Tuesday, March 1, 2011

കാലമെത്തും മുമ്പേ പൊഴിഞ്ഞ പച്ചില


സൂര്യാ*... കാലമെത്തും മുമ്പേ പൊഴിഞ്ഞ പച്ചില നീ.
നിന്റെ തൂലികയില്‍ പിറവികൊള്ളാതെ പോയ
വാക്കുകളുടെ മൂര്‍ച്ചയില്‍ കൊരുത്ത ഹൃദയവേദനയോടെ
യാത്രാമൊഴി ചൊല്ലിടട്ടേ ഞാന്‍.
സ്വപ്‌നങ്ങള്‍ക്കൊപ്പം ആരുമറിയാത്ത വേദനയുമൊളിപ്പിച്ച
ഗ്രാമീണ പെണ്‍കൊടിയും പിറക്കാതെ പോയ അനിയത്തിയുമെന്ന്
കണ്ണീരുണങ്ങാത്ത കുറിമാനമായി നിന്നെക്കുറിച്ച്
സഹപ്രവര്‍ത്തകയുടെ മെസേജ്.
മാധ്യമപ്രവര്‍ത്തനത്തില്‍ നീ കണ്ട സ്വപ്‌നങ്ങള്‍,
സൗഹൃദങ്ങള്‍ക്ക് നീ നല്‍കിയ മഹത്വം,
കലഹിക്കാനറിയാത്ത നന്മനിറഞ്ഞ മനസ്സിനെക്കുറിച്ച്
ആ എസ്.എം.എസ് മടിയില്ലാതെ സംസാരിച്ചു.
നീയേറെ പ്രണയിച്ച നീളന്‍ കാര്‍ക്കൂന്തലിനൊപ്പം
അഗ്നിനാളങ്ങള്‍ നിന്നെ വാരിപ്പുണരുമ്പോള്‍
ഞാന്‍ തിരികെ നടന്നു, നീയില്ലാത്ത ലോകത്തിലേക്ക്.
തിരികെയില്ലാത്ത യാത്ര പോവുമ്പോള്‍
കാണാനെത്തിയവരെ കണ്ട് നിന്റെ മനം
നിറഞ്ഞിട്ടുണ്ടാവണം, ആരും കേള്‍ക്കാതെ
പ്രിയപ്പെട്ടവരോടു നീ വിട പറഞ്ഞിട്ടുണ്ടാവണം...
ഓര്‍മകളില്‍ സൂര്യപ്രതാപത്തോടെ നീയുണ്ടാവട്ടെ,
വിധിയുടെ മാറ്റമില്ലാത്ത കണക്ക് പുസ്തകത്തിന്
ഒരോര്‍മപ്പെടുത്തലായി...



* തൊണ്ടയാട് ബൈപാസില്‍ ഫെബ്രുവരി 27നുണ്ടായ ബസ്സപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തക.

Friday, February 18, 2011

ഹൃദയമില്ലാത്തവര്‍


ഏറെ പരിഭ്രാന്തനായിരുന്നു ഞാന്‍,
എന്റെ തിരച്ചില്‍കണ്ട് പലരുമെത്തി സഹായിക്കാന്‍.
ആഴ്ചകളും മാസങ്ങളും നീണ്ട ഉദ്യമത്തിനിടെ
സഹികെട്ട ആരോ ഒരാള്‍ മൗനത്തിന്റെ തടവറ ഭേദിച്ചു.
എന്റെ മറുപടി കേട്ട് പരിഭ്രാന്തരായ അവരൊക്കെയും
കാണാതായ തങ്ങളുടെ ഹൃദയം തേടി
പല ദിക്കുകളിലേക്ക് യാത്രയായി.
വീണ്ടും തനിച്ചായ ഞാന്‍ തിരച്ചില്‍ തുടര്‍ന്നു,
എങ്ങാനും കണ്ടുകിട്ടിയാലോ എന്റെ ഹൃദയവും?

