Saturday, September 24, 2011

ഒരു(പാസ്‌പോര്‍ട്ടിന്റെ) ദുബയ് യാത്ര


ഗള്‍ഫിലൊരു ജോലി, നാട്ടിന്‍പുറത്തുകാരനായ അജ്മലിന്റെ ഏറ്റവും വലിയ സ്വപ്‌നമതായിരുന്നു. വല്യുപ്പ പറഞ്ഞുകേള്‍പ്പിച്ച അറബിക്കഥകളില്‍ നിന്നാണത്രെ അവന്റെ ഈ മോഹം മുളപൊട്ടിയത്. എന്നാല്‍ അജ്മലിന്റെ സ്വപ്‌നങ്ങള്‍ക്ക് എരിവുപകര്‍ന്നതാവട്ടെ ദുബയില്‍ ജോലി ചെയ്യുന്ന എളാപ്പയായിരുന്നു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സമ്മാനപ്പൊതികള്‍, പെട്ടി നിറയെ പണം, സ്വര്‍ണബിസ്‌ക്കറ്റുകള്‍, ഗള്‍ഫുകാരനെന്ന പ്രൗഢി... ദിനങ്ങള്‍ കൊഴിഞ്ഞുവീഴുന്നതനുസരിച്ച് അവന്റെ സ്വപ്‌നങ്ങളുടെ ആഴവും പരപ്പും വര്‍ധിച്ചു. ഗള്‍ഫിലേക്കുള്ള വിസ കാത്തിരുന്നു ഒടുവില്‍ മുകളിലേക്കുള്ള വിസയാവും കിട്ടുകയെന്ന് അവന്റെ സ്വപ്‌നങ്ങള്‍ കേട്ടുമടുത്ത കൂട്ടുകാരി കുസൃതിയോടെ അജ്മലിന്റെ ഓട്ടോഗ്രാഫിലെഴുതി ഒപ്പുചാര്‍ത്തിയത് ബാക്കിപത്രം.
പതിനെട്ടു തികയാന്‍ കാത്തിരുന്നപോലെ അജ്മല്‍ പരിചയക്കാരനായ ഏജന്റ് മുഖാന്തരം പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ച് പ്രതീക്ഷകളുടെ ഉറവകള്‍ക്ക് ചാലുകീറി. ഉപ്പയില്‍ നിന്ന്് അഞ്ഞൂറു രൂപ വാങ്ങി വെരിഫിക്കേഷനെത്തിയ പോലിസുകാരന് കൈമടക്ക് നല്‍കി. അങ്ങനെ ഒരുനാള്‍ രജിസ്റ്റേഡ് തപാലില്‍ പാസ്‌പോര്‍ട്ട് വീട്ടിലെത്തി. ആകാംക്ഷയോടെ കവര്‍ പൊട്ടിച്ച അജ്മലിനെ നോക്കി കോട്ട് ധരിച്ച് ടൈ കെട്ടിയ പരിഷ്‌കാരി പാസ്‌പോര്‍ട്ടിന്റെ താളിലിരുന്ന് ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. 
നാട്ടില്‍ നിന്ന് എട്ടുമണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തെ നോര്‍ക്കയുടെ ഓഫിസിലേക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് രണ്ടുമൂന്നു യാത്രകള്‍. എം.എല്‍.എയുടെ കത്തുവാങ്ങി നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുള്ള തീവ്രശ്രമം വേറെ. പഠനം പൂര്‍ത്തിയാക്കി കോളജിന്റെ പടിയിറങ്ങുമ്പോഴും ഗള്‍ഫ് മോഹം ജീവന്‍ നഷ്ടപ്പെടാതെ ഊതിത്തെളിച്ച കനലുപോലെ അവന്റെയുള്ളില്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.
ബയോഡാറ്റയും പാസ്‌പോര്‍ട്ടും അയച്ചുകൊടുക്കാന്‍ എളാപ്പ അറിയിച്ചതായി എളാമ്മയുടെ സന്ദേശമെത്തുമ്പോള്‍ അജ്മലിന് സ്വര്‍ഗം കിട്ടിയ സന്തോഷം. എന്തിനാണ് ഒറിജിനല്‍? പകര്‍പ്പ് പോരേയെന്ന അജ്മലിന്റെ ചോദ്യം പക്ഷേ, എളാമ്മയുടെ തര്‍ക്കത്തിനു മുമ്പില്‍ വിലപ്പോയില്ല. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് അടുത്തുള്ള പോസ്റ്റ് ഓഫിസില്‍ നിന്ന് പാസ്‌പോര്‍ട്ടും ബയോഡാറ്റയും സ്പീഡ് പോസ്റ്റില്‍ ദുബയിലേക്ക് പറന്നു. കവര്‍ കൈപ്പറ്റിയ എളാപ്പ പാസ്‌പോര്‍ട്ട് കണ്ട് ഞെട്ടിത്തരിച്ചതും വിറയലോടെ നാട്ടിലേക്കുവിളിച്ചതുമാണ് പിന്നീടുണ്ടായ സംഭവവികാസം. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ദുബയിലെ ഇരുട്ടുമുറിയില്‍ വെളിച്ചം കാണാതെ കഴിഞ്ഞ പാസ്‌പോര്‍ട്ട് ഭദ്രമായി തിരിച്ചെത്തി.
