Sunday, September 18, 2011

ഓര്‍മയില്‍ നിന്നോടിയൊളിക്കാത്ത ചില മുഖങ്ങള്‍


പഠനത്തേക്കാള്‍ സൗഹൃദത്തിന് പ്രാധാന്യം നല്‍കിയിരുന്ന ഒരു കാലം. ശരാശരി വിദ്യാര്‍ഥിയുടെ കഴിവുകേടുകള്‍ പരീക്ഷാ പേപ്പറുകള്‍ വിതരണം ചെയ്യുമ്പോള്‍ ടീച്ചറിന്റെ ശബ്ദത്തില്‍ ക്ലാസില്‍ നിറഞ്ഞുതുളുമ്പും. എങ്കിലും അവയൊന്നും ഒരിക്കലും മനസ്സിനെ വേദനിപ്പിച്ചതേയില്ല. കാപട്യമറിയാത്ത സൗഹൃദപറ്റങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ പഠനമികവിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാന്‍ കഴിയും. ക്ലാസ് കട്ടുചെയ്യലും കറങ്ങലും മുറയ്ക്ക് നടന്നു. പക്ഷേ, പത്താംക്ലാസെന്ന കടമ്പ കഷ്ടിച്ചു കടന്നുകൂടുമ്പോള്‍ കൂട്ടുകാരില്‍ ആരും ഒപ്പമില്ലായിരുന്നു എന്നത് ദുഃഖത്തിന്റെ ആഴംകൂട്ടി. വിജയത്തിന്റെ അവിശ്വസനീയത മറ്റാരേക്കാളും എനിക്കു തന്നെയായിരുന്നു.
മാര്‍ക്ക് ലിസ്റ്റ് നിലവാരം വിലയിരുത്തിയ അധികൃതര്‍ പക്ഷേ, പത്തുവരെ പഠിച്ച സ്‌കൂളില്‍ പ്ലസ്ടു പ്രവേശനം നിഷേധിച്ചതിനാല്‍ പുതിയ മേച്ചില്‍പ്പുറം തേടി പോവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഒരു പിടി നല്ല സുഹൃത്തുക്കളെയും അധ്യാപകരെയും ലഭിക്കാന്‍ അവസരം തുറന്നുതന്ന സെന്റ് സെബാസ്റ്റ്യന്‍സ് പാരലല്‍ കോളജിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്്. പ്ലസ് ടു കൊമേഴ്‌സ് ബാച്ചില്‍ ചെലവഴിച്ച രണ്ടുവര്‍ഷമാവട്ടെ വിദ്യാഭ്യാസ കാലത്തെ ഏറ്റവും വര്‍ണാഭമായി മാറി. ഏട്ടത്തിയമ്മയുടെ സ്‌നേഹവും കരുതലും പകര്‍ന്നു തന്ന മലയാളം അധ്യാപിക മഞ്ജു ടീച്ചര്‍, അക്കൗണ്ടന്‍സി പഠിപ്പിച്ച ഷിബു സര്‍, ഇംഗ്ലീഷ് അധ്യാപകരായ ജോയി മാത്യു, ബെന്നി മാത്യൂസ്... സുഹൃത്തുക്കളായി ജിയോ, ജയേഷ്, റോണി, ധനേഷ്, രാജീവ്, അഞ്ജു, നിവ്യ.... അങ്ങനെ. ബി വണ്‍ ബാച്ചില്‍ രണ്ടാംഭാഷയായി ഹിന്ദിയും ഇംഗ്ലീഷും തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ആ പീരിയഡില്‍ മാത്രം രണ്ടുക്ലാസുകളായി മാറും. പ്ലസ് വണ്ണിന്റെ തുടക്കത്തില്‍ തന്നെ മഞ്ജുടീച്ചറിന്റെ ആദ്യ ക്ലാസില്‍ നിന്നു ഞാന്‍ പുറത്തായി. പിറ്റേദിവസം ക്ലാസില്‍ മുഖംകനപ്പിച്ചിരിക്കുന്ന എന്നോട് പിണക്കമാണോയെന്ന സ്‌നേഹാന്വേഷണവുമായി അടുത്തുകൂടിയ ആ ടീച്ചര്‍ എനിക്കേറെ പ്രിയപ്പെട്ട അധ്യാപിക ആയി മാറിയതു വളരെ പെട്ടെന്നായിരുന്നു.
പഠനകാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന, അതേസമയം പഠിച്ചിട്ടില്ലെന്ന അപേക്ഷയില്‍ മനമലിഞ്ഞ് യൂനിറ്റ് ടെസ്റ്റ് മാറ്റി വച്ചിരുന്ന സ്‌നേഹമയിയായ ആ അധ്യാപികയെ ഞാനെങ്ങിനെ മറക്കാന്‍. പ്ലസ് ടു വാര്‍ഷികപരീക്ഷയ്ക്ക് മലയാളത്തിന് 150ല്‍ 120 മാര്‍ക്കു വാങ്ങുമ്പോള്‍ സന്തോഷം കൊണ്ട് മനംമറക്കുകയും ജൂനിയേഴ്‌സിനോട് എന്നെക്കുറിച്ച് അഭിമാനത്തോടെ പറയുകയും ചെയ്ത മഞ്ജു ടീച്ചര്‍ വിദ്യാഭ്യാസ ജീവിതത്തില്‍ എനിക്കു ലഭിച്ച അനുഗ്രഹങ്ങളിലൊന്നു മാത്രം. വീട്ടുവിശേഷങ്ങള്‍ അടങ്ങിയ കുറിപ്പടികള്‍ ബന്ധു വശം എനിക്കു കൊടുത്തുവിട്ട അതേ മഞ്ജു ടീച്ചര്‍, വെയിലത്തു വാടിപ്പോവാത്ത പൂച്ചെടികളായി മാറട്ടെ എന്ന് ഓട്ടോഗ്രാഫില്‍ എഴുതി ഒപ്പിട്ടു തരുമ്പോള്‍ ഹൃദയത്തിലൊരിടം അവര്‍ക്കായി ഞാനെന്നേ മാറ്റിവച്ചിരുന്നു.
സ്‌നേഹം കൊണ്ടു കീഴടക്കിയ അധ്യാപകനാവട്ടെ ഇംഗ്ലീഷ് പഠിപ്പിച്ച ബെന്നി മാത്യൂസ് സര്‍ ആയിരുന്നു. ഇംഗ്ലീഷ് ഭാഷയോട് അടുപ്പം തോന്നാന്‍ ഹേതുവായതും അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതല്‍ മാത്രമാണ്. അതുവരെയും ഇംഗ്ലീഷിന് പാസ്മാര്‍ക്ക് വാങ്ങിയ ചരിത്രം എന്റെ പഠനത്തിലില്ല. മെലിഞ്ഞൊട്ടി, ഉയരം കൂടിയ ആ കണ്ണൂരുകാരന്‍ കുറഞ്ഞ കാലയളവുകൊണ്ട് ഇനിയും മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍ നല്‍കിയെന്നെ അനുഗ്രഹിച്ചു. എന്തോ കാരണം കൊണ്ടു ക്ലാസിനു പുറത്താക്കപ്പെട്ട ദിവസം അടുത്തുകൂടിയ അദ്ദേഹം ആകാംക്ഷയോടെ കാരണം തേടി. കുട്ടികള്‍ മരംകൊത്തിയെന്ന ഇരട്ടപ്പേര് ചാര്‍ത്തിനല്‍കിയെന്നു കേട്ടപ്പോള്‍ ചിരിച്ചുതള്ളി. കാണാതെ പഠിച്ചെഴുതിയിരുന്ന ഇംഗ്ലീഷ് ഉത്തരങ്ങളില്‍ നിന്നു രക്ഷതേടി അദ്ദേഹത്തിന്റെ വിഷയത്തിന് സ്വയം കഥകളെഴുതിയപ്പോള്‍ 60ല്‍ 41 മാര്‍ക്ക് നേടി അതുവരെയുള്ള എന്റെ തന്നെ പ്രകടനചരിത്രം മാറ്റിയെഴുതി.