Sunday, February 6, 2011

കൈമാറുക നിന്റെ പകയീ സമൂഹത്തിന്


പ്രാണനേക്കാള്‍ മാനത്തെ മാനിച്ച പെണ്‍കൊടി*,
ഒറ്റകൈയന്റെ ക്രൂരതയ്ക്കു മുമ്പേ നിന്റെ
ജീവന്‍ പറന്നകന്നിരുന്നെങ്കില്‍ എന്നാണു
വാര്‍ത്ത കേട്ട മാത്രയില്‍ ഞാനാശിച്ചത്.
ഹൃദയം നുറുങ്ങുന്ന നിന്റെ നിലവിളികള്‍ക്കപ്പുറത്തേക്ക്
സ്വാര്‍ഥരായ യാത്രികരുമായി തീവണ്ടി നീങ്ങുമ്പോള്‍
നീ എന്തു വേദനിച്ചിരിക്കും?
തലക്കേറ്റ ക്ഷതത്തിനപ്പുറം ബാക്കിയായ ബോധത്തില്‍
ചാരിത്ര്യം കവരുന്നയറിവില്‍ നീ മരിക്കാതെ മരിച്ചിരിക്കാം.
അന്യന്റെ അടുക്കളയില്‍ കരിപാത്രങ്ങള്‍ കഴുകുന്ന
അമ്മയും തട്ടിപ്പിനിരയായ ജ്യേഷ്ടനും
ഉപേക്ഷിച്ചുപോയ അച്ഛന്റെ ശൂന്യതയും
ദാരിദ്ര്യം മേയുന്ന കൊച്ചുവീട്ടില്‍ നിന്ന്
ജോലിതേടിയൊരു യാത്ര സഫലമാവുമ്പോള്‍
ഏതൊരു പെണ്‍കൊടിയെയും പോലെ നിന്റെ സ്വപ്‌നങ്ങളും
പൂത്തുലയാന്‍ തുടങ്ങിയിരിക്കാം...
കൈചേര്‍ത്തുപിടിക്കാനൊരാള്‍ ചാരയണയുന്നതും
മനതാരില്‍ കണ്ടുള്ളൊരാ യാത്ര തന്നെ
നിന്റെ ജീവനും കവര്‍ന്നുപോയിരിക്കുന്നു.
തലച്ചോറിലെ രക്തസ്രാവവുമായി
വെന്റിലേറ്ററില്‍ നീ മരണത്തോടു മല്ലിടുമ്പോള്‍
നീ തിരികെ വരാതിരുന്നെങ്കില്‍ എന്നായിരുന്നു
എന്റെ ചിന്ത.
സമൂഹം കാത്തുവച്ചിരിക്കുന്ന സഹതാപവും
ചൂണ്ടിക്കാട്ടലുകളും അടയാളവാക്കുകളും
നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ലാത്തതിനാലാണ്
ഈ ക്രൂരമായ ചിന്തയെനിക്കു പകര്‍ന്നു തന്നത്.
നാലാളു കൂടുന്നിടത്തെ തുറിച്ചുനോട്ടങ്ങളെ
നിനക്കതിജീവിക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്.
അബോധാവസ്ഥയില്‍ നീ ദൈവത്തോടു തേടിയിരുന്നതും
ഇതേ മരണമായിരുന്നുവെന്നെനിക്കുറപ്പുണ്ട്.
നിനക്കൊപ്പം ബാക്കിയായ സ്വപ്‌നങ്ങള്‍ക്കൊപ്പം
അക്രമിയോടുള്ള അടങ്ങാത്ത പകയുമീ
സമൂഹത്തിന് കൈമാറുക, നാളെയൊരു
പെണ്‍കിടാവിനുമീ ഗതി വരുത്താതിരിക്കാന്‍ അതുപകരിക്കട്ടെ...


* പെണ്ണുകാണല്‍ ചടങ്ങിനായി എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍ അക്രമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തുകയും വീഴ്ചയിലും ആക്രമണത്തിലും തലക്കേറ്റ ക്ഷതത്തില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത സൗമ്യ. 