കണ്ടുതീര്‍ത്ത സ്വപ്‌നങ്ങളുടെ പിന്‍ബലമാവാം തനിക്കു കഴിയാതെപോയ ഗള്‍ഫ് യാത്ര നടത്താന്‍ പാസ്‌പോര്‍ട്ടിന് അവസരമൊരുക്കിയതെന്നാണ് പറ്റിപ്പോയ മണ്ടത്തരത്തെക്കുറിച്ച് അജ്മല്‍ ന്യായം പറഞ്ഞത്. പക്ഷേ എല്ലാം പൂര്‍ത്തിയായപ്പോഴും എളാപ്പയുടെ വാഗ്ദാനം മാത്രം പാലിക്കപ്പെട്ടില്ല. ഒടുവില്‍ ഗള്‍ഫ് മോഹത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ച് പത്രപ്രവര്‍ത്തന പഠനത്തിന് 2006ല്‍ കോഴിക്കോടിന് വണ്ടികയറി. ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം തുടങ്ങി ദിവസങ്ങള്‍ പിന്നിടുന്നതിനു മുമ്പ് വീട്ടില്‍ നിന്ന് ഫോണ്‍കോളെത്തി. വിസ റെഡിയാണ്, എന്നാണ് പോവുകയെന്നാണ് ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കാതെ വാഗ്ദാനം നിരസിച്ച്, ഞാനെവിടേക്കുമില്ല എന്നായിരുന്നു അജ്മലിന്റെ മറുപടി. കുറച്ചുവര്‍ഷങ്ങള്‍ ഗള്‍ഫില്‍ ചെലവഴിച്ച് ഒരുനാള്‍ നാട്ടിലെത്തുമ്പോള്‍ ഭാവിയെന്താവും എന്ന ചോദ്യമാണ് അന്നങ്ങനെയൊരു നിലപാട് എടുക്കാന്‍ അവനെ പ്രേരിപ്പിച്ചതെങ്കിലും എതിര്‍പ്പുകളുടെ ശരവര്‍ഷം പലതവണയായി അജ്മലിനു നേരെ ചീറിയടുത്തു.
എന്നാല്‍ വാര്‍ത്തകള്‍ക്കു നടുവില്‍ ചെലവഴിച്ച അഞ്ചുവര്‍ഷങ്ങള്‍ക്കിടെ പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ പേറി അനേകകഥകളാണ് അവനുമുന്നിലെത്തിയത്. അതിലൊന്ന് വീടും നാടുമെന്ന ഗൃഹാതുരത എപ്പോഴും വേട്ടയാടുന്ന അജ്മലിന്റെ ഗള്‍ഫ് മോഹത്തിന്റെ ചിറക് ഒടിച്ചു. നാട്ടില്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയും പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന ഷാനവാസെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ ദുബയിലെത്തി അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സുഹൃത്ത് നൗഫലാണ് അവനോട് പറഞ്ഞത്. ഓട്ടോറിക്ഷ ഓടിച്ച് കുടുംബത്തെ പോറ്റിയിരുന്ന ഷാനവാസ് ഭാര്യയുടെ കെട്ടുതാലിയും വീടിന്റെ ആധാരവും പണയംവച്ച് ദുബയ് കിസൈസിനടുത്ത് കഫ്ത്തീരിയയില്‍ ജോലിക്കെത്തുകയായിരുന്നു. ഷാനവാസിന്റെ ഊര്‍ജസ്വലതയെക്കുറിച്ച് നേരത്തെ കേട്ടറിവുണ്ടായിരുന്ന നൗഫലിനാവട്ടെ ദുബയിലെത്തിയ ഷാനവാസില്‍ അങ്ങനെയൊന്നു കാണാനേ കഴിഞ്ഞില്ല. യാന്ത്രികമായി പണിയെടുക്കുകയും മറ്റുള്ളവരോട് അകലംപാലിക്കുകയും ചെയ്ത ഷാനവാസിനോട് നൗഫല്‍ കാരണംതേടിയെങ്കിലും മരവിച്ച ഒരു നോട്ടം മാത്രമായിരുന്നു മറുപടി. മുറിയിലിരുന്ന് നിയന്ത്രണം വിട്ട് കരയുന്ന ഷാനവാസിനെയാണ് അടുത്തദിവസം നൗഫല്‍ കാണുന്നത്. എന്തു പറ്റീടാ നിനക്ക് ? നൗഫലിന്റെ ചോദ്യത്തിനു മുമ്പില്‍ ഷാനവാസ് മനസ് തുറന്നു.  മനസ്സ് തുറന്നു. ഉമ്മാനേം എന്റെ പെണ്ണിനേ പുന്നാരവാവയേം പിരിഞ്ഞിരിക്കാന്‍ വയ്യെടാ എനിക്ക്. തൊണ്ടയിടറിക്കൊണ്ടാണ് ഷാനവാസ് അതു പറഞ്ഞൊപ്പിച്ചത്. 'എനിക്കിപ്പോള്‍ തന്നെ വീട്ടില്‍ പോവണം' ഷാനവാസിന്റെ കരച്ചില്‍ ചീളുകളേറ്റു നൗഫലിന്റെ ഹൃദയം മുറിഞ്ഞു. ഇയ്യ് എന്തു പൊട്ടത്തരാ ഈ പറേണത്. ?  അങ്ങനെ തോന്നുമ്പോ പൊരേലെത്താന്‍ അത്ര അടുത്ത സ്ഥലോന്നല്ലല്ലോ ദുബയ്. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താന്‍ നൗഫല്‍ ആശ്വാസവാക്കുകള്‍ ഒരുവിട്ടുകൊണ്ടേയിരുന്നു. ആ സങ്കടക്കടല്‍ അടങ്ങിയെന്ന് തോന്നിയപ്പോള്‍ ഷാനവാസിനെ മുറിയില്‍ വിട്ട് നൗഫല്‍ പുറത്തേക്കിറങ്ങി. 
