എനിക്കാരുമല്ലായിരുന്നു നീ ഇന്നലെവരെ, പക്ഷേ ഇന്നു നെഞ്ച് നീറ്റുന്ന ഒരോര്‍മയായി
പരിണമിച്ചിരിക്കുന്നു. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് രംഗത്തിന് നല്‍കിയ സംഭാവനകളിലൂടെ മാത്രമല്ല ജിനേഷ് കെ ജെ എന്ന അതുല്യപ്രതിഭ ഓര്‍മിക്കപ്പെടുക. മരണക്കിടക്കയില്‍ നിന്നുപോലും സ്വപ്‌നപദ്ധതിക്കായി പ്രയത്‌നിക്കുമ്പോള്‍ ഒരു വേള അയാള്‍ക്കറിയാമായിരുന്നിരിക്കാം ഇനിയൊരു തിരിച്ചുവരവില്ലെന്ന്.
പക്ഷേ, പെട്ടെന്ന് സുഖമാവട്ടെ എന്നാശംസകള്‍ കൈമാറുന്ന പ്രിയസുഹൃത്തുക്കള്‍ക്കും അധ്യാപകരോടും ജിനേഷ് പറഞ്ഞിരുന്നത് താന്‍ ഉടനെ തിരിച്ചുവരുമെന്നാണ്. അതുകൊണ്ടു തന്നെയായിരുന്നിരിക്കാം ജിനേഷിന്റെ വേര്‍പാട് അവന്റെ സുഹൃത്തുക്കള്‍ക്ക് താങ്ങാനാവാതെ പോവുന്നതും. ഇന്നലെ മരണവാര്‍ത്ത അറിയിച്ച് ഗള്‍ഫില്‍ നിന്നും ശറഫുക്ക വിളിക്കുമ്പോള്‍ ആകാംക്ഷയോടെ ഗൂഗിളില്‍ പരതി. അധികം പരിശ്രമിക്കാതെ തന്നെ ആ മുഖമെനിക്കു മുന്നില്‍ തെളിഞ്ഞു. ഗൂഗിള്‍ പ്ലസിലെ പ്രൊഫൈല്‍ ഫോട്ടോയില്‍ ജിനേഷ് പുറംതിരിഞ്ഞാണിരിക്കുന്നത്. മടക്കമില്ലാത്ത ഒരു യാത്രയെ കുറിച്ച് സൂചിപ്പിക്കാന്‍ അയാള്‍ ഇതിലും അനുയോജ്യമായ ഏതു ചിത്രമാണ് പകരം വയ്ക്കുക.
ഹൈദരാബാദ് ട്രിപ്പിള്‍ ഐ.ടിയിലെ ഓണം, ദീപാവലി ആഘോഷചിത്രങ്ങള്‍ ആ ചെറുപ്പക്കാരന്റെ സജീവസാന്നിധ്യം വ്യക്തമാക്കുന്നു. സുഹൃത്തിന്റെ വിവാഹച്ചടങ്ങ്, വിനോദയാത്രകള്‍, ആദ്യവിമാനയാത്ര, ലുക്കീമിയ രോഗത്തിന്റെ വേദനപേറുന്ന ആശുപത്രികിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍.... ആല്‍ബത്തിലൂടെ കണ്ണോടിക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ് വേദനിച്ചു. കൂട്ടുകാരന്റെ മരണമറിയിച്ച് ഗ്രൂപ്പിലേക്ക് മെയിലയച്ച ചെറുപ്പകാരന്‍ ഒന്നുംപറയാനാവുന്നില്ലെന്നും അതിനാല്‍ നിര്‍ത്തുകയാണെന്നും കണ്ണീരോടെ എഴുതിയതിന്റെ കാരണം എനിക്കപ്പോഴാണ് ബോധ്യമാവുന്നത്. സ്‌നേഹസമ്പന്നരായ ആ കൂട്ടുകാരുടെ അടുത്തുനിന്നാണല്ലോ ജിനേഷ് തനിച്ചുയാത്രയായത്.
സമൂഹത്തോടുള്ള ബാധ്യതകള്‍ തിരിച്ചറിയുന്നുവെന്നും അതു നിര്‍വഹിക്കുന്നുവെന്നും ജിനേഷ് താളുകളില്‍ കോറിയിട്ടത് വെറുതെയല്ല. അതിന്റെ ഗുണഭോക്താക്കളായി ആയിരങ്ങള്‍ ഇവിടെയുണ്ട്. അതിവേഗം ബഹുദൂരമെന്ന വിശേഷണം ചേരുന്നതും ജിനേഷിന്റെ ജീവിതത്തിനാണ്. വളരെകുറഞ്ഞകാലം കൊണ്ട് ഒരുപാട് ചെയ്തുതീര്‍ത്ത പ്രതിഭ മറഞ്ഞത് ഏവരുടെയും കണ്‍മുന്നില്‍ നിന്നുമാത്രം. അയാള്‍ ഇവിടെയെല്ലാമുണ്ട്. സുഹൃത്തുക്കളുടെ ഹൃദയങ്ങളില്‍. പിന്നെ എന്നെപ്പോലെ അവനെക്കുറിച്ച് അറിയാന്‍ ഇടവരുന്ന നിമിഷം മുതല്‍ ആ ജീവന്‍ അവരുടെ ഹൃദയങ്ങളിലും പിറവികൊള്ളും. പ്രിയ ജിനേഷ്, നീ ജീവിച്ചിരിക്കുമ്പോള്‍ നിന്നോടൊന്ന് മിണ്ടാന്‍ കഴിഞ്ഞിട്ടില്ല, കേള്‍ക്കാനും. പക്ഷേ, ഞാന്‍ നിന്നോട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണിപ്പോള്‍...
ജിനേഷിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ ജിനേഷ് 29-09-11നു ചെന്നൈയിലെ സി.എം.സി ആശുപത്രിയില്‍ വച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് സംരംഭത്തിനു നേതൃത്വം കൊടുത്തിരുന്ന ജിനേഷിന് ജി.എന്‍.യു, ലിനക്‌സ് എന്നിവയ്ക്കുള്ള സമഗ്രമലയാളം സിസ്റ്റം എന്ന പ്രൊജക്ടിനു ഗൂഗിളിന്റെ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ട്. അകാലത്തില്‍ പൊലിഞ്ഞ അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍
ഗൂഗിള്‍ പ്ലസ്
ട്വിറ്റര്‍
വിക്കി
വിക്കി
No comments:
Post a Comment