Thursday, February 3, 2011

തെരുവുകളില്‍ ചരിത്രമെഴുതുന്ന പ്രക്ഷോഭകര്‍


സഹനത്തിന് അതിരുകളില്ലെന്നോ സുഹൃത്തേ?
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി.
മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം അതിനാലാണ്
ഞങ്ങള്‍ പട്ടുമെത്തയുപേക്ഷിച്ച്
കുട്ടികളെയും പേറി തെരുവിലിറങ്ങിയത്.
സര്‍ക്കാര്‍ വിലക്കുവാങ്ങുന്ന കുറ്റവാളികള്‍ക്ക്
ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തടയാനാവില്ല.
പ്രക്ഷോഭവഴിയില്‍ പിടഞ്ഞുതീരുന്ന ജീവനുകള്‍
സമരജ്വാലക്ക് എരിവു പകരുന്നതു നിങ്ങള്‍
കാണുന്നില്ലേ? മാറ്റത്തിന്റെ കാഹളമാണ്
അവിടെ മുഴങ്ങിക്കേള്‍ക്കുന്നത്.
ആ വഴിയില്‍ പൊഴിയുന്ന ചുടുനിണവും
ഞങ്ങള്‍ക്ക് ഊര്‍ജം ചൊരിയുന്നു.
ഖാലിദ് സയിദിന്റെ* ജീവന്‍ നിര്‍ദയമൂറ്റിയെടുക്കുമ്പോള്‍
നിങ്ങള്‍ അറിഞ്ഞിരിക്കില്ല ജനാധിപത്യത്തിന്റെ
മഹത്വം ലക്ഷങ്ങളിലേക്ക് പകരാനതുപകരിക്കുമെന്ന്്.
എല്‍സയിദ് ബിലാലും* മുസ്തഫ അത്തേയയും*
പോലിസ് ബുട്ടുകള്‍ക്കടിയില്‍ പിടഞ്ഞുതീരുമ്പോള്‍
ജനലക്ഷങ്ങള്‍ ഉണര്‍ന്നെണീക്കുകയായിരുന്നു
ഒന്നിനു പിറകെയൊന്നായി നൂറുകണക്കിന്
രക്തസാക്ഷികള്‍ സ്വാതന്ത്ര്യത്തിന് വെളിച്ചമേകാന്‍
പ്രക്ഷോഭവഴിയില്‍ ഞങ്ങള്‍ക്കു മുമ്പേ നടന്നു.
രാപകലറിയാതെ ജനസഞ്ചയത്താല്‍ വീര്‍പ്പുമുട്ടുന്ന
ലിബറേഷന്‍ സ്‌ക്വയറും അലക്‌സാണ്ട്രിയയുമൊക്കെ
തുല്യതയില്ലാത്ത ചരിത്രമെഴുതുന്നു.
മാറ്റത്തിന്റെ ഊക്കുപകര്‍ന്ന തുണീസ്യ,
മാതൃകകാട്ടുന്ന മിസ്ര്‍ ആ കാറ്റുമണക്കുന്ന
ജോര്‍ദാനും യെമനും....
ഈജിപ്തിലേക്ക് നോക്കുന്ന ലോകമേ
പ്രതീക്ഷ കൈവിടേണ്ട, നിങ്ങള്‍ക്കു കേള്‍ക്കുവാന്‍
ശുഭവാര്‍ത്തയൊരുക്കുന്ന തിരക്കിലാണ് ഞങ്ങള്‍.








ഖാലിദ് സയിദ്: അലക്‌സാണ്ട്രിയയില്‍ നിന്നുള്ള 28കാരന്‍. പോലിസുകാരുടെ നിഷ്ഠൂരമായ പീഡനത്തില്‍ കൊല്ലപ്പെട്ടു. ബുട്ടിട്ടു ചവിട്ടിയും മതിലില്‍ തല ഇടിപ്പിച്ചും ക്രൂരമായി വധിക്കുകയായിരുന്നു ഖാലിദ് സയിദിനെ. സര്‍ക്കാര്‍ സേനയുടെ കാടത്തത്തിനെതിരേ പോരാടുന്നതിന് ഖാലിദ് സയിദിന്റെ രക്തസാക്ഷിത്വം ആബാലവൃന്ദം ജനങ്ങള്‍ക്കും പ്രചോദനം പകരുകയായിരുന്നു. ഭരണകൂട ഭീകരതക്കെതിരേ പോരാട്ട ഭൂമികയിലേക്ക് ജനലക്ഷങ്ങളെ നയിച്ച അനേക വ്യക്തികളില്‍ ജീവന്‍നല്‍കി ഭാഗവാക്കായ ഒരു സാധാരണ യുവാവ്. പക്ഷേ ചരിത്രത്തില്‍ ഖാലിദ് സയിദിന്റെ ഏടുകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ ആ രക്തസാക്ഷിയുടെ മഹത്വമേറെ വര്‍ധിച്ചിരിക്കുന്നു. പോലിസുകാര്‍ മയക്കുമരുന്ന് പങ്ക് വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു എന്നതായിരുന്നു ഖാലിദ് സയിദ് ചെയ്ത കുറ്റമെന്ന് പിന്നീട് വ്യക്തമായി.