എന്നാല്‍, തിരക്കേറിയ ഒരുദിവസം ഉച്ചയ്ക്ക് ഷാനവാസിനെ കടയില്‍ നിന്നു കാണാതായി. ഉടമ ഇല്ലാത്തതിനാല്‍ ഷാനവാസിനെ തിരക്കിപ്പോവാന്‍ പോലുമാവാത്ത അവസ്ഥ. ഉടമ എത്തിയയുടന്‍ നൗഫല്‍ ഷാനവാസിനെ തേടിപ്പാഞ്ഞു. പരിഭ്രാന്തനായ നാലുപാടും പാഞ്ഞ നൗഫല്‍ ഒടുവില്‍ ഷാനവാസിനെ കണ്ടെത്തി. ഗള്‍ഫിന്റെ വിജനമായ  അഞ്ചുവരിപ്പാതയിലൂടെ വീടുലക്ഷ്യമാക്കി അതിവേഗം നടക്കുകയായിരുന്നു ആ പാവം നാട്ടിന്‍പുറത്തുകാരനപ്പോള്‍. നൗഫലവനെ നിര്‍ബന്ധിച്ച്് റൂമിലേക്ക് മടക്കിക്കൊണ്ടുവന്നു. വീട്ടിലേക്കുള്ള യാത്രമുടക്കിയ നൗഫലിനോടുള്ള ദേഷ്യം ആ മുഖത്ത് വായിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ കൂട്ടുകാരുടെ ഗുണദോഷം കേട്ട് മൗനം പാലിക്കുകയാണ് അയാള്‍ ചെയ്തത്. പ്രിയപ്പെട്ടവരെ ഒരുനിമിഷം പോലും വേര്‍പിരിയാന്‍ കഴിയാത്ത ആ സാധുവിന്റെ നൊമ്പരം എല്ലാവര്‍ക്കുമറിയാമെങ്കില്‍ അവര്‍ തങ്ങളുടെ നിസ്സാഹയതയില്‍ പരിതപിക്കുക മാത്രമാണ് ചെയ്തത്. എങ്ങനെയോ മൂന്നുമാസങ്ങള്‍ തള്ളിനീക്കിയ ഷാനവാസിന്റെ മനോനില തന്നെ തകരാറിലാവുമെന്ന ഘട്ടത്തില്‍ കഫ്ത്തീരിയ ഉടമ ടിക്കറ്റെടുത്ത് അയാളെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. നാട്ടില്‍ വിമാനമിറങ്ങുമ്പോഴേക്കും പഴയ ചുറുചുറുപ്പ് ഷാനവാസ് വീണ്ടെടുത്തിരുന്നു. ഒരുപക്ഷേ ഷാനവാസിന് പെട്ടെന്നൊരു മടക്കയാത്ര തരപ്പെട്ടില്ലായിരുന്നെങ്കില്‍ ആ ഉമ്മയ്ക്കും ഭാര്യക്കും കുഞ്ഞുമകനും തങ്ങളുടെ പ്രിയപ്പെട്ടവനെ തന്നെ നഷ്ടമായിരുന്നേനെ. അജ്മലിന്റെ സ്വപ്‌നങ്ങളില്‍ ഗള്‍ഫ് മോഹം ഇന്നും പൂവിട്ടുനില്‍ക്കുന്നുണ്ട്. പക്ഷേ ഷാനവാസിന്റെ പാഠം ആ സ്വപ്നത്തെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

No comments:

Post a Comment