ആരുമെടുക്കാതെ ചന്തയില്‍ ഉപേക്ഷിക്കപ്പെട്ട കേടുപിടിച്ച പച്ചക്കറികള്‍ പോലെ, പാരലല്‍ കോളജിലേക്ക് ഒഴുകിയെത്തിയ ആ വിദ്യാര്‍ഥികൂട്ടങ്ങള്‍ക്ക് ഇതൊക്കെ വലിയ സംഗതികളായി മാറുന്നത് സ്വാഭാവികം മാത്രം. കുറച്ചുമാസങ്ങള്‍ക്കു ശേഷം കര്‍ണാടകയിലെ ഏതോ സ്‌കൂളിലേക്ക് ജോലി കിട്ടി പോവുമ്പോള്‍ ബെന്നി സര്‍ കൈമാറിയ വിലാസം തേടി എന്റെ ആദ്യ കത്തു പറന്നു. മറുപടിയെഴുതി അദ്ദേഹമെന്റെ സ്‌നേഹത്തിന് വെളിച്ചം പകര്‍ന്നു. മാസങ്ങളുടെ ഇടവേളകള്‍ പിന്നിട്ട് മുറതെറ്റാതെ ആറോളം കത്തുകള്‍. തിരക്കുകാരണം മറുപടിയെഴുതാന്‍ വൈകിയതില്‍ ക്ഷമാപണം നടത്തിയും നന്നായി പഠിക്കണമെന്ന് ഉപദേശിച്ചും അധ്യാപകന്റെ കരുതലും ജ്യേഷ്ഠസഹോദരന്റെ സ്‌നേഹവും അദ്ദേഹം ഒരേസമയം പ്രകടിപ്പിച്ചു. ഒരു തവണ കട്ടപ്പനയിലെത്തി അദ്ദേഹം എന്നെ നേരില്‍ കാണുകയും ചെയ്തു. വാര്‍ഷിക പരീക്ഷയില്‍ ഇംഗ്ലീഷിന് 95 മാര്‍ക്ക് വാങ്ങുമ്പോള്‍ പിളര്‍ന്നുപോയത് അധ്യാപകരുടെ വായാണ്. എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ബെന്നി സര്‍ ഉത്തരമായി എനിക്കു മുന്നില്‍ തെളിഞ്ഞുവന്നു. എല്ലാ വിഷയങ്ങളിലും ടോപ് മാര്‍ക്ക് നേടി പാസായ ക്ലാസിലെ ഒന്നാമന് ഇംഗ്ലീഷിനു ലഭിച്ചത് 65 മാര്‍ക്കു മാത്രമാണ് എന്നത് എന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടി. ബെന്നി സാര്‍ എനിക്കു പകര്‍ന്ന ഊര്‍ജം അത്രമാത്രമായിരുന്നു. അദ്ദേഹമെഴുതിയയച്ച അക്ഷരക്കൂട്ടങ്ങള്‍ പത്തുവര്‍ഷം പിന്നിടുമ്പോഴും അലമാരയില്‍ ഇന്നും ഭദ്രമാണ്. കര്‍ണാടകയില്‍ നിന്നും ഒരു നാള്‍ അദ്ദേഹം മറ്റെവിടേക്കോ സ്ഥലംമാറിപ്പോയി. ഇല്ലാതെ പോയ പുതിയ വിലാസമാവട്ടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരുനാള്‍ അന്ത്യംകുറിക്കുകയും ചെയ്തു. പക്ഷേ വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സജീവമാണ്. ഒന്നു നിനച്ചാല്‍ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം എനിക്കു മുമ്പില്‍ തെളിയും. ജീവിതത്തില്‍ ഏറെയൊന്നും നേടാനായിട്ടില്ലെങ്കിലും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ലഭിച്ച ഇങ്ങനെ ചിലമുഖങ്ങള്‍ സ്വകാര്യ അഹങ്കാരമായി എന്നില്‍ രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു.

No comments:

Post a Comment