Friday, November 14, 2008

ആദ്യപ്രണയം ഒരോര്‍മ




ആദ്യമായി എന്നില്‍ പ്രണയമെന്ന മൂന്നക്ഷരത്തിന്റെ അസ്വസ്ഥതയും മധുരവും നിറയുന്നത്‌ പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌. 2000ലെ ഡിസംബര്‍ മാസമായിരുന്നു അത്‌. വിശാലമായ മൈതാനത്തിന്റെ ഒരു മൂലയില്‍ കൂട്ടുകാരോടൊത്തു സൊറ പറഞ്ഞിരിക്കുമ്പോഴാണ്‌ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയ പെണ്‍കുട്ടികളിലൊരാള്‍ എന്നെ ശ്ര ദ്ധിക്കുന്നതു കാണുന്നത്‌. അന്നുവരെ തോന്നാതിരുന്ന ഒരു വികാരത്തിന്റെ തുടക്കമായിരുന്നു അന്നത്തെ നിമിഷം എനിക്കു സമ്മാനിച്ചത്‌. ഒമ്പതാം ക്ലാസ്സില്‍ ഞങ്ങളൊരുമിച്ചായിരുന്നെങ്കിലും അങ്ങിനെയൊരു ചിന്ത എന്റെ മനസ്സില്‍ രൂപപ്പെട്ടിരുന്നില്ല. ഡിവിഷന്‍ വെട്ടിക്കുറച്ചതു മൂലമുണ്ടായ വേര്‍പെടുത്തലാവാം ഒരു പക്ഷേ എന്നെ അങ്ങിനെ ചിന്തിപ്പിച്ചത്‌. അപ്രതീക്ഷിതമായി തോന്നിയ ഇഷ്ടം അവളെ അറിയിക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ഒടുവില്‍ അതിനുള്ള വഴിയും തെളിഞ്ഞു. സുഹൃത്തിന്റെ കാമുകി മുഖാന്തരം ഒരു കത്തുകൊടുക്കുക. ക്രിസ്‌മസ്‌ അടുത്തുവരുന്നതിനാല്‍ കാര്‍ഡുകള്‍ കൈമാറുന്ന തിരക്കിലായിരുന്നു എല്ലാവരും.
ആദ്യഘട്ടമെന്ന നിലക്ക്‌ മനോഹരമായ ഒരു കാര്‍ഡ്‌ അവള്‍ക്കായി വാങ്ങി. അക്ഷരങ്ങളിലേക്ക്‌ ഇഷ്ടത്തെ കുടിയിരുത്തി അവള്‍ക്കു കൊടുത്തുവിട്ടത്‌ അധികരിക്കുന്ന നെഞ്ചിടിപ്പോടെയാണ്‌. കൈയില്‍ കിട്ടിയ കാര്‍ഡ്‌ കീറിയെറിയുക എന്നതായിരുന്നു ആദ്യപ്രതികരണം. എന്നാല്‍ നിരാശനാവാതെ നാലുമണിയുടെ ബെല്ലുമുഴങ്ങിയതും അവള്‍ ബസ്‌കയറാന്‍ വരുന്ന വഴിയില്‍ പ്രതീക്ഷയോടെ ഞാന്‍ കാത്തുനിന്നു. എന്നെ അഭിമുഖീകരിക്കാനുള്ള മടി നല്ലവണ്ണം ഞാനാമുഖത്ത്‌ വായിച്ചു. നാണിച്ച ചിരിയോടെ കൂട്ടുകാരികള്‍ക്കു വേണ്ടി കാത്തുനിന്ന ശേഷമാണ്‌ അവള്‍ സ്‌കൂള്‍ മുറ്റത്തുനിന്നു റോഡിലേക്കിറങ്ങിയത്‌. പക്ഷേ പരിഭ്രമത്താല്‍ മറുപടി തേടാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. അവള്‍ കയറിയ ബസ്‌ കണ്ണില്‍ നിന്നു മറഞ്ഞതിനു ശേഷമാണ്‌ എനിക്കവിടെ നിന്നു ചലിക്കാന്‍ കഴിഞ്ഞത്‌.
തുടര്‍ന്നങ്ങോട്ടുള്ള എന്റെ ദിനങ്ങള്‍ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വിത്തു പാകിയാണ്‌ യാത്രയായത്‌. മനസ്സില്‍ നിറയെ അവള്‍. സംസാരം മുഴുവന്‍ അവളെക്കുറിച്ച്‌. ചിന്തകള്‍ നിറയെ അവള്‍. എന്നാല്‍ ഒരിക്കലും അവളുടെ ഇഷ്ടത്തെ ഞാന്‍ നേരിട്ടു ചോദിച്ചില്ലാ എന്നതാണ്‌ സത്യം. രണ്ടു തവണ കൂടി എന്റെ ഇഷ്ടത്തെ കുറിമാനമായി ഞാനവള്‍ക്കു കൈമാറി. അതിലൊന്ന്‌ അവിചാരിതമായി എത്തിപ്പെട്ടത്‌ അവളുടെ ക്ലാസ്‌ ടീച്ചറിന്റെ കൈയിലും. ടീച്ചറിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതില്‍ വന്നുപെട്ട ഗതികേട്‌ എന്നെ അസ്വസ്ഥനാക്കിയിരുന്നില്ല. അവളതിനൊന്നും മറുപടി തന്നതുമില്ല; പക്ഷേ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ ക്ലാസിനു മുമ്പിലൂടെയുള്ള എന്റെ റൗണ്ട്‌സ്‌ മുടക്കം കൂടാതെ നടന്നു. ചിലപ്പോള്‍ അവള്‍ ചിരിച്ചു. ചിലപ്പോള്‍ കണ്ടില്ലെന്നു നടിച്ചു. ചിലപ്പോള്‍ അവളെ കൂട്ടുകാരികള്‍ എന്റെ മുമ്പിലേക്ക്‌ തള്ളിവിട്ടു. അങ്ങിനെ മാര്‍ച്ച്‌ മാസവും എത്തി. ഒത്തുകൂടലുകള്‍ക്ക്‌ പരിസമാപ്‌തിയായെന്ന മുന്നറിയിപ്പായിരുന്നു ആ മാസം. നിറക്കൂട്ടുകള്‍ നിറഞ്ഞ ചുവപ്പ്‌ കവറുള്ള ഓട്ടോഗ്രാഫായിരുന്നു ഞാന്‍ ഓര്‍മകളുടെ കൂട്ടിവയ്‌ക്കലുകള്‍ക്ക്‌ വാങ്ങിയത്‌. നേരിട്ടല്ലെങ്കിലും അവളുടെ അക്ഷരങ്ങള്‍ക്കു വേണ്ടി ഓട്ടോഗ്രാഫ്‌ കൈമാറിയിട്ട്‌ ഞാന്‍ ദൂരെ നിന്നു നോക്കി. പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു അപ്പോഴാ മുഖത്ത്‌.
തിരികെകിട്ടിയ ഓട്ടോഗ്രാഫില്‍ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്നു സ്‌നേഹപൂര്‍വമുള്ള ആശംസ........ഹൃദയത്തില്‍ വീണ്ടും പ്രതീക്ഷയുടെ പൂത്തിരികള്‍ കത്തി. പരീക്ഷാച്ചൂടില്‍ നിന്നു റിസല്‍റ്റിന്റെ ആവലാതിയിലേക്കു കൂപ്പുകുത്തുന്ന ദിവസങ്ങളായിരുന്നു പിന്നീട്‌. എങ്കിലും കടന്നുപോവുന്ന ബസ്സിലൊക്കെയും കണ്ണുകള്‍ അവളെ പരതിക്കൊണ്ടേയിരുന്നു. എപ്പോഴെങ്കിലും കാണാനാവുമെന്ന പ്രതീക്ഷയോടെ. വള്ളിച്ചെടികളും പൂക്കളുമൊക്കെ അവളായി കരുതി ഞാന്‍ സംസാരിച്ചു. ചിലപ്പോള്‍ കണ്ണാടിക്കു മുമ്പില്‍ ഞാന്‍ നെടുനീളന്‍ സംസാരത്തിന്റെ കെട്ടഴിച്ചു വിട്ടു. അവള്‍ നിശ്ശബ്ദം ഒക്കെയും ശ്രവിച്ചു. ചില രാവുകളില്‍ ഉറക്കം വരാതെ ഞാന്‍ കിടക്കിയില്‍ സമയം ചിലവഴിച്ചു. കൈയില്‍ കിട്ടുന്ന കല്ലുകള്‍ കൊണ്ട്‌ പാറകളിലും മറ്റും അവളുടെ പേരുകള്‍ കോറിയിട്ടു. ബുക്കുകളില്‍ പേരിനോടു ചേര്‍ത്തും അല്ലാതെയും തിരിച്ചും മറിച്ചും അവളുടെ പേരുകള്‍ നിറഞ്ഞു. പക്ഷേ വിധി മറ്റൊന്നായിരുന്നു. പ്ലസ്‌ വണ്ണിനു ഞാന്‍ ചേര്‍ന്ന കലാലയത്തില്‍ തന്നെ അവളുമെത്തി. എന്നാല്‍ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്ന്‌ നീലനക്ഷത്രങ്ങള്‍ നിറഞ്ഞ ഓട്ടോഗ്രാഫിലെ താളില്‍ അവള്‍ കുറിച്ച വരികള്‍ മാത്രം സത്യമായില്ല. എനിക്കു മുന്നില്‍ അവള്‍ കൂടുതല്‍ സുന്ദരനായ കാമുകനുമൊത്ത്‌ രണ്ട്‌ വര്‍ഷം ചെലവഴിച്ചു. സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടിയ ഞാന്‍ പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും നെയ്‌തുതുടങ്ങി. പിന്നെയും മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഞാനവളെ നേര്‍ക്കുനേര്‍ കണ്ടു. ഒരു വേള കാഴ്‌ച കോര്‍ത്തു വലിച്ചു. തുടര്‍ന്ന്‌ വിശാലമായ ഒരു പുഞ്ചിരി സമ്മാനിച്ചവള്‍ എന്നെകടന്നു പോയി. അവളോടു തോന്നിയിരുന്ന നീരസം ആ നിമിഷം ഞാന്‍ മറന്നു. അവളുടെ പിന്നാലെ ചെന്ന്‌ വിശേഷങ്ങള്‍ ചോദിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായെങ്കിലും മനപ്പൂര്‍വം ഉപേക്ഷിച്ചു. പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. ഇടയ്‌ക്കെപ്പോഴോ കേട്ടു നഴ്‌സിങ്‌ പഠിക്കാന്‍ ബാംഗ്ലൂരില്‍ ആണെന്ന്‌. പിന്നീടിതു വരെ ഞാനവളെ കണ്ടിട്ടില്ല; എങ്കിലും എന്റെ മനസ്സില്‍ അവള്‍ നിറഞ്ഞുനില്‍ക്കുന്നു. സഫലമായില്ലെങ്കിലും ആദ്യപ്രണയത്തിന്റെ മരിക്കാത്ത ഓര്‍മയായി. അവള്‍ക്ക്‌ സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടാവട്ടെ എന്ന പ്രാര്‍ഥന കൈവിടാതെ....