എല്‍സയിദ് ബിലാല്‍ മകള്‍ക്കൊപ്പം




എല്‍സയിദ് ബിലാല്‍: കാരണമൊന്നുമില്ലാതെ വീട്ടുകാരുടെ മുമ്പില്‍ നിന്ന് എല്‍സയിദ് ബിലാലിനെ പോലിസ് പിടിച്ചുകൊണ്ടുപോയി. പിറ്റേ ദിവസം മകന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ക്ക് കിട്ടിയത്. പിതാവിന്റെ ചലനമറ്റ ശരീരമാണ് കളിചിരി മാറാത്ത ഓമനമകള്‍ക്കു പിന്നീട് കാണാനായത്.



മുസ്തഫ അത്തേയ: മൂന്നുമക്കളുടെ പിതാവായ 39കാരന്‍. അലക്‌സാണ്ട്രിയയില്‍ തെരുവില്‍ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിരയായി മരണത്തിനു കീഴടങ്ങി. 





Monday, January 31, 2011

യാത്ര



മുപ്പതും നാല്‍പ്പതും ദിനരാത്രങ്ങള്‍ ജോലിസ്ഥലത്ത്
ചെലവഴിക്കുമ്പോഴേക്കും വീടും വീട്ടുകാരും നാടും നാട്ടുകാരും
സ്പന്ദനങ്ങളില്‍ നിറഞ്ഞുതുളുമ്പിത്തുടങ്ങും.
പിന്നെ അവ പുല്‍കാനൊരു യാത്രയാണ്.
പകലേറെ നീളുന്ന അതിനു പുതുമ തീരെയുണ്ടാവാറില്ല,
പക്ഷേ യാത്രികരൊക്കെയും എന്നും അപരിചിതരാണ്.
അതില്‍ ചില കണ്ണുകളെന്നോട് കവിത മൊഴിയും.
പുഞ്ചിരിക്കുന്ന ചില മുഖങ്ങള്‍ പരിചിതരുടെ
സാദൃശ്യങ്ങള്‍ പറഞ്ഞുതരും.
ചിലപ്പോള്‍ മന്ദമൊഴുകിയും ചിലപ്പോള്‍
പാളങ്ങളില്‍ ചുംബനസീല്‍ക്കാരമുയര്‍ത്തിയും
ഉള്ളിലടക്കിപിടിച്ച യാത്രികരെയുമായി
കൂറ്റന്‍ പഴുതാരയുടെ ഇരുമ്പുചക്രങ്ങള്‍
ലക്ഷ്യസ്ഥാനം തേടി പായുമ്പോള്‍
ഞാനേറെ സമയം നിശ്ശബ്ദതയെ പ്രണയിക്കും.
ഉറക്കം വരാതെയും ഉറങ്ങി ഒന്നുമറിയാതെയും
ഇരുന്നും നിന്നും കിടന്നും നടന്നും
സ്‌റ്റേഷനുകളിലിറങ്ങിയും കയറിയുമൊക്കെ
ഈ ലോഹപഴുതാരയെ സജീവമാക്കുന്ന
ചിലരെ കൗതുകം പൂണ്ടു നോക്കും.
ഓഫിസില്‍ നിന്നു കൂടെക്കൂട്ടിയ
ലൈബ്രറി പുസ്തകത്തിന്റെ താളുകളില്‍
പടര്‍ന്നു കിടക്കുന്ന ലോകത്തിലൂടെ അതിവേഗം
സഞ്ചരിച്ചു ചിലപ്പോള്‍ പൊടുന്നനെ ക്ഷീണിതനാവും.
അരച്ചാണ്‍ വയറു നിറയ്ക്കാന്‍
ഹാര്‍മോണിയം പെട്ടിയും തൂക്കിവരുന്ന
അന്യദേശക്കാരുടെ ഈണത്തിനും
ചായയും കാപ്പിയും പലഹാരങ്ങളും
വില്‍ക്കുന്നവരുടെ താളമൊപ്പിച്ച
വിളികള്‍ക്കും കാതുകൊരുത്തും
അന്യന്റെ ചേഷ്ടകളില്‍ നോട്ടമുറപ്പിച്ചും
അലസയാത്ര തുടരുമ്പോള്‍
കടന്നുപോവുന്ന സമയത്തിന്റെ വേഗത
പോരാത്തതില്‍ വല്ലാതെ അസ്വസ്ഥനാവും.
നിലയുറക്കാത്ത ചിന്തകളും
അതിരുകളില്ലാത്ത സ്വപ്‌നങ്ങളും
ഈ സമയമൊക്കെയും മനതാരില്‍
തെളിഞ്ഞുകൊണ്ടേയിരിക്കും.
ഇതിനിടയിലും സ്ഥലനാമങ്ങള്‍ പേറുന്ന
ബോര്‍ഡുകളൊന്നു പോലും വിട്ടുകളയാതെ
ഇറങ്ങേണ്ട സ്‌റ്റേഷനും കാത്തു
പഴുതാരയുടെ അടിവയറ്റില്‍ ഞാന്‍
കൂടുതല്‍ സൂരക്ഷിതനായി ഇരിപ്പുതുടരും.

