രംഗബോധമില്ലാത്ത കോമാളിയെന്ന വിശേഷണം മരണത്തിന് അനുയോജ്യമാണെന്ന തിരിച്ചറിവ് ഒരിക്കല്‍ കൂടി എനിക്കു ബോധ്യമായത് മാസങ്ങള്‍ക്കു മുമ്പുള്ള ഒരു വൈകുന്നേരമായിരുന്നു. ഓഫിസിലെ പിരിമുറുക്കത്തിന് അല്‍പ്പസമയം അവധി കൊടുക്കാനും സൊറപറയാനുമായി ഞങ്ങള്‍ പുറത്തിറങ്ങുന്നത് അപ്പോഴാണ്. അല്‍പ്പനടത്തം, പതിവുതെറ്റാത്ത ചായകുടി.. പതിനഞ്ചുമിനിറ്റ് പിന്നിടുന്നതിനു മുമ്പേ ഞങ്ങള്‍ തിരിച്ചെത്തിയിരിക്കും.
പടികളിറങ്ങി മുറ്റത്തേക്കു കടക്കുമ്പോള്‍ ജോലി കഴിഞ്ഞുവരുന്ന ഉമ്മയെ കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടിരുന്നു. റസിഡന്റ് എഡിറ്ററായ പി അഹമ്മദ് ശെരീഫിന്റെ മകളാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആ പെണ്‍കുട്ടി. ഗള്‍ഫ് എഡിഷന്റെ ചുമതലയുള്ള അദ്ദേഹം അടുത്തിടെയാണ് നാട്ടിലെത്തി തിരിച്ചുപോയത്. അവളുടെ രണ്ടു ജ്യേഷ്ഠസഹോദരന്മാരും ഗള്‍ഫിലാണ്. മലപ്പുറത്ത് കോളജ് ലക്ചററായ ഉമ്മയെ കാത്താണ് സ്‌കൂള്‍ വിട്ടെത്തിയ പെണ്‍കുട്ടിയുടെ കാത്തിരിപ്പ് നീളുന്നത്.
ചായയ്ക്ക് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഗള്‍ഫില്‍ നിന്ന് ആദ്യ കോളെത്തി, ഷെരീഫ് സാഹിബിന്റെ ബന്ധുക്കള്‍ക്കോ മറ്റോ അപകടം പിണഞ്ഞോ എന്നാണ് ചോദ്യം. മകളെ തൊട്ടുമുമ്പ് സന്തോഷവതിയായി കണ്ടിട്ടു വന്നതിനാലും ഓഫിസില്‍ ആരുമൊന്നും പറഞ്ഞുകേള്‍ക്കാതിരുന്നതിനാലും ഇല്ലെന്ന മറുപടി കൊടുക്കാന്‍ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍, ഓഫിസിന്റെ വിശാലമായ മുറ്റത്തേക്കു കയറുമ്പോള്‍ കാണുന്നത് പലകൂട്ടങ്ങളായി നിന്നു സംസാരിക്കുന്ന ജീവനക്കാരെയാണ്. നേരത്തേ വന്ന ഗള്‍ഫ് കോളെന്റെയുള്ളിലിരുന്ന് അപായസൂചന മുഴക്കി. റെസിഡന്റ് എഡിറ്ററുടെ ഭാര്യ ബസ്സപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഹൃദയം ഈര്‍ച്ചവാളിന് വരയുന്ന വേദനയാണ് അനുഭവിച്ചത്. സ്‌കൂള്‍ വിട്ടശേഷം ഒരിറക്കു വെള്ളംപോലും കുടിക്കാതെ ഉമ്മയുടെ വരവ് കാത്തിരിക്കുന്ന മോളുടെ ചിരിക്കുന്ന മുഖമെന്നെ കൊല്ലാതെ കൊന്നു.
ഉമ്മയിപ്പോഴെത്തും, സ്‌നേഹത്തോടെ കൈപ്പിടിച്ച് വീട്ടിലേക്കാനയിക്കും, ചായ കൂട്ടിത്തരും, സ്‌കൂളിലെ അന്നത്തെ വിശേഷങ്ങളാരായും...നൂറുനൂറു പ്രതീക്ഷകളുമായിരിക്കുന്ന ആ കുട്ടി , ഉമ്മയിനി വരില്ലെന്ന് അറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഞാനടക്കമുള്ള എല്ലാവരുടെയും വേദന. ഒന്നുമറിയാത്ത കുട്ടിയില്‍ നിന്നകലെയും അനിവാര്യമായ മരണമെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുന്നവരുടെ അരികിലെത്തിയിട്ടുമില്ലാത്ത പ്രായമായിരുന്നു അവളുടേത്. പതിവ് കാത്തിരിപ്പ് അവസാനമില്ലാത്ത കാത്തിരിപ്പാക്കി മാറ്റിയ അവളുടെ പ്രിയപ്പെട്ട ഉമ്മയുടെ മരണം എന്നെ നീറ്റിനീറ്റി ഇല്ലാതാക്കി. എന്നിട്ട്, അന്നും ജോലിത്തിരക്കില്‍ മുഴുകി. പത്രപ്രവര്‍ത്തകര്‍ക്ക് മരണം ഒരു കേവല വാര്‍ത്തമാത്രമായി മാറുന്നതിന്റെ ദുരവസ്ഥയായിരുന്നു അത്.
പിറ്റേന്ന് മരണവീട്ടിലെത്തുമ്പോള്‍ തകര്‍ന്നുനില്‍ക്കുന്ന അവരുടെ പ്രിയ ഭര്‍ത്താവിനെ ദൂരെനിന്നു കണ്ടു, പൊട്ടിവീഴാന്‍ വെമ്പിനില്‍ക്കുന്ന കണ്ണീര്‍ തുള്ളിയെന്നെ അകറ്റി നിര്‍ത്തുകയായിരുന്നു. അവരുടെ മയ്യിത്ത് ഖബറടക്കാനായി എടുക്കുമ്പോള്‍ മഴ തകര്‍ത്തുപെയ്തു. വേദനിക്കുന്ന ഹൃദയങ്ങള്‍ക്കു മേല്‍ സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യിച്ച കാരുണ്യവാനോട് കാത്തിരിക്കുന്ന മകളുടെ അടുത്തേക്ക് എത്താനാവാതെ ജീവിതം വെടിയേണ്ടി വന്ന ഉമ്മയ്ക്ക് സ്വര്‍ഗത്തിലൊരിടം നല്‍കാന്‍ പ്രാര്‍ഥിച്ച് ഞാന്‍ ജോലിത്തിരക്കിലേക്ക് ബസ്സുകയറി.
നീയെന്നെ കരയിപ്പിച്ചു. താങ്കസ്
ReplyDeletePainfull History From Our Life
ReplyDelete