Saturday, November 8, 2008

തീവ്രവാദി!

നാവ്‌ മടിച്ചു-പേര്‌ പറയാന്‍!
കാല്‌ ചലനം നിര്‍ത്തി-പള്ളിയില്‍ പോവാന്‍!
താടി ഞാന്‍ നീട്ടിയില്ല!
വിശുദ്ധ ഖുര്‍ആന്‍ തട്ടിന്‍പുറത്തുപേക്ഷിച്ചു!
മുണ്ട്‌ ഇടത്തോട്ടുടുക്കുന്നത്‌ മനപ്പൂര്‍വം മറന്നു!
നെറ്റിയിലെ നിസ്‌കാരതഴമ്പ്‌ കളയാന്‍
മരുന്നുകള്‍ പലതും തേടി!
സഹോദരന്‌ സലാം പറയുന്നത്‌ ഒഴിവാക്കി!
വെറുതെയെന്തിന്‌ തീവ്രവാദിയെന്ന
വിശേഷണം തേടണം? വെറുതെയെന്തിന്‌
അഴികള്‍ എണ്ണണം? വെറുതെയെന്തിന്‌
രാജ്യദ്രോഹിയാവണം?
ചോദ്യങ്ങളിനിയും ബാക്കി..
ഉത്തരം പക്ഷേ
കിട്ടേണ്ടതില്ല; കാരണം എന്നേ ഞാന്‍
മുദ്ര ചാര്‍ത്തപ്പെട്ട തീവ്രവാദിയാണ്‌.

Wednesday, September 24, 2008

കാത്തിരിപ്പിന്റെ വേദനയും സുഖവും



കാത്തിരിപ്പിന്റെ സുഖം ഞാനറിഞ്ഞത്‌
ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ അവളെ കാത്തിരിക്കുമ്പോഴായിരുന്നു.
കാത്തിരിപ്പിന്റെ വേദന ഞാനറിഞ്ഞത്‌
അവളെന്നെ ഉപേക്ഷിച്ചു പോയപ്പോളും.