Friday, January 28, 2011

ലൗ മാര്യേജ്


ഇന്നലെ മൊബൈലില്‍ പാറിവന്ന എസ്.എം.എസ്
അറേഞ്ച്ഡ് മാര്യേജിന്റെ ഭാരത്തെകുറിച്ച്
ഇങ്ങനെ കണക്കുകള്‍ നിരത്തി.
എന്‍ഗേജ്‌മെന്റ് 50000 ക,
താലിയൊന്നിന് ഒരു ലക്ഷം ക.(ചെറുക്കന്‍ പക്ഷം),
അഞ്ചുപവനെങ്കിലും കുറഞ്ഞതു വേണ്ടേയെന്നാണ്
മാലോകരുടെ പുച്ഛത്തോടെയുള്ള ചോദ്യം.
കല്യാണപട്ട്, വീട്ടുകാര്‍ക്ക് ഉടയാടകള്‍, കല്യാണസദ്യ..
ആര്‍ഭാടരഹിതമെങ്കില്‍ മാത്രം
മൂന്നുലക്ഷത്തിന്റെ ചെലവ് കോളമെഴുതാം
മണവാളന്റെ അക്കൗണ്ട് ബുക്കില്‍.
എട്ടുലക്ഷത്തിന്റെ കണക്ക് കുറിക്കാം പെണ്‍കൂട്ടര്‍ക്ക്.
പോക്കറ്റ് മണിയും എ സി കാറും
നാടടച്ചു ക്ഷണവും കുറ്റമറ്റ ബിരിയാണിയൂട്ടും
പെണ്ണിന്റെയച്ഛനെയൊരു വഴിക്കാക്കും തീര്‍ച്ച.
കണക്കുപറഞ്ഞ വാങ്ങിയ തുക ഈയിനത്തില്‍
ചെലവഴിക്കാനുള്ള കണക്കുകൂട്ടല്‍
ഒരുപക്ഷേ ചെക്കന്റെ ക്ഷീണം കുറച്ചേക്കാം.
അതൊക്കെ ഇരുകൂട്ടര്‍ക്കും വിട്ടുകൊടുത്തു
നമുക്കിനി ലൗ മാര്യേജ്യന്റെ സാധ്യതകളാരായാം.
രജിസ്‌ട്രേഷന്‍ ഫീ 100 ക
പുഷ്പഹാരം 300 ക
സാക്ഷികള്‍ക്ക് നാരങ്ങാവെള്ളം 20 ക.
മധുരവിതരണം 50 ക
ഓഫിസര്‍ 100 ക
ആകെ 570 ക.
താഴേക്കു നോക്കാത്ത വിലയേറ്റത്തിന്റെ ഗ്രാഫ്
നോക്കി ഈ പുതുവര്‍ഷമൊരു പുതു പ്രതിജ്ഞയെടുത്താലോ
എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത...


