന തിരക്കിലാണ് ഞങ്ങള്‍.
ഖാലിദ് സയിദ്: അലക്‌സാണ്ട്രിയയില്‍ നിന്നുള്ള 28കാരന്‍. പോലിസുകാരുടെ നിഷ്ഠൂരമായ പീഡനത്തില്‍ കൊല്ലപ്പെട്ടു. ബുട്ടിട്ടു ചവിട്ടിയും മതിലില്‍ തല ഇടിപ്പിച്ചും ക്രൂരമായി വധിക്കുകയായിരുന്നു ഖാലിദ് സയിദിനെ. സര്‍ക്കാര്‍ സേനയുടെ കാടത്തത്തിനെതിരേ പോരാടുന്നതിന് ഖാലിദ് സയിദിന്റെ രക്തസാക്ഷിത്വം ആബാലവൃന്ദം ജനങ്ങള്‍ക്കും പ്രചോദനം പകരുകയായിരുന്നു. ഭരണകൂട ഭീകരതക്കെതിരേ പോരാട്ട ഭൂമികയിലേക്ക് ജനലക്ഷങ്ങളെ നയിച്ച അനേക വ്യക്തികളില്‍ ജീവന്‍നല്‍കി ഭാഗവാക്കായ ഒരു സാധാരണ യുവാവ്. പക്ഷേ ചരിത്രത്തില്‍ ഖാലിദ് സയിദിന്റെ ഏടുകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ ആ രക്തസാക്ഷിയുടെ മഹത്വമേറെ വര്‍ധിച്ചിരിക്കുന്നു. പോലിസുകാര്‍ മയക്കുമരുന്ന് പങ്ക് വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു എന്നതായിരുന്നു ഖാലിദ് സയിദ് ചെയ്ത കുറ്റമെന്ന് പിന്നീട് വ്യക്തമായി.എല്‍സയിദ് ബിലാല്‍ മകള്‍ക്കൊപ്പം
എല്‍സയിദ് ബിലാല്‍: കാരണമൊന്നുമില്ലാതെ വീട്ടുകാരുടെ മുമ്പില്‍ നിന്ന് എല്‍സയിദ് ബിലാലിനെ പോലിസ് പിടിച്ചുകൊണ്ടുപോയി. പിറ്റേ ദിവസം മകന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ക്ക് കിട്ടിയത്. പിതാവിന്റെ ചലനമറ്റ ശരീരമാണ് കളിചിരി മാറാത്ത ഓമനമകള്‍ക്കു പിന്നീട് കാണാനായത്.മുസ്തഫ അത്തേയ: മൂന്നുമക്കളുടെ പിതാവായ 39കാരന്‍. അലക്‌സാണ്ട്രിയയില്‍ തെരുവില്‍ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിരയായി മരണത്തിനു കീഴടങ്ങി. 

4 comments:

  1. അഭിനന്ദനങ്ങള്‍

    ReplyDelete
  2. മുബാറക് വിട്ടുപോകുന്ന ലക്ഷനമില്ലല്ലോ??

    ReplyDelete
  3. അക്രമികളായ ഭരണാധി കാരികള്‍ക്ക് ജനകീയ സമരങ്ങളില്‍ പിടിച്ചു നില്കാനാവില്ല എന്ന് ഈജിപ്റ്റ്‌ നമ്മെ ഓര്മ പെടുത്തുന്നു , ഈജിപ്ത്യന്‍ സമര പോരാളികള്‍ക്ക് എല്ലാ വിജയാശംഷകളും

    ReplyDelete