Tuesday, September 23, 2008

ഇനി ഞാന്‍ വരില്ല; ഒരു തവണ കൂടി


മേല്‍പ്പറഞ്ഞ തലവാചകം പക്ഷേ പുലര്‍ന്നില്ല എന്നു പറയുന്നതില്‍ അത്യധികം ദുഃഖമുണ്ട്‌. പുലര്‍ത്താന്‍ അനുവദിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ഭംഗി. നിഷേധിയുടെ രൂപമായിരുന്നു എനിക്കെന്ന്‌ പലരും പല അവസരങ്ങളില്‍ അഭിപ്രായപ്പെട്ടു. ചിലരത്‌ പത്താം ക്ലാസ്‌ തീരുന്ന വേളയില്‍ ആട്ടോഗ്രാഫില്‍ എഴുതി തന്നു. മറ്റുചിലര്‍ മുഖത്തുനോക്കി പറഞ്ഞു. വീട്ടില്‍ നിന്നു കിട്ടുന്ന മറുപടിക്കു പക്ഷേ ഭാഷയുണ്ടായിരുന്നില്ല...കാലിലും ചന്തിയിലും നീറുന്ന വേദനയല്ലാതെ.
എന്നാലും ഞാന്‍ പറയട്ടെ ഞാനൊരു സാമൂഹിക വിരുദ്ധനോ ദ്രോഹിയോ ആയിരുന്നില്ല. പഠനം പരീക്ഷക്കു തൊട്ടുമുമ്പ്‌ ചെയ്‌തുതീര്‍ക്കാനുള്ളതാണ്‌ എന്നതായിരുന്നു എനിക്കുണ്ടായിരുന്ന മനോഭാവം. ഇക്കാര്യം കൊണ്ടുതന്നെ പലപ്പോഴും പ്രോഗ്രസ്‌ കാര്‍ഡില്‍ ഒപ്പിടുക എന്ന ക്രൂരകൃത്യം പത്തില്‍ വച്ച്‌ എനിക്കു തന്നെ ചെയ്യേണ്ടിവന്നു. അതി വിദഗ്‌ധമായി തന്നെ ആ ജോലി നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനപുളകിതനുമായി. കള്ളത്തരം എന്നെങ്കിലുമൊരിക്കല്‍ പുറത്തുവരുമെന്ന വാക്കുകള്‍ ഞാന്‍ വിശ്വാസം പുലര്‍ത്തിയിരുന്നില്ലെങ്കിലും അവിചാരിതമായി ബാഗില്‍ നിന്നു കിട്ടിയ 'അച്ഛനൊപ്പിട്ട' പ്രോഗ്രസ്‌ കാര്‍ഡ്‌ കണ്ട്‌ വീട്ടുകാര്‍ അദ്‌ഭുതപ്പെടുകയും. വിഷണ്ണരാവുകയും ചെയ്‌തു. തുടകളേറ്റു വാങ്ങിയ അടികള്‍ക്ക്‌ വിഘ്‌നങ്ങളില്ലാതിരിക്കാന്‍ ഞാന്‍ അന്നു മുതല്‍ ശ്രദ്ധാലുവായിരുന്നു.
ജയിക്കുമെന്ന്‌ ഉറപ്പില്ലാതിരുന്ന സമയത്താണ്‌ പത്താംതരം പരീക്ഷ എഴുതുന്നത്‌. തീവ്രയത്‌ന പരിശീലനമായിരുന്ന പൊതുപരീക്ഷക്കു മുമ്പ്‌ സ്‌കൂള്‍ അധികൃതര്‍ വച്ചു നീട്ടിയത്‌. ആ സായന്തനക്ലാസ്സുകളില്‍ കിട്ടുന്ന ഉള്ളിവട, പരിപ്പുവട, ബോണ്ട, ചായ തുടങ്ങിയവയിലും പിന്നെ സുന്ദരി പെണ്‍കുട്ടികളിലുമായിരുന്നു ശ്രദ്ധയെങ്കിലും പരീക്ഷാ ഫലം വന്നപ്പോള്‍ ഞാന്‍ ഭാഗ്യമുള്ളവനായി. ജയിച്ചതിന്‌ ക്രെഡിറ്റ്‌ പടച്ചതമ്പുരാന്‌ കൊടുത്ത്‌ ഞാനും, വിശ്വാസം വരാതെ വീട്ടുകാരും. മാര്‍ക്ക്‌ കൂടിയതിനാല്‍ സ്‌കൂളില്‍ അഡ്‌മിഷന്‍ തരാനാവില്ലെന്ന്‌ സ്‌കൂളധികൃതര്‍ പറയാന്‍ കൂട്ടാക്കിയില്ലെങ്കിലും അതു മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നു എന്നു ഞാന്‍ പറയട്ടെ.
അങ്ങിനെയാണ്‌ മാസം തോറും 140 രൂപാ വച്ചു കൊടുത്ത്‌ പാരലല്‍ കോളജെന്ന ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കാലെടുത്തു കുത്തുന്നത്‌. കോളജിന്‌ പേരു നേടിക്കൊടുക്കാന്‍ പ്രയത്‌നിക്കുന്ന പ്രിന്‍സിപ്പലും ചോരത്തിളപ്പുള്ള അധ്യാപകരും കൂടിയായപ്പോള്‍ ഞാനടക്കമുള്ള സ്വാതന്ത്ര്യവാദികള്‍ കൂടുതല്‍ ദുരിതത്തിലായി. എങ്കിലും ആഴ്‌ചയില്‍ ഒരു ദിനമെങ്കിലും സിനിമ കാണണമെന്ന ആഗ്രഹത്തെ പൂര്‍ത്തികരിക്കുകയായിരുന്നു അവിടെ രൂപംകൊണ്ട ഞാനടങ്ങിയ ഗ്രൂപ്പിന്റെ പ്രവര്‍ത്തന ശൈലി. അതുകൊണ്ടു തന്നെ കാരണംകൂടാതെ ക്ലാസ്‌ കട്ടുചെയ്യുന്നതിനാല്‍ പേരന്റ്‌സിനെ കൂട്ടിവന്നു ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന പ്രഖ്യാപനമാവും അടുത്ത ദിവസം കിട്ടുക. ആദ്യമൊക്കെ വീട്ടില്‍ നിന്ന്‌ ഇക്കാര്യത്തില്‍ നല്ല സഹകരണമായിരുന്നെങ്കിലും പതിയെപ്പതിയെ അത്തച്ചിക്കു(അച്ഛനെ ഞാന്‍ വിളിക്കുന്നത്‌ അങ്ങിനെയാണ്‌) മടുത്തുത്തുടങ്ങി കോളജില്‍ വരവ്‌. രണ്ടുവര്‍ഷത്തെ ഹാജര്‍ പരിശോധിച്ചാല്‍ രണ്ടിലാര്‍ക്കാണ്‌ കൂടുതല്‍ എന്ന കണ്‍ഫ്യൂഷന്‍ വര്‍ധിച്ചു വന്നതോടെയാണ്‌ അപ്രതീക്ഷിതമായി വീട്ടില്‍ നിന്ന്‌ അത്തച്ചിയുടെ പ്രസ്‌താവന. ഇനി വരില്ല; ഒരുതവണകൂടി. വേണമെങ്കില്‍ പഠിക്കുക. കോളജില്‍ പോവുക.
ആ വാക്കു പാലിക്കാന്‍ വേണ്ടി എന്തുത്യാഗവും സഹിക്കാം എന്ന പ്രതിജ്ഞ എടുത്തിട്ടായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ എന്നെ സമീപിച്ചതും അകന്നതും.
എന്നാല്‍ പ്രതിജ്ഞ നിറവേറ്റാന്‍ എന്നെ അധികൃതര്‍ സമ്മതിച്ചില്ല. കമ്പനികൂടി സിനിമക്കു പോവാനിറങ്ങി ചെന്നുപെട്ടത്‌ വൈസ്‌ പ്രിന്‍സിപ്പളിന്റെ മുമ്പില്‍. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും നിസ്സഹായനായ ഞാന്‍ മുഖം ചുളിച്ച്‌ മനസ്സിലാവാത്ത ഭാവത്തില്‍ നിന്നു.
എന്നാല്‍ പിറ്റേദിവസം രാവിലെ ക്ലാസിലെത്തിയെങ്കിലും 'പ്രിന്‍സി'യെ കാണാനുള്ള ഉത്തരവായിരുന്നു എന്നെ കാത്തിരുന്നത്‌. തലേദിവസം കണ്ട സിനിമക്കു മാപ്പുതരില്ലെന്നും പേരന്റ്‌സിനെ വിളിച്ചുകൊണ്ടുവന്നിട്ട്‌ ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നുമുള്ള പതിവ്‌ പരിഹാരവാക്കുകള്‍ പൂര്‍ത്തിയാവുന്നതിനു മുമ്പ്‌ ഓഫിസില്‍ നിന്ന്‌ ഇറങ്ങിനടന്നിരുന്നു ഞാന്‍. വിഷണ്ണനായി വീട്ടില്‍ നിന്ന്‌ കിട്ടിയ പരിഹാരവാചകം ഓര്‍ത്തെടുത്ത്‌ കോളജിനു മുമ്പിലെ ചായക്കടയില്‍ വിഷണ്ണനായി ഇരിക്കുമ്പോളാണ്‌ ഇതേ കാരണത്താല്‍ ഇറക്കിവിട്ട ആത്മസുഹൃത്തും സര്‍വോപരി അയല്‍ക്കാരനുമായ സഹപാഠി സമീപസ്ഥനാവുന്നത്‌. ഒരു കമ്പനി കിട്ടിയ സന്തോഷത്തില്‍ സമീപത്തെ തെങ്ങിന്‍തോട്ടത്തില്‍ നാലുമണി വരെ ചെലവഴിച്ച്‌ വീട്ടിലെത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ എന്നെ കാത്തിരിക്കുകയാണ്‌. എന്തേ വൈകിയതെന്ന ചോദ്യത്തിന്‌ ക്ലാസുണ്ടായിരു.......എന്റെ വാചകം പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പ്‌ -ഞാന്‍ കോളജില്‍ വന്നിരുന്നു അവര്‍ എല്ലാം പറഞ്ഞു എന്ന മറുപടിയാണ്‌ അത്തച്ചി തന്നത്‌. ചമ്മല്‍ അടക്കാനാവാതെ ഞാന്‍ റൂമിലേക്ക്‌ കയറി. അത്തച്ചിയുടെ വാക്കുകള്‍ പാലിക്കാന്‍ കഴിഞ്ഞില്ലല്ലോ..എന്ന ദുഃഖമായിരുന്നു അപ്പോള്‍.

പിന്‍കുറിപ്പ്‌: അന്നത്തെ സംഭവത്തില്‍ പിന്നെ ഞാന്‍ ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ സിനിമക്കു പോയില്ല. എന്തിനധികം എന്റെ തന്നെ വിശ്വാസത്തെ ഞെട്ടിച്ച്‌ പ്ലസ്‌ ടു നല്ലമാര്‍ക്കില്‍ പാസ്സാവുകയും ചെയ്‌തു.

Saturday, September 13, 2008

നാളെ ഞങ്ങള്‍ക്ക്‌ പുതിയ ബന്ധുക്കളെ ലഭിക്കും



1.
ഇന്നെന്റെ വിവാഹമായിരുന്നു.
സുഹൃത്തുക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍
നാട്ടുകാര്‍ അങ്ങിനെ ഒരുപാട്‌പേര്‍.
ആഘോഷം കഴിഞ്ഞ്‌ എല്ലാവരും പിരിയുമ്പോള്‍
പാതിരാവായി. ഇന്നുമുതല്‍ ഞങ്ങള്‍ ഒന്നാവുകയാണ്‌.
2.
ഇന്ന്‌ ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം.
പഴയ വീടല്ലയിപ്പോള്‍. ആഡംബരം തുളുമ്പുന്ന
വലിയൊരു ബംഗ്ലാവിന്റെ മുറ്റം നിറയെ
അലങ്കാരദീപങ്ങളാണ്‌..ആളുകള്‍, ബഹളം...
പറയാന്‍ മറന്നൂ..ഞങ്ങള്‍ക്ക്‌ രണ്ടുമക്കളാണ്‌.
ഒരാണും ഒരു പെണ്ണും. രണ്ടുപേരും
ഉപരിപഠനാര്‍ഥം സ്റ്റേറ്റ്‌സില്‍.
ഇന്നവര്‍ രാവിലെ വിളിച്ചിരുന്നു.
ആശംസയറിയിക്കാന്‍. അടുത്തില്ലാത്തതിന്റെ
ദുഃഖവും പങ്കുവച്ചു. രാത്രി എല്ലാവരും പോയി.
3.
ഞങ്ങളൊറ്റയ്‌ക്കാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷമായി.
ഇന്ന്‌ ഞങ്ങളുടെ മക്കളുടെ വിവാഹമാണ്‌.
അകലെങ്ങളിലിരുന്നവര്‍ ഞങ്ങളുടെ
ആശീര്‍വാദം സ്വീകരിച്ചു. ഒറ്റയ്‌ക്കിരുന്നു ഞങ്ങള്‍
വല്ലാതെ മുഷിയുന്നു ഇപ്പോള്‍.
ഫോണിലും മെയിലിലും മക്കളോടും പേരമക്കളോടും
സംവദിക്കുന്നതാണ്‌ ഇപ്പോള്‍ ആകെയുള്ള രസം.
4.
ഇന്ന്‌ ഞങ്ങള്‍ രണ്ടുപേരും ഹോസ്‌പിറ്റല്‍ വരെ പോയി.
മധുരവും ഉപ്പുമൊക്കെ നിയന്ത്രിക്കാനാണ്‌
ഡോക്ടറുടെ നിര്‍ദേശം.
തളര്‍ച്ചയാണ്‌ ശരീരത്തിനെന്ന്‌ പ്രിയതമ ആദ്യമായി
പരാതി പറഞ്ഞിന്ന്‌.
വൈകീട്ട്‌ മൂത്തവനോടും പിന്നീട്‌ ഇളയവളേയും
വിവരമറിയിച്ചു.
5.
ഇന്ന്‌ അതും കഴിഞ്ഞിട്ട്‌ നാലുവര്‍ഷങ്ങള്‍ കൂടി
വിടവാങ്ങി. തനിച്ചായതിനാല്‍ എന്തെങ്കിലും മാര്‍ഗം
നോക്കാനാണിന്ന്‌ മക്കള്‍ അറിയിച്ചത്‌.
6.
ഇന്ന്‌ ഞങ്ങളുടെ 50ാം വിവാഹവാര്‍ഷികം.
ആരുമില്ലായിരുന്നു ആഘോഷങ്ങള്‍ക്ക്‌.
പറയാന്‍ മറന്നു നാളെ ഞങ്ങള്‍ക്ക്‌
പുതിയ ബന്ധുക്കളെ ലഭിക്കും.
ശുശ്രൂഷിക്കാന്‍ ആയമാര്‍, സമയത്തിന്‌ ആഹാരം,
സമയം പോക്കാന്‍ ഉപാധികള്‍ വേറെ..
മക്കളുടെ ഇഷ്ടത്തിന്‌ എതിരുനില്‍ക്കുന്നത്‌
ഞങ്ങള്‍ക്കു തീരെ ഇഷ്ടമില്ല.
സ്‌നേഹാലയമെന്നാണ്‌ പുതിയ വീടിന്റെ പേര്‌.
കൊണ്ടുപോവാന്‍ ഒന്നുമില്ല, ഓര്‍മകളല്ലാതെ.
എല്ലാവരെയും വിളിക്കണമെന്നുണ്ട്‌.
പക്ഷേ......................



ചിത്രത്തിന്‌ കടപ്പാട്‌: ഗൂഗ്‌ള്‍

Thursday, September 11, 2008

പ്രണയം കനിഞ്ഞ തപസ്‌




തപസ്‌ തുടങ്ങിയത്‌ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ
സ്വന്തമാക്കാനായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട തപസ്സിനൊടുവില്‍
സ്വപ്‌നം പൂവണിഞ്ഞു.
ജഡ വലിച്ചെറിഞ്ഞ്‌ അണിഞ്ഞൊരുങ്ങി
ഞാനവള്‍ക്കൊപ്പം താമസമാക്കി.
തപസ്സെന്നുടെ പച്ചപ്പിനെ കരിച്ചിരുന്നു.എങ്കിലും
ആര്‍ദ്രമായ മനസ്സും ശുഷ്‌കിച്ച ശരീരവുമായി
ഞാന്‍ വീണ്ടും സ്വപ്‌നങ്ങളിലേക്ക്‌്‌
എന്നാല്‍ നാലുചുവരുകള്‍ക്കുള്ളില്‍
പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതമായി,
ചുടലയക്ഷിയായി അവളെന്നെ കൊല്ലാതെകൊന്നു.
അധികം വൈകാതെ ഞാന്‍ തിരിച്ചുനടന്നു
സമാധാനം തേടി വീണ്ടുമൊരു തപസ്സിന്‌.


ചിത്രത്തിനു കടപ്പാട്‌: ഗൂഗ്‌ള്‍

Wednesday, September 10, 2008

സോദരി വന്ന വഴി




പിച്ചവയ്‌ക്കുമ്പോള്‍ കൈപ്പിടിച്ചു നടത്താന്‍
മുമ്പില്‍ നിന്നതും കൊഞ്ചലുകള്‍ക്ക്‌
കാതോര്‍ത്തതും പെങ്ങളൂട്ടിയായിരുന്നു.
ആ കൈപ്പിടിച്ചു തന്നെയാണ്‌ ഞാന്‍
പള്ളിക്കൂടത്തിന്റെ വഴിമുറ്റങ്ങള്‍ താണ്ടിയതും.
പരാശ്രയമില്ലാതെ വഴിത്താരകള്‍ മേയാന്‍
തുടങ്ങിയ വേളകളിലാണ്‌ അയലത്തെക്ലാസ്സിലെ
സുന്ദരിക്കോതയില്‍ ഒരുകണ്ണു ഞാന്‍ പറിച്ചുനട്ടത്‌.
പലകോപ്രായങ്ങളും കാട്ടിയൊടുവിലാ പുഞ്ചിരി
സ്വന്തമാക്കുമ്പോള്‍ നെഞ്ചുനിറയെ നക്ഷത്രംപൂത്തു.
വാതോരാതെ കുസൃതിഭാഷണം നടത്തിയവളെ-
ന്നുടെ ആത്മാര്‍ഥ സുഹൃത്തുമായി.എങ്കിലും
ഇഷ്ടമെന്നു മൊഴിയാന്‍ അശക്തന്‍ മാത്രമായി ഞാന്‍.
മൂന്നുവര്‍ഷം അവളുടെ കാലടിപ്പാതകളനുഗമി-
ച്ചൊടുവിലാ സുദിനമാഗതമായി.
ഞാന്‍ മൊഴിഞ്ഞു. നീയെന്‍ പ്രാണേശ്വരി,
പിരിയരുതൊരിക്കലുമെന്നെ നീ.
ഇല്ലയാവില്ല നീയെന്‍ സോദരന്‍മാത്രമെന്ന്‌
ശഠിച്ചവള്‍ അകലുമ്പോള്‍
പുതിയ സോദരി വന്ന വഴിയോര്‍ത്തു
ഞാനന്തിച്ചു നിന്നു പോയി.

Saturday, September 6, 2008

ശത്രു രാജാവിന്റെ കഴുത്തുവെട്ടിയ ജാള്യം



ഒരിടത്തൊരു രാജാവുണ്ടായിരുന്നു.
രാജാവിനൊരു സുന്ദരിയായ മകളും.
ആ രാജകുമാരി എന്റെ ഭാര്യയായിരുന്നു.
ഞങ്ങള്‍ക്ക്‌ സുന്ദരന്മാരും സുന്ദരികളുമായ നൂറുമക്കളും.
അങ്ങനെ ഒരുനാള്‍ ഞങ്ങളുടെ രാജ്യത്തേക്ക്‌
അയല്‍രാജ്യത്തെ രാജാവ്‌ യുദ്ധത്തിനു വന്നു.
ഞാന്‍ പടച്ചട്ടയണിഞ്ഞ്‌ യുദ്ധക്കളത്തിലിറങ്ങി.
വാളെടുത്ത്‌ ശത്രുരാജാവിന്റെ നേര്‍ക്ക്‌ ആഞ്ഞുവീശി. അയ്യോോോോോോോോോോോ
അലര്‍ച്ച കേട്ട്‌ പടയാളികള്‍ പരിഭ്രാന്തരായി.
യുദ്ധക്കളം കിടുങ്ങി..............
പിന്നെ പടയാളികള്‍ ചിതറിയോടുന്ന ശബ്ദം മാത്രം.
ഞാന്‍ ഞെട്ടിയുണര്‍ന്നു. മുറിയില്‍ നിറയെ
ആളുകള്‍.
അരികില്‍ കിടന്ന ജ്യേഷ്ടന്‍ നെഞ്ചുതിരുമ്മുന്നു.
അമ്മ കുടിക്കാന്‍ വെള്ളം കൊടുക്കുന്നു.
അച്ഛനും പെങ്ങളും എന്നെ തുറിച്ചുനോക്കുന്നു.
വാളുവീശിയ ജാള്യതയില്‍ ഞാന്‍ വീണ്ടും
പുതപ്പിനടിയിലേക്ക്‌ ചൂളിക്കൂടി.


ചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍

Saturday, August 9, 2008

ശ്‌ ശ്‌ ശ്‌ ശ്‌ ശ്‌ മിണ്ടരുത്‌


ശ്‌ ശ്‌ ശ്‌ ശ്‌ ശ്‌ മിണ്ടരുത്‌.
ഉം...അനങ്ങരുത്‌.
ഇച്ചീച്ചി.. അതെടുക്കരുത്‌.
ഹേയ്‌ അവിടെ പോവരുത്‌.
അയ്യേ കിടക്കയില്‍ മൂത്രമൊഴിച്ചോ..?
മണ്ണ്‌ തിന്നല്ലേ..
വായില്‍ വിരലിടല്ലെടാ കുട്ടാ...
സ്‌നേഹം ചാലിച്ചും അല്ലാതെയും
എത്രയെത്ര അരുതുകള്‍
കേട്ടാണു ഞാന്‍ വളര്‍ന്നത്‌.
എന്നാലിന്ന്‌ കാലം മാറി.
സ്‌കൂളുകളിലും അനുഭവ പഠനം മുമ്പിലെത്തി.
എല്ലാം തൊട്ടറിയുന്നു കുരുന്നുകള്‍.
എന്നാലോ പഴയ അരുതുകള്‍ മാറിയോ?
വീടിന്റെ അകത്തളങ്ങളില്‍ നിങ്ങള്‍
കേള്‍ക്കുന്നുവോ അരുതുകള്‍...?
ശ്‌ മോനൂ അതെടുക്കല്ലെടാ കുട്ടാ...
മണ്ണ്‌ തിന്നല്ലേ..ചക്കരേ.
വായില്‍ വിരലിടല്ലെടാ കുട്ടാ...

Tuesday, April 29, 2008

ഒരു പിറുപിറുക്കലിന്റെ മിന്നലാട്ടം

ചിതരിച്ച ഓര്‍മകളുടെ ഭാണ്ഡം പേറി
യാത്ര തുടരട്ടെ ഞാന്‍..
പൊയ്‌മുഖങ്ങള്‍ ചൊല്ലിയ കഥകളില്‍
നെഞ്ഞ്‌ പൊള്ളിയതോര്‍മകളില്‍
സംസ്‌കരിച്ചെടുക്കണം.
ശൈശവം, ബാല്യം, കൗമാരം, യൗവ്വനം
പടിയിറങ്ങുകയാണ്‌ വിടപറയാതെ.
അക്ഷരങ്ങള്‍ ചൊല്ലിത്തന്നതും പഠിച്ചതും
പുസ്‌തകസഞ്ചിയുമേഞ്ചി വഴിത്താരകള്‍
നടന്നകന്നതും ഓര്‍മ മങ്ങാതെ....
സൗഹൃദങ്ങള്‍ ഉയര്‍ത്തിയ ആദര്‍ശങ്ങള്‍
അപ്രത്യക്ഷമായത്‌ എപ്പോഴെന്ന
ചോദ്യം അര്‍ത്ഥശൂന്യമാണ്‌.
കാലം പടിയിറങ്ങുന്നത്‌ അത്തരം
ജാഡകള്‍ക്ക്‌ വിടപറയാനുള്ള
അനിവാര്യതകള്‍ക്കാണ്‌.
എങ്കിലും ഓര്‍മ അന്യമാവാതിരിക്കട്ടെ
ചിതലരിച്ചതെങ്കിലും ചില മിന്നലാട്ടങ്ങള്‍
നാളെകള്‍ക്കതു മതി...ഒരു സ്‌പന്ദനം,
പിറുപിറുക്കല്‍, ഒരു പുഞ്ചിരി.....അങ്ങിനെ....

Wednesday, April 9, 2008

ഓര്‍മ

ഓര്‍മ.....നഴ്‌സറി ജീവിതം മുതലുണ്ട്‌. ബാല്യകാലത്തിന്റെ കുറുമ്പുകളിലും സൗഭാഗ്യങ്ങളിലും....സ്‌കൂള്‍ജീവിതത്തിലേക്കു യാത്ര നീണ്ടപ്പോള്‍ പുതിയ സൗഹൃദങ്ങള്‍..പുതിയ മുഖങ്ങള്‍, കഥകള്‍...കൗമാരം സമ്മാനിച്ച പ്രണയങ്ങളും...വിരഹങ്ങളും....കാലം മുന്നോട്ടു പൊയ്‌ക്കോണ്ടേയിരുന്നു.മാറ്റങ്ങള്‍ക്കു വിധേയനായി ഞാനും..ചങ്ങാതിമാര്‍ വിടപറയുന്ന ഹൈസ്‌കൂള്‍ ജീവിതത്തിന്റെ ആണ്ടൊടുക്കം..മാര്‍ച്ചിന്റെ വല്ലാത്ത ചൂടില്‍ നിറംപിടിച്ച ഓര്‍മത്താളുകളില്‍ കണ്ണീരിന്റെ നനവണിഞ്ഞ അക്ഷരങ്ങള്‍ വിതറി, കണ്ടുമുട്ടലുകള്‍ക്ക്‌ വാക്കു കൊടുത്തു അകന്നുകൊണ്ടേയിരുന്നു....പ്ലസ്‌ടു കൂടുതല്‍ പക്വമായ സൗഹൃദങ്ങളും ചിന്തകളും പകര്‍ന്നപ്പോള്‍.....രണ്ടുവര്‍ഷത്തിന്റെ അടിച്ചുപൊളിയില്‍ ലഭിച്ചതു കുറച്ചുകൂടി ഗാഢമായ ബന്ധങ്ങളാണ്‌..അവ തുടര്‍ന്നു ബിരുദത്തിന്റെ കൂട്ടുകാരനാവാന്‍ യാത്ര തുടങ്ങിയപ്പോള്‍ വീണ്ടും പുതിയ മുഖങ്ങള്‍, വിശേഷങ്ങള്‍....പങ്കുവയ്‌ക്കലുകള്‍ക്ക്‌ അറുതി വരാതെ ഞാന്‍..അവിടെയും .....വേര്‍പിരിയലുകള്‍ സത്യമാണ്‌....ഓര്‍മകളില്‍ അവ നിറഞ്ഞു നില്‍ക്കുക എന്നത്‌ അനുഗ്രഹവും....ഓര്‍മകള്‍ കുറിച്ചുവയ്‌ക്കലുകള്‍ക്കു വഴിമാറുമ്പോള്‍ കുറേക്കൂടി സന്തോഷം നുകരുന്നു ഞാന്‍...ഓര്‍മകള്‍ നിറംപകര്‍ന്നിരുന്നെങ്കില്‍...പ്രാര്‍ഥനയാണ്‌