Thursday, January 20, 2011

ചുടുചോര മോന്തുന്ന ഭീകരന്‍


ഞാനൊരിക്കലും മനുഷ്യമാംസം രുചിച്ചിട്ടില്ല,
ഞാനൊരിക്കലും ചുടുചോര മോന്തിയിട്ടില്ല.
എന്നിട്ടുമവര്‍ പറയുന്നു ഞാന്‍ ഭീകരനാണെന്ന്,
ഞാന്‍ ചോരകുടിയനാണെന്ന്.
ഞാനൊരിക്കലും ആരുടെയും സ്വപ്‌നങ്ങള്‍ക്ക്
വിഘാതമായിട്ടില്ല, ആഗ്രഹങ്ങള്‍ക്ക് തടസ്സമായിട്ടില്ല,
എന്നിട്ടുമവര്‍ പറയുന്നു ഞാന്‍ ഐശ്വര്യം കെട്ടവനാണെന്ന്.
ഞാനൊരിക്കലും ചിരിച്ചുകൊണ്ട് വെറുപ്പ് ഒളിച്ചുവച്ചിട്ടില്ല,
പക്ഷേ അവരെന്റെ കളങ്കമറ്റ മനസ് കാണാതെ
പുലമ്പുന്നു വിഷമാണെന്റെ നെഞ്ചിലെന്ന്.
ഞാനൊരിക്കലും അന്യന്റെ ഭാര്യയെ പ്രാപിച്ചിട്ടില്ല,
എന്നാലോ എനിക്കു നാലു മക്കളുണ്ടായത്
അവരുടെ കണ്ണില്‍ പൊറുക്കാനാവാത്ത കുറ്റമാണ്.
ഞാനൊരിക്കലും അപരന്റെ ദൈവത്തെ നിന്ദിച്ചിട്ടില്ല,
എന്നാലോ അവരെന്റെ പ്രവാചകനെ പോലും വെറുതെ വിടുന്നില്ല.
ഞാനൊരിക്കലും നിയന്ത്രണമില്ലാതെ വാക്കുകളുടെ കെട്ടഴിച്ചിട്ടില്ല.
പക്ഷേ പുലഭ്യത്തിന്റെ മതിലുകള്‍ കൊണ്ടവര്‍
എന്റെ കാതുകള്‍ക്ക് മറതീര്‍ക്കുകയാണ്.
പേരും വിശ്വാസവും അഴിയാത്ത കുരുക്കുകളാണെങ്ങും.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഇഴയുന്ന ഫയലുകള്‍,
വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ബഹളം.
വാടകക്കൊരു വീടാണെങ്കില്‍ കിട്ടാക്കനി.
ജോലിയുടെ ഗതിയുമതുതന്നെ.
പോയകാലത്തിന്റെ താളുകളൊക്കെയും ചിതലരിച്ചിരിക്കുന്നു.
പൂര്‍വികര്‍ ചൊരിഞ്ഞ ചോരയുടെ കണക്കെവിടെയുമില്ല.
നുണക്കഥകളുടെ വര്‍ത്തമാനമാണ് മാലോകര്‍ പാടിനടക്കുന്നത്.
ചുരുളഴിയുന്ന രഹസ്യങ്ങള്‍ക്കു വിലയായി
ജീവന്‍ നല്‍കാന്‍ ഇനിയൊരോഫിസര്‍ വരാതിരിക്കുമോ?
അറിയില്ല, പക്ഷേ സംശയത്തിന്റെ ചൂണ്ടുവിരലുകളൊക്കെയും
തനിക്കുമേല്‍ നീളുന്ന ഓരോ മുസ്‌ലിമിന്റെയും തേട്ടമാണത്.
ഈ പാവം ചോരകുടിയന്റെ ആഗ്രഹവുമതു തന